ഗത്വ സാന്ദീപനിമഥ ചതുഃഷഷ്ടിമാത്രൈരഹോഭിഃ
സര്‍വ്വജ്ഞസ്ത്വം സഹ മുസലിനാ സര്‍വ്വവിദ്യാ ഗൃഹീത്വാ
പുത്രം നഷ്ടം യമനിലയനാ ദാഹൃതം ദക്ഷിണാര്‍ത്ഥം
ദത്വാ തസ്മൈ, നിജപുരമഗാ നാദയന്‍ പാഞ്ചജന്യം . || 1 ||
അനന്തരം എല്ലാമറിയുന്നവനായ നിന്തിരുവടി ബലഭദ്രനോടുംകൂടി സാന്ദീപനി എന്ന ബ്രാഹ്മണശ്രേഷ്ഠന്റെ അടുക്കല്‍ചെന്ന് അറുപത്തിനാലു ദിവസങ്ങള്‍ കൊണ്ട് എല്ലാ വിദ്യകളേയും ഗ്രഹിച്ച് ഗുരുദക്ഷിണയ്ക്കായി മരിച്ചുപോയ പുത്രനെ യമലോകത്തുനിന്നു കൂട്ടികൊണ്ടുവന്ന് അദ്ദേഹത്തിന്നു കാഴ്ചവെച്ച് പാഞ്ചജന്യമെന്ന ശംഖത്തെ മുഴക്കിക്കൊണ്ട് തന്റെ പുരമായ മഥുരയെ പ്രാപിച്ചു.
സ്മൃത്വാ പശുപസുദൃശഃ പ്രേമഭാരപ്രണുന്നാഃ
കാരുണ്യേന ത്വമപി വിവശഃ പ്രഹിണോരുദ്ധവം തം
കിഞ്ചാമുഷ്ടൈ പരമസുഹൃദേ ഭക്തവര്യായ താസാം
ഭക്ത്യുദ്രേകം സകലഭുവനേ ദുര്‍ല്ലഭം ദര്‍ശയിഷ്യന്‍ || 2 ||
ഗോപസുന്ദരിമാര്‍ നിന്തിരുവടിയെ ഇടവിടാതെ ചിന്തിച്ചുകൊണ്ട് പ്രേമധിക്യത്താല്‍ ഏറ്റവും പീഡിക്കപ്പെട്ടുവരായിത്തീര്‍ന്നിരുന്നു. നിന്തിരുവടിയാവാട്ടെ അവരോടുള്ള കാരുണ്യത്താല്‍ പരവശനായിരുന്നു. അത്രയുമല്ല, പരമഭക്തനും ഉറ്റ മിത്രവുമായ ഉദ്ധവന്നായ്ക്കൊണ്ട് ലോകത്തിലെവിടേയും കാണ്മാന്‍ കഴിയാത്തതായിരിക്കുന്ന ആ ഗോപികളുടെ അതിശയഭക്തിയെ കാണിച്ചുകൊടുക്കുമാറ് ആ ഉദ്ധവനെ അവരുടെ അടുത്തേക്കു സന്ദേശവുംകൊടുത്ത് പറഞ്ഞയച്ചു.
ത്വന്മാഹാത്മ്യപ്രഥിമപിശുനും ഗോകുലം പ്രാപ്യ സായം
ത്വദാര്‍ത്താഭിര്‍ ബഹു സ രമയാ മാസ നന്ദം യശോദാം
പ്രാതര്‍ദൃഷ്ട്വാ മണിമയരഥം ശങ്കിതോ പങ്കജാക്ഷ്യഃ
ശ്രുത്വാ പ്രാപ്തം ഭവദനുചരം ത്യക്തകാര്യാഃസ്സമീയുഃ || 3 ||
ആ ഉദ്ധവന്‍ സന്ധ്യാകാലത്തില്‍ അങ്ങയുടെ മാഹാത്മത്തെ സൂചിപ്പിക്കുന്നതായിരിക്കുന്ന ഗോകുലത്തിലെത്തിചേര്‍ന്നു അങ്ങയുടെ വൃത്താന്തങ്ങളെ പറഞ്ഞുകൊണ്ട് നന്ദഗോപനേയും യശോദയേയും വളരെ സന്തോഷിപ്പിച്ചു; പിറ്റേന്നു കാലത്ത് രത്നമയമായ തേരിനെ കണ്ടിട്ട് സംശയിക്കുന്നവരായ ഗോപികള്‍ നിന്തിരുവടിയുടെ ദൂതന്‍ വന്നിരിക്കുകയാണെന്ന് കേട്ട് ഗൃഹകൃത്യങ്ങളെല്ലാം ഉപേക്ഷിച്ച് അവിടെ വന്നുകൂടി.
