നിശമയ്യ തവാഥ യാനവര്‍ത്താം
ഭൃശമാര്‍ത്താഃ പശുപാലബാലികാസ്താഃ
കിമിദം കിമിദം കഥം ന്വിതീമാഃ
സമവേതാഃ പരിദേവിതാന്യകുര്‍വ്വന്‍ || 1 ||
അനന്തരം നിന്തിരുവടിയുടെ മഥുരാപുരിയിലേക്കുള്ള യാത്രയെപറ്റിയെ വര്‍ത്തമാനത്തെ കേട്ടിട്ട് ആ ഗോപകന്യകമാര്‍ ഏറ്റവും ദുഃഖിതരായി; ഇവര്‍ ഒന്നിച്ചുചേര്‍ന്നു ഇതെന്താണ് ? ഇതെന്താണ് ? എന്നിങ്ങിനെ വിലാപങ്ങള്‍ തുടങ്ങി.
കരുണാനിധിരേഷ നന്ദസൂനുഃ
കഥമസ്മാന്‍ വിസൃജേദനന്യനാഥാഃ ?
ബത! നഃ കിമു ദൈവമേവമാസീത്
ഇതി താസ്ത്വാദ് ഗതമാനസാ വിലേപുഃ || 2 ||
ദയാനിധിയായിരിക്കുന്ന ഈ നന്ദാത്മജന്‍ മറ്റൊരു ശരണമില്ലാത്തവരായിരിക്കുന്ന നമ്മളെ എങ്ങിനെ വിട്ടിട്ടു പോകും? നമ്മുടെ വിധി ഇങ്ങിനെയായിത്തിര്‍ന്നുവല്ലൊ കഷ്ടംതന്നെ?! എന്നിങ്ങിനെ നിന്തിരുവടിയില്‍ ലയിച്ച മനസ്സോടുകൂടിയവരായ ആ സുന്ദരിമാര്‍ വിലപിച്ചു.
ചരമപ്രഹരേ പ്രതിഷ്ഠമാനഃ
സഹ പിത്ര നിജമിത്രമണ്ഡലൈശ്ച
പരിതാപഭരം നിതംബിനീനാം
ശമയിഷ്യന്‍ വ്യമുചഃ സഖായമേകം || 3 ||
രാത്രിയുടെ അവസാനത്തില്‍ അച്ഛനായ നന്ദഗോപനോടും തന്റെ സ്നേഹിതന്മാരോടുംകൂടി പുറപ്പെടുന്നവനായ നിന്തിരുവടി ഗോപാംഗനമാരുടെ വര്‍ദ്ധിച്ച വ്യസനത്തെ ശമിപ്പിക്കുന്നതിന്നായി ഒരു സ്നേഹിതനെ പറഞ്ഞയച്ചു.
അചിരാദുപയാമി സന്നിധിം വോ
ഭവിതാ സാധു മയൈവ സംഗമശ്രീഃ
അമൃതാംബുനിധൗ നിമജ്ജയിഷ്യേ
ദ്രുതിമിത്യാശ്വസിതാ വധൂരകാര്‍ഷീഃ || 4 ||
നിങ്ങളുടെ അടുക്കലേക്കു താമസിയാതെതന്നെ ഞാന്‍ വരാം. എന്നോടുകൂടിത്തന്നെ സംഗമസൗഖ്യം നിങ്ങള്‍ക്കു വഴിപോലെ സംഭവിക്കുന്നതാണ്. അമൃതസമുദ്രത്തില്‍ ഉടനെതന്നെ മുഴുകിക്കാം എന്നിങ്ങിനെ ഗോപാംഗനമാരെ ആശ്വസിപ്പിച്ചു.
സവിഷാദഭരം സയാച്ഞമുച്ചൈഃ
അതിദൂരം വനിതാഭിരീക്ഷ്യമാണഃ
മൃദു തദ്ദിശി പാതയന്നപാംഗാന്‍
സബലോഽക്രൂരരഥേന നിര്‍ഗ്ഗതോഽഭൂഃ || 5 ||
വര്‍ദ്ധിച്ച വ്യസനത്തോടും പ്രാര്‍ത്ഥനയോടും തലയുയര്‍ത്തി വളരെ ദൂരത്തോളം സ്ത്രീകളാല്‍ ദര്‍ശിക്കപ്പെടുന്നവനായി അവര്‍ നിന്നിരുന്ന ദിക്കിലേക്കായി മന്ദമായി കടാക്ഷങ്ങളെ വര്‍ഷിച്ചുകൊണ്ടു ബലരാമനോടുകൂടിയ നിന്തിരുവടി അക്രൂരന്റെ തേരില്‍ കയറി യാത്രയായി.
