ത്രിദിവ വര്‍ദ്ധകി വര്‍ദ്ധിതികൗശലം
ത്രിദശ ദത്ത സമസ്തവിഭുതിമത്
ജലധിമമദ്ധ്യഗതം ത്വമഭൂഷയോ
നവപുരം വപുരഞ്ചിതരോചിഷാ || 1 ||
ദേവശില്പിയായ വിശ്വകര്‍മ്മാവിനാല്‍ വര്‍ദ്ധിക്കപ്പെട്ട ശില്പചാതുര്‍യ്യത്തോടും ദേവന്മാരാല്‍ നല്കപ്പെട്ട സകലവിധ ഐശ്വര്‍യ്യങ്ങളോടുംകൂടിയതും സമുദ്രത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നതുമായ പുതിയ നഗരത്തെ നിന്തിരുവടി ശരീരകാന്തികൊണ്ടു പരിശോഭിപ്പിച്ചുവല്ലോ !
ദദുഷി രേവതഭൂഭൃതി രേവതീം
ഹലഭൃതേ തനയാം വിധിശാസനാത്
മഹിതമുത്സവഘോഷമപൂപുഷഃ
സമുദിതൈര്‍ മുദിതൈഃസഹ യാദവൈഃ || 2 ||
ബ്രഹ്മദേവന്റെ നിയോഗമനുസരിച്ച് രേവതനെന്ന രാജാവ് തന്റെ ഏകപുത്രിയായ രേവതിയെന്ന കന്യകയെ ബലരാമന്നു പത്നിയായി നല്‍കിയപ്പോള്‍ വന്നുകൂടിയിരുന്നവരായ ഉത്സാഹഭരിതരായ യാദവന്മാരോടുകൂടി നിന്തിരുവടി ശ്രേഷ്ഠമായ ആ വിവാഹോത്സവാഘോഷത്തെ പോഷിപ്പിച്ചു.
അഥ വിദര്‍ഭസുതാം ഖലു രുക്മിണീം
പ്രണയിനീം ത്വയി ദേവ! സഹോദരഃ
സ്വയമദിസ്തത ചേദിമഹീഭുജേ
സ്വതമസാ തമസാധുമുപാശ്രയാന്‍ || 3 ||
അതില്‍പിന്നെ ഹേ ഭഗവന്‍! നിന്തിരുവടിയില്‍ അനുരക്തയായിരുന്ന വിദര്‍ഭരാജാവിന്റെ പുത്രിയായ രുഗ്മിണിയെ അവളുടെ ജ്യേഷ്ഠനായ രുക്‍മി തന്റെ അജ്ഞാനത്താല്‍ ആ ദുഷ്ടനായ ശിശുപാലനെ സേവിക്കുന്നവനായിട്ട് ചേദിരാജാവായ അദ്ദേഹത്തിന്ന് മറ്റുള്ളവരുടെ ആരുടേയും അനുമതി ചോദിക്കാതെ തന്നത്താന്‍ നല്‍കുന്നതിന്ന് ആഗ്രഹിച്ചുവല്ലോ !
ചിരധൃതപ്രണയാ ത്വയി ബാലികാ
സപദി കാംക്ഷിത ഭംഗസമാകുലാ
തവ നിവേദയിതും ദ്വിജാമാദിശത്
സ്വകദനം കദനംഗവിനിര്‍മ്മിതം || 4 ||
നിന്തിരുവടിയില്‍ വളരെക്കാലമായി പുലര്‍ത്തപ്പെട്ട പ്രാണയത്തോടുകൂടിയവളായ ആ കന്യക അഭിലാഷത്തിന്നു നേരിട്ട വിഘ്നംകൊണ്ട് വ്യസനിക്കുന്നവളായി ദയാലേശമില്ലാത്ത കാമദേവനാല്‍ ജനിപ്പിക്കപ്പെട്ട തന്റെ ദുഃഖത്തെ അങ്ങയെ അറിയിക്കുന്നതിന്നു ഉടന്‍തന്നെ ഒരു ബ്രാഹ്മണനെ പറഞ്ഞയച്ചു.
