ഡൗണ്‍ലോഡ്‌ MP3

കേശാപാശധൃതപിഞ്ഛികാവിതതി സഞ്ചലന്മകരകുണ്ഡലം
ഹാരജാലവനമാലികാലളിത അംഗരാഗഘന സൗരഭം
പീതചേലധൃതകാഞ്ചികാഞ്ചിത ഉദഞ്ചദംശുമണിനൂപുരം
രാസകേളി പരിഭൂഷിതം തവ ഹി രൂപമീശ ! കലയാമഹേ || 1 ||

തലമുടിയില്‍ തിരുകിക്കെട്ടിയ മയില്‍പീലികളോടുകൂടിയതും ഇളകിക്കൊണ്ടിരിക്കുന്ന മകരകുണ്ഡലങ്ങളോടുകൂടിയതും മുത്തുമാലകള്‍ ‍, വനമാലയെന്നിവകൊണ്ടു സുന്ദരവും വിശിഷ്ടമായ കറിക്കൂട്ടുകളാല്‍ വര്‍ദ്ധിച്ച സൗരഭ്യത്തോടുകൂടിയതും മഞ്ഞപ്പട്ടുടയാടക്കുമേലണിയപ്പെട്ട പൊന്നരഞ്ഞാണ്‍കൊണ്ടു പരിലസിക്കുന്നതും ഒളിച്ചിതറുന്ന രത്നങ്ങള്‍ കൊണ്ടുപരിശോഭിക്കുന്ന കാല്‍ച്ചിലമ്പുകളോടുകൂടിയതും രാസലീലക്കുവെണ്ടി പ്രത്യേകമായി അലങ്കരിക്കപ്പെട്ടതുമായ അങ്ങയുടെ മംഗളസ്വരുപത്തെ, ഭഗവാനെ ! ശരണം പ്രാപിച്ചു കൊള്ളുന്നു.

താവദേവ കൃതമണ്ഡനേ കലിത കഞ്ചുളീക കുചമണ്ഡലേ
ഗണ്ഡലോലമണികുണ്ഡലേ യുവതി മണ്ഡലേഽഥ പരിമണ്ഡലേ
അന്തരാ സകലസുന്ദരീയുഗളം ഇന്ദിരാരമണ ! സഞ്ചരന്‍
മഞ്ജുള‍ാം തദനു രാസകേളിമയി കഞ്ജനാഭ! സമുപാദധാഃ || 2 ||

അതേ സമയത്തുതന്നെ കുചമണ്ഡലത്തില്‍ ബന്ധിക്കപ്പെട്ട മേല്‍ക്കച്ചയോടുകൂടിയതായി കവിള്‍ത്തടങ്ങളി‍ല്‍ ഇളകിക്കൊണ്ടിരിക്കുന്ന മണികുണ്ഡലങ്ങളോടുകൂടിയതായി അലങ്കരിക്കപ്പെട്ടതായിരിക്കുന്ന ഗോപയുവതീസമൂഹം മണ്ഡലാകാരത്തി‍ല്‍ സ്ഥിതിചെയ്യവേ ശ്രീകാന്തനായ ഹേ പത്മനാഭ ! നിന്തിരുവടി ആ ഗോപസുന്ദരിമാര്‍ ഈരണ്ടുപേര്‍ക്കുമിടയി‍ല്‍ സഞ്ചരിച്ചുകൊണ്ട് അനന്തരം മനോഹരമായ രാസക്രീഡയെ വഴിപോലെ പോഷിപ്പിച്ചു.

വാസുദേവ ! തവ ഭാസമാനമിഹ രാസകേളിരസ-സൗരഭം
ദൂരതോഽപി ഖലും നാരാദാഗദിതം ആകലയ്യ കുതുകാകുലാ
വേഷഭൂഷണ വിലാസ പേശല വിലാസിനീശത സമാവൃതാ
നാകതോ യുഗപദാഗതാ വിയതി വേഗതോഽഥ സുരമണ്ഡലീ .. || 3 ||

ഗോവിന്ദ! ഇവിടെ ശോഭിച്ചുകൊണ്ടിരുന്ന നിന്തിരുവടിയുടെ രാസലീലയിലുള്ള ശൃംഗാരരസത്തിന്റെ മനോഹാരിതയെ ദൂരത്തില്‍ വെച്ചിട്ടാണെങ്കിലും നരദമഹര്‍ഷിയാ‍ല്‍ വാഴ്ത്തിപ്പറയപ്പെടുന്നതിനെ കേട്ടിട്ട് ദേവസമൂഹം കൗതുകത്തോടുകൂടിയവരായി വേഷഭൂഷണാദികളാലും ഭാവവിലാസങ്ങള്‍ക്കൊണ്ടും മനോഹരങ്ങളായ അസംഖ്യം വനിതാമണികളാല്‍ ചൂഴപ്പെട്ടവരായി സ്വര്‍ഗ്ഗത്തില്‍നിന്നു ഒരുമിച്ചുചേര്‍ന്നു ഒട്ടും താമസിക്കാതെ ആകാശത്തില്‍ വന്നു നിരന്നുനിന്നു.