ദൃഷ്ട്വാ ചൈനം ത്വദുപമ ലസദ്വേഷഭൂഷാഭിരാമം
സ്മൃത്വാ സ്മൃത്വാ തവ് വിലസിതാ സ്യുച്ചകൈസ്താനി താനി
രുദ്ധാലാപഃ കഥമപി പുനര്‍ ഗദ്ഗദാം വാചമുചുഃ
സൗജന്യാദീന്‍ നിജപരഭിദാ മപ്യലം വിസ്മരന്ത്യഃ || 4 ||
ആ ഗോപാംഗനമാര്‍ നിന്തിരുവടിയുടെതുപോലെയുള്ള വേഷഭൂഷങ്ങളാല്‍ മനോഹരനായിരിക്കുന്ന ആ ഉദ്ധവനെ കണ്ടിട്ട് നിന്തിരുവടിയുടേതുപോലെയുള്ള അതിശ്രേഷ്ഠങ്ങളായ അതാതു ശൃംഗാരവിലാസങ്ങളെ വീണ്ടും വീണ്ടും ഓര്‍മ്മിച്ചുകൊണ്ടും ബാഷ്പംകൊണ്ട് കണ്ഠമടഞ്ഞ് വാക്കുകള്‍ പുറത്തുവരാതെ പിന്നിട് (സ്ത്രീ) സമുദായമര്‍യ്യാദകളേയും സ്വജനമെന്നൊ അന്യനെന്നോ ഉള്ള വ്യത്യാസത്തേയും ഒട്ടും ഓര്‍മ്മിക്കാത്തവരായി വളരെ പണിപ്പെട്ട് തോണ്ടയിടരിക്കൊണ്ട് ഇപ്രകാരം പറഞ്ഞു.
ശ്രീമന്‍ ! കിം ത്വം പിതൃജനകൃതേ പ്രേഷിതോ നിര്‍ദ്ദയേന ?
ക്വാസൗ കാന്തോ നഗരസുദൃശാം ഹാ ഹരേ ! നാഥ ! പായാഃ
ആശ്ലേഷാണാമമൃതവപുഷോ ഹന്ത ! തേ ചുംബനാനാം
ഉന്മാദാനാം കുഹകവചസാം വിസ്മരേത് കാന്ത ! കാ വാ ? || 5 ||
“അല്ലേ ശ്രീമന്‍” ഭവാന്‍ ദയാലേശംപോലുമില്ലാത്ത കൃഷ്ണനാല്‍ മാതാക്കാന്മാരുടെ അടുത്തേക്കു പറഞ്ഞയക്കപ്പെട്ട ആളായിരിക്കുമല്ലോ! നഗരത്തിലെ സുന്ദരിമാരുടെ വല്ലഭനായിത്തീര്‍ന്നിരിക്കുന്ന അദ്ദേഹം ഇപ്പോള്‍ എവിടെയാണ് ? ദുഃഖങ്ങളെയെല്ലാം ഇല്ലാതാക്കുന്ന പ്രാണേശ്വര! ഞങ്ങളെ വെടിയരുതേ! കഷ്ടം! ഹേ മനോമോഹന! അവിടുത്തെ അമൃതമയമായ ശരീരത്തിന്റെ ആലിംഗനങ്ങളേയും ചുംബനങ്ങളേയും മനസ്സിനു വിഭ്രമമുളവാക്കുന്നവയായ വഞ്ചനവാക്കുകളേയും ഏതൊരുത്തിയാണ് മറക്കുന്നത് ?
രാസക്രീഡാ ലുളിത ലളിതം വിശ്ലാഥത്കേശപാശം
മന്ദോദ്ഭിന്നശ്രമജലകണം ലോഭനീയം ത്വദംഗം
കാരുണ്യാബ്ധേ ! സകൃദപി സമാ ലിംഗിതും ദര്‍ശയേതി
പ്രേമോന്മാദാദ് ഭുവനമദന ത്വത്പ്രിയാസ്ത്വാം വിലേപുഃ || 6 ||
“ഹേ ദയാവാരിധേ!” രാസക്രീഡയില്‍ മര്‍ദിക്കപ്പെട്ട് സുന്ദരമായും കെട്ടഴിഞ്ഞ് ചിതരിക്കിടക്കുന്ന തലമുടിയോടുകൂടിയതായും മെല്ലെ മെല്ലെ പൊടിഞ്ഞുതുടങ്ങിയ വിയര്‍പ്പുതുള്ളികളോടുകൂടിയതായും കാമിക്കത്തക്കതായും ഇരിക്കുന്ന അങ്ങയുടെ തിരുമേനിയെ മതിയാവോളം ഒന്നുകൂടി പുണരുന്നതിന്നു ഒരിക്കല്‍കൂടി ഞങ്ങള്‍ക്ക് കാണിച്ചു തരുവാന്‍ കനിവുണ്ടാവേണമേ’ എന്നിങ്ങിനെ ജഗന്മോഹന! നിന്തിരുവടിയുടെ പ്രേമഭാജനങ്ങളായ ആ ഗോപാംഗനമാര്‍ പ്രേമാധിക്യംകൊണ്ട് വിവേകമില്ലാതായിത്തീര്‍ന്നതു നിമിത്തം നിന്തിരുവടിയെക്കുറിച്ച് അതിയായി വിലപ്പിച്ചു.
