ഗോപിജനായ കഥിതം നിയമാവസാനേ
മാരോത്സവം ത്വമഥ സാധയിതും പ്രവൃത്തഃ
സാന്ദ്രേണ ചാന്ദ്രമഹസാ ശിശിരീകൃതാശേ
പ്രാപൂരയോ മുരളികാം യമുനാവനാന്തേ || 1 ||
അനന്തരം നിന്തിരുവടി ഗൗരീവൃതത്തിന്റെ അവസാനത്തില്‍ ഗോപസ്ത്രീകളോട് പ്രതിജ്ഞചെയ്യപ്പെട്ടതായ കാമോത്സവലീലകളെ സാധിപ്പിക്കുന്നതിന്നു ഒരുങ്ങി പരിപൂര്‍ണ്ണമായി പ്രകാശിക്കുന്ന പൂനിലാവുകൊണ്ട് കുളുര്‍മയിണങ്ങിയ പരിസരങ്ങളോടുകൂടിയ യമുനാനദീതീരത്തിലുള്ള വനപ്രദേശത്തില്‍ വേണുനാദം മുഴക്കി.
സമ്മൂര്‍ച്ഛനാഭിരുദിതസ്വര മണ്ഡലാഭിഃ
സമ്മൂര്‍ച്ഛയന്തമഖിലം ഭുവനാന്തരാലം
ത്വദ്വേണുനാദമുപകര്‍ണ്യ വിഭോ! തരുണ്യഃ
തത്താദൃശം കമപി ചിത്തവിമോഹമാപുഃ || 2 ||
സര്‍വ്വേശ്വര! ഉല്‍പന്നങ്ങളായ സ്വരജാലങ്ങളോടുകൂടിയ ആരോഹാവരോഹണ ക്രമത്തിലുള്ള സപ്തസ്വരങ്ങളാല്‍ ഭൂലോകത്തെ മുഴുവനും മോഹിപ്പിക്കുന്നതായ അങ്ങയുടെ മുരളീനാദം കേട്ടിട്ട് അനുപമ്യവും വിവരിപ്പാനസാദ്ധ്യവുമായ മതിവിഭ്രമത്തെ പ്രാപിച്ചു.
താ ഗേഹകൃത്യനിരതസ്തനയ പ്രസക്താഃ
കാന്തോപസേവനപരാശ്ച സരോരുഹാക്ഷ്യഃ
സര്‍വ്വം വിസൃജ്യ മുരളീരവ മോഹിതാസ്തേ
കാന്താരദേശമയി കാന്തതനോ! സമേതാഃ || 3 ||
അല്ലയോ മോഹനംഗ! വീട്ടുജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരും ശിശുക്കളെ ലാളിച്ചു കൊണ്ടിരുന്നവരും ഭര്‍ത്തൃപരിചര്‍യ്യ ചെയ്തുകൊണ്ടിരുന്നവരുമായ ആ സുന്ദരിമാര്‍ അങ്ങയുടെ വേണുഗാനംകൊണ്ട് വശപ്പെടുത്തപ്പെട്ടവരായി എല്ലാറ്റിനേയും ഉപേക്ഷിച്ചിട്ട് വൃന്ദവനപ്രദേശത്തില്‍ ഒരുമിച്ചു എത്തിച്ചേര്‍ന്നു.
കാശ്ചിന്നിജാംഗപരിഭുഷണമാദധാനാഃ
വേണൂപ്രഝാദമുപകര്‍ണ്യ കൃതാര്‍ദ്ധഭൂഷാഃ
ത്വാമാഗതാനനു തഥൈവ, വിഭുഷിതാഭ്യഃ
താ ഏവ സംരുരുചിരേ തവ ലോചനായ || 4 ||
ചില ഗോപികള്‍ തങ്ങളുടെ ശരീരങ്ങളെ ശരിയായി അലാങ്കരിച്ചവരായും മുരളിനാദം കേട്ട് പകുതിമാത്രം അലാങ്കരിച്ചവരായും അതേപ്രകാരത്തില്‍തന്നെ നിന്തിരുവടിയുടെ സമീപത്തെത്തിച്ചേര്‍ന്നു എങ്കിലും പരിപൂര്‍ണ്ണമായലങ്കരിച്ചവരേക്കാള്‍ ആ അര്‍ദ്ധ ഭൂഷിതങ്ങള്‍ തന്നെയാണ് അങ്ങയുടെ കണ്ണൂകള്‍ക്കു കൂടുതല്‍ ശോഭിച്ചിരുന്നത്.
ഹാരം നിതംബഭുവി കാചന ധാരയന്തി
കാശ്ചിം ച കണ്ഠഭുവി ദേവ! സമാതഗതാം ത്വാം
ഹാരിത്വമാത്മജഘനസ്യ മുകുന്ദ ! തുഭ്യം
വ്യക്തം ബഭാഷ ഇവ മുഗ്ദ്ധമുഖീ വിശേഷാത് || 5 ||
ഭഗവാനേ! കടിപ്രദേശത്തില്‍ മുത്തുമാലയേയും കഴുത്തില്‍ മേഖലയേ (ഒഡ്യാണത്തേ) യും ധരിച്ചുകൊണ്ട് അങ്ങയുടെ സമീപത്തെത്തിച്ചേര്‍ന്ന ഒരു മനോഹരി ഹേ മോക്ഷപ്രദ! തന്റെ ജഘനപ്രദേശത്തിന്ന് വിശേഷമായിട്ടുള്ള ഹാരിത്വത്തെ (ഹാരത്തോടുകൂടിയത് എന്ന അവസ്ഥയെ – മനോഹരതയെ എന്നും) നിന്തിരുവടിയോടു സ്പഷ്ടമായി പറഞ്ഞുവോ എന്നു തോന്നുമാറിരുന്നു.
