ഉപയാതാനം സുദൃശാം കുസുമായുധ ബാണപാത വിവശാനാം
അഭിവാഞ്ഛിതം വിധാതും കൃതമതിരപി, താ ജഗാഥ വാമമിവ .. || 1 ||
മന്മഥബാണങ്ങളേറ്റ് പരവശരായി അവിടെ വന്നുചേര്‍ന്നിരുന്ന ആ ഗോപവധുക്കള്‍ക്ക് അഭിലാഷത്തെ സാധിപ്പിച്ചുകൊടുക്കുന്നതിന്നു മനസ്സിലുറപ്പിച്ചവനെങ്കിലും അവരോടായി അനുകൂലമല്ലെന്ന നിലയില്‍ നിന്തിരുവടി അരുളിചെയ്തു.
ഗഗനഗതം മുനിനിവഹം ശ്രാവയിതും ജഗിഥ കുലവധൂ ധര്‍മ്മം
ധര്‍മ്മ്യം ഖലു തേ വചനം കര്‍മ്മ തു നേ നിര്‍മ്മലസ്യ വിശ്വാസ്യം. || 2 ||
ആകാശദേശത്ത് വന്നു നിന്നിരുന്ന മഹര്‍ഷിമാരെ കേള്‍പ്പിക്കുന്നതിന്നുവേണ്ടി നിന്തിരുവടി പതിവ്രതാധര്‍മ്മത്തെ ഉപദേശിച്ചു. നിസ്സംഗനായിരിക്കുന്ന നിന്തിരുവടിയുടെ ഉപദേശം ധര്‍മ്മാനുസൃതംതന്നെയാണല്ലോ? പ്രവൃത്തിയാവട്ടെ അനുകരിക്കാവുന്ന പ്രമാണമായി സ്വീകരിക്കവുന്നതല്ലെന്നും വരാം.
ആകര്‍ണ്യ തേ പ്രതീപാം വാണീം ഏണിദൃശഃ പരം ദീനാഃ
മാ മാ കരുണാസിന്ധോ! പരിത്യജേതി അതിചിരം വിലേപുസ്താഃ || 3 ||
ആ പേടമാന്‍മിഴിമാര്‍ നിന്തിരുവടിയുടെ പ്രതികൂലമായ വാക്ക് കേട്ടിട്ടു ഏറ്റവും ദുഃഖിക്കുന്നവരായി ഹേ കരുണാനിധേ! അരുതേ, കൈവെടിയരുതേ! എന്നിങ്ങിനെ വളരെനേരം സ്വീകരിക്കവുന്നതല്ലെന്നും വരാം.
താസാം രുദിതൈര്‍ ലപിതൈഃ കരുണാകുലമാനസോ മുരാരേ! ത്വം
താഭിഃസമം പ്രവൃത്തോ യമുനാപുളിനേഷു കാമമഭിരന്തും || 4 ||
ഹേ മുരാന്തകനായ കൃഷ്ണ ! നിന്തിരുവടി ആ പെണ്‍കൊടികളുടെ രോദനം കൊണ്ടും വിലാപങ്ങളാലും കരുണാപരവശമായ മനസ്സോടുകൂടിയവനായി യമുനാനദിയുടെ വെണ്‍മണല്‍തിട്ടുകളില്‍ അവരോടൊന്നിച്ച് ഇച്ഛയനുസരിച്ച് ക്രിഡിക്കുന്നതിന്നു ആരംഭിച്ചു.
ചന്ദ്രകരസ്യന്ദലസത് സുന്ദരയമുനാ-തടാന്ത വീഥിഷു
ഗോപിജനോത്തരീയൈഃ ആപാദിത സംസ്തരോ ന്യഷിദസ്ത്വം || 5 ||
കുളില്‍ചന്ദ്രികാപസരംകൊണ്ട് ശോഭിക്കുന്നതും സുന്ദരവുമായ യമുനാതടമാര്‍ഗ്ഗങ്ങളില്‍ ഗോപികളുടെ മേല്‍ വസ്ത്രങ്ങളാല്‍ സജ്ജമാക്കപ്പെട്ട ശയനീയത്തില്‍ നിന്തിരുവടി ഉപവേശിച്ചു.
