കംസോഽഥ നാരദഗിരാ വ്രജവാസിനം ത്വാം
ആകര്‍ണ്ണ്യ ദീര്‍ണ്ണഹൃദയഃസ ഹി ഗാന്ദിനേയം
ആഹൂയ കാര്‍മ്മുകമഖച്ഛലതോ ഭവന്തം
ആനേതുമേനമഹിനോദഹിനാഥശായിന്‍ ! || 1 ||
ശേഷതല്പത്തില്‍ പള്ളികൊള്ളുന്ന ദേവ ! അതിന്നുശേഷം നാരദന്‍ പറഞ്ഞതില്‍നിന്നു നിന്തിരുവടിയെ അമ്പാടിയില്‍ നിവസിക്കുന്നവനായി കേട്ട് ആ ഭോജേശ്വരനായ കംസന്‍ മനം കലങ്ങിയവനായി ഗാന്ദിനീപുത്രനായ അക്രൂരനെ വിളിച്ച് ധനുര്‍യ്യാഗമെന്ന വ്യാജേന നിന്തിരുവടിയെകൂട്ടികൊണ്ടുവരുന്നതിന്നു ഇവനെ നിയോഗിച്ചയച്ചു.
അക്രൂര ഏഷ ഭവംദംഘ്രിപരശ്ചിരായ
ത്വദ്ദര്‍ശനാക്ഷമമനാഃ ക്ഷിതിപാലഭീത്യാ
തസ്യാജ്ഞയൈവ പുനരീക്ഷിതുമുദ്യതസ്ത്വാം
ആനന്ദഭാരമതിഭൂരിതരം ബഭാര || 2 ||
വളരെക്കാലമായി നിന്തിരുവടിയുടെ തൃപ്പാദങ്ങളെ ഭജിച്ചുകൊണ്ടും ഭോജശ്വരനെയുള്ള ഭയംനിമിത്തം നിന്തിരുവടിയെ വന്നു കാണ്മാന്‍ കഴിവില്ലാതെ മനസ്സുഴറിക്കൊണ്ടും കഴിഞ്ഞിരുന്ന ഈ അക്രൂരന്റെ ഇപ്പോള്‍ ആ കംസന്റെ കല്പനകൊണ്ടുതന്നെ നിന്തിരുവടിയെ ദര്‍ശിപ്പാന്‍ പുറപ്പെട്ടവനായി ഏറ്റവും വര്‍ദ്ധിച്ച ആനന്ദാതിശയത്തെ ഉള്‍ക്കൊണ്ടു.
സോഽയം രഥേന സുകൃതീര്‍ ഭവതോ നിവാസം
ഗച്ഛന്‍ മനോരഥഗണാംസ്ത്വയി ധാര്‍യ്യമാണാന്‍
ആസ്വാദയന്‍ മുഹുരപായഭയേന ദൈവം
സംപ്രാര്‍ത്ഥയന്‍ പഥി ന കശ്ചിദപി വ്യജാനാത് || 3 ||
പുണ്യംചെയ്തവനായ ആ അക്രൂരന്‍ നിന്തിരുവടിയുടെ വാസസ്ഥലമായ അമ്പാടിയിലേക്ക് തേരില്‍ യാത്രചെയ്യുന്നവനായി നിന്തിരുവടിയെപറ്റി മനസ്സില്‍ ആലോചിക്കെപ്പെടുന്നവയായ മനോരഥങ്ങളെ വീണ്ടും വീണ്ടും ആസ്വദിച്ചുകൊണ്ടും (അങ്ങയെ കുടുക്കിലാക്കേണമെന്നുദ്ദേശത്തോടുകൂടിയുള്ള സന്ദേശവും വഹിച്ചുകൊണ്ടുപൊക്കുന്നവനാകകൊണ്ട്) അപായം വല്ലതും സംഭവിച്ചേക്കുമോ എന്ന ഭയത്താല്‍ ഈശ്വരനെ പ്രാര്‍ത്ഥിച്ചുകൊണ്ടു വഴിയില്‍ യാതൊന്നുംതന്നെ അറിഞ്ഞില്ല.
