ഡൗണ്‍ലോഡ്‌ MP3

സൈരന്ധ്ര്യാസ്തദനു ചിരം സ്മരാതുരായാഃ
യാതോഽഭൂഃ സലളിതമുദ്ധവേന സാര്‍ദ്ധം
ആവാസം ത്വദുപഗമോത്സവം സദൈവ
ധ്യായന്ത്യാഃ പ്രതിദിനവാസസജ്ജികായാഃ || 1 ||

അനന്തരം നിന്തിരുവടി വളരെക്കാലമായി കാമപരവശനായി എല്ലായ്പോഴും അങ്ങയുടെ പ്രത്യാഗമനമാകുന്ന മഹോത്സാത്തെത്തന്നെ ആലോചിച്ചു കൊണ്ടിരിക്കുന്നവളായി ദിവസംതോറും ‘വാസകസജ്ജികയായി’[10] അണി ഞ്ഞൊരുങ്ങിയിരുന്ന വളായ സൈരന്ധ്രിയുടെ മനോഹരമായി അലങ്കരിക്കപ്പെട്ടിരുന്ന പാര്‍പ്പിടത്തിലേക്കു ഭാഗവതോത്തമനായ ഉദ്ധവനോടുകൂടി എഴുന്നെള്ളിയരുളി. (വൃത്തം. പ്രഹര്‍ഷിണി).

ഉപഗതേ ത്വയി പൂര്‍ണ്ണമനോരഥ‍ാം
പ്രമദസംഭ്രമകമ്പ്രപയോധര‍ാം
വിവിധമാനനമാദധതീം മുദാ
രഹസി ത‍ാം രമയാഞ്ചകൃഷേ സുഖം || 2 ||

നിന്തിരുവടി വന്നുചേര്‍ന്നപ്പോ‍ള്‍ അഭിലാഷം നിറവേറിയവളായി സന്തോഷസംഭ്രമങ്ങളാല്‍ തുടിക്കുന്ന സ്തനങ്ങളോടുകൂടിയവളായി പലവിധത്തിലുള്ള സല്‍ക്കാരത്തെ ചെയ്യുന്നവളായ അവളെ ഏകാന്തത്തി‍ല്‍ സന്തോഷത്തോടെ പരമസുഖം വരുമാറ് രമിപ്പിച്ചു. വൃത്തം. ദ്രുതവിളംബിതം.

പൃഷ്ടാ വരം പുനരസൗവവൃണോദ്വരാകീ
ഭുയസ്ത്വയാ സുരതമേവ നിശാന്തരേഷു
സായുജ്യമസ്ത്വി വദേത് ബുധ ഏവ കാമം
സാമീപ്യമസ്ത്വനിശമിത്യപി നാബ്രവീത് കിം? || 3 ||

അതില്‍പിന്നെ നിന്തിരുവടിയാ‍ല്‍ അഭീഷ്ടമെന്തെന്നു ചോദിച്ചക്കെപ്പെട്ടവളായ ഈ ക്ഷുദ്രയായ സൈരന്ധ്രി വീണ്ടും രാത്രികാലങ്ങളില്‍ നിന്തിരുവടിയോടുകൂടിയുള്ള സുരതസുഖത്തെത്തന്നെ പ്രാര്‍ത്ഥിച്ചു; ചിന്മയരുപിയായ നിന്തിരുവടിയോടു ഐക്യം പ്രാപിക്കേണമെന്നു പരമാത്മജ്ഞാനം സിദ്ധിച്ചവന്‍ മാത്രമേ അര്‍ത്ഥിക്കുകയുള്ളു; അതിരിക്കട്ടെ, നിന്തിരുവടിയുടെ സാമീപ്യം എപ്പോഴും ഉണ്ടാവേണം എന്നെങ്കിലും എന്തുകൊണ്ടാണാവോ അവള്‍ അവശ്യപ്പെടാതിരുന്നത്? .. വൃത്തം. വസന്തതിലകം.

