പ്രാതസ്സന്ത്രഭോജക്ഷിതിപതിവചസാ പ്രസ്തുതേ മല്ലതൂര്‍യ്യേ
സംഘേ രാജ്ഞാം ച മഞ്ചാന്‍ അഭിയയുഷി ഗതേ നന്ദഗോപേഽപി ഹര്‍മ്മ്യം
കംസേ സൗധാധിരൂഢേ , ത്വമപി സഹബലഃ സാനുഗശ്ചാരുവേഷോ
രംഗദ്വാരം ഗതോഽഭൂഃ കുപിത കുവലയാ പീഡ നാഗാവലിഢം || 1 ||
പിറ്റേന്നു രാവിലെ ഭീതനായ ഭോജേശ്വരന്റെ മല്ലക്രീഡയുടെ ആരംഭത്തെ സൂചിപ്പിക്കുന്നതായ പെരുമ്പറ മുഴങ്ങിത്തുടങ്ങുകയും രാജാക്കന്മാരുടെ സംഘം മഞ്ചങ്ങളുടെ നേര്‍ക്ക് ചെല്ലുകയും നന്ദഗോപനും മാളികയിലെത്തുകയും ഭോജേശ്വരനായ കംസന്‍ മണിമാളികയുടെ ഉയര്‍ന്നനിലയില്‍ ഉപവേശിക്കുകയും ചെയ്തപ്പോള്‍ ബലരാമനോടുകൂടിയ നിന്തിരുവടിയും കൂടെവന്നവരായ ഗോപന്മാരോടുകൂടി മനോഹരമായ വേഷത്തോടുകൂടിയവനായി മദമിളകി ഇടഞ്ഞുനില്‍ക്കുന്ന കുവലയാപീഢമെന്ന മദയാനയാല്‍ നിരോധിക്കപ്പെട്ട മല്ലയുദ്ധരംഗത്തിലേക്കുള്ള വാതില്‍ക്കല്‍ വന്നെത്തി.
പാപിഷ്ഠാപേഹി മാര്‍ഗ്ഗാത് ദ്രുതമിതി വചസാ നിഷ്ഠുരക്രുദ്ധബുദ്ധേഃ
അംബഷ്ഠസ്യ പ്രണോദാത് അധികജവജുഷാ ഹസ്തിനാ ഗൃഹ്യമാണഃ
കേലിമുക്തോഽഥ ഗോപീകുചകലശ ചിര സ്പര്‍ദ്ധിനം കുംഭമസ്യ
വ്യാഹത്യാലീയഥാസ്ത്വം ചരണഭുവി, പുനര്‍ നിര്‍ഗ്ഗതോ വല്ഗുഹാസീ ||2||
ദുഷ്ട ! വഴിയില്‍നിന്നു വേഗം മാറിനില്‍ക്ക് ” എന്ന വാക്കുകൊണ്ട് കഠിനഹൃദയനും ദുഷ്ടബുദ്ധിയുമായ ആനപ്പാപ്പാന്റെ പ്രേരണയാല്‍ ഏറ്റവും വേഗത്തില്‍ അടുത്തെത്തിയതായ കുവലയാപീഠമെന്ന ആനയാല്‍ പിടിക്കപ്പെട്ടവനായ നിന്തിരുവടി കളിയായിത്തന്നെ പിടിവിടുവിച്ചശേഷം ഗോപിമാരുടെ കുചകുംഭങ്ങളോട് വളരെക്കാലമായി മത്സരിച്ചുകൊണ്ടിരിക്കുന്ന ആ മദയാനയുടെ മസ്തകത്തെ ഊക്കോടെ അടിച്ച് അതിന്റെ കാലുകള്‍ക്കിടയില്‍ മറഞ്ഞുനിന്നു; പിന്നീട് മനോഹരമായ മന്ദഹാസത്തോടുകൂടി നിന്തിരുവടി പുറത്തേക്കു ചാടി.