ദ്രക്ഷ്യാമി വേദശതഗീതഗതിം പൂമാംസം
സ്പ്രക്ഷ്യാമി കിംസ്വിദപി നാമ പരിഷ്വജേയം
കിം വക്ഷ്യതേ സ ഖലു മാം ക്വനു വീക്ഷിതഃസ്യാത്
ഇത്ഥം നിനായ സ ഭവന്മയമേവ മാര്‍ഗ്ഗം || 4 ||
വേദങ്ങളാല്‍ ഗാനംചെയ്യപ്പെട്ട പ്രാപ്യമാര്‍ഗ്ഗത്തോടുകൂടിയ പുരുഷനെ എനിക്കു കാണുവാന്‍ സാധിക്കൂമോ? സ്പര്‍ശിക്കുവാന്‍ സാധിക്കുമോ? ഭക്തവത്സലനായ അദ്ദേഹത്തിന്റെ ആലിംഗനസുഖം അനുഭവിക്കുവാന്‍ ഭാഗ്യം ലഭിക്കുമോ? ആ പരമാത്മാവ് എന്താണ് അരുളിചെയ്യുക? തൃക്കണ്‍പാര്‍ത്തളുമോ? എന്നിങ്ങിനെ വഴിയെല്ലാം നിന്തിരുവടിയുടെ ചിന്തകള്‍കൊണ്ടുതന്നെ കടന്നുവന്നു.
ഭൂയഃ ക്രമാദഭിവിശന്‍ ഭവദംഘ്രിപൂതം
വൃന്ദാവനം ഹരവിരിഞ്ച സുരാഭിവന്ദ്യം
ആനന്ദമഗ്ന ഇവ ലഗ്ന ഇവ പ്രമോഹേ
കിം കിം ദശാന്തരമവാപ ന പങ്കജാക്ഷ ! || 5 ||
അല്ലേ കമലാക്ഷ! അങ്ങയുടെ പാദസ്പര്‍ശമേറ്റ് പരിശുദ്ധമായി, ശിവന്‍, ബ്രഹ്മാവ് മുതലായ ദേവന്മാരെന്നിവരാല്‍ വന്ദിക്കപ്പെട്ടതായുമിരിക്കുന്ന വൃന്ദവനപ്രദേശത്തില്‍ പിന്നീട് ക്രമത്തില്‍ വന്നെത്തിയവനായ ആ അക്രൂരന്‍ പരമാനന്ദത്തില്‍ മുഴുകിയവനെന്നപോലെയും മോഹത്തില്‍ ലയിച്ചവനെന്നപോലെയും എതേതവ സ്ഥാന്തരത്തെ പ്രാപിച്ചില്ല ?
പശ്യന്നവന്ദത ഭവദ്വിഹൃതിസ്ഥലാനി
പാംസുഷ്വവേഷ്ടത ഭവച്ചരണാങ്കിതേഷു
കിം ബ്രൂമഹേ, ബഹുജനാ ഹി തദാപി ജാതാഃ
ഏവം തു ഭക്തിതരളാ വിരളഃ പരാത്മന്‍ ! || 6 ||
ഹേ പരമാത്മസ്വരുപിന്‍ ! നിന്തിരുവടിയുടെ ക്രീഡാസ്ഥലങ്ങളെ നോക്കി ക്കാണുന്നവനായ ആ അക്രൂരന്‍ സമസ്കരിച്ചു; നിന്തിരുവടിയുടെ തൃപ്പാദങ്ങള്‍ പതിഞ്ഞുകണ്ട സ്ഥലങ്ങളിലെ പൊടികളില്‍ കിടന്നുരുണ്ടു; ഞങ്ങളെന്തുപറയട്ടെ; അക്കാലത്തും വളരെ ജനങ്ങള്‍ ജന്മമെടുത്തിട്ടുണ്ടല്ലോ; എന്നാല്‍ ഇതുപോലെ ഭക്തികൊണ്ടുപരവശരായിട്ടുള്ളവര്‍ ചുരുക്കം തന്നെയായിരുന്നു.
