ഹേ രാമചന്ദ്രാ! നിങ്ങളുടെതന്നെ വംശത്തില്‍ ജനിച്ചു പ്രഭാശാലിയായ ഒരു രാജാവായിരുന്നുവല്ലോ ഇക്ഷ്വാകു. അദ്ദേഹം മുക്തനായ പ്രകാരത്തെ ഞാന്‍ പറയാം. ശ്രദ്ധവെച്ചുകേള്‍ക്കൂ, അതുപോലെ നീയും വെറും മിത്ഥ്യാഭ്രമങ്ങളായ സംസാരഭാവങ്ങളില്‍ നിന്നു നിവര്‍ത്തിച്ചു സ്വരൂപസ്ഥനും സുഖിയും ചരിതാര്‍ത്ഥനുമായിത്തീരൂ എന്നു പറഞ്ഞു വസിഷ്ഠമഹര്‍ഷി. ഇക്ഷ്വാകുരാജാവിന്റെ യശ്ശസ്സുകൊണ്ടു ലോകം മുഴുവന്‍ നിറഞ്ഞു. എങ്കിലും കാലംകൊണ്ടു് അദ്ദേഹത്തിനീ ലോകത്തില്‍ വലിയ താത്പര്യമൊന്നുമില്ലാതായി. എങ്ങിനെയാണീ ലോകമുണ്ടായതു്? എന്താണിതിന്റെ അവലംബം? വാസ്തവത്തില്‍ താന്‍ ആരാണു്? എന്താണീ ജീവിതത്തില്‍ നേടേണ്ടതായിട്ടിരിക്കുന്നതു്? എന്തുകിട്ടിയാല്‍ താന്‍ കൃതകൃത്യനാവും? എന്നൊക്കെ ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെ എത്രയൊക്കെ ചിന്തിച്ചിട്ടും അദ്ദേഹത്തിന് ഒരെത്തുംപിടിയും കിട്ടിയില്ല, അങ്ങനെയിരിക്കെ ഒരു ദിവസം സത്യലോകത്തില്‍ നിന്നും മടങ്ങിവരുന്ന മനുവിനെകണ്ടു സംശയങ്ങളെ തീര്‍ത്തുതരണമെന്നപേക്ഷിച്ചു. അതിനെ കേട്ട മനു അദ്ദേഹത്തിനു തത്വോപദേശം ചെയ്യാന്‍ തുടങ്ങി.
കുമാര! ശ്രദ്ധവെച്ചു കേള്‍ക്കൂ. കാണപ്പെടുന്ന ഈ ലോകം ഗന്ധര്‍വ്വനഗരം പോലെയോ, മൃഗതൃഷ്ണപോലെയോ കേവലം ഇല്ലാത്തതാണു്. എന്നാല്‍ മിത്ഥ്യയായ ഈ ദൃശ്യത്തില്‍ ഭ്രമിച്ചു തന്നെ സത്യത്തില്‍നിന്നു തെറ്റിമാറി സത്യത്തെ അറിയാന്‍ കഴിയാത്തവരായിത്തീര്‍ന്നിരിക്കുന്നവരാണു് എല്ലാവരും. ജലം തന്നെ ഓളങ്ങളും കുമിളകളുമായി കാണപ്പെടുംപോലെ, ബ്രഹ്മംതന്നെയാണു് ദൃശ്യപ്രപഞ്ചമായി കാണപ്പെടുന്നതു്. ബ്രഹ്മത്തില്‍ത്തന്നെ ലയിച്ചുകിടക്കുന്ന വിക്ഷേപശക്തികള്‍ വികസിക്കുമ്പോള്‍ പലതും ഉണ്ടായതായും ഉള്ളതായും കാണപ്പെടുന്നു. വിക്ഷേപശക്തികളില്‍ ചിലതു ബ്രഹ്മാണ്ഡങ്ങളായിത്തീരുമ്പോള്‍ മറ്റു ചിലവ ഭൂതങ്ങളായും വേറെ ചിലവ വേറെ പലതായും മാറുന്നു. ഗന്ധര്‍വ്വനഗരം എപ്രകാരം ദര്‍ശനമാത്രസത്തയോടു കൂടിയതാണോ, അതുപോലെ ദര്‍ശനമാത്രസത്തയാണു് ഈ ദൃശ്യത്തിനുമുള്ളതു്. കാണുന്നു എന്ന ബോധം അല്ലെങ്കില്‍ അഭിമാനംമാത്രമാണു് ഈ ദൃശ്യപ്രപഞ്ചം ഉണ്ടെന്നുള്ളതിന്റെ ഒരേയൊരു തെളിവു്. സുഖദുഃഖങ്ങളും, പുണ്യപാപങ്ങളും ജനനമരണങ്ങളും.ബന്ധമോക്ഷങ്ങളുമെല്ലാം അങ്ങിനെതന്നെ. ജലാശയത്തിലെ ജലം തന്നെ പലസ്വരൂപത്തില്‍ കാണപ്പെടുംപോലെ ബ്രഹ്മസത്തതന്നെ പലതായി കാണപ്പെടലല്ലാതെ മറ്റൊന്നും തന്നെ സംഭവിച്ചിട്ടില്ല. ഈ പരമാര്‍ത്ഥത്തെ അറിഞ്ഞു ദൃശ്യാത്മകമായ ഭ്രമത്തെ അകറ്റി സത്താമാത്രമായ ബ്രഹ്മതത്വത്തെ അറിയാന്‍ ശ്രമിക്കണം. ശാസ്ത്രബോധവും, ഗുരൂപദേശവും ബ്രഹ്മതത്വത്തെ അറിയാനുള്ള ഉപായങ്ങളെന്നു പറയാറുണ്ടു്. എന്നിരുന്നാലും തന്റെ ബുദ്ധിശക്തിയും, പ്രയത്നവും മാത്രമാണൊരാളെ പ്രബുദ്ധനാക്കുന്നതു്. അതിനാല്‍ എപ്പോഴും പ്രയത്നം ചെയ്യുകതന്നെ വേണം. അങ്ങിനെയുള്ളൊരാള്‍ക്കുമാത്രമേ കാലംകൊണ്ടു തത്വബോധത്തില്‍ ദൃഢതയും വസ്തുസ്ഥിതിയും കിട്ടാന്‍ പോവുന്നുള്ളു.. വസ്തുസ്ഥിതി തന്നെ ദുഃഖനിവൃത്തിക്കുള്ള ഒരേയൊരു മാര്‍ഗ്ഗം. മോക്ഷവും അതുതന്നെ. ഗുരൂപദേശവും ശാസ്ത്രബോധവും അതിനുള്ള ഉപായങ്ങളാണെങ്കിലും നിശ്ചിതമായ ചിന്തനവും പ്രയത്നവും തന്നെ വസ്തുസ്ഥിതി കിട്ടാനുള്ള ഏകമാര്‍ഗ്ഗം.