ഹസ്തപ്രപ്യോഽപ്യഗമോ ഝടിതി മുനിജനസ്യേവ
സ്യേവ ധാവന്‍ ഗജേന്ദ്രം
ക്രീഡന്നാപാത്യ ഭൂമൗ പുനരിഭിപതതഃ തസ്യ ദന്തം സജീവം
മൂലാദുന്മുല്യ തന്മൂലഗ മഹിതമഹാ മൗക്തികാന്യാത്തമിത്രേ
പ്രാദാസ്ത്വം, ഹാരമേഭിഃ ലളിത വിരചിതം രാധികായൈ ദിശേതി. ||3 ||
നിന്തിരുവടി യോഗീശ്വരമാര്‍ക്കെന്നപോലെ കൈകൊണ്ടു ഗ്രഹിക്ക ത്തക്കവനായിയെങ്കിലും അപ്രാപ്യനായി ഉടനെതന്നെ ആ മദഗജത്തിന്റെ നേര്‍ക്കു ഓടി ക്രീഡിക്കുന്നവനായി പിന്നീട് ഭൂമിയില്‍ വീണ് തന്റെ നേര്‍ക്കു കുതിച്ചുവരുന്ന അതിന്റെ കൊമ്പിനെ ജീവനോടുകൂടി പിടുങ്ങിയെടുത്ത് ആ കൊമ്പുകളുടെ മൂലഭാഗത്തുള്ള വിലയേറിയ മുത്തുകളെ ‘ഇവയെക്കൊണ്ടു മനോഹരമായി നിര്‍മ്മിക്കപ്പെട്ട മുത്തുമാലയെ രാധാക്കായ്ക്കൊണ്ട് കൊടുക്കണം’ എന്ന് പറഞ്ഞ് തന്റെ തോഴന്റെവശം നിന്തിരുവടി കൊടുത്തേല്പിച്ചു.
ഗൃഹ്ണാനം ദന്തമംസേ യുതമഥ ഹലിനാ
രംഗമംഗാവിശന്തം
ത്വാം മംഗല്യാംഗഭംഗീരഭസഹൃത മനോ
ലോചനാ വീക്ഷ്യ ലോകാഃ
ഹംഹോ! ധന്യോ ഹി നന്ദോ നഹി നഹി പശുപാ
ലാംഗനോ നോ യശോദാ
നോ നോ ധന്യേക്ഷണാഃ സ്മസ്ത്രിജഗതി വയമേ
വേതി സര്‍വ്വേ ശംസുഃ || 4 ||
ഹേ കൃഷ്ണ ! അനന്തരം ചുമലില്‍ ആനക്കൊമ്പിനെ വഹിച്ചുംകൊണ്ട് ബലരാമനോടുകൂടി സഭയില്‍ പ്രവേശിക്കുന്നവനായ നിന്തിരുവടിയെ അവിടെ കൂടിയിരിരുന്ന എല്ലാവരും കണ്ടിട്ട് മംഗളകരമായ ശരീരശോഭകൊണ്ട് ബലാല്‍ അപഹരിക്കപ്പെട്ട ഹൃദയങ്ങളോടും ദൃഷ്ടികളോടും കൂടിയവരായിട്ട് അഹോ ! മൂന്നുലോകത്തിലുംവെച്ച് നന്ദഗോപതന്നെയല്ലേ ഭാഗ്യവാന്‍ ! അല്ലല്ല ! ഇടയയുവതികളാണ്; അതുമല്ല, യശോദയാണ് ഭാഗ്യശാലി; അതൊന്നുമല്ല നാം തന്നെയാണ് കൃതാര്‍ത്ഥങ്ങളായ നയനങ്ങളോടു കൂടിയവരായിത്തീരുന്നത്; എന്നിങ്ങിനെ പുകഴ്ത്തിപറഞ്ഞു.