തതോ ഭവാന്‍ ദേവ ! നിശാസു കാസുചിത്
മൃഗിദൃശം ത‍ാം നിഭൃതം വിനോദയന്‍
അദാദുപശോക ഇതി ശ്രിതം സുതം
സനാരാദാത് സാത്വതതന്ത്രവിദ് ബഭൗ || 4 ||

ഹേ പ്രകാശസ്വരുപ! അനന്തരം നിന്തിരുവടി ചിലദിവസം രാത്രികളില്‍ പേടമാന്‍മിഴിയായ അവളെ വിവിധവിനോദങ്ങളാല്‍ ഏറ്റവും രമിപ്പിച്ചുകൊണ്ട് ഉപശ്ലോകന്‍ എന്ന് പ്രസിദ്ധനായ തനയനെയും നല്‍കി. ആ കുമാരന്‍ നാരദമഹര്‍ഷിയി‍ല്‍ നിന്ന് ഭഗവത്പ്രീതിയ്ക്കുള്ള ഉപായങ്ങളെ ഉപദേശിക്കുന്നതു പാഞ്ചരാത്രം[11] എന്നറിയപ്പെടുന്നത്തുമായ സാത്വതതന്ത്രത്തെ ഗഹിച്ച് പരിശോഭിച്ചു. വൃത്തം. വംശസ്ഥം.

അക്രൂരമന്ദിരമിതോഽഥ ബലോദ്ധവാഭ്യ‍ാം
അഭ്യര്‍ച്ചിതോ ബഹു നുതോ മുദിതേന തേന
ഏനം വിസൃജ്യ വിപിനാഗത പാണ്ഡവേയ
വൃത്തം വിവേദിഥ, തഥാ ധൃതരാഷ്ട്രചേഷ്ട‍ാം. || 5 ||

അതില്‍പിന്നെ ജ്യേഷ്ഠനായ ബലഭദ്രനോടും ഭക്താഗ്രണിയായ ഉദ്ധവനോടുംകൂടി അക്രൂരന്റെ വസതിയെ പ്രാപിച്ച് നിന്തിരുവടി അത്യധികം സന്തുഷ്ടനായ ആ അക്രൂരനാല്‍ അത്യാദരവോടുകൂടി പൂജിക്കപ്പെട്ടവനും വളരെയേറെ സ്തുതിക്കപ്പെട്ടവനുമായിട്ട് അദ്ദേഹത്തെ പറഞ്ഞയച്ച് വനത്തില്‍നിന്നു ഹസ്തിനാപുരത്തിലേക്ക് മടങ്ങിയെത്തിയ പാണ്ഡവന്മാരുടെ വര്‍ത്തമാനങ്ങളേയും അതുപോലെതന്നെ ധൃതരാഷ്ടന്റെ പ്രവൃത്തിയേയും അറിഞ്ഞു. വൃത്തം :- വസന്തതിലകം.

വിഘാതാജ്ജമാതുഃ പരമസുഹൃദോ ഭോജനൃപതേഃ
ജരാസന്ധേ രുന്ധത്യനവധി രുഷാന്ധേഽഥ മഥുര‍ാം
രഥാദ്യൈര്‍ദ്യോര്‍ലബ്ധൈഃ കതിപയബലസ്ത്വം ബലയുതഃ
ത്രയോവിംശത്യക്ഷൗഹിണി തദുപനീതം സമഹൃഥാഃ || 6 ||

മകളുടെ ഭര്‍ത്താവും ഉറ്റ മിത്രവുമായ ഭോജേശ്വരന്റെ വധംനിമിത്തം അളവറ്റ കോപംകൊണ്ട് അന്ധനായീത്തി‍ര്‍ന്ന ജരാസന്ധ‍ന്‍ മഥുരാപുരിയെ വളഞ്ഞ് എതിര്‍ത്തപ്പോ‍ള്‍ ദേവലോകത്തില്‍നിന്നു വന്നു ചേര്‍ന്ന തേ‍ര്‍ തുടങ്ങിയ യുദ്ധസാമഗ്രികളോടുകൂടി വളരെ കുറച്ചുസൈന്യത്തോടുകൂടിയ നിന്തിരുവടി ബലരാമനോടുകൂടി ആ ജരാസന്ധനാല്‍ കൊണ്ടുവരപ്പെട്ടതായ ഇരുപത്തിമൂന്ന് അക്ഷൗഹിണിപ്പടയേയും* (21870 തേര്‍ ‍, അത്രയും ആന അതില്‍ മൂന്നിരട്ടി കുതിര, അഞ്ചിരട്ടി കാലാള്‍ ‍, ഇവയടങ്ങിയത് ഒരു അക്ഷൗഹിണി) കൊന്നൊടുക്കി.