ചിന്തനംകൊണ്ടു വസ്തുബോധം സ്ഫുരിക്കുകയും ദൃഢപ്പെടാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ രാഗദ്വേഷങ്ങള്‍ കുറേശ്ശെയായി ചിത്തത്തില്‍നിന്നും ഒഴിഞ്ഞുപോകാന്‍ തുടങ്ങും. രാഗദ്വേഷങ്ങള്‍ നീങ്ങാതെ ഇന്ദ്രിയങ്ങളോടും വിഷയങ്ങളോടുമുള്ള മമത വിട്ടു പോവില്ല. മമതകൊണ്ടാണു് എത്രയൊക്കെ അകറ്റിയാലും പിന്നെയും വിഷയങ്ങള്‍ അകന്നുപോവാതെ ചിത്തത്തെ കലുഷവും രാഗദ്വേഷജടിലവുമാക്കിത്തീര്‍ക്കുന്നതു്. അതുപോലെ മമതകൊണ്ടാണു് ഇന്ദ്രിയങ്ങളും അടങ്ങാത്തത്. മമത പോയിക്കഴിഞ്ഞാല്‍ ഇന്ദ്രിങ്ങള്‍ താനേ അടങ്ങും. ചിത്തവും ഉപശാന്തമാവും. വഴിമധ്യത്തില്‍വെച്ചു കാണപ്പെടുന്ന യാത്രക്കാര്‍ക്കെപ്രകാരമാണോ അന്യോന്യം രാഗദ്വേഷങ്ങളോ മമതയോ ഇല്ലാതിരിക്കുന്നതു്, അതുപോലെയായിരിക്കണം ഇന്ദ്രിയങ്ങളോടുള്ള സമീപനം. ഇന്ദ്രിയങ്ങളുടെയും ശരീരത്തിന്റയും വൃത്തികളില്‍ ശ്രദ്ധയില്ലാതായാല്‍ത്തന്നെ അവ പതുക്കെപ്പതുക്കെ അടങ്ങാന്‍ തുടങ്ങും.
ശരീരാഭിമാനമാണു് സംസാരത്തില്‍നിന്നു കയറാന്‍ ഏറ്റവും വലിയതടസ്സം. ഞാന്‍ ശരീരമാണെന്ന വിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും സ്ഥാനത്തു ഞാന്‍ ആത്മാവാണെന്ന ബോധവും വിശ്വാസവും വളരാന്‍ തുടങ്ങിയാല്‍ വലിയകാര്യമായി. കാലംകൊണ്ടെങ്കിലും സംസാരത്തില്‍ നിന്നുകയറാന്‍ അതു മാര്‍ഗ്ഗമായിത്തീരും. ഏതായാലും മുമുക്ഷുവായ ഒരാള്‍ക്കു ശരീരാഭിമാനം ക്ഷയിക്കാന്‍ തുടങ്ങുന്നതുതന്നെ വലിയകാര്യമാണു്. ശരീരത്തിലുള്ള അഭിമാനത്തെയും വിശ്വാസത്തെയും ക്ഷയിപ്പിച്ചു ഞാന്‍ ഈ ജഗത്തില്‍ നിന്നു വിലക്ഷണനും, ആകാശത്തെക്കാള്‍ സൂക്ഷ്മവും, സര്‍വ്വത്രനിറഞ്ഞതുമായ ആത്മാവാണെന്നു് വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യണം. ആത്മാഭിമാനിയായ ഒരാള്‍ പിന്നീടു സംസാരത്തിലേയ്ക്കിറങ്ങേണ്ടിവരില്ല. ആദിത്യചൈതന്യമെങ്ങനെയാണോ ജലാശയത്തിനകത്തും പുറത്തും എന്നുവേണ്ട, എല്ലായിടത്തും ഒരുപോലെ വ്യാപ്തനായിട്ടിരിക്കുന്നതു്, അതുപോലെ ആത്മാവും എല്ലായിടത്തും ഒരുപോലെ നിറഞ്ഞു വ്യാപിച്ചിരിക്കുന്നു. കടകകുണ്ഡാലാദി ആഭരണകല്പനങ്ങളെക്കൊണ്ടു് എപ്രകാരം സ്വര്‍ണ്ണത്തിന് യാതൊരു മാറ്റവും സംഭവിക്കുന്നില്ലയോ, അതുപോലെ ജഗല്‍ക്കല്പനകൊണ്ടു് ആത്മാവിനും യാതൊരു മാറ്റവും സംഭവിക്കുന്നില്ല.
ആത്മാവു് ഞാന്‍തന്നെയാണു്. തന്നില്‍നിന്നന്യമല്ല ആത്മാവു്. അതിനാല്‍ ആത്മാതത്വത്തെ മറ്റൊരേടത്തന്വേഷിക്കേണ്ടതില്ല. താനൊഴിച്ചു മറ്റെല്ലാം അനാത്മാവാണു്. അനാത്മാവിനെത്തന്നെ വിഷയങ്ങളൊന്നും ദൃശ്യങ്ങളെന്നും പറയുന്നതു്. വിഷയങ്ങളുടെയിടയില്‍ എത്രകാലം തിരഞ്ഞാലും വിഷയാതീതമായ ആത്മാവിനെക്കണ്ടുകിട്ടാന്‍ വയ്യ. അതിനാല്‍ ആത്മാവിനെ അന്വേഷിച്ചു നട്ടംതിരിയുന്ന താന്‍തന്നെയാണാത്മാവെന്നു ബോധിക്കൂ. എല്ലാറ്റിന്റെയും ജ്ഞാതാവും ദ്രഷ്ടാവുമായ താനാകുന്ന ആത്മാവിനെ തന്റെ ദൃശ്യങ്ങളും ജ്ഞേയങ്ങളുമായ ജഡപദാര്‍ത്ഥങ്ങളുടെയിടയില്‍ അന്വേഷിച്ചാലെങ്ങനെ കണ്ടുകിട്ടും? ചലനംകൊണ്ടു ജലം എപ്രകാരം തരംഗബുല്‍ബദാദി പദാര്‍ത്ഥങ്ങളായിത്തീരുന്നുവോ അതുപോലെ ആത്മാവും സങ്കല്പംകൊണ്ടു പലതായിത്തീരുകയാണു്. അങ്ങനെ പലതായി തോന്നപ്പെടുന്ന ആത്മസ്വരൂപത്തെത്തന്നെയാണു് ജഗത്തെന്നും പറയുന്നതു്. അല്ലാതെ ജഗത്തെന്നൊരു പ്രത്യേകവസ്തു എവിടെയുമുണ്ടായിട്ടില്ല.
