പണ്ടു ഗീഷ്പതിപുത്രനായ കചന്‍ യൗവനാരംഭത്തില്‍ത്തന്നെ ഒരു ദിവസം അച്ഛനോടു ജീവതന്തുവായ ഞാന്‍ ഈ സംസാരക്കൂട്ടില്‍നിന്ന് എങ്ങനെയാണു് പുറത്തു കടന്നു രക്ഷപ്പെടുന്നതെന്നു പറഞ്ഞുതരണമെന്നപേക്ഷിച്ചു. എല്ല‍ാം ത്യാഗം ചെയ്താല്‍ സംസാരത്തെ ജയിക്കാമെന്നു ദേവാചാര്യന്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. അതിനെക്കേട്ട കചന്‍ അപ്പോള്‍ത്തന്നെ തന്റെ ഗൃഹം തുടങ്ങിയ എല്ലാറ്റിനെയുമുപേക്ഷിച്ചു് ഏകാകിയായി കാട്ടില്‍ ചുറ്റിനടക്കാന്‍ തുടങ്ങി. വേദശാസ്ത്രങ്ങളെയൊക്കെ പഠിച്ചവനാണു് കചനെങ്കിലും ആത്മവിദ്യയുടെ മര്‍മ്മത്തെ അറിയാതിരുന്നതുകൊണ്ടു് അങ്ങനെ എട്ടുകൊല്ലക്കാലം കാട്ടില്‍ ചുറ്റിയലഞ്ഞുനടന്നിട്ടും ചിത്തവിശ്രാന്തിയോ ആത്മജ്ഞാനമോ ഉണ്ടായിട്ടില്ല. അങ്ങനെയിരിക്കെ ഒരുദിവസം കാട്ടില്‍വെച്ചു തന്റെ പിതാവായ ദേവാചാര്യനെ കണ്ടുമുട്ടി. അങ്ങനെ എല്ലാമുപേക്ഷിച്ചു വളരെക്കാലമായി ഒറ്റയ്ക്കു കാട്ടില്‍ കഴിഞ്ഞുവരുന്നുവെങ്കിലും എന്റെ ചിത്തത്തിനു വിശ്രാന്തിയോ, തത്ത്വബോധത്തില്‍ ദൃഢതയോ കിട്ടീട്ടില്ല; അതിനാല്‍ ഇനിയന്തു ചെയ്യണമെന്നു ചോദിച്ചു. ഇനിയും എല്ലാമുപേക്ഷിക്കൂ എന്നുമാത്രം പറഞ്ഞു് ആചാര്യന്‍ സ്വര്‍ഗ്ഗത്തില്‍ പോയി.

ഉടുത്തിരുന്ന വല്ക്കലത്തെപ്പോലും ഉപേക്ഷിച്ചു കചന്‍, അങ്ങനെ അതൊരു വിഷയത്തിന്റെയും സ്പര്‍ശമില്ലാതെ പിന്നെയും മൂന്നുകൊല്ലക്കാലം കാട്ടില്‍ ചുറ്റിത്തിരിഞ്ഞു നടന്നു. എന്നിട്ടും അദ്ദേഹത്തിനു ചിത്തവിശ്രാന്തിയോ വസ്തുബോധമോ ഒന്നുമുണ്ടായില്ല. അങ്ങനെ നിരാശനായി പിന്നെയും കാട്ടില്‍ ചുറ്റിത്തിരിഞ്ഞു നടന്നുകൊണ്ടിരിക്കെ വീണ്ടും ഒരിക്കല്‍ ആചാര്യനെ കണ്ടുമുട്ടി. അപ്പോഴും കചന്‍ തന്റെ ആദ്യത്തെ ആവലാതിയെ ആവര്‍ത്തിച്ചു. ശരീരമൊഴിച്ചു് എല്ല‍ാം ഉപേക്ഷിച്ചുകൊണ്ടാണു് ഞാന്‍ കഴിഞ്ഞുവരുന്നതു്. എന്നിട്ടും ചിത്തം വിശ്രാന്തമായിട്ടില്ല. ഇനിയെന്താണു് ചെയ്യേണ്ടതെന്നായി കചന്‍. അപ്പോള്‍ ആചാര്യന്‍ കാരുണ്യംത്തോടുകൂടുംവണ്ണം പുത്രനെ നോക്കിയിട്ടു പറഞ്ഞു. എല്ലാമുപേക്ഷിക്കുകയെന്ന വാക്യത്തിലെ എല്ലാമെന്ന ശബ്ദത്തിനു ചിത്തമെന്നാണര്‍ത്ഥം, ചിത്തമാണു് സംസാരം. ചിത്തത്തെ ഉപേക്ഷിക്കുന്നതിനാണു് സര്‍വ്വത്യാഗമെന്നു പറയുന്നതു്. അങ്ങനെ ചെയ്തിട്ടാണു് മഹാത്മക്കള്‍ സുഖികളായിത്തീരുന്നതു്. നീയും ചിത്തത്തെ ഉപേക്ഷിച്ചു കഴിഞ്ഞാല്‍ സുഖിയായത്തീരുമെന്നു പറഞ്ഞു് ആചാര്യന്‍ പോവുവയും ചെയ്തു.