ബദ്ധം ബലാദഥ ബലേന ബലോത്തരം ത്വം
ഭൂയോ ബലോദ്യമരസേന മുമോചിഥൈനം
നിശ്ശേഷ ദിഗ്ജയ സമാഹൃത വിശ്വസൈന്യാത്
കോഽന്യസ്തതോ ഹി ബലപൗരുഷവ‍ാംസ്തദാനീം ? || 7 ||

അനന്തരം ജ്യേഷ്ഠനായ ബലരാമനാല്‍ ബലാല്‍ക്കാരമായി ബന്ധിക്കപ്പെട്ടവനും അതിബലശാലിയുമായ ഈ ജരാസന്ധനെ നിന്തിരുവടി വീണ്ടും സൈന്യത്തെ ശേഖരിച്ചു യുദ്ധത്തിനു വരുമെന്ന കൗതുകം കൊണ്ട് വിട്ടയച്ചു; ദിക്കുകളെല്ല‍ാം ജയിച്ച് ശേഖരിക്കപ്പെട്ടതായ വമ്പിച്ച സൈന്യത്തോടുകൂടിയവനായ ആ ജരാസന്ധനേക്കാള്‍ ശക്തിയും പൗരുഷവും ഉള്ള മറ്റൊരു രാജാവ് അക്കാലത്ത് ആരാണുണ്ടായിരുന്നത്?

ഭഗ്നഃസ ലഗ്നഹൃദയോഽപി നൃപൈഃ പ്രണുന്നോ
യുദ്ധം ത്വയാ വ്യധിത ഷോഡശകൃത്വ ഏവം
അക്ഷൗഹിണീഃശിവ ശിവാസ്യ ജഘന്ഥ വിഷ്ണോ !
സംഭൂയ സൈകനവതിത്രിശതം തദാനിം || 8 ||

തോല്പിക്കപ്പെട്ട് മനസ്സുവീണവനെങ്കിലും ആ ജരാസന്ധന്‍ മറ്റുള്ള സാമന്തരാജാക്കന്മാരാല്‍ പ്രേരിപ്പിക്കപ്പെട്ടവനായിട്ട് ഇപ്രകാരം പതിനാറുപ്രാവശ്യം നിന്തിരുവടിയോടുകൂടി പോരാടി; ഭഗവാനേ ! ആ കാലത്ത് എല്ല‍ാംകൂടി ഇവന്റെ മുന്നൂറ്റിതൊണ്ണൂറ്റിയൊന്നു അക്ഷൗഹിണി പടകളേയും കൊന്നൊടുക്കിയല്ലൊ.

അഷ്ടദശേശ്യ സമരേ സമുപേയുഷി ത്വം
ദൃഷ്വാ പുരോഽഥ യവനം യവനത്രികോട്യാ
ത്വഷ്ട്രാ വിധാപ്യ പുരമാശു പയോധിമദ്ധ്യേ
തത്രാഥ യോഗബലതഃ സ്വജനാനനൈഷീഃ || 9 ||

അനന്തരം ഇവന്റെ പതിനെട്ടാമത്തെ യുദ്ധത്തില്‍ ഏറ്റുമുട്ടിയപ്പോ‍ള്‍ നിന്തിരുവടി മുന്‍ഭാഗത്തായി മൂന്നുകോടി യവനന്മാരോടുകൂടി വന്നുചേര്‍ന്ന യവനരാജാവിനെ കണ്ടിട്ട് ഉടനെതന്നെ വിശ്വകര്‍മ്മാവിനെകൊണ്ട് സമുദ്രത്തിന്റെ നടുവി‍ല്‍ ഒരു നഗരത്തെ നിര്‍മ്മിപ്പിച്ച് വേഗത്തി‍ല്‍ തന്റെ യോഗശക്തികൊണ്ട് മധുരാപുരനിവാസികളായ തന്റെ ആളുകളെയെല്ല‍ാം അവിടെ കൊണ്ടിപോയി ചേര്‍ത്തി. വൃത്തം. 7, 8, 9 വസന്തതിലകം.

പദ്ഭ്യ‍ാം ത്വം പദ്മമാലീ ചകിത ഇവ പുരാത് നിര്‍ഗ്ഗതോ ധാവമാനോ
മ്ലേച്ഛേശേനാനുയ്യാതോ വധസുകൃത വിഹീനേന ശൈലേ ന്യലൈഷീഃ
സുപ്തേന‍ാംഘ്ര്യാഹതേന ദ്രുതമഥ മുചുകുന്ദേന ഭസ്മീകൃതേഽസ്മിന്‍
ഭൂപായാസ്മൈ ഗുഹാന്തഃ സുലലിതവപുഷാ തസ്ഥിഷേ ഭക്തിഭാജേ || 10 ||