സങ്കല്പദോഷത്തെ നീക്കിയ ചിത്തത്തെ ആത്മാവില്‍ ലയിപ്പിക്കുന്നപക്ഷം പിന്നീടു ജഗത്തിന്റെ യാതൊരു ബാധയുമുണ്ടാവാന്‍ വയ്യ. കുട്ടികള്‍ പലതരത്തിലുള്ള ക്രീഡകളെ കൊണ്ടു വിനോദിക്കുംപോലെ ആത്മാവും ചലനങ്ങളെക്കൊണ്ടു പല സ്വരൂപങ്ങളായിത്തീര്‍ന്നു വിനോദിക്കുകയാണു് ചെയ്യുന്നതു്. സമുദ്രത്തിലെ തിരകള്‍ ഉണ്ടാവുന്നതും നിലനില്ക്കുന്നതും ലയിക്കുന്നതുമെല്ലാം എപ്രകാരം സമുദ്രത്തില്‍ തന്നെയാണോ, അതുപോലെ ജഗത്തുണ്ടാവുന്നതും നിലനില്ക്കുന്നതും ലയിക്കുന്നതുമെല്ലാം ആത്മാവില്‍ത്തന്നെ. ആദിത്യാദി തേജോഗോളങ്ങള്‍ക്കു് എപ്രകാരം പ്രകാശം തുടങ്ങിയ ധര്‍മ്മങ്ങള്‍ സ്വാഭാവികങ്ങളാണോ, അതുപോലെ ആത്മാവില്‍ സ്വാഭാവികമായി ബുദ്ധ്യാദികല്പനകളെകൊണ്ടു ജഗത്തും ഉള്ളതായിത്തീരുന്നു. മൂഢന്മാര്‍ക്കുമാത്രമാണ് അതു ക്ലേശകരമായിട്ടിരിക്കുന്നതു്. വിവേകികള്‍ക്കു ജഗത്തു് ഉണ്ടായാലും നശിച്ചാലും ഒരുപോലെയാണു്. അവര്‍ ജഗത്തു നിലനില്‍ക്കണമെന്നോ നശിക്കരുതെന്നോ രണ്ടും കരുതുന്നില്ല. വിശ്വത്തെ മുഴുവന്‍ മോഹിപ്പിച്ചുകൊണ്ടിരിക്കുന്ന മായാശക്തി അത്യന്തം ആശ്ചര്യസ്വരൂപിണിയാണെന്നേ പറയാനുള്ളു. എന്തുകൊണ്ടെന്നാല്‍ ആത്മാവ് എല്ലായിടത്തും നിറഞ്ഞിരുന്നിട്ടുകൂടി ആരും അറിയുന്നില്ലല്ലോ. അതില്‍പ്പരം ആശ്ചര്യം മറ്റെന്താണു് ഉണ്ടാവേണ്ടതു്?
ഈ ജഗത്തു കേവലം ചിദാകാശം മാത്രമാണെന്നുറപ്പിച്ചു കഴിയുന്നവന്‍ യാതൊരു ജഗല്‍ബാധയെയും അനുഭവിക്കുന്നില്ലെന്നു മാത്രമല്ല, ബ്രഹ്മതത്വത്തില്‍ ആവരണംചെയ്യപ്പെട്ടവനുമായിത്തീരുന്നു. ദുഃഖത്തിന്റെ യാതൊരു സ്ഫുരണവും അദ്ദേഹത്തെ സ്പര്‍ശിക്കുന്നില്ല. അതിനാല്‍ ഹേ! രാജാവേ! അങ്ങു അഹങ്കാരത്തെ കേവലം അകറ്റി ഈ ജഗത്തു കേവലം ശൂന്യമാണെന്നും, ചിദാകാശത്തില്‍ തോന്നപ്പെടുന്ന പ്രതീതിമാത്രമാണു് ജഗത്തെന്നും ബോധിച്ചു ശാന്തനായിരിക്കൂ. ഇതു നല്ലതാണ്, ഇതു ചീത്തയാണു് എന്ന ഭേദബുദ്ധിയാണു് ദുഃഖത്തിനു് ഹേതു. എല്ലാം കേവലം ചിദാകാശമാണെങ്കില്‍ പിന്നെ ഭേദബുദ്ധിക്ക് എന്താണാസ്പദം? വെറും തോന്നല്‍ മാത്രമല്ലേ? അതിനെ അകറ്റിയാല്‍ അങ്ങു് മറ്റെല്ലാരെക്കാളും സുഖിയായിത്തീരുമെന്നുള്ളതിനു യാതൊരു സംശയവുമില്ല. എപ്പോഴും എല്ലാറ്റിലും സാമ്യഭാവം മാത്രമുള്ള ഒരാള്‍ക്കു് ദുഃഖത്തിനു് യാതൊരു കാരണവുമില്ല. എന്നുമാത്രല്ല, അമൃതശീതളയായ ശാന്തി എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. ശാന്തികൊണ്ടു് അപാരമായ സുഖമുണ്ടാവുകയും ചെയ്യും.
ഭേദബുദ്ധിയും കര്‍മ്മവാസനയുമാണു് സംസാരത്തിന്റെ ഏറ്റവും പ്രബലങ്ങളായ ബീജങ്ങള്‍. അവയെ എങ്ങനെയെങ്കിലും ജയിക്കുകതന്നെ വേണം. ജയിക്കാതെ ഒരു മുമുക്ഷുവിനു് സംസാരനിവൃത്തിയും കൈവല്യപ്രാപ്തിയുമാകുന്ന അവസ്ഥ ഉണ്ടാകാന്‍ പോവുന്നില്ല. അഭാവനയും പൗരുഷവുമാകുന്ന രണ്ടു ശാസ്ത്രങ്ങളെക്കൊണ്ട് അവയെ ജയിക്കാം. എപ്പോഴും മനസ്സിനെ അഭാവനമാക്കിക്കൊണ്ടിരുന്നാല്‍ കാലംകൊണ്ടു സങ്കല്പവും കര്‍മ്മവാസനാപ്രവാഹവുമാകുന്ന രണ്ടു തടസ്ഥങ്ങളും നീങ്ങി സ്വസ്ഥചിത്തനും സുഖിയുമായിത്തീരും. ആദ്ധ്യാത്മികയോഗാനുഷ്ഠാനം ചെയ്തുകൊണ്ടു കൈവല്യത്തിലേയ്ക്കു നീങ്ങികൊണ്ടിരിക്കുന്ന സാധകന്മാരുടെ സാധനാനുഭവങ്ങള്‍ക്കു് ഏഴുപരിധികള്‍ കല്പിക്കപ്പെട്ടിട്ടുണ്ടു്. അവയാണു് ഹേ രാജാവേ, സുപ്രസിദ്ധങ്ങളായ സപ്തഭൂമികളെന്നു