ഡൗണ്‍ലോഡ്‌ MP3

സംപ്രാപ്തോ മഥുര‍ാം ദിനാര്‍ദ്ധവിഗമേ തത്രാന്തരസ്മിന്‍ വസന്‍
ആരാമേ വിഹിതാശനഃസഖീജനൈഃ യാതഃ പുരീമീക്ഷിതും
പ്രാപോ രാജപഥം, ചിരശ്രുതിധൃത വ്യലോക കൗതുഹല
സ്ത്രീപുംസോദ്യദഗണ്യപുണ്യനിഗളൈഃ ആകൃഷ്യമാണോ നു കിം ? || 1 ||

ഉച്ചതിരിഞ്ഞതോടുകൂടി മഥുരപുരിയില്‍ എത്തിച്ചേര്‍ന്ന നിന്തിരുവടി അവിടെ ബാഹ്യോദ്യാനത്തില്‍ താമസിക്കുന്നവനായി ഭക്ഷണം കഴിച്ചശേഷം സ്നേഹിതന്മാരോടുകൂടി നഗരം നടന്നു കാണുന്നതിനായി പുറപ്പെട്ട് വളരെക്കാലത്തെ ശ്രവണം കൊണ്ട് ഭഗവാനെക്കാണുന്നതിന്നുള്ള ഉല്‍ക്കണ്ഠയോടുകൂടിയ സ്ത്രീപുരുഷന്മാരുടെ അളവറ്റ പുണ്യങ്ങളാകുന്ന ശൃംഖലകളാല്‍ ആകര്‍ഷിക്കപ്പെടുന്നവനോ എന്നു തോന്നുമാറ് രാജമാര്‍ഗ്ഗത്തെ പ്രാപിച്ചു.

ത്വത്പാദദ്യുതിവത് സരാഗസുഭഗാഃ ത്വന്മൂര്‍ത്തിവദ്യോഷിതഃ
സംപ്രാപ്താ വിലസത്പയോധരരുചോ ലോലാ ഭവദ്ദൃഷ്ടിവത്
ഹാരിണ്യസ്ത്വദൂരഃസ്ഥലീവദയി തേ മന്ദസ്മിതപ്രൗഢിവത്
നൈര്‍മ്മല്യോല്ലസിതാഃ കചൗഘരുചിവത് രാജത്കലാപാശ്രിതാഃ || 2 ||

ഹേ കൃഷ്ണ! നിന്തിരുവടിയുടെ പാദശോഭയെന്നതുപോലെ രാഗവും സൗഭാഗ്യവും ചേര്‍ന്നവരും അങ്ങയുടെ ദിവ്യശരീരമെന്നതുപോലെ പയോധരലാവണ്യംകൊണ്ട് പരിശോഭിക്കുന്നവരും അങ്ങയുടെ നേത്രങ്ങളെപോലെ ലോലകളും നിന്തിരുവടിയുടെ മാറിടമെന്നതുപോലെ ഹാരിണികളും അങ്ങയുടെ മന്ദസ്മിതപ്രൗഢിയെന്നതുപോലെ സ്വച്ഛതകൊണ്ട് പ്രകാശിക്കുന്നവരും നിന്തിരുവടിയുടെ കേശശോഭപോലെ കലാപങ്ങള്‍ (മയില്‍പീലിക‍ള്‍, ആഭരണങ്ങള്‍ എന്നും) അണിഞ്ഞു ശോഭിക്കുന്നവരും ആയ ആ നഗരത്തിലെ വനിതാജനങ്ങാള്‍ ഭഗവദ്ദര്‍ശനത്തിന്നു അവിടെവിടെ വന്നുകൂടിയിരുന്നു.

താസാമാകലയന്നപ‍ാംഗവലനൈഃ മോദം, പ്രഹര്‍ഷാദ്ഭുത
വ്യാലോലേഷു ജനേഷു, തത്ര രജകം കശ്ചിത് പടീം യാചയന്‍
കസ്തേ ദാസ്യതി രാജകീയവസനം? യാഹീതി തേനോദിതഃ
സദ്യസ്തസ്യ കരേണ ശീര്‍ഷമഹൃഥാഃ സോ‍പ്യാപ പുണ്യ‍ാം ഗതിം || 3 ||