വേണുനാദ – കൃത താനദാന കള ഗാനരാഗ ഗതി യോജനാ
ലോഭനീയ മൃദു പാദപാതകൃത താള മേളന മനോഹരം
പാണിസംക്വണിതകങ്കണം ച മുഹു രംസലംബിതകര‍ാംബുജ‍ാം
ശ്രോണിബിംബചലദംബരം ഭജത രാസകേളിരസഡംബരം || 4 ||

മനോഹരമായ മുരളീനാദംകൊണ്ടു ചെയ്യപ്പെട്ട സ്വരപ്രയോഗംകൊണ്ടും കളഗാനംകൊണ്ടും ഭിന്നങ്ങളായ രാഗങ്ങളുടെ ചേര്‍ച്ചക്കിണങ്ങിയ മൃദുപദവിന്യാസംകൊണ്ട് ചെയ്യപ്പെടുന്ന താളങ്ങളുടെ ചേതോഹരമായ സമ്മേളനംകൊണ്ട് രമണീയമായും കൈകളില്‍ കിലുങ്ങുന്ന വളകളോടും അടിക്കടി അന്യോന്യം ചുമലില്‍ ചേര്‍ത്തുവെക്കപ്പെട്ട കൈകളോടും കൂടിയതായും ഇരിക്കുന്ന രാസക്രീഡാമഹോത്സവത്തെ എല്ലാവരും ഭജിച്ചുകൊള്‍വി‍ന്‍ !

ശ്രദ്ധയാ വിരചിതാനുഗാനകൃത താരതാര മധുരസ്വരേ
നര്‍ത്തനേഽഥ ലളിത‍ാംഗഹാര ലുളിത‍ാംഗഹാര മണിഭുഷണേ
സമ്മദേന കൃതപുഷ്പവര്‍ഷമലം ഉന്മിഷദ് ദിവിഷദ‍ാം കുലം
ചിന്മയേ ത്വയി നിലീയമാനമിവ സമ്മുമോഹ സവധൂകുലം. || 5 ||

അനന്തരം ശ്രദ്ധയോടുകൂടിയ അനുഗാനങ്ങള്‍കൊണ്ട് ക്രമാത്യുച്ചമായ മധുരസ്വരത്തോടുകൂടിയതും മനോഹരങ്ങളായ അംഗചലനങ്ങള്‍കൊണ്ട് ഇളകിക്കൊണ്ടിരിക്കുന്ന കമനീയങ്ങളായ ഹാരങ്ങളോടും രത്നാഭരണങ്ങളോടുംകൂടിയതും ആയ നൃത്തത്തില്‍ സന്തോഷാതിരേകത്താ‍ല്‍ പുഷ്ടവൃഷ്ടി ചെയ്തുകൊണ്ട് ഏറ്റവും ഉത്സാഹത്തോടുകൂടി നിന്നിരുന്ന ദേവഗണങ്ങള്‍ പത്നീജനങ്ങളോടുംകൂടി ചൈതന്യസ്വരുപനായ നിന്തിരുവടിയില്‍ ലയിച്ചുപോയോ എന്നു തോന്നുമാറു നിശ്ചേഷ്ടതയെ പ്രാപിച്ചു.

സ്വിന്നസന്നതുനുവല്ലരീ തദനു കാഽപി നാമ പശുപ‍ാംഗനാ
കാന്തമംസമവലംബതേ സ്മ തവ താന്തിഭാര മുകുളേക്ഷണാ
കാചിദാചലിതകുന്തലാ നവ പടീരസാര ഘനസൗരഭം
വഞ്ചനേന തവ സഞ്ചുചുംബ ഭുജമഞ്ചിതോരു പുളകാങ്കുരാ || 6 ||

അനന്തരം ഒരു ഗോപ‍ാംഗന വിയര്‍ത്തു തളര്‍ന്ന ശരീരത്തോടുകൂടിയവളും ഏറ്റവും വര്‍ദ്ധിച്ച ക്ഷീണംകൊണ്ട് അടഞ്ഞ കണ്ണുകളോടുകൂടിയവളുമായിട്ട് അങ്ങയുടെ മനോഹരമായ ചുമലില്‍ ചാഞ്ഞുകൊണ്ടുനിന്നു. വേറൊരുത്തി ഇളകിക്കൊണ്ടിരിക്കുന്ന കറുനരിയോടുകൂടിയവളായിട്ട് പുതിയ ചന്ദനത്തിന്റെ നവസുഗന്ദമിണങ്ങിയ നിന്തിരുവടിയുടെ കൈയിനെ മണക്കുകയാണെന്ന വ്യാജത്താല്‍ മനോഹരമായ പുളകച്ചാര്‍ത്തണിഞ്ഞുകൊണ്ട് നന്നായി മുകര്‍ന്നു.