പറയുന്നതു്. അവയില്‍ ഏതെങ്കിലും ഒരു ഭൂമികയില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ അവന്‍ സംസാരത്തിലേയ്ക്കുതന്നെ മടങ്ങിന്ന പതിവില്ല. പ്രാരാബ്ധവിശേഷംകൊണ്ടു ചിലര്‍ മന്ദമായിട്ടേ പോവുന്നുള്ളുവെങ്കിലും കാലതാമസം നേരിടുമെന്നല്ലാതെ സംസാരിയായിത്തന്നെ മാറുകയെന്ന സമ്പ്രദായമില്ല. അതിനാല്‍ പറയപ്പെട്ട യോഗഭൂമികളില്‍ ഏതെങ്കിലും ഒന്നിലെത്താന്‍ ശ്രമിക്കൂ. എന്നാല്‍ കാലം കൊണ്ടെങ്കിലും അങ്ങു മുക്തനായിത്തീരുമെന്നു തീര്‍ച്ചയാണു്. പ്രസ്തുത ഭൂമികളുടെ സ്വരൂപങ്ങളെ ഞാന്‍ വിസ്തരിച്ചു പറയാം. ശ്രദ്ധവെച്ചു കേള്‍ക്കൂ. എന്നു പറഞ്ഞുകൊണ്ടു ഹേരാമാ, മനു അദ്ദേഹത്തിന്നു യോഗ ഭൂമികകളെ പറഞ്ഞുകൊടുക്കാന്‍ തുടങ്ങി:
ശാസ്ത്രപാഠംകൊണ്ടും സല്‍സംഗംകൊണ്ടും സദ്വാസനകളെ വളര്‍ത്തിയും ദുര്‍വ്വാസനകളെ ക്ഷയിപ്പിച്ചും പ്രജ്ഞയെ വീര്യവത്താക്കുന്നതാണു് ഒന്നാമത്തെ ഭൂമിക. അതിനു ‘ശുഭേച്ഛ’ യെന്നും, ‘പ്രജ്ഞാശുദ്ധി’ യെന്നും പറയും. ചീത്തയായ കാര്യങ്ങളിലുള്ള വാസനകള്‍ മുഴുവന്‍ ക്ഷയിക്കുകയും നല്ല കാര്യങ്ങളില്‍ ശ്രദ്ധ വളരുകയും ചെയ്യലാണതിന്റെ സ്വരൂപം. അങ്ങനെ വന്നു കഴിഞ്ഞാല്‍ സല്‍ക്കര്‍മ്മങ്ങളല്ലാതെ ഒരു ദുഷ്കര്‍മ്മവും ചെയ്യാനിടവരില്ല. സല്ക്കര്‍മ്മങ്ങളെക്കൊണ്ടു പാപങ്ങളെ ക്ഷയിച്ചു പുണ്യം വളരുമ്പോള്‍ ഈശ്വരവിശ്വാസവും ഭക്തിയും ദൃഢപ്പെടുകയും വേദാന്തവിചാരത്തില്‍ ശ്രദ്ധയുണ്ടാവുകയും ചെയ്യും. അപ്പോള്‍ ചെയ്യപ്പെടുന്ന വേദാന്തവിചാരം തന്നെ ‘സുവിചാരണ’ യെന്ന രണ്ടാമത്തെ ഭൂമിക. ഈ ജഗത്തെങ്ങനെയുണ്ടായി? ഞാന്‍ ആരാണു്? ജീവിതം കൊണ്ടെന്താണു് സാധിക്കേണ്ടതു്? ജീവന്‍ എന്നു പറഞ്ഞാലെന്താണു്? അതെങ്ങനെയുണ്ടായി! എന്നിങ്ങനെ ആവശ്യം അറിയപ്പെടേണ്ട ഒട്ടനേകം അധ്യാത്മതത്ത്വങ്ങളെ നിശ്ചിതമായി നിരൂപിച്ചു സത്യത്തെ അറിയാന്‍വേണ്ടി ചെയ്യപ്പെടുന്ന തീവ്രമായ പരിശ്രമമാണു് അതിന്റെ സ്വരൂപം. വിചാരത്തെ നേര്‍വഴിയിലൂടെ വേണ്ടുംവണ്ണം നിര്‍വ്വഹിച്ചു വിജയത്തിലെത്തുമ്പോള്‍ പരമാര്‍ത്ഥം ബോധ്യമാവും. അപ്പോള്‍ സകലവിധ സംസാരാനുഭവങ്ങളില്‍ നിന്നും കേവലം നിവൃത്തനാവാനുള്ള ബദ്ധപ്പാടു വര്‍ദ്ധിക്കും അപ്പോള്‍ വളരുന്ന സംസാരംതന്നെയാണു് മൂന്നാമത്തെ ഭൂമിക. അതിനെ ‘അംഗഭാവന’യെന്നു പറഞ്ഞുവരുന്നു. നിസ്സംഗവാനുള്ള ദൃഢയത്നമാണതിന്റെ രൂപം.
നാലാമത്തെ ഭൂമികയെ ‘വിലാപിനി’യെന്നാണു് പറഞ്ഞുവരുന്നതു്. സത്യമായ ആത്മസ്വരൂപത്തെ വിചാരം കൊണ്ടറിഞ്ഞു. അതു പ്രകാശിക്കാന്‍ തടസ്ഥമായ സംസാരത്തില്‍ നിന്നകലുകയും ചെയ്തു. ഓരോ നിമിഷവും ആത്മസാക്ഷാല്‍കാരമുണ്ടാവാത്തതുകൊണ്ടുള്ള വേദന കഠിനമായിട്ടുണ്ടു്. തന്റെ മുഴുവന്‍ കഴിവുമുപയോഗിച്ചു് ആത്മാനുഭൂതിയുണ്ടാവാന്‍ ശ്രമിക്കുന്നുണ്ടു്. എന്നിരുന്നാലും പ്രയത്നം സഫലമായി ആത്മാവു് പ്രകാശിക്കുന്നതില്ലെന്നതുകൊണ്ടുള്ള വ്യസനമാണു് നാലാം ഭൂമികയുടെ രൂപം. സംസാരത്തില്‍ നിന്നു നിവൃത്തനും, നിസ്സംഗനുമായെങ്കിലും, അനാദികാലം മുതല്ക്കാരംഭിച്ചു് അനേക ജന്മങ്ങളിലൂടെയും കര്‍മ്മങ്ങളിലൂടെയും വളര്‍ന്നു തഴച്ചു തന്നില്‍ കട്ടപിടിച്ചുകിടക്കുന്ന സംസാരവാസനയാണു് ആത്മസാക്ഷാല്ക്കാരത്തിന്നു തടസ്ഥമായിട്ടിരിക്കുന്നതു്. വാസനനശിക്കുമ്പോള്‍ ആത്മാവു പ്രകാശിക്കുകയും ചെയ്യും. അതിനാല്‍ വാസനാനാശിനികൂടിയുമാണു് നാലാമത്തെ ഭൂമിക.