കൂരിരുട്ടില്‍ ഒരു നേരിയ ദീപശിഖയെന്നപോലെ കചന്റെ കട്ടപിടിച്ച അജ്ഞാനത്തില്‍ ഒരു നേരിയ പ്രകാശം വീണു. വേണ്ടത്രയായില്ലെന്ന കാരണത്താല്‍ സമാധാനം കിട്ടിയില്ല. ചിത്തമാണു് തന്റെ എല്ലാവിധ അനര്‍ത്ഥങ്ങള്‍ക്കും ഏകകാരണമെന്നും അതിനെ ഉപേക്ഷിച്ചു കഴിഞ്ഞാല്‍ താന്‍ സുഖിയായിത്തീരുമെന്നും ബോദ്ധ്യമായി കചനു്. എന്നാല്‍ ചിത്തത്തിന്റെ രൂപമെന്താണെന്ന് അറിയാന്‍ കഴിഞ്ഞില്ല. ശരീരം തുടങ്ങിയ ഓരോ വസ്തുക്കളെയും നിരൂപിച്ചു നോക്കി ചിത്തമാണോ എന്നു്. അവയൊന്നുമല്ല ചിത്തമെന്നു ബോധ്യമായി. എന്നാല്‍ ഏതാണു് ചിത്തമെന്നു ബോധിക്കാന്‍ കഴിഞ്ഞതുമില്ല. അതിനാല്‍ വീണ്ടും അച്ഛനെത്തന്നെ സമീപിച്ചു. എന്താണു് ചിത്തത്തിന്റെ സ്വരൂപമെന്നു പറഞ്ഞുകൊടുത്തു ദേവാചാര്യന്‍. അഹങ്കാരത്തെ അകറ്റിയാല്‍ നീ സുഖിയായിത്തീരുമെന്നുപദേശിക്കുകയും ചെയ്തു. പക്ഷേ കചനു് ആ ഉപദേശത്തിനെ സഫലമാക്കേണ്ടതെങ്ങനെയെന്നു സംശയമായി. അഹങ്കാരമാണു് എല്ലാമായിട്ടിരിക്കുന്നതു്. ആസ്ഥിതിക്കു് അഹങ്കാരത്തെ അകറ്റുന്നതെങ്ങനെ? അഹങ്കാരമില്ലെങ്കില്‍ ശരീരം തുടങ്ങിയ ഒന്നും നിലനില്ക്കാന്‍ പോവില്ലെന്നുപോലും തോന്നി. അതിനാല്‍ അഹങ്കാരത്തെ അകറ്റാന്‍ വയ്യെന്നായി കചന്‍. കണ്ണുചിമ്മുക, തുറക്കുക, പുഷ്പത്തെ മര്‍ദ്ദിക്കുക തുടങ്ങിയ പ്രവൃത്തികള്‍ എത്രത്തോളം ക്ലേശമുള്ളവയാണോ; അത്രപോലും ക്ലേശമില്ലാത്തതാണു് അഹങ്കാരനിരാസമെന്നു പറഞ്ഞു ആചാര്യന്‍. അനന്തരം അതിനുള്ളമാര്‍ഗ്ഗത്തെയും പറഞ്ഞുകൊടുത്തു.