നിന്തിരുവടി കടക്കണ്‍കോണ്‍കൊണ്ടുള്ള കടാക്ഷങ്ങളെക്കൊണ്ട് അവക്കെല്ല‍ാം പരമാനന്ദത്തെ ഉണ്ടാക്കിക്കൊണ്ട് പുരവാസികള്‍ സന്തോഷംകൊണ്ടും ആശ്ചര്‍യ്യംകൊണ്ടും പരവശരായിരിക്കുമ്പോ‍ള്‍ അവിടെ ഒരു അലക്കുക്കരനോട് വസ്ത്രം ആവശ്യപ്പെടുന്നവനായി “രാജവസ്ത്രത്തെ തനിക്ക് ആരാണെടൊ തരുന്നത്? കടന്നുപോകൂ” എന്നിങ്ങിനെ അവനാല്‍ മറുത്തു പറയപ്പെട്ടവനായി ഉത്തരക്ഷണത്തി‍ല്‍ അവന്റെ തലയെ കൈകൊണ്ടു ഞെരിച്ചെടുത്തു; അവനും മോക്ഷം പ്രാപിച്ചു.

ഭൂയോ വായകമേകമായതമതിം, തോഷേണ വേഷോചിതം
ദാശ്വ‍ാംസം സ്വപദം നിനേഥ സുകൃതം കോ വേദ ജീവാത്മന‍ാം ?
മാലാഭിഃ സ്തബകൈഃ സ്തവൈരപി പുനര്‍ മാലകൃതാ മാനിതോ
ഭക്തിം തേന വൃത‍ാം ദിദേശിഥ പര‍ാം ലക്ഷ്മീം ച ലക്ഷ്മീപതേ ! || 4 ||

ഹേ ശ്രീപതേ! നിന്തിരുവടി അതില്‍പിന്നെ സന്തോഷത്തോടുകൂടി അലങ്കാരത്തിന്നുതകുന്ന വിചിത്ര വസ്ത്രങ്ങളെ സമ്മാനിച്ച ഉദാരമതിയായ ഒരു നെയ്ത്തുകാരനെ തന്റെ പദത്തിലേക്കു ചേര്‍ത്തു സായൂജ്യം നല്‍കി. പ്രാണികളുടെ പുണ്യപരീപാകത്തെ ആരാണ് അറിയുന്നത് ? പിന്നീട് മാലകളുണ്ടാക്കുന്ന ഒരുവനാല്‍ പൂമാലകളെ കൊണ്ടും പുച്ചെണ്ടുകളെകൊണ്ടും സ്ത്രോത്രങ്ങളെക്കൊണ്ടും ബഹുമാനിക്കപ്പെട്ടവനായി അവനാ‍ല്‍ ആഗ്രഹിക്കപ്പെട്ട ഉല്‍കൃഷ്ടമായ ഭക്തിയും ഐശ്വര്‍യ്യത്തേയും അവന്നു നല്‍കി.

കുബ്ജ‍ാം അബ്ജവിലോചന‍ാം പഥി പുനര്‍ ദൃഷ്ട്വ‍ാംഗരാഗേ തയാ
ദത്തേ സാധു കില‍ാംഗ ! രാഗമദദാഃ തസ്യാ മഹാന്തം ഹൃദി
ചിത്തസ്ഥാമൃജുതമഥ പ്രഥയിതും ഗാത്രേഽപി തസ്യാഃ സ്ഫുടം
ഗൃഹ്ണന്‍ മഞ്ജു കരേണ താമുദനയഃ താവജ്ജഗത്സുന്ദരീം . || 5 ||

അനന്തരം വഴിയില്‍വെച്ച് താമരയിതള്‍പോലെ അഴകേറിയ കണ്ണുകളോടുകൂടിയ കുബ്ജയെ കണ്ടിട്ട് അവളാള്‍ അംഗരാഗം (കുരിക്കൂട്ട്) നല്‍കപ്പെട്ടപ്പോ‍ള്‍ അവളുടെ മനസ്സില്‍ മഹത്തായ അംഗരാഗത്തെ (അങ്ങയുടെ തിരുമെയ് പുണരണമെന്ന മഹത്തായ അഭിലാഷത്തെ) സമുചിതമായി തിരികെ നല്‍കിയല്ലോ! അനന്തരം അവളുടെ മനസ്സിലുള്ള ആ‍ര്‍ജ്ജവത്തെ (കാപട്യമില്ലായ്മയെ) ശരീരത്തിലും പ്രത്യക്ഷമാക്കുന്നതിന്നോ എന്നു തോന്നുമാറ് ഉടനെതന്നെ കൈകൊണ്ടു അവളുടെ ശരീരത്തെ ലീലയായിപിടിച്ച് (അവളുടെ വളവുതീര്‍ത്ത്) അവളെ ഭുവനസുന്ദരിയായി ഉയര്‍ത്തി.