അഞ്ചാമത്തെ ഭൂമികയില്‍ വാസനാക്ഷയം കൊണ്ടു പ്രകാശിച്ച ആത്മനിര്‍വൃതിയെ അനുഭവിക്കുന്നു. അതിനാല്‍ “ശുദ്ധസംവിന്മയാനന്ദസ്വരൂപ”യെന്നാണു് ആ ഭൂമികയെ പറഞ്ഞുവരുന്നതു്. വാസനാസമ്പര്‍ക്കമില്ലാത്തതിനാല്‍ ശുദ്ധയും, അജ്ഞാനമില്ലാത്തതിനാല്‍ സംവിന്മയിയും, ദ്വൈതപ്രതീതിയില്ലാത്തതിനാല്‍ ആനന്ദസ്വരൂപയുമാണു്. അതുകൊണ്ടാണു് പറയപ്പെട്ട പേരുണ്ടാവാന്‍ തന്നെ കാരണം. പ്രസ്തുതഭൂമികയിലെത്തിയവന്‍ തികച്ചും ജീവന്മുക്തനാണു്. പകുതിയുറങ്ങിയും പകുതിയുണര്‍ന്നും ഒരാളെങ്ങനെയിരിക്കുമോ, ഏതാണ്ടതുപോലെയായിരിക്കും അദ്ദേഹത്തിന്റെ സ്ഥിതി. പ്രപഞ്ചത്തിന്റെ വളരെ മങ്ങിയ ഒരു ബോധം മാത്രമേ ഉണ്ടാവൂ. ആറാമത്തെ ഭൂമിക ഇതിനെക്കാള്‍ അത്യന്തശ്രേഷ്ഠയും, ആനന്ദഘനാകാരയുമായ ‘തുര്യാവസ്ഥ’യാണു്. സംവേദനം അല്ലെങ്കില്‍ വസ്തുഗ്രഹണമെന്ന അവസ്ഥതന്നെ അതിലില്ല. സുഷുപ്തിയില്‍ മുഴുകിയ ഒരാളെപ്രകാരം ഒന്നിനെയും അറിയുന്നില്ലയോ, അതുപോലെ ഒന്നിന്റെയും സ്ഫുരണമില്ലാത്ത കേവലം ഘനീഭൂതാനന്ദസ്വരൂപമാണു് ‘തുര്യാവസ്ഥ’യാകുന്ന ആറാമത്തെ ഭൂമിക. മുക്തിയെന്നും, നിര്‍വ്വാണമെന്നും പറയുന്നതു് അതിനെത്തന്നെയാണു്.
ഏഴാമത്തേതും അവസാനത്തേതുമായ ഭൂമികയെ ‘തുര്യാതീത’യെന്നു പറയുന്നു. പക്ഷേ അതും ശരീരം വിടുമ്പോള്‍മാത്രം അനുഭവപ്പെടുന്നതാണു്. വിദേഹകൈവല്യമെന്നും സായൂജ്യമുക്തിയെന്നുമൊക്കെപ്പറയുന്നതും അതിനെത്തന്നെയാണു്. ഇങ്ങനെ പറയപ്പെട്ട സപ്തഭൂമികളില്‍ ഏതെങ്കിലുമൊരാളെത്തിക്കഴിഞ്ഞാല്‍ പിന്നീടു സംസാരത്തിലേയ്ക്കു വീണ്ടും മടങ്ങിവരലില്ല. പ്രയത്നത്തിന്റെ മന്ദതയ്ക്കും, തീവ്രതയ്ക്കും അനുസരിച്ചു മന്ദമായോ, വേഗമായോ ഉയര്‍ച്ചയുണ്ടാവുന്നുവെന്നുമാത്രം. ഏതായാലും യോഗഭൂമികളില്‍ ഏതെങ്കിലും എത്തിപ്പെട്ടുകഴിഞ്ഞാല്‍ ഇന്നല്ലെങ്കില്‍ നാളയെങ്കിലും അവന്‍ സംസാരത്തില്‍ നിന്നും രക്ഷപ്പെടുമെന്ന കാര്യം തീര്‍ച്ചയാണു്. അതിനാല്‍ ഹേ രാജാവേ, പറയപ്പെട്ട യോഗഭൂമികളെ വേണ്ടപോലെ ഗ്രഹിച്ചു തനിയ്ക്കുപയോഗപ്പെടുത്താന്‍ ശ്രമിക്കുകതന്നെ വേണം.
ആദ്യത്തെ മൂന്നു ഭൂമികളും ജാഗ്രദവസ്ഥയില്‍ത്തന്നെയുള്ളവയാണു്. നാലാമത്തതു സ്വപ്നാവസ്ഥയിലാണു്. എന്തുകൊണ്ടെന്നാല്‍ നാലാമത്തെ ഭൂമികയില്‍ സ്വപ്നപദാര്‍ത്ഥമെന്നപോലെയാണു് ഈ ജഗത്തുപ്രകാശിക്കുന്നതു്. അതിനാല്‍ സ്വപ്നാവസ്ഥയിലാണു് ആ ഭൂമികാനുഭൂതിയെന്നു പറഞ്ഞുവരുന്നു. അഞ്ചാമത്തേതാകട്ടേ സുഷുപ്തിയിലുമാണു്. ഗാഢനിദ്രയില്‍ ഒരാള്‍ക്കെപ്രകാരം ഈ ജഗത്തിന്റെ യാതൊരുപ്രതീതിയുമുണ്ടാവുന്നില്ലയോ, അതുപോലെ അഞ്ചാമത്തെ ഭൂമികയില്‍ ജഗത്തിന്റെ യാതൊരുസ്ഫുരണവുമുണ്ടാവുന്നില്ല. അതിനാല്‍ സുഷുപ്തി തന്നെ അഞ്ചാമത്തെ ഭൂമിക. ആറാമത്തേതു അവസ്ഥാത്രയത്തിനപ്പുറത്തും, ഏഴാമത്തേതു ശരീരപാതത്തിനുശേഷം പ്രകാശിക്കുന്നവയുമാണു്. ചിത്തത്തെ അകത്തു തടഞ്ഞുനിര്‍ത്തി, വാസനാവികാസങ്ങളാകുന്ന ഭാവങ്ങളെ പ്രകാശിപ്പിക്കാതിരുന്നാല്‍ മതി, എന്നാല്‍ത്തന്നെ ഒരാള്‍ മുക്തനായെന്നു പറയണം. വിഷയവ്യവഹാരവും അതുഹേതുവായിട്ടുള്ള സുഖദുഃഖങ്ങളുംതന്നെയാണു് ഒരാളുടെ ഏറ്റവും വലിയ ബന്ധം. അതില്ലാതായാല്‍ തന്നെ മിക്കവാറും മുക്തനായെന്നു പറയാം. ചിത്തത്തിന്റെ ഉപശാന്തിയെ ഭഞ്ജിക്കുന്ന ഏറ്റവും കഠിനമായ ദുഃഖകാരണങ്ങളാണു് വിഷയവ്യവഹാരവും അതുകൊണ്ടുള്ള സുഖദുഃഖങ്ങളും. തിരയടങ്ങിയ കടലെന്നപോലെ പ്രശാന്തമായ ചിത്തം കാലം കൊണ്ടെങ്കിലും ഒരാളെ മുക്തനാക്കുമെന്നതില്‍ സംശയമില്ല.