ആകാശത്തെക്കാള്‍ എത്രയോ അധികം സൂക്ഷ്മവും, അത്യന്തനിര്‍മ്മലവും, എങ്ങും നിറഞ്ഞതും, സത്താമാത്രവുമായ ആത്മതത്വത്തെ ഉപാസിക്കാന്‍ തുടങ്ങൂ. ഉള്ളതായ ആത്മാവിന്റെ നിരന്തരോപാസനം കൊണ്ടു് ഇല്ലാത്തതായ അഹങ്കാരം താനേ ഇല്ലാതായിക്കൊള്ളും. വെള്ളത്തില്‍ നിന്നു പൊടിയോ, തീയില്‍നിന്നു വെള്ളമോ ഉണ്ടാവാന്‍ വയ്യാത്തതുപോലെ ആത്മതത്ത്വത്തില്‍ നിന്നു് അഹങ്കാരമുണ്ടാവാന്‍ വയ്യ. എല്ലാ വിക്രിയകള്‍ക്കും ഹേതു ഇല്ലാത്ത അഹങ്കാരമാണെന്നു വരുമ്പോള്‍ വിക്രിയകളൊന്നും ഇല്ലാത്തവയാണെന്നു പറയേണ്ടതില്ലല്ലോ, ഇല്ലാത്തതാണു് അഹങ്കാരമെങ്കില്‍ പിന്നെ അതിനെ ഉപേക്ഷിക്കുന്നതെങ്ങനെയെന്നാണെങ്കില്‍ സ്വീകരിക്കാതിരിക്കല്‍ തന്നെ. സ്വീകാരം കൊണ്ടാണു് തിരസ്കാരം വേണ്ടിവരുന്നതു്. വാസ്തവത്തില്‍ ശശശൃംഗമെന്നപോലെ ഇല്ലാത്തതായ അഹങ്കാരത്തെ സ്വീകരിക്കാനും ഉപേക്ഷിക്കാനുമൊന്നും സാധ്യമല്ല. കാരണം അതില്ലാത്ത വസ്തുവല്ലേ? പിന്നെയെങ്ങനെയാണു് സ്വീകരിക്കുന്നതും ഉപേക്ഷിക്കുന്നതുമൊക്കെ? ഉള്ളതാണെങ്കില്‍ മാത്രമല്ലേ എന്തും ചെയ്യാന്‍ സാധിക്കുന്നതു്? ആസ്ഥിതിക്കു് അഹങ്കാരത്തിന്റെ ഓര്‍മ്മയില്ലാതിരിക്കല്‍ തന്നെ അതിന്റെ തിരസ്കാരം. ഉള്ളതായ ആത്മതത്വത്തെ എപ്പോഴും മറക്കുന്നില്ലെങ്കില്‍ ഇല്ലാത്തതായ അഹങ്കാരത്തെ ഓര്‍മ്മിക്കാനും ഇടവരില്ല. അതാണു് ആത്മോപാസനം കൊണ്ടു് അഹങ്കാരം താനെ ലയിക്കുമെന്നു പറഞ്ഞതു്. എന്നിങ്ങനെയുള്ള ആചാര്യവാക്യത്തെ കേട്ട കചനു് കാര്യം മനസ്സിലായി, അഹങ്കാരത്തെ അകറ്റാന്‍ വിഷമമില്ലെന്നു ബോധ്യമാവുകയും ചെയ്തു. ഹേ രാമചന്ദ്രാ! ഇങ്ങനെ കചനെന്നപോലെ നീ ആത്മോപാസനം കൊണ്ടു് അഹങ്കാരത്തെ അകറ്റി നിര്‍വ്വികാരനായിത്തീരുന്നുവെങ്കില്‍ സുഖിയും കൃതകൃത്യനുമാവും.

ഹേ രാമചന്ദ്രാ! ദൈതം എപ്രകാരം വസ്തുവില്‍ കല്പനാമാത്രമാണോ; അതുപോലെ അദ്വൈതവും കല്പനതന്നെയാണു്. രണ്ടിനെയും തളിളികളഞ്ഞു് നീ ദ്വൈതവും അദ്വൈതവുമല്ലാത്ത വസ്തുവായിത്തീരലാണാവശ്യം. അങ്ങനെ ചെയ്യാത്തതുകൊണ്ടാണു് ഇപ്പോഴും ദുഃഖം അവസാനിക്കാത്തതു്. നിന്നില്‍ നീതന്നെ വളര്‍ത്തിയ കല്പനകള്‍ മാത്രമാണു് നിന്നെ ദുഃഖിപ്പിക്കുന്നതു്. അവയെ അകറ്റിയാല്‍ നീസുഖിയും സംതൃപ്തനുമായിത്തീരും. അങ്ങനെ ചെയ്യാതെ മിത്ഥ്യാപുരുഷനെന്നപോലെ നീ വെറുതെ വ്യസനിക്കുകയാണു്. എന്നിങ്ങനെ വസിഷ്ഠമഹര്‍ഷി പറഞ്ഞു നിര്‍ത്തിയപ്പോള്‍ രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ ജ്ഞാനപ്രതിപാദനത്തെ വളരെയധികം ശ്ലാഘിച്ചു. അനന്തരം മിഥ്യാപുരുഷന്റെ ഇതിഹാസത്തെ പറഞ്ഞുതരണമെന്നാവശ്യപ്പെടുകയും ചെയ്തു. ഉടനെ വസിഷ്ഠാചാര്യന്‍ മിത്ഥ്യാപുരുഷോപാഖ്യാനത്തെപ്പറയാനാരംഭിച്ചു.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.