താവന്നിശ്ചിതവൈഭവാസ്തവ വിഭോ ! നാത്യന്തപാപാ ജനാഃ
യത്കിഞ്ചിത് ദദതേ സ്മ ശക്ത്യനുഗുണം ത‍ാംബൂലമാല്യാദികം
ഗൃഹ്ണാനഃ കുസുമാദി കിഞ്ചന തദാ മാര്‍ഗ്ഗേ നിബദ്ധാഞ്ജലിഃ
നാതിഷ്ഠം ബത ഹാ യതോഽദ്യ വിപുല‍ാം ആര്‍ത്തീം വ്രജാമി പ്രഭോ ||6||

ഹേ ഭഗവാനേ! അപ്പോള്‍ നിന്തിരുവടിയുടെ മഹിമാതിശയത്തെ മനസ്സിലാക്കിയവരായി അധികം ദുഷ്ടന്മാരല്ലാത്ത ജനങ്ങളെല്ല‍ാം അവരവരുടെ കഴിവനുസരിച്ച് ത‍ാംബൂലം, മാല മുതലായി എന്തെങ്കിലും കൈയിലെടുത്ത് കൂപ്പുകൈയോടെ ആ മധുരപുരീവീഥിയില്‍ എനിക്ക് എന്തുകൊണ്ടാണ് നില്‍ക്കുവാ‍ന്‍ സംഗതിവരാതിരുന്നത്? അയ്യോ കഷ്ടം! അതുകൊണ്ടുതന്നെയാണ് ഇപ്പോ‍ള്‍ ഈ കഠിനമായ പീഡയെ പ്രാപിച്ചിരിക്കുന്നത്.

ഏഷ്യാമീതി വിമുക്തയാഽപി ഭഗവന്‍ ആലേപദാത്ര്യാ തയാ
ദൂരാത് കാതരയാ നിരീക്ഷീതഗതിഃ ത്വം പ്രാവിശോ ഗോപുരം
ആഘോഷാനുമിതത്വദാഗമ മഹാഹര്‍ഷോല്ലലദ്ദേവകീ
വക്ഷോജ പ്രഗളത്പയോരസമിഷാത് ത്വത്കീര്‍ത്തിരന്തര്‍ഗതാ || 7 ||

ഹേ ഭഗവന്‍ ! ‘ഞാന്‍ തിരികെ വര‍ാം’ എന്നു പറഞ്ഞ അയക്കപ്പെട്ടവളായിട്ടും വിരഹഭീതയായ ആ അംഗരാഗം നല്‍ക്കുന്നവളായ കുബ്ജയാ‍ല്‍ കണ്ണെത്താവുന്നേടത്തോളം ദൂരത്തോളം നോക്കിനില്‍ക്കപ്പെട്ട ഗമനത്തോടുകൂടിയ നിന്തിരുവടി പുരദ്വാരത്തില്‍ പ്രവേശിച്ചു. നിന്തിരുവടിയുടെ കീര്‍ത്തി ആഘോഷംകൊണ്ടു അനുമാനിക്കപ്പെട്ട അങ്ങയുടെ ആഗമനംകൊണ്ടുണ്ടായ അതിയായ സന്തോഷത്താല്‍ ക്ഷോഭിച്ചിളകിയ ദേവകിയുടെ പയോധരങ്ങളില്‍നിന്നു ചുരന്നൊഴുകിയ മുലപ്പാലെന്ന വ്യജേന അകത്തു കടന്നുകഴിഞ്ഞിരുന്നു.

ആവിഷ്ടോ നഗരീം മഹോത്സവവതീം കോദണ്ഡശാല‍ാം വ്രജന്‍
മാധുര്യേണ നു തേജസാ നു പുരുഷൈഃ ദൂരേണ ദത്താന്തരഃ
സ്രഗ്ഭിര്‍ ഭൂഷിതമര്‍ച്ചിതം വരധനൂര്‍ മാ മേതി വാദാത് പുരഃ
പ്രാഗൃഹ്ണാഃ സമരോപയഃ കില സമാ ക്രാക്ഷീരഭാങ്‍ക്ഷീരപി || 8 ||