എല്ലാറ്റിന്നും കാരണവും, എങ്ങും നിറഞ്ഞതുമായ പരമതത്ത്വമാണു് താനെന്നു ബോധ്യം വന്നാല്‍ പിന്നെ നശിക്കുന്നതെങ്ങനെ? നശിക്കലില്ലെങ്കില്‍പിന്നെ ഉണ്ടാവലും ഇല്ലല്ലോ. അപ്പോള്‍ എല്ലായിടത്തും എപ്പോഴുമുള്ളതും, മാറ്റമോ, ഏറ്റക്കുറച്ചിലോ ഇല്ലാത്തതും ആ കാരണത്താല്‍ത്തന്നെ പരമസത്യവും, എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന പരമചൈതന്യവുമാണു് താനെന്നു വിചാരം കൊണ്ടു് ബോധിക്കാന്‍ കഴിയും. മറ്റൊന്നിന്റെയും ചേര്‍ച്ചയില്ലാത്തതിനാല്‍ ആനന്ദമയവുമാണു്. എന്നിങ്ങനെ ബ്രഹ്മതത്വത്തെ വിചാരംകൊണ്ടറിഞ്ഞു് അപരോക്ഷസ്വരൂപേണ സാക്ഷാല്‍ക്കരിക്കണം. നിശിതമായ വിചാരം ഒന്നുകൊണ്ടുതന്നെ അപരോക്ഷതാഭാവം കൈവരും. അപരോക്ഷതാസ്വരൂപം ആത്മാവിനെ അറിഞ്ഞു് ആത്മസ്വരൂപനായി കഴിഞ്ഞൊരാള്‍ക്കു് പിന്നെയെന്തു സംസാരബാധയാണു്! ഒന്നും തന്നെയുണ്ടാവുന്നില്ല. എന്നാല്‍ അങ്ങനെ ചെയ്യാതെ മറ്റെന്തൊക്കെ ചെയ്താലും ഹേ രാജാവേ, ഒരാള്‍ കൃതാര്‍ത്ഥനാവാനും പോവുന്നില്ല. എന്നിങ്ങനെ ഉപദേശിച്ചു മനു സ്വര്‍ഗ്ഗത്തിലേയ്ക്കു തിരിച്ചു. ഹേ രാമചന്ദ്ര, മനുവുപദേശിച്ചു കൊടുത്ത ഈ ജ്ഞാനത്തെ വേണ്ടപോലെ ഗ്രഹിച്ചു വിചാരം ചെയ്തു് ഉപയോഗപ്പെടുത്തിയതിനാല്‍ പില്‍ക്കാലത്തു് ഇക്ഷ്വാകുരാജാവും മുക്തനും ചരിതാര്‍ത്ഥനുമായി. അതുപോലെ ഉപയോഗപ്പെടുത്തി ജന്മസാഫല്യമാകുന്ന കൈവല്യത്തെ പ്രാപിക്കാന്‍ കഴിയും.
എന്നിങ്ങനെ വസിഷ്ഠാചാര്യന്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ശ്രീരാമചന്ദ്രന്‍ രസകരമായൊരു ചോദ്യം ചോദിച്ചു: ലോകത്തില്‍ അമാനുഷവും, അസാധാരണവുമായ അനുഭവം ആര്‍ക്കുണ്ടോ, അവരെയാണു് വലിയവരായും വലിയവരായും ദിവ്യന്മാരുമായും കണക്കാക്കുന്നതു്. ശീതോഷ്ണങ്ങളുടെ ബാധയെ ജയിക്കുക ആകാശത്തൂടെ സഞ്ചരിക്കുക, വിദൂരത്തുള്ളതിനെ അറിയുക തുടങ്ങിയ കാര്യങ്ങള്‍ അമാനുഷങ്ങളും അസാധാരണങ്ങളുമാണു്. അതിനാല്‍ അവയെ സിദ്ധികളെന്നു പറയുന്നു. സിദ്ധികള്‍ സ്വാധീനങ്ങളായവരെ സിദ്ധന്മാരെന്നും ദിവ്യന്മാരെന്നും കരുതി മാനിക്കുകയും ചെയ്യുന്നു. എന്നാല്‍ അങ്ങനെയുളള അനുഭവങ്ങളൊന്നും ജീവന്മുക്തന്മാര്‍ക്കില്ലല്ലോ. എന്താണു് പിന്നെ ജീവന്മുക്തനായ ജ്ഞാനിക്കു സാധാരണ ജനങ്ങളില്‍ നിന്നു പ്രത്യേകമായ ഒരു ദിവ്യത്വം? വസിഷ്ഠാചാര്യന്‍ രാമചന്ദ്രന്റെ ചോദ്യം കേട്ടു പുഞ്ചിരിച്ചുകൊണ്ടു മറുപടിപറയാന്‍ തുടങ്ങി:
ഹേ രാമചന്ദ്രാ, നിന്റെ ചോദ്യം രസകരമായിരിക്കുന്നു. ഒന്നിന്റെയും ആഗ്രഹമില്ലാത്തവനും, ഒരുതരത്തിലുള്ള രാഗമോ ദ്വേഷമോ ഇല്ലാത്തവനുമായ ജീവന്മുക്തനു നീ പറഞ്ഞപ്പോലെ ആകാശഗമനാദിസിദ്ധികളോ വൈഭവങ്ങളോ ഒന്നുമുണ്ടാവില്ല. മന്ത്രസിദ്ധി, യോഗസിദ്ധി, തപസ്സിദ്ധി മുതലായവയുള്ളവര്‍ക്കാണു് അങ്ങനെയുള്ള സിദ്ധികളൊക്കെയുണ്ടാവുന്നതു്. എന്നാല്‍ ജ്ഞാനിയുടെ നൈര്‍മ്മല്യവും കൃതകൃത്യതയും, ആനന്ദാനിര്‍വൃതിയും ജ്ഞാനിക്കുമാത്രമല്ലാതെ മറ്റാര്‍ക്കും തന്നെയില്ല. ഏതെങ്കിലുമൊരനുഭവത്തില്‍ അല്പമായിട്ടെങ്കിലും അപേക്ഷയുള്ളേടത്തോളം കാലമാണു് പ്രയത്നമുണ്ടാവുന്നതു്. ഒന്നിലും അപേക്ഷയില്ലാത്ത ജ്ഞാനി പിന്നെ എന്തിനു വേണ്ടി എന്തു പ്രയത്നമാണു് ചെയ്യേണ്ടതു്? ജ്ഞാനിക്കു കിട്ടാത്തതായോ, കിട്ടേമ്ടതായോ ഒന്നും തന്നെ ലോകത്തിലില്ല. ചിത്തമെപ്പോഴും കൃതാര്‍ത്ഥവും സംതൃപ്തവും പരിപൂര്‍ണ്ണവുമാണുതാനും. ആസ്ഥിതിക്കു് ആകാശഗമനാദികളോ അവയെ സമ്പാദിക്കാനുള്ള പ്രയത്നമോ ജ്ഞാനിക്കെങ്ങനെയുണ്ടാവും? എല്ലാവിധ അഭിമാനങ്ങളെയും രാഗാദിവികാരങ്ങളെയും വിട്ട പരമനൈര്‍മ്മല്യവും, നിസ്സംഗതയുമാണു് ജ്ഞാനിയുടെ ലക്ഷണം. അവയാകട്ടേ മറ്റാരിലുമുണ്ടാവാന്‍ വയ്യ. അതിനാല്‍ ഹേ രാമചന്ദ്രാ, ആകാശഗമനാദിസിദ്ധികളില്ലാതെത്തന്നെ ജീവന്‍മുക്തന്‍ സന്തൃപ്നും പൂര്‍ണ്ണനും ദിവ്യനുമാണു്. ആത്മസിദ്ധിതന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വൈഭവം.