പത്മമാലയെ ധരിച്ചിരിക്കുന്ന നിന്തിരുവടി പേടിച്ചിട്ടെന്നപോലെ കാല്‍നടയായി പുരത്തില്‍നിന്നു പുറത്തുചാടി ഓടുന്നവനായി അങ്ങയുടെ കൈകൊണ്ടു മരിക്കുന്നതിന്നു തക്ക പുണ്യം ഇല്ലാത്തവനായ മ്ലേച്ഛരാജാവായ യവനനാല്‍ പിന്‍തുടരപ്പെട്ടവനായിട്ട് ഒരു പര്‍വ്വതത്തി‍ല്‍ ചെന്നൊളിച്ചു; അനന്തരം ഉറങ്ങിക്കിടക്കുന്നവനും യവനനാല്‍ ചവിട്ടപ്പെട്ടവനുമായ മുചുകുന്ദരാജാവിനാ‍ല്‍ ഉടന്‍തന്നെ ഈ യവനാധിപതി ഭസ്മമാക്കപ്പെട്ടപ്പോള്‍ പരമഭക്തനായിരുന്ന ഈ രാജവിന്ന് ആ പര്‍വ്വതഗുഹയി‍ല്‍ മനോഹരശരീരത്തോടുകൂടി പ്രത്യക്ഷനായി.

ഐക്ഷ്വാകോഽഹം വിരക്തോഽസ്മ്യഖില നൃപസുഖേ
ത്വത്പ്രസാദൈകക‍ാംക്ഷീ
ഹാ ദേവേതി സ്തുവന്തം വരവിതതിഷു തം
നിസ്പൃഹം വീക്ഷ്യ ഹൃഷ്യന്‍
മുക്തേസ്തുല്യാഞ്ച ഭക്തിം ധുതസകലമല‍ാം
മോക്ഷമപ്യാശു ദത്വാ
കാര്യം ഹിംസാവിശുദ്ധ്യൈ തപ ഇതി ച തദാ
പ്രാത്ഥ ലോകപ്രതീത്യൈ. || 11 ||

അല്ലയോ ഭഗവാനേ ! ഞാന്‍ ഇക്ഷ്വാകുവംശത്തി‍ല്‍ ജനിച്ചവനാണ്. എല്ലാ രാജഭോഗങ്ങളിലും വിരക്തിവന്നവനായി അങ്ങയുടെ അനുഗ്രഹത്തെമാത്രം ആഗ്രഹിച്ചുകൊണ്ടാണിരിക്കുന്നത്” എന്നിങ്ങിനെ സ്തുതിച്ചുകൊണ്ടിരുന്ന ആ മുചുകുന്ദനെ വരങ്ങളൊന്നിലും ആഗ്രഹമില്ലാത്തവനായി കണ്ടിട്ട് സന്തോഷിച്ചുകൊണ്ട് മോക്ഷത്തിന്നു തുല്യമായ ഭക്തിയേയും സകല കന്മഷങ്ങളേയും നീക്കം ചെയ്യുന്നതായ മോക്ഷത്തേയും തല്‍ക്ഷണംതന്നെ നല്കിയനുഗ്രഹിച്ചിട്ട് അപ്പോ‍ള്‍ ‘ക്ഷത്രിയധര്‍മ്മമനുസരിച്ച മുന്‍പു ചെയ്തിട്ടുള്ള ഹിംസകള്‍കൊണ്ടു വന്നുചേര്‍ന്നിരിക്കാവുന്ന പാപം തീരുന്നതിന്ന് തപസ്സു ചെയ്യേണ്ടതാണ്” എന്നു ലോകരക്ഷയ്ക്കുവേണ്ടി നിന്തിരുവടി ഉല്‍ബോധിപ്പിക്കുകയും ചെയ്തു. വൃത്തം. 10,11 സ്രഗ്ധരാ.

തദനു മഥുര‍ാം ഗത്വാ ഹത്വാ ചമൂം യവനാഹൃത‍ാം
മഗധപതിനാ മാര്‍ഗ്ഗേ സൈന്യൈഃ പുരേവ നിവാരിതഃ
ചരമവിജയം ദര്‍പ്പായസ്മൈ പ്രദായ പലായിതോ
ജലധിനഗരീം യാതോ വാതലയേശ്വര ! പാഹി മ‍ാം. || 12 ||

ഉപശ്ലോകോത്പത്തിപ്രഭൃതിവര്‍ണ്ണനം എന്ന എഴുപത്തേഴ‍ാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 793
വൃത്തം. ഹരിണി.
ലക്ഷണം നസമ ഹരിണിക്കാറും പത്തും മുറിഞ്ഞു രസം ലഗം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.