പൂര്‍ണ്ണം ബ്രഹ്മൈവ സാക്ഷാത് നിരവധി
പരമാനന്ദ സാന്ദ്രപ്രകാശം
ഗോപേഷു ത്വം വ്യലാസീഃ ന ഖലു ബഹുജനൈഃ
താവദാവേദിതോഽഭൂഃ
ദൃഷ്ട്വാഥ ത്വാം തദേദം പ്രഥമമുപഗതേ
പുണ്യകലേ ജനൗഘാഃ
പൂര്‍ണ്ണാനന്ദാ വിപാപാഃ സരസമഭിജഗുഃ
ത്വത്കൃതാനി സ്മൃതാനി .. || 5 ||
എങ്ങും നിറഞ്ഞിരിക്കുന്നതായി അവധിയില്ലാത്ത പരമാനന്ദരസംകൊണ്ടു പരിപൂര്‍ണ്ണമായി പ്രകാശിക്കുന്നതായി ബ്രഹ്മമായിത്തന്നെയിരിക്കുന്ന നിന്തിരുവടി പ്രത്യക്ഷത്തില്‍ ഗോപന്മാര്‍ക്കിടയില്‍ പ്രകാശിച്ചുകൊണ്ടിരുന്നു. സാധാരണ ജനങ്ങളാല്‍ അപ്രകാരമിരിക്കുന്നവനാണെന്ന് അറിയപ്പെട്ടതുതന്നെയില്ല; അനന്തരം ജനസമൂഹം സുകൃതപരിപാകം വന്നുചേര്‍ന്നപ്പോള്‍ ആദ്യമായി നിന്തിരുവടിയെ കണ്ടിട്ട് പാപങ്ങള്‍ നശിച്ച് പരിപൂര്‍ണ്ണമായ ആനന്ദത്തോടുകൂടിയവരായി ആ സമയം സ്മരിക്കപ്പെട്ടവനായ നിന്തിരുവടിയുടെ അമാനുഷകര്‍മ്മങ്ങളെ സരസമായി കീര്‍ത്തിച്ചുപാടി.
ചാണൂരോ മല്ലവീര, സ്തദനു നൃപഗിരാ മുഷ്ടികോ മുഷ്ടിശാലീ
ത്വാം രാമം ചാഭിപേദേ ഝടഝടിതിമിഥോ മുഷ്ടിപാതാതിരൂക്ഷം
ഉത്‍പാതാപാതനാകര്‍ഷണ വിവിധാരണാ ന്യാസതാം തത്ര ചിത്രം !
മൃത്യോഃ പ്രാഗേവ മല്ലപ്രഭുരഗമദയം ഭൂരിശോ ബന്ധമോക്ഷാന്‍ .. || 6 ||
അനന്തരം ആജ്ഞയനുസരിച്ച് മല്ലവീരനായ ചാണൂരനെന്നവനും മഹാമുഷ്ടിയോടുകൂടിയ മുഷ്ടികനെന്നവനും നിന്തിരുവടിയേയും ബലരാമനേയും വന്നെതിര്‍ത്തു; ചടചടശബ്ദത്തോടുകൂടി അന്യോന്യം മുഷ്ടികൊണ്ടിടിച്ചു അതിഘോരമായി മെല്പോട്ടെടുത്തെറിയുക, താഴെ തള്ളിയിടുക, അങ്ങുമിങ്ങും പിടിച്ചു വലിക്കുക, തള്ളുക മുതലായ പല യുദ്ധമുറകളും നടന്നു. ആ മല്‍പിടുത്തത്തില്‍ ഈ മല്ലവീരനായ ചാണൂരന്‍ മരിക്കുന്നതിന്നു മുമ്പായിത്തന്നെ വളരെ പ്രവശ്യം, ബന്ധമോക്ഷങ്ങളെ പ്രാപിച്ചു.