വേദജ്ഞനും വൈദികകര്‍മ്മനിരതനുമായ ഒരുബ്രാഹ്മണന്‍ തന്റെ മഹിമയേറി ബ്രാഹ്മണ്യത്തെക്കളഞ്ഞു ശൂദ്രനായിത്തീര്‍ന്നാലെങ്ങനെയാവുമോ, അതുപോലെയാണു് സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ഈശ്വരന്‍ അല്പനും മൂഢനും ദുഃഖിയുമായ ജീവനായിത്തീരിന്നതു്. ചരാചരങ്ങളാകുന്ന അനേകയോനികളില്‍ അനന്തകോടി ജീവന്മാര്‍ പലപ്രകാരത്തില്‍ വിളങ്ങിക്കൊണ്ടിരിക്കുന്നു. അതൊക്കെ ഈശ്വരന്റെ സൃഷ്ടിവിശേഷംതന്നെ. അങ്ങനെ ജീവകോടികളെ ഈശ്വരന്‍ സൃഷ്ടിക്കുന്നുവെങ്കിലും പിന്നീടവര്‍ ചെയ്യുന്ന കര്‍മ്മപരമ്പരകളെക്കോണ്ടാണു് ജന്മങ്ങള്‍ വര്‍ദ്ധിക്കുന്നതു്. കര്‍മ്മങ്ങളാകട്ടേ പുണ്യങ്ങളും, പാപങ്ങളും, പുണ്യപാപമിശ്രങ്ങളുമാകുന്ന മൂന്നുസ്വരൂപങ്ങളിലുമാവുന്നു. അങ്ങനെയുള്ള കര്‍മ്മങ്ങളും, കര്‍മ്മഫലങ്ങളും,അവയുടെ ഭുക്തിയും, അതിനുപറ്റിയ ജന്മങ്ങളും വളര്‍ന്നു വളര്‍ന്നു് ഒരിക്കലും വിശ്രാന്തിയില്ലാതെ, നാനാകാലദേശങ്ങളില്‍ നാനായോനികളില്‍ ജനിച്ചും മരിച്ചും കരകാണാതെയും, ഗതികിട്ടാതെയും സംസാരപ്രവാഹത്തില്‍ക്കൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന ജീവനു് അതില്‍നിന്നു രക്ഷകിട്ടാനുള്ള ഒരേ ഒരു മാര്‍ഗ്ഗം ആത്മജ്ഞാനം മാത്രമാണു്. ആത്മജ്ഞാനമില്ലാത്തതുകൊണ്ടാണു് ജീവന്‍ ഈ ദയനീയമായ അധഃപതനത്തില്‍വീണു് തപിച്ചുകൊണ്ടിരിക്കുന്നതു്. അതില്‍നിന്നു രക്ഷപ്പെട്ടു സ്വരൂപസ്ഥിതനാവല്‍മാത്രമാണു് ഓരോ ജീവന്റെയും ആവശ്യവും ലക്ഷ്യവും. എന്നാല്‍ അതാകട്ടേ ആകാശഗമനാദി സിദ്ധിവൈഭവങ്ങളെകൊണ്ടു സാധിക്കാന്‍ പോവുന്നില്ല. ആത്മജ്ഞാനമൊഴിച്ചു മറ്റൊന്നുകൊണ്ടും സാധിക്കാന്‍ പോവുന്നില്ല. മറ്റൊന്നുകൊണ്ടും സാധിക്കാന്‍ കഴിയാത്തതും ജീവന്റെ പരമലക്ഷ്യവുമായ ആ മഹത്തായ കാര്യമാണു് ജീവന്മുക്തന്‍ തന്റെ ആത്മജ്ഞാനംകൊണ്ടു് സാധിച്ചതെന്നുവന്നാല്‍ അതിനെക്കാള്‍ വലിയൊരു കാര്യമോ ദിവ്യത്വമോ, ആശ്ചര്യമോ മറ്റെന്താണുള്ളതു്! അതിനാല്‍ ഹേ! രാമചന്ദ്ര! ജീവന്മുക്തരായ ജ്ഞാനികള്‍ എല്ലാപ്രകാരത്തിലും എല്ലാവര്‍ക്കും ആദരണീയരും ആരാധ്യന്മാരും, ദിവ്യന്മാരുമാണു്. ആകാശഗമനാദി സിദ്ധികളെക്കാള്‍ എത്രയോ മാഹാത്മ്യമേറിയതാണു് അവരുടെ ജ്ഞാനം. ആകാസഗമനം ഒരു പക്ഷിക്കും സാധിച്ചേയ്ക്കാം, എന്നാല്‍ ജ്ഞാനമാകട്ടേ, ജ്ഞാനിക്കുമാത്രമാണുള്ളതു്.
ഹേ! രാമാ! മനസ്സിന്റെ മിത്യാസങ്കല്പങ്ങളാണു് എല്ലാവിധ ബന്ധത്തിനും ഹേതു. സങ്കല്പമില്ലാതായിക്കഴിഞ്ഞാല്‍ ആ പുരുഷന്‍ മുക്തന്‍ തന്നെയാണെന്നു പറയണം. സങ്കല്പം ഹേതുവായിട്ടാണു് ഇന്ദ്രിയങ്ങള്‍ രാഗത്തോടുകൂടി വിഷയങ്ങളെ പ്രാപിക്കുന്നതു്. രാഗവും ദ്വേഷവും മിത്ഥ്യാസങ്കല്പത്തിന്റെ രണ്ടുരൂപത്തിലുള്ള പ്രകടനം മാത്രമാണു്, അവരണ്ടുമില്ലാത്ത നിലയില്‍ പക്ഷേ ഇന്ദ്രയങ്ങള്‍ വിഷയങ്ങളെ പ്രാപിച്ചാല്‍ കൂടി തെറ്റില്ല. രാഗദ്വേഷങ്ങളില്ലാത്തൊരാള്‍ക്കു്, ഒന്നിലും സ്വീകാരമോ, തിരസ്കാരമോ രണ്ടും സംഭവിക്കുന്നില്ല. താനെപ്പോഴും ഒന്നിന്റെയും, ആരുടെയും ഗ്രാഹ്യനോ, ഗ്രാഹകനോ രണ്ടുമാവാതിരുന്നാല്‍ മതി. വാസ്തവത്തില്‍ കേവല ചിതാത്മാവായ താനെങ്ങനെയാണു് കര്‍ത്താവോ ഭോക്താവോ ആയിത്തീരുന്നതു്? മിത്ഥ്യാസങ്കല്പം കൊണ്ടുമാത്രമാണു് അങ്ങനെയായിത്തീരുന്നതു്. താനല്ലാതെ മറ്റൊന്നില്ലാത്തിടത്തു് എന്തിന്റെ കര്‍ത്താവും എന്തിന്റെ ഭോക്താവുമാണു് ആയിത്തീരുന്നതു് ! വെറും ഭ്രമം മാത്രം. അതുപോലെ തന്നില്‍നിന്നന്യമായി മറ്റൊന്നില്ലാത്തിടത്തു് ഒന്നിന്റെയും ദ്രഷ്ടാവോ ജ്ഞാതാവോ പോലും ആയിത്തീരാനില്ലെന്നതാണു് പരമാര്‍ത്ഥം. എങ്കിലും പലതിന്റെയും ദ്രഷ്ടാവും, വേത്താവും, കര്‍ത്താവും,ഭോക്താവും എല്ലാമാണു് താനെന്നഭിമാനിക്കുന്നു. അതുതന്നെയാണു് ബന്ധം. അശ്രദ്ധമാത്രം കൊണ്ടു് വളര്‍ന്നു തടിച്ച മിത്ഥ്യാസങ്കല്പമാണു് അതിനു് ഒരേ ഒരുഹേതുവും. അദ്വൈതമായ കേവലസ്വരൂപത്തില്‍നിന്നന്യമായി മറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന ബോധ്യമുണ്ടായാല്‍ പിന്നെ മിത്ഥ്യാവസ്തുക്കളെ കുറിച്ചുള്ള സങ്കല്പമെങ്ങനെയുണ്ടാകും? അതിനാല്‍ ശ്രദ്ധയോടുകൂടി സങ്കല്പങ്ങളെ അകറ്റല്‍ തന്നെയാണു് മുക്തിക്കുകാരണം.