സുമധുരനര്‍മ്മാലപനൈഃ കരസംഗ്രഹണൈശ്ച ചുംബനോല്ലാസൈഃ
ഗാഢാലിംഗനസംഗൈഃ ത്വം അംഗനാലോകമാകുലീചകൃഷേ || 6 ||
അതിമധുരങ്ങളായ നര്‍മ്മലാപങ്ങള്‍ക്കൊണ്ടും ഹസ്തസംവാഹനങ്ങള്‍കൊണ്ടും ചുംബനവിശേഷങ്ങള്‍ക്കൊണ്ടും ഗാഢാലിംഗനങ്ങളാലും നിന്തിരുവടി ആ തരുണിമണികളെ ആനന്ദപരവശരാക്കി.
വാസോഹരണദിനേ യദ്വസോഹരണം പ്രതിശ്രുതം താസാം
തദപി വിഭോ ! രസവിവശ സ്വാന്താനം കാന്ത ! സുഭ്രുവാമദദഃ || 7 ||
പ്രഭോ! വസ്ത്രാപഹരണദിവസം യാതൊരു വസ്ത്രാക്ഷേപമാണോ പ്രതിജ്ഞ ചെയ്യപ്പെട്ടത് കാമരസംകൊണ്ട് വിവശമായ മനസ്സോടുകൂടിയ ആ മോഹനാംഗികള്‍ക്ക് അതിനേയും നിന്തിരുവടി നിര്‍വ്വഹിച്ചുകൊടുത്തു.
കന്ദളിതഘര്‍മ്മലേശം കുന്ദമൃദുസ്മേര വക്ത്ര പാഥോജം
നന്ദസുത ! ത്വാം ത്രിജഗത്സുന്ദരം ഉപഗൂഹ്യ നന്ദിതാ ബാലാഃ || 8 ||
ഹേ നന്ദസൂനോ ! തൂമുത്തുകളന്നപോലെ തിളങ്ങുന്ന വിയപ്പുതുള്ളികളോടും മുല്ലപ്പൂപോലെ മനോഹരമായ മന്ദസ്മിതം പൊഴിയുന്ന മുഖപങ്കജത്തോടും കൂടിയവനും ത്രിലോകസുന്ദരനുമായ നിന്തിരുവടിയെ ഗാഢമായി കെട്ടിപുണര്‍ന്നു ആ മുഗ്ദ്ധാംഗികള്‍ അത്യധികം ആനന്ദിച്ചു.
വിരഹേഷ്വംഗാരമയഃ ശൃംഗാരമയശ്ച സംഗമേ ഹി ത്വം
നിതരാം അംഗാരമയഃ തത്ര പുനഃസ്സംഗമേഽപി ചിത്രമിദം || 9 ||
നിന്തിരുവടി വേര്‍പാടില്‍ അംഗാരമയനും സംയോഗത്തില്‍ ശൃംഗാരമൂര്‍ത്തിയും ആണെങ്കിലും ആ രാസക്രീഡാസന്ദര്‍ഭത്തിലാകട്ടെ സംയോഗവേളയില്‍കൂടി ഏറ്റവും അങ്‍ഗാരകരൂപനായിത്തന്നെ ഇരുന്നിരുന്നു. (അംഗ അവരെ അത്യധികം രമിപ്പിച്ചു!) എന്ന് അഭിപ്രായപ്പെടത്തക്കവണ്ണം പരിലസിച്ചു എന്നുള്ളത് ആശ്ചര്‍യ്യകരംതന്നെ.
രാധാതുംഗപയോധര സാധുപരീരംഭലോലുപാത്മാനം
ആരാധയേ ഭവന്തം പവനപുരാധീശ ! ശമയ സകലഗദാന്‍ || 10 ||
രാധയുടെ പീനോന്നതങ്ങളായി കുളുര്‍കുലകളെ കെട്ടിപുണരുന്നതിലുത്സുകമായ ഹൃദയത്തോടുകൂടിയവനായിരിക്കുന്ന പ്രേമമൂര്‍ത്തിയയ നിന്തിരുവടിയെ ഞാന്‍ ആരാധിക്കുന്നു; ഹേ പവനാലയേശ ! എന്റെ എല്ലാ രോഗങ്ങളേയും ശമിപ്പിക്കേണമേ.
ധര്‍മ്മോപദേശവര്‍ണ്ണനവും ക്രീഡാവര്‍ണ്ണനവും എന്ന അറുപത്താറാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 677
വൃത്തം. ആര്‍യ്യ.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.