ഹാ ദിക്കഷ്ടം കുമാരൗ സുലലിതവപുഷൗ മല്ലവീരൗ കഠോരൗ
ന ദ്രക്ഷ്യാമോ, വ്രജാമം ത്വരിതമിതി ജനേ ഭാഷമാണേ തദാനിം
ചാണുരം തം കരോദ്ഭ്രാമണ വിഗലദസും പോഥയാമാസിഥോര്‍വ്യാം
പിഷ്ടോഽഭൂന്മുഷ്ടികോഽപി ഭുതമഥ ഹലിനാ നഷ്ടശിഷ്ടൈര്‍ദധാവേ || 7 ||
“ഈ കുട്ടികളിരുവരും മൃദുവായ ശരീരത്തോടു കൂടിയവരായിരിക്കുന്നു; മല്ലവീരന്മാര്‍ രണ്ടുപേരും കഠോരന്മാരുമാണ്” കഷ്ടം ! കഷ്ടം ! നമുക്കിതു കാണേണ്ട! ഇവിടെ നിന്നു വേഗം പോവുക ! എന്നിങ്ങിനെ അപ്പോള്‍ ജനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കവേ നിന്തിരുവടി ആ ചാണൂരനെ കൈകള്‍കൊണ്ടു പിടിച്ചു വട്ടത്തില്‍ ചുഴറ്റി നഷ്ടപ്രാണനാക്കി തറയിലിട്ട് ചതച്ചു; അനന്തരം വേഗത്തില്‍ ബലരാമനാല്‍ മുഷ്ടികനും ഇടിച്ചു പൊടിയാക്കപ്പെട്ടു. നശിച്ചു ശേഷിച്ചവര്‍ ഓടിപ്പോകയും ചെയ്തു.
കംസഃസംവാര്യ തൂര്‍യ്യം, ഖല്മതിരവിദന്‍ കാര്യ, മാര്യാന്‍ പിതൃംസ്താന്‍
ആഹന്തും, വ്യാപ്തമൂര്‍ത്തേഃ തവ ച സമസീഷദ് ദൂരമുത്സാരണായ
രുഷ്ടോ ദുഷ്ടോക്തിഭിസ്ത്വം ഗരൂഡ ഇവ ഗിരിം മഞ്ചമഞ്ചന്നുദഞ്ചത്
ഖഡ്ഗവ്യാവല്ഗദുസ്സംഗ്രഹമപി ച ഹഠാത് പ്രാഗ്രഹീരൗഗ്രസേനിം || 8 ||
ദുര്‍ബുദ്ധിയായ കംസന്‍ ഭേരിഘോഷത്തെ നിര്‍ത്തിയിട്ട് എന്തു ചെയ്യേണമെന്നറിയാതെ വന്ദ്യന്മാരായ ആ വസുദേവന്‍ ഉഗ്രസേനന്‍ മുതലായ ഗുരുജനങ്ങളെ വധിക്കുന്നതിന്നും സര്‍വവ്യാപിയായ നിന്തിരുവടിയെ ദൂരെ കൊണ്ടുപോയാക്കുന്നതിന്നും കല്പനകൊടുത്തു; അവന്റെ ദുര്‍വാക്കുകളാല്‍ ക്രുദ്ധനായി ഗരുഡന്‍ പര്‍വ്വതത്തിലേക്കു എന്നതുപോലെ കംസന്‍ ഇരുന്നിരുന്ന മഞ്ചത്തിലേക്കു കുതിച്ചുകയറിയ നിന്തിരുവടി ഉയര്‍ത്തിപ്പിടിച്ചു ചുഴറ്റുന്ന ഖഡ്ഗത്തിന്റെ ചലനംകൊണ്ട് ഗ്രഹിക്കുവാന്‍ കഴിയാത്ത വനായിരുന്നവെങ്കിലും ആ കംസനെ ബലാല്‍ക്കാരേണ കടന്നു പിടികൂടുകയും ചെയ്തു.