സായം സ ഗോപഭവനാനി ഭവച്ചരിത്ര
ഗീതമൃത പ്രസൃത കര്‍ണ്ണരസായനാനി
പശ്യന്‍ പ്രമോദസരിതേവ കീലോഹ്യമനോ
ഗച്ഛന്‍ ഭവദ്ഭവനസന്നിധിമന്വയാസീത് || 7 ||
ആ അക്രൂരന്‍ സന്ധ്യാസമയത്ത് അങ്ങയുടെ അദ്ഭുതചരിതങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമാകുന്ന അമൃതം ചെവിക്കു ഇമ്പം നല്‍കുമാറ് പ്രസരിച്ചുകൊണ്ടിരുന്ന ഗോപഗേഹങ്ങളെ നോക്കിക്കോണ്ട പരമാനന്ദദീപ്രവാഹംകൊണ്ടുതന്നെ വഹിച്ചു കൊണ്ടുപോകപ്പെടുന്നവനോ എന്നു തോന്നുമാറ് നടന്നുകൊണ്ട് നിന്തിരുവടിയുടെ ഗൃഹത്തിന്നു സമീപം എത്തിചേര്‍ന്നു.
താവദ്ദദര്‍ശ പശുദോഹവിലോകലോലം
ഭക്തോത്തമാഗതിമിവ പ്രതിപാലയന്തം
ഭൂമന്‍ ! ഭവന്തമയമഗ്രജവന്തമന്തഃ
ബ്രഹ്മാനുഭൂതിരസസിന്ധുമിവോദ്വമന്തം || 8 ||
സര്‍വ്വേശ്വരാ! ആ സമയം ഈ അക്രൂരന്‍ പശുവിനെ കറക്കുന്നത് കാണുന്നതില്‍ കൗതുകത്തോടുകൂടിയവനായി ഉത്തമഭക്തന്മരുടെ ആഗമനത്തെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നവനോ എന്നു തോന്നുമാറ് ജ്യേഷ്ഠനോടുകൂടിയിരിക്കുന്ന നിന്തിരുവടിയെ ഹൃദയന്തര്‍ഭാഗത്ത് ബ്രഹ്മാനന്ദരസത്തെ പുറത്തേക്ക് പ്രകാശിപ്പിക്കുന്നവനെന്നു തോന്നുമാറ് ദര്‍ശിച്ചു.
സായന്തനാപ്ലവ വിശേഷവിവിക്തഗാത്രൗ
ദ്വൗ പീതനീലരുചിരാംബരലോഭനീയൗ
നാതിപ്രപഞ്ചധൃതഭൂഷണചാരൂവേഷൗ
മന്ദസ്മിതാര്‍ദ്രവദനൗ സ യുവാം ദദര്‍ശ || 9 ||
ആ അക്രൂരന്‍ സായംസന്ധ്യാസമയത്തിലെ സ്നാനംകൊണ്ടു വിശേഷണ നിര്‍മ്മലമായ ദേഹത്തോടുകൂടിയവരായി മഞ്ഞ, നീല എന്നീ നിറങ്ങളോടുകൂടിയ ഭംഗിയുള്ള വസ്ത്രംങ്ങള്‍കൊണ്ട് മനോഹരന്മരായി മിതമായ ആഭരണങ്ങളണിഞ്ഞ് ശോഭിക്കുന്നവരായി മന്ദസ്മിതംകൊണ്ട് കുളുര്‍മയിണങ്ങിയ മുഖത്തോടു കൂടിയവരായിരിക്കുന്ന നിങ്ങളിരുവരേയും ദര്‍ശിച്ചു.