കാചിത് കുചേ പുനരസജ്ജിതകുഞ്ചുളീകാ
വ്യമോഹതഃ പരവധൂഭിരലക്ഷ്യമാണാ
ത്വാമായയൗ നിരുപമപ്രണയാതി ഭാര
രാജ്യാഭിഷേകവിധയേ കലശീധരേവ || 6 ||
വേറൊരു മോഹനാംഗിയാവട്ടെ മാറിടത്തില്‍ മേല്‍മുണ്ട് ധരിക്കുവാന്‍ മറന്നവളായി മറ്റു സ്തീകളാല്‍ വികാരവൈവശ്യംകൊണ്ട് ശ്രദ്ധിക്കപ്പെടാത്താളായിതന്നെ നിസ്തുല്യപ്രേമ ഭാരമാകുന്ന സാമ്രാജ്യത്തില്‍ അങ്ങയെ അഭിഷേകം ചെയ്യുന്നതിന്നു പുണ്യ തീര്‍ത്ഥം നിറച്ച പൊന്‍കൂടം ധരിച്ചിരിക്കുകയാണോ എന്നു തോന്നുമാറ് അങ്ങയുടെ സമീപത്തിലേക്കുവന്നുചേര്‍ന്നു.
കാശ്ചിദ് ഗൃഹാത് കില നിരേതുമപാരന്ത്യഃ
ത്വാമേവ ദേവ! ഹൃദയേ സുദൃഢം വിഭാവ്യ
ദേഹം വിധൂയ പരചിത്സുഖരൂപമേകം
ത്വാമാവിശന്‍ പരമിമാ നനു ധന്യധന്യാഃ || 7 ||
ഹേ ഭഗവന്‍ ! വില യുവതികള്‍ വീട്ടില്‍നിന്നു പുറത്തിറങ്ങുന്നതിന്നു സാധിക്കത്തവരായി നിന്തിരുവടിയെതന്നെ മനസ്സില്‍ നിശ്ചയമായി ധ്യാനിച്ച് ശരീരത്തെ വെടിഞ്ഞ് പരചിദാനന്ദസ്വരുപനായി ഏകനായിരിക്കുന്ന നിന്തിരുവടിയില്‍ ലയിച്ചുവത്രെ. ഇവര്‍തന്നെയാണല്ലോ ഏറ്റവും ധന്യകളായിട്ടുള്ളവര്‍ !
ജാരാത്മനാ ന പരമാത്മതയാ സ്മരന്ത്യോ
നാര്യോ ഗതാഃ പരമഹംസഗതിം ക്ഷണേന
തം ത്വാം പ്രകാശ പരമാത്മതനും കഥശ്ചിത്
ചിത്തേ വഹന്നമൃതമശ്രമമശ്നുവീയ || 8 ||
ഗോപനാരിമാര്‍ പരമാത്മവാണെന്നു ബോധത്തോടെയല്ല; ജാരനാണെന്നു ബുദ്ധിയോടുകൂടിത്തന്നെ നിന്തിരുവടിയെ സ്മരിക്കുന്നവരായിട്ടാണ് ക്ഷണനേരം കൊണ്ട് സായൂജ്യത്തെ പ്രാപിച്ചത്. അപ്രകാരമുള്ള നിന്തിരുവടിയെ സാക്ഷാല്‍ പരബ്രഹ്മസ്വരുപനായി ഏതെങ്കിലും വിധത്തില്‍ മനസ്സില്‍ സ്മരിച്ചുകൊണ്ടിരിക്കുന്ന ഞാന്‍ നാശരഹിതമായ മോക്ഷപദത്തെ അനയാസേന അനുഭവിക്കേണ്ടതല്ല.
അഭ്യാഗതാഭിരഭിതോ വ്രജസുന്ദരീഭിഃ
മുഗ്ദ്ധാസ്മിതാര്‍ദ്ര വദനഃ കരൂണാവലോകീ
നിസ്സീമകാന്തിജലധിസ്ത്വമവേക്ഷ്യമാണോ
വിശ്വൈകഹൃദ്യ ഹര മേ പവനേശ ! രോഗാന്‍ || 9 ||
ലോകൈകസുന്ദര! ചുറ്റും വന്നു കൂടിയിരിക്കുന്ന ഗോപ സുന്ദരികളാല്‍ സാഭിലാഷം വീക്ഷിക്കപ്പെടുന്നവനായി മണോമോഹനമായ മന്ദസ്മിതം കൊണ്ട് അലിവുറ്റ മൂഖത്തോടുകൂടിയവനായി കാരുണ്യത്തോടുകൂടി എല്ലാവരേയും കടാക്ഷിക്കുന്നവനായി നിസ്സീമമായ ലാവണ്യത്തിന്നിരിപ്പിടമായിരിക്കുന്ന നിന്തിരുവടി എന്റെ രോഗങ്ങളെ ശമിപ്പിക്കേണമേ !
ഗോപീസമാഗമവര്‍ണ്ണനം എന്ന അറുപത്തഞ്ചാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 667.
വൃത്തം.വസന്തതിലകം.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.