ഏവംപ്രായൈര്‍ വിവശവചനൈഃ ആകുലാ ഗോപികാസ്താഃ
ത്വത്‍സന്ദേശൈഃ പ്രകൃതിമനയത് സോഽഥ വിജ്ഞാനഗര്‍ഭൈഃ
ഭൂയസ്താഭിര്‍ മുദിതമതിഭിഃ ത്വന്മയീഭിര്‍വധുഭിഃ
തത്തദ്വാര്‍ത്താസരസമനയത് കാനി ചിദ്വാസരാണി || 7 ||
അനന്തരം ആ ഉദ്ധവന്‍ ഈ വിധത്തിലുള്ള വികാരപരവശങ്ങളായ പ്രലപനങ്ങള്‍കൊണ്ട് ദുംഖിക്കുന്നവരായ ആ ഗോപികളെ തത്വജ്ഞാനം നിറഞ്ഞ അങ്ങയുടെ സന്ദേശവാക്യങ്ങളാല്‍ സ്വസ്ഥരാക്കിത്തീര്‍ത്തു. അതിന്നുശേഷം സന്തുഷ്ടചിത്തകളായി അങ്ങയോടു താദാത്മ്യം പ്രാപിച്ചവരായിത്തീര്‍ന്ന ആ ഗോപിമാരോടുംകൂടി കുറെദിവസം അതാതു വൃത്താന്തങ്ങള്‍ പറഞ്ഞും കേട്ടുംകൊണ്ട് ആനന്ദത്തോടെ കഴിച്ചുകൂട്ടി.
ത്വത്പ്രോദ്‍ഗാനൈഃസഹിതമനിശം സര്‍വ്വതോ ഗേഹകൃത്യം
ത്വദാര്‍ത്തൈവ പ്രസരതി മിഥഃ സൈവ ചോത്സ്വാപലാപഃ
ചേഷ്ടാഃ പ്രായസ്ത്വദനുകൃതയഃ ത്വന്മയം സര്‍വ്വമേവം
ദൃഷ്ട്വാ തത്ര വ്യകുഹദധികം വിസ്മയാദുദ്ധവോഽയം || 8 ||
എല്ലായ്പോഴും എല്ലായിടത്തും എല്ലാവരുടെ ഗൃഹകൃത്യങ്ങളും അങ്ങയെ സംബന്ധിച്ച ദിവ്യഗാനങ്ങളോടുകൂടിയതായിത്തന്നെ ഇരുന്നു; അങ്ങയെപറ്റി അന്യോന്യം ചെയ്യുന്ന സംഭാഷണങ്ങള്‍തന്നെയാണ് എവിടെയും വ്യാപിച്ചുകൊണ്ടിരുന്നത്; സ്വപ്നത്തില്‍ പായുന്നവയും നിന്തിരുവടിയുടെ വാര്‍ത്തതന്നെയാണ്. അനുഷ്ഠാനങ്ങള്‍ മിക്കവാറും അങ്ങയെ അനുകരിച്ചുകൊണ്ടുള്ളവതന്നെ; ഇങ്ങിനെ ആ ഗോകുലത്തില്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ഭഗവന്മമയിരിക്കുന്നതായി കണ്ടിട്ട് ആ ഉദ്ധവന്‍ ആശ്ചര്‍യ്യംകൊണ്ട് അതിയായി അമ്പരന്നുപോയി.
രാധായാ മേ പിയതമമിദം മത്പ്രിയൈവം ബ്രഹീതി
ത്വം കിം മൗനം കലയസി സഖേ ! മാനിനീ മത്പ്രിയേവ ?