കാ‍ഽപി ഗണ്ഡഭുവി സന്നിധായ നിജ ഗണ്ഡമാകുലിതകുണ്ഡലം
പുണ്യപൂരനിധിരന്വവാപ തവ പൂഗചര്‍വ്വിത രസാമൃതം
ഇന്ദിരാവിഹൃതിമന്ദിരം ഭുവന സുന്ദരം ഹി നടനാന്തരേ
ത്വാമവാപ്യ ദധുരംഗനാഃ കിമു ന സമ്മദോന്മദ ദശാന്തരം ? || 7 ||

പുണ്യപൂരങ്ങള്‍ക്കിരിപ്പിടമായ വേറൊരുത്തി നിന്തിരുവടിയുടെ കവിള്‍ത്തടത്തി‍ല്‍ ഇളകിക്കൊണ്ടിരിക്കുന്ന കുണ്ഡലത്തോടുകൂടിയ തന്റെ ചേര്‍ത്തണച്ചുവെച്ച് ത‍ാംബുലത്തിന്റെ അമൃതതുല്യമായ ചര്‍വിതരസത്തെ ആസ്വദിച്ചു. രാസലീലനൃത്തമദ്ധ്യത്തില്‍ സാക്ഷാ‍ല്‍ ശ്രീദേവിയുടെ ക്രീഡാഭവനമായി ലോകൈകസുന്ദരനായിരിക്കുന്ന നിന്തിരുവടിയെ ലഭിച്ചിട്ട് ആ ലളിത‍ാംഗികള്‍ സന്തോഷവും സംഭ്രാന്തവും ആയ ഏതേത് അവസ്ഥാന്തരത്തെയാണ് പ്രാപിക്കുന്നത് ?

ഗാനമിശ ! വിരതം, ക്രമേണ കില വാദ്യമേളനമുപാരതം
ബ്രഹ്മസമ്മദ രസാകുലാഃസ്സദസി കേവലം നനൃതുരംഗനാഃ
നാവിദന്നപി ച നീവിക‍ാം കിമപി കുന്തളീമപി ച കഞ്ചുളീം
ജ്യോതിഷമപി കദംബകം ദിവി വിളംബിതം കിമപരം ബ്രുവേ ? || 8 ||

ഹേ ഭഗവന്‍ ! വേണുഗാനമവസാനിച്ചു. ക്രമത്തില്‍ വാദ്യമേളങ്ങളും അവസാനിച്ചു. ഗോപ‍ാംഗനകള്‍ മാത്രം ബ്രഹ്മാനന്ദരസമാസ്വദിച്ച് മതിമറന്നവരായിട്ട് സദസ്സി‍ല്‍ നൃത്തംചെയ്തുകൊണ്ടയിരുന്നു. എന്നുമാത്രമല്ല, അഴിഞ്ഞുപോയ മടിക്കുത്തിനേയോ ചിതരിക്കിടക്കുന്ന തലമുടിയേയോ കെട്ടഴിഞ്ഞുപോയ സ്തനകഞ്ചുകത്തെത്തന്നെയോ യാത്രൊന്നിനേയും അറിഞ്ഞതേയില്ല; ഗൃഹനക്ഷത്രങ്ങളുടെ സമൂഹംകൂടി ആകാശമര്‍ഗ്ഗത്തി‌ല്‍ ചലനമില്ലാതെ സ്തംഭിച്ചുനിന്നുപോയി. ഇതിന്നിമീതെ എന്താണ് പറയേണ്ടത് ?

മോദസീമ്നി ഭുവനം വിലാപ്യ വിഹൃതിം സമാപ്യ ച തതോ വിഭോ!
കേളിസംമൃദിത നിര്‍മ്മല‍ാംഗ നവ ഘര്‍മ്മലേശ സുഭഗാത്മന‍ാം
മന്മഥാസഹന ചേതസ‍ാം പശുപ യോഷിത‍ാം സുകൃതചോദിത
സ്താവദാകലിതമൂര്‍ത്തിരാദധിഥ മാരവീരപരമോത്സവാന്‍ || 9 ||