സജ്ജനങ്ങള്‍ കഴിഞ്ഞതിനെയോ വരാന്‍ പോകുന്നതിനെയോ കുറിച്ചൊന്നും ചിന്തിക്കാറില്ല. വര്‍ത്തമാനത്തില്‍ അഭിമാനമോ, രാഗദ്വേഷങ്ങളോ ഇല്ലാതെ കഴിയല്‍മാത്രമാണു് സത്തുക്കളുടെ ആചരണസ്വഭാവം മനസ്സുതന്നെ ഇല്ലാതായിത്തീര്‍ന്ന ശമികളാണു് സജ്ജനങ്ങള്‍. പിന്നെ അവര്‍ക്കെങ്ങനെ സങ്കല്പങ്ങളോ വൃത്തികളോ ഉണ്ടാവും? എന്നാല്‍ അജ്ഞന്‍മാരായ സാധാരണ ജനങ്ങളുടെ കഥ അതല്ല. അജ്ഞാനം ഹേതുവായിട്ടു മൂന്നു ശരീരങ്ങളുണ്ടായിത്തീര്‍ന്നു ജീവന്നു്.പ്രസ്തുത മൂന്നു ശരീരങ്ങളിലും അഭിമാനത്തോടും, അനുഭവത്തോടും കൂടിയവരാണു് അജ്ഞന്മാര്‍. വാസ്തവത്തില്‍ ശരീരത്തിന്റെ മൂന്നു സ്വരൂപങ്ങളാണു് മൂന്നുശരീരങ്ങളെന്നുപോലും പറയണം. കരചരണാദ്യവയവങ്ങളോടുകൂടിയതും സ്ഥൂലവിഷയങ്ങളെ ഭുജിക്കാനുള്ല ഉപകരണവുമായ ഈ ശരീരം ജീവന്റെ സ്ഥൂലരൂപമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. അതുപോലെ എപ്പോഴും സംസാരത്തെ ഭാവനചെയ്തുകൊണ്ടും അനേകവിധ മിത്ഥ്യാ സങ്കല്പങ്ങളെ വളര്‍ത്തിക്കൊണ്ടും നിലനില്‍ക്കുന്ന മനസ്സു ജീവന്റെ സൂക്ഷമരൂപമാണെന്നു പറയാം. പവിത്രവും, അദ്വൈതവുമായ തുരീയപദത്തെയാണു് ഇവിടെ മൂന്നാമത്തെ സ്വരൂപമെന്നു പറഞ്ഞതു്. അതാണു് വാസ്തവത്തില്‍ പരമാര്‍ത്ഥസ്വരൂപം. ആദ്യത്തേവ രണ്ടും സങ്കല്പമാത്രം കൊണ്ടുണ്ടായവയും കേവലം മിത്ഥ്യകളുമാണു്. അതിനാല്‍ അവയെ രണ്ടിനെയും തള്ളിക്കളഞ്ഞു മൂന്നാമത്തേതായ തൂരീയപദത്തില്‍ ഭേദഭാവം വിട്ടു് അവസ്ഥിതി ചെയ്യുന്ന ഒരാളെയാതൊരുവിധസംസാരാനുഭവങ്ങളും ബാധിക്കില്ല.
എന്നിങ്ങനെ വസിഷ്ഠാചാര്യന്‍ പറഞ്ഞ സമയത്തു് എന്താണു് തുരീയപദത്തിന്റെ സ്വഭാവമെന്നറിയാന്‍ ആഗ്രഹിച്ചു ശ്രീ രാമചന്ദ്രന്‍. അപ്പോള്‍ പറഞ്ഞുകൊടുത്തു വസിഷ്ഠമഹര്‍ഷി. ഹേ! രാമ! അഹങ്കാരത്തിന്റെ ഭാവഭാവങ്ങളും, വസ്തുക്കളുടെയും ജഗത്തിന്റെയും സദസല്‍ഭാവവും നീക്കപ്പെടുമ്പോള്‍ ശുദ്ധചൈതന്യമാത്രമായ യാതൊരു തത്വം ശേഷിക്കുന്നുവോ, അതുതന്നെ തുരീയപദം ശുദ്ധയും, സമയും ശാന്തയുമായ ജീവന്മുക്ത്യവസ്ഥയെന്നു യാതൊന്നിനെപ്പറയുന്നുവോ, അതുതന്നെയാണു് തുരീയാവസ്ഥ.. സങ്കല്പങ്ങളില്ലാത്തതുകൊണ്ടു ജാഗ്രല്‍സ്വപ്നങ്ങളോ, ജാഡ്യതയില്ലാത്തതുകൊണ്ടു സുഷുപ്തിയോ അല്ല. പ്രബുദ്ധരായ ജ്ഞാനികള്‍ ജഗത്തിന്റെ ലീനാവസ്ഥയാകുന്ന അതില്‍ രമിച്ചുകൊണ്ടിരിക്കുന്നു. അതിനെയാണു് തുരീയപദമെന്നു പറയുന്നതു് മൂഢന്മാര്‍ക്കു് ഈ ജഗത്തെന്നും ഉള്ളതുതന്നെയാണു്. എന്നാല്‍ അതുപോലെയല്ല ജ്ഞാനികള്‍ ഞാനെന്നഭാവത്തെ അകറ്റി സര്‍വ്വ സാമ്യമാകുന്ന അവസ്ഥയില്‍ മനസ്സിനെ നിശ്ചലമാക്കിയാല്‍ വിഷമമില്ലാതെ തുരീയപദത്തിലെത്താം.
സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.