അനസാ ബഹുലേന വല്ലവാനാം
മനസാ ചാനുഗതോഽഥ വല്ലഭാനാം
വനമാര്‍ത്തമൃഗം വിഷണ്ണവൃക്ഷം
സമതീതോ മയുനാതടീമയാസീഃ || 6 ||
അനന്തരം ഗോപന്മാരുടെ വളരെയേറെ വണ്ടികളാലും പ്രിയതമമാരായ ഗോപാംഗനമാരുടെ ഹൃദയങ്ങളാലും അനുഗമിക്കപ്പെട്ടവനായ നിന്തിരുവടി ദുഃഖിക്കുന്ന മൃഗങ്ങളോടുകൂടിയതായും വിഷാദത്തോടുകൂടിയ വൃക്ഷങ്ങളോടുകൂടിയതായുമിരിക്കുന്ന വൃന്ദാവനത്തെ കടന്നു യമുനാനദീതീരത്തെ പ്രാപിച്ചു.
നിയമായ നിമജ്ജ്യ വാരിണി ത്വാം
അഭിവീക്ഷ്യാഥ രഥേഽപി ഗാന്ദിനേയഃ
വിവശോഽജനി, കിം ന്വിദം വിഭോസ്തേ
നനു ചിത്രാം ത്വവലോകനം സമന്താത് ! || 7 ||
അക്രൂരന്‍ നിത്യകര്‍മ്മം ചെയ്യുന്നതിനായി യമുനാനദീജലത്തിലിറങ്ങി സ്നാനംചെയ്യവേ നിന്തിരുവടിയെ അവിടേയും അനന്തരം തേരിലും ദര്‍ശിച്ചിട്ട് ആശ്ചര്‍യ്യഭരിതനായി ഭവിച്ചു. പ്രഭുവായ അങ്ങയുടെ അകത്തും പുറത്തും സാര്‍വ്വത്രികമായ ഈ ദര്‍ശനം ആശ്ചര്‍യ്യകരംതന്നെയല്ലെ !
പുനരേഷ നിമജ്ജ്യ പുണ്യശാലീ
പുരുഷം ത്വാം പരമം ഭുജംഗഭോഗേ
അരികംബുഗദാംബുജൈഃസ്ഫുരന്തം
സുരസിദ്ധൗഘപരീതമാലുലോകേ || 8 ||
സുകൃതംചെയ്തവനായ ഈ അക്രൂരന്‍ വീണ്ടും മുങ്ങിയപ്പോള്‍ നിന്തിരുവടിയെ ആദിശേഷതല്പത്തില്‍ ചക്രം, ശംഖം, ഗദ, പങ്കജം എന്നിവയാല്‍ പ്രശോഭിക്കുന്നവനും സുരസിദ്ധസംഘങ്ങളാല്‍ പരിസേവിക്കപ്പെട്ടവനുമായി പരമപുരുഷസ്വരൂപത്തില്‍ ദര്‍ശിച്ചു.
സ തദാ പരമാത്മ സൗഖ്യസിന്ധൗ
വിനിമഗ്നഃ പ്രണുവന്‍ പ്രകാരഭേദൈഃ
അവിലോക്യ പുനശ്ച ഹര്‍ഷസിന്ധോഃ
അനുവൃത്താ പുളകാവൃതോ യയൗ ത്വാം || 9 ||
ആ അക്രൂരന്‍ അപ്പോള്‍ പരമാനന്ദസമുദ്രത്തില്‍ മുഴുകിയവനായ് സഗുണനിര്‍ഗുണഭേദങ്ങളാല്‍ സ്തുതിച്ചുകൊണ്ട് പിന്നീടു ആ സ്വരൂപത്തെ കാണതായപ്പോള്‍ ആനന്ദസമുദ്രത്തിന്റെ അനുവര്‍ത്തനംകൊണ്ട് രോമാഞ്ച മണിഞ്ഞവനായി നിന്തിരുവടിയുടെ അടുക്കലേക്കു തിരിച്ചുവന്നു.
കിമു ശീതളിമാ മഹാന്‍ ജലേ ? യത്
പുളകോഽസാവിതി ചോദിതേന തേന
അതിഹര്‍ഷനിരുത്തരേണ സാര്‍ദ്ധം
രഥവാസി പാവനേശ ! പാഹി മാം ത്വം. || 10 ||
വെള്ളത്തില്‍ വളരെ തണുപ്പുണായിരുന്നുവോ? ഈ രോമാങ്ങള്‍ തണുപ്പുകൊണ്ട് ഉയര്‍ന്നുനില്‍ക്കുന്നതിനായി കാണപ്പെടുന്നുവല്ലോ എന്നിങ്ങിനെ ചോദിക്കപ്പെട്ടവനായി സന്തോഷാധിക്യത്താല്‍ മറുപടി പറയുവാന്‍ സാധിക്കാത്തവനായിരിക്കുന്ന ആ അക്രൂരനോടുകൂടി തേരിലിരുന്നരുളുന്ന നിന്തിരുവടി ഹേ ഗുരുവായൂരപ്പ! എന്നെ രക്ഷിച്ചാലും.
ഭഗവതോ മഥുരപ്രസ്ഥാനവര്‍ണ്ണനം എന്ന എഴുപത്തിമൂന്നാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 750
വൃത്തം. വസന്തമാലിക.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.