ദൂരാദ്രഥാത് സമവരൂഹ്യ നമന്തമേന
മുത്ഥാപ്യ ഭക്തകുലമൗലിമഥിപഗൂഹന്‍
ഹര്‍ഷാന്മിതാക്ഷരഗിരാ കുശാലാനുയോഗി
പാണിം പ്രഗൃഹ്യ സ ബലോഽഥ ഗൃഹം നിനേഥ || 10 ||
അനന്തരം തേരില്‍നിന്നു താഴത്തിറങ്ങി വളരെ ദുരത്തുനിന്നുതന്നെ നമസ്കരിക്കുന്ന ഭക്തകുലോത്തംസമായ ഈ അക്രൂരനെ ബലരാമനോടുകൂടിയ നിന്തിരുവടി എടുത്തെഴുനേല്പിച്ചു സന്തോഷത്തോടുകൂടി ആലിംഗനംചെയ്തിട്ട് അതില്‍പിന്നെ മിതാക്ഷരങ്ങളോടുകൂടിയ വാക്കുകളാല്‍ കുശലം ചോദിച്ചുകൊണ്ട് കയ്യുംപിടിച്ച് വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
നന്ദേന സാകമമിതാദമര്‍ച്ചയിത്വാ
തം യാദവം, തദുദിതാം നിശമയ്യ വാര്‍ത്താം
ഗോപേഷു ഭൂപതിനിദേശകഥാം നിവേദ്യ
നാനാകഥാഭിരിഹ തേന നിശാമനൈഷീഃ || 11 ||
നന്ദഗോപനോടുകൂടി ആ യാദവനായ അക്രൂരനെ ഏറ്റവും ആദരവോടുകൂടി സല്‍ക്കരിച്ച് അദ്ദേഹത്താല്‍ പറഞ്ഞറിയിക്കപ്പെട്ട സന്ദേശത്തെ കേട്ട് രാജാവായ കംസന്റെ ആജ്ഞാവാക്യത്തെ ഗോപന്മാരെ മനസ്സിലാക്കി; ആ അക്രൂരനോടുകൂടി ഇവിടെ പല കഥകളെയുംകൊണ്ട് രാത്രിയെ കഴിച്ചുകൂട്ടി.
ചന്ദ്രാഗൃഹേ കിമുത ചന്ദ്രഭഗാഗൃഹേ നു
രാധാഗൃഹേ നു ഭവനേ കിമു മൈത്രവിന്ദേ
ധൂര്‍ത്തോ വിളംബത ? ഇതി പ്രമാദാഭിരുച്ചൈഃ
ആശങ്കിതോ നിശി മരുത്പുരനാഥ ! പായാഃ || 12 ||
ചന്ദ്രയുടെ ഗൃഹത്തിലാണോ, അതല്ല ചന്ദ്രഭഗയുടെ വീട്ടിലായിരിക്കുമോ, രാധയുടെ ഭവനത്തില്‍ തന്നെയായിരിക്കുമോ, അതോ മിത്രവിന്ദയുടെ ഗൃഹത്തിലായിരിക്കാമോ ധൂര്‍ത്തനായ കൃഷ്ണന്‍ താമസിക്കുന്നത്? എന്നിങ്ങിനെ ആ രാത്രിയില്‍ ഗോപവനിതമാരാല്‍ ഏറ്റവും ശങ്കിക്കപ്പെട്ടവനായ നിന്തിരുവടി ഹേ വാതാലയേശ! എന്നെ രക്ഷിച്ചാലും.
അക്രൂരയാത്രാഗമനവൃത്താന്തവര്‍ണ്ണനം എന്ന എഴുപത്തിരണ്ടാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 749
വൃത്തം. വസന്തതിലകം.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.