പരമാത്മസ്വരൂപിന്‍! ലോകത്തെ ആനന്ദത്തിന്റെ അപാരതയില്‍ ലയിപ്പിച്ച് ക്രീഡയേയും അവസാനിപ്പിച്ചു. അനന്തരം രാസലീലയില്‍ തളര്‍ന്നു നിര്‍മ്മലമായ അംഗങ്ങളില്‍ പൊടിഞ്ഞ പുതിയ വിയര്‍പ്പുതുള്ളികളാ‍ല്‍ സുന്ദരതരമായ ശരീരത്തോടുകൂടിയവരായും മന്മഥപീഡ സഹിപ്പാനശക്തമായ മനസ്സോടുകൂടിയവരായും ഇരിക്കുന്ന ഗോപംഗനമാരുടെ പുണ്യപൂരത്താല്‍ പ്രേരിക്കപ്പെട്ടവനായി അത്രത്തോളം സ്വീകരിക്കപ്പെട്ട ശരീരങ്ങളോടുകൂടിയവനായി നിന്തിരുവടി പരാക്രമിയായ കാമദേവന്റെ മഹോത്സവങ്ങളെ കൊണ്ടാടി.

കേളിഭേദ പരിലോളിതാഭിരതി ലാളിതാഭിരബലാളിഭിഃ
സ്വൈരമീശ ! നനു സൂരജാപയസി ചാരുനാമ വിഹൃതിം വ്യധാഃ
കാനനേഽപി ച വിസാരി ശീതള കിശോരമാരുത മനോഹരേ
സുനസൗരഭമയേ വിലേസിഥ വിലാസിനീ ശതവിമോഹനം || 10 ||

ഹേ സര്‍വേശ്വര! പലവിധത്തിലുള്ള രതിക്രീഡാവിശേഷങ്ങളാല്‍ ക്ഷീണിച്ചവരും ഏറ്റവും ലാളിക്കപ്പെട്ട് ഉന്മേഷം വര്‍ദ്ധിപ്പിക്കപ്പെട്ടവരുമായ അബലാസമൂഹങ്ങളോടുകൂടിയ നിന്തിരുവടി യമുനാജലത്തില്‍ യഥേഷ്ടം മനോഹരമായി ക്രീഡിച്ചു. എന്നല്ല, മന്ദം മന്ദം വീശുന്ന കളിരിളംകാറ്റുകൊണ്ട് ചേതോഹരവും പുതിയ പുഷ്പങ്ങളുടെ പരിമളധോരണിയോടുകൂടിയതുമായ വനപ്രദേശങ്ങളില്‍ ആ മോഹന‍ാംഗികള്‍ക്കെല്ല‍ാം വീണ്ടും വീണ്ടും മോഹം വളര്‍ത്തുമാറ് വിഹരിച്ചുകൊണ്ടിരുന്നു.

കാമനീരിതി ഹി യാമിനീഷു ഖലു കാമനീയകനിധേ ! ഭവാന്‍
പൂര്‍ണ്ണസമ്മദരസാര്‍ണ്ണവം കമപി യോഗിഗമ്യനുഭാവയന്‍
ബ്രഹ്മശങ്കരമുഖാനപീഹ പശുപ‍ാംഗനാസു ബഹുമാനയന്‍
ഭക്തലോകഗമനീയരുപ ! കമനീയ! കൃഷ്ണ ! പരിപാഹി മ‍ാം || 11 ||

സുന്ദരമൂര്‍ത്തേ! നിന്തിരുവടി ഇപ്രകാരമെല്ല‍ാം ഇടയയുവതികളെ അനേകം രാത്രികളില്‍ യോഗിമാര്‍ക്കു മാത്രം പ്രാപിക്കത്തക്കതായി അനിര്‍വചനീയമായി പരിപൂര്‍ണ്ണമായിരിക്കുന്ന ബ്രഹ്മാനന്ദരസസുഖത്തെ അനുഭവിപ്പിക്കുന്നവനായി ബ്രഹ്മാവ്, ശിവന്‍ മുതലായവരെകൂടി ഇവിടെയുള്ള ഇടയസ്ത്രീകളി‍ല്‍ ബഹുമാനമുള്ള വരാക്കിത്തീര്‍ത്തു. ഭക്തന്മാര്‍ക്കുമാത്രം പ്രത്യക്ഷപ്പെടുത്താവുന്ന സ്വരുപത്തോടുകൂടിയ മോഹന‍ാംഗനായ ഹേ കൃഷ്ണ! എന്നെ രക്ഷിക്കേണമെ !

രാസക്രീഡാവര്‍ണ്ണനം എന്ന അറുപത്തൊമ്പത‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 708.
വൃത്തം: കുസുമമഞ്ജരീ
ലക്ഷണം: രം നരം നരനരം നിരുന്നുവുമെങ്കിലോ കുസുമമഞ്ജരീ

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.