സദ്യോ നിഷ്പിഷ്ടസന്ധിം ഭുവി നരപതിമാ പാത്യ തസ്യോപരിഷ്ടാത്
ത്വയ്യാപാത്യേ, തദൈവ ത്വദുപരി പതിതാ നാകിനാം പുഷ്പവൃഷ്ടിഃ
കിം കിം ബ്രൂമസ്തദാനിം സതതമപി ഭിയാ ത്വദ്ഗതാത്മാ സ ഭേജേ
സായുജ്യം, ത്വദ്വധോത്ഥാ പരമ ! പരമിയം വാസനാ കാലനേമഃ || 9 ||
ഉടനെതന്നെ ആ ഭോജേശ്വരനെ നിശ്ശേഷം തകര്‍ക്കപ്പെട്ട സന്ധി ബന്ധങ്ങളോടുകൂടിയവനായി നിലത്തു തള്ളിയിട്ട് അവന്റെ മേല്‍ നിന്തിരുവടി ചാടിവീഴവേ അക്ഷണംതന്നെ നിന്തിരുവടിയുടെമേല്‍ ദേവന്മാരുടെ പുഷ്പവര്‍ഷം പതിച്ചു; ഹേ പരമപുരുഷ! ഞങ്ങള്‍ എന്തെന്തു പറയട്ടേ! അപ്പോള്‍ എപ്പോഴും ഭയംകൊണ്ട് അങ്ങയില്‍ സംസക്തമായ മനസ്സോടുകൂടിയ ആ കംസന്‍കൂടി മോക്ഷം പ്രാപിച്ചു. അങ്ങിനെയുള്ള മോക്ഷപ്രാപ്തി കാലനേമി എന്ന അസുരന്നു നിന്തിരുവടിയുടെ കൈകൊണ്ട് സാധിച്ചവധംകൊണ്ടുണ്ടായ പൂര്‍വ്വവാസനതന്നെയാകുന്നു.
തദ്‍ഭ്രാത്യനഷ്ട പിഷ്ട്വാ, ദ്രുതമഥ പിതരൗ സന്നമ, ന്നുഗ്രസേനം
കൃത്വാ രാജാന, മുച്ചൈഃ യദുകുലമഖിലം മോദയന്‍ കാമദാനൈഃ,
ഭക്താനാമുത്തമം ചോദ്ധവമമരഗുരോഃ ആപ്തനീതിം സഖായം
ലബ്ധ്വാ തുഷ്ടോ നഗര്യാം പവനപുരപതേ! രുന്ധി മേ സര്‍വ്വരോഗാന്‍ ||10 ||
അനന്തരം താമസംകൂടാതെ അവന്റെ സഹോദരന്മാര്‍ എട്ടുപേരേയും വധിച്ചു മാതാപിതാക്കന്മാരെ നമസ്കരിച്ച് ഉഗ്രസേനനെ രാജാവാക്കി വാഴിച്ചു യാദവന്മാരെ എല്ലാവരേയും അഭിഷ്ടങ്ങള്‍ നല്‍കി ഏറ്റവും സന്തോഷിപ്പിച്ച് ഭക്തന്മാരില്‍ ശ്രേഷ്ഠനും സുരഗുരുവായ ബൃഹസ്പതിയില്‍നിന്നു ലഭിക്കപ്പെട്ട രാജനീതിയോടുകൂടിയവനുമായ ഉദ്ധവനെ മിത്രമായി ലഭിച്ച് മധുരാപുരിയില്‍ സന്തോഷത്തോടെ പാര്‍ത്തുവന്ന നിന്തിരുവടി ! ഹേ വാതാലയനാഥ ! എന്റെ രോഗങ്ങളെയെല്ലാം ഇല്ലാതാക്കേണമേ.
കംസവധവര്‍ണ്ണനം എന്ന എഴുപത്തഞ്ചാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 776
വൃത്തം സ്രഗ്ദ്ധരാ.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.