ഇത്യാദ്യേവ പ്രവദതി സഖി ! ത്വത്പ്രിയോ നിര്‍ജ്ജനേ മാം
ഇത്ഥം വാദൈഃ അരമയദയം ത്വത് പ്രിയാമുത്പലാക്ഷീം || 9 ||
“എന്റെ രാധയ്ക്കു ഇതാണ് ഏറ്റവും പ്രിയമായിട്ടുള്ളത് ” എന്റെ പ്രിയതമയായ രാധ ഇങ്ങിനെയാണ് പറയുന്നത്” സഖിയായ ഹേ ഉദ്ധവ ! പ്രണയകലുഷയായ എന്റെ പ്രിയയെപ്പോലെ ഭവാന്‍ എന്താണ് മൗനം ധരിച്ചിരിക്കുന്നത് ? “സഖിയായ രാധേ ! ഇങ്ങിനെയെല്ലാംതന്നെയാണ് ഭവതിയുടെ പ്രേമസര്‍വസ്വമായ കൃഷ്ണന്‍ ഏകാന്തമായിരിക്കുന്ന അവസരങ്ങളില്‍ എന്നോടു പറയാറുള്ളത്? എന്നിങ്ങിനെയുള്ള വാര്‍ത്തകള്‍കൊണ്ടു ഈ ഉദ്ധവന്‍ അങ്ങയുടെ പ്രേയസിയായ ആ സുന്ദരിയായ രാധയെ സന്തോഷിപ്പിച്ചു.
ഏഷ്യാമി ദ്രാഗനുപഗമനം കേവലം കാര്യഭാരാത്
വിശ്ലേഷേഽപി സ്മരണദൃഢതാ സംഭവാന്മഽസ്തു ഖേദഃ
ബ്രഹ്മാനന്ദേ മിലതി ന ചിരാത് സംഗമോ വാ വിയോഗഃ
തുല്യോ വഃസ്യാത് ഇതി തവ ഗിരാ സോഽകരോന്നിര്‍വ്യഥാസ്താഃ || 10 ||
ഞാന്‍ വേഗം തിരിച്ചുവരാം; ഇപ്പോള്‍ വരാതിരിക്കുന്നത് വളരെ കാര്‍യ്യങ്ങള്‍ ചെയ്പാനുള്ളതുകൊണ്ട് മാത്രമാകുന്നു.; വേര്‍പിരിഞ്ഞിരിക്കുമ്പോഴും എന്നെത്തന്നെ സ്മരിച്ചുകൊണ്ടിരിക്കുകനിമിത്തം സ്മരണത്തിനുണ്ടാവുന്ന ദൃഡതകൊണ്ട് വ്യസനം ഉണ്ടാവേണ്ട ! താമസിക്കാതെ ബ്രഹ്മാനന്ദത്തില്‍കൂടിച്ചേര്‍രുമ്പോള്‍ ചേര്‍ച്ചയായാലും വേര്‍പാടായാലും നിങ്ങള്‍ക്കു ഒരുപോലെതന്നെയായിത്തീരുന്നതാണ്;” എന്നിങ്ങിനെയുള്ള അങ്ങയുടെ സന്ദേശവാക്യത്താല്‍ ആ ഉദ്ധവന്‍ ആ ഗോപവധുക്കളെ വ്യസനമില്ലാത്തവരാക്കിത്തീര്‍ത്തു.
ഏവം ഭക്തിഃസകലഭുവനേ നേക്ഷിതാ, ന ശ്രുതാ വാ
കിം ശാസ്ത്രൗഘൈഃ? കിമിഹ തപസാ? ഗോപികാഭ്യോ നമോഽസ്തു
ഇത്യാനന്ദകുലമുപഗതം ഗോകുലാദുദ്ധവം തം
ദൃഷ്ട്വാ ഹൃഷ്ടോ ഗുരുപുരപതേ ! പാഹി മാം ആമയൗഘാത് || 11 ||
ഇപ്രകാരമുള്ള ഉല്‍കൃഷ്ടമായ ഭക്തി എല്ലാ ലോകങ്ങളിലും കാണപ്പെട്ടതുമല്ല കേള്‍ക്കപ്പെട്ടിട്ടുമില്ല. ഇപ്രകാരമുള്ള ഭക്തിയുടെ വിഷയത്തില്‍ ശാസ്ത്രസമൂഹംകൊണ്ട് എന്തുഫലം? തപസ്സുകൊണ്ട് ആവുന്നതെന്ത്? ഗോപിമാര്‍ക്കു നമസ്കാരം ചെയ്യുന്നു; എന്നിങ്ങിനെ ആനന്ദപരവശ്യത്തോടെ ചിന്തിച്ചുകൊണ്ട് അമ്പാടിയില്‍നിന്നു മടങ്ങി വന്നവനായ ആ ഉദ്ധവനെ കണ്ടിട്ട് സന്തുഷ്ടനായ നിന്തിരുവടി ഹേ വാതലയേശ ! രോഗസമൂഹത്തില്‍നിന്നു എന്നേ രക്ഷിച്ചരുളേണമെ.
ഉദ്ധവദൂര്യവര്‍ണ്ണനം എന്ന എഴുപത്താറാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 781 – വൃത്തം. മന്ദാക്രാന്താ
ലക്ഷണം മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.