മഹോത്സവത്തോടുകൂടിയ നഗരത്തിന്നുള്ളില്‍ പ്രവേശിച്ചവനായി ചാപശാലയി‍ല്‍ കടന്നുചെന്നു നിന്തിരുവടി അങ്ങയുടെ സൗന്ദര്‍യ്യംകൊണ്ടൊ അല്ല, അപ്രധൃഷ്യമായ തേജസ്സുകൊണ്ടൊ രാജപുരുഷന്മാരാല്‍ വളരെദുരത്തുനിന്നുതന്നെ വഴിയൊഴിച്ചുതരപ്പെട്ടവനായിട്ട് അരുതേ, അരുതേ എന്ന് തടുക്കുന്നതിന്നു മുമ്പേതന്നെ പൂമാലകളാല്‍ അലങ്കരിക്കപ്പെട്ടാതായും പൂജിക്കപ്പെട്ടതായുമിരിക്കുന്ന ശ്രേഷ്ഠമായ വില്ലിനെ കടന്നെടുത്തു ഞാണേറ്റി, അമ്പുതൊടുത്തു വലിച്ചു, ഒടിക്കുകയും ചെയ്തു, ആശ്ചര്‍യ്യകരംതന്നെ.

ശ്വം കംസക്ഷപണോത്സവസ്യ പുരതഃ പ്രാരംഭതുര്യോപമഃ
ചാപധ്വംസ മഹാദ്വനിസ്തവ വിഭോ ! ദേവാനരോമാഞ്ചയത്
കംസസ്യാപി ച വേപഥുസ്തദുദിതഃ കോദണ്ഡഖണ്ഡദ്വയീ
ചണ്ഡാഭ്യാഹത രക്ഷിപൂരുഷരവൈഃ ഉത്കൂലിതൊഽഭൂത്ത്വയാ || 9 ||

ഹേ ഭഗവാനേ! പിറ്റേന്നു കാലത്തു സംഭവിക്കുവാനിരിക്കുന്ന കംസനിഗ്രഹമാകുന്ന മഹോത്സവത്തിനുമുമ്പ് പ്രാരംഭമായ ഭേരീശബ്ദത്തിന്നു തുല്യമായ നിന്തിരുവടിയുടെ ചാപഖണ്ഡനത്തിന്റെ മഹത്തായ ശബ്ദം ദേവന്മാരെ കൊള്‍മയിര്‍കൊള്ളിച്ചു; എന്നല്ല, ആ ശബ്ദംകൊണ്ടുണ്ടായ കംസന്റെ വിറക്കൊള്ള‍ല്‍ മുറിഞ്ഞ വില്ലിന്‍കഷ്ണങ്ങള്‍കൊണ്ടു കഠിനമായി പ്രഹരിക്കപ്പെട്ട ചാപരക്ഷകന്മാരുടെ നിലവിളികൊണ്ട് നിന്തിരുവടിയാല്‍ വര്‍ദ്ധിപ്പിക്കപ്പെട്ടതായും ഭവിച്ചു.

ശിഷ്ടൈര്‍ദുഷ്ടജനൈശ്ച ദൃഷ്ടമഹിമാ പ്രീത്യാ ച ഭീത്യ തതഃ
സമ്പശ്യന്‍ പുരസമ്പദം പ്രവിചര‍ന്‍ സായം ഗതോ വാടിക‍ാം
ശ്രീദാമ്നാ സഹ രാധികാവിരഹജം ഖേദം വദ‍ന്‍ പ്രസ്വപ‍ന്‍
ആനന്ദന്നവതാരകാര്യഘടനാത് വാതേശ ! സംരക്ഷ മ‍ാം || 10 ||

അനന്തരം സജ്ജനങ്ങളാല്‍ സന്തോഷത്തോടുകൂടിയും ദുഷ്ടന്മാരാ‍ല്‍ ഭയത്തോടുകൂടിയും പ്രത്യക്ഷത്തില്‍ കാണപ്പെട്ട മാഹത്മ്യത്തോടുകൂടിയവനായി നഗരശോഭയെ കണ്ടുംകൊണ്ട് ഉല്ലാസത്തോടെ സഞ്ചരിക്കുന്നവനായി സന്ധ്യാസമയത്തോടുകൂടി ഉദ്യാനത്തെ പ്രാപിച്ച് സ്നേഹിതനായ ശ്രീദാമവിനോടുകൂടി രാധയെ വിട്ടുപിരിഞ്ഞതു സാധിപ്പാനുള്ള സന്ദര്‍ഭം അടുത്തുവന്നുകൂടിയതിനാ‍ല്‍ ആനന്ദിച്ചുകൊണ്ടിരിക്കുന്ന നിന്തിരുവടി ഹേ ഗുരുവായൂരപ്പ ! എന്നെ രക്ഷിക്കേണമേ !

ഭഗവത് പുരപ്രവേശരജകനിഗ്രഹാദിവര്‍ണ്ണനം എന്ന എഴുപത്തിനാല‍ാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 760
വൃത്തം. ശാര്‍ദൂലവികീഡിതം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.