ദ്വിജസുതോഽപി ച തൂര്‍ണ്ണമുപായയൗ
തവ പുരം ഹി ദുരാശദുരാസദം
മുദമവാപ ച സാദരപൂജിതഃ
സ ഭവതാ ഭവതാപഹൃതാ സ്വയം. || 5 ||
ആ ബ്രാഹ്മണകുമാരനാവട്ടെ ദുഷ്ടന്മാര്‍ക്കു പ്രവേശിക്കുവാന്‍ കഴിയാത്ത തായിതന്നെയിരിക്കുന്ന നിന്തിരുവടിയുടെ ദ്വാരകാപുരിയില്‍ വളരെ വേഗത്തില്‍ എത്തിച്ചേര്‍ന്നു; സംസാരദുഃഖത്തെ നശിപ്പിക്കുന്നവനായ നിന്തിരുവടിയാല്‍ സ്വയമേവ ആദരവോടുകൂടി സല്‍ക്കരിക്കപ്പെട്ടവനായ ആ അന്തണന്‍ അതിയായ സന്തോഷത്തെ പ്രാപിക്കുകയും ചെയ്തു.
സ ച ഭവന്തമവോചത കുണ്ഢിനേ
നൃപസുതാ ഖലു രാജതി രുക്മിണീ
ത്വയി സമുത്സുകയാ നിജധീരതാ
രഹിതയാ ഹി തയാ പ്രഹിതോഽസ്മ്യഹം || 6 ||
അദ്ദേഹമാവട്ടെ അങ്ങയോടറിയിച്ചു. “കുണ്ഡിനപുരത്തില്‍ വിദര്‍ഭരാജാവിന്റെ പുത്രിയായ രുഗ്മിണിയെന്ന ഒരംഗനാരത്നം ശോഭിക്കുന്നുണ്ടല്ലോ ! നിന്തിരുവടിയില്‍ അത്യധികം അനുരാഗത്തോടുകൂടിയവളായി തന്റെ ധൈര്‍യ്യം ഒഴിഞ്ഞവളായ അവളാല്‍ തന്നെയാണ് ഞാന്‍ നിയോഗിച്ചയക്കപ്പെട്ടിരിക്കുന്നത്.
തവ ഹൃതാഽസ്മി പുരൈവ ഗുണൈരഹം
ഹരതി മാം കില ചേദിനൃപോഽധുനാ
അയി കൃപാലയ! പാലയ മാമിതി
പ്രജഗദേ ജഗദേകപതേ ! തയാ || 7 ||
‘അബലയായ ഞാന്‍ അങ്ങയുടെ ഗുണഗണങ്ങളാല്‍ മുന്‍പേതന്നെ അപഹരിക്കപ്പെട്ടവളായിത്തീര്‍ന്നിരിക്കുന്നു; ഇപ്പോള്‍ അപ്രകാരമിരിക്കുന്ന എന്നെ ചേദിരാജാവായ ശിശുപാലന്‍ അപഹരിക്കുവാന്‍ പോകുന്നുവെന്ന് കേള്‍ക്കുന്നു; ഹേ കൃപാനിധേ ! ലോകൈകനാഥാ ! നിന്തിരുവടി എന്നെ രക്ഷിക്കേണമേ!’ എന്ന് അവളാല്‍ പറഞ്ഞയക്കപ്പെട്ടിരിക്കുന്നു.
അശരണാം യദി മാം ത്വമുപേക്ഷസേ,
സപദി ജീവിതമേവ ജഹാമ്യഹം
ഇതി ഗിരാ സുതനോരതനോദ് ദൃശം
സുഹൃദയം ഹൃദയം തവ കാതരം || 8 ||
‘നിന്തിരുവടി നാഥനില്ലാത്തവളായ എന്നെ ഉപേക്ഷിക്കുന്നപക്ഷം ഞാന്‍ ഉടനെ ജീവിതത്തെതന്നെ ഉപേക്ഷിക്കുന്നതാണ്’ എന്നിങ്ങിനെ ആ സുന്ദാരാംഗിയുടെ വാക്യത്താല്‍ സ്നേഹിതനായ ഈ ബ്രാഹ്മണന്‍ നിന്തിരുവടിയുടെ മനസ്സിനെ ഏറ്റവും ഭയമുള്ളതാക്കിത്തീര്‍ത്തു.
അകഥയസ്ത്വമഥൈമയേ സഖേ !
തദധികാ മമ മന്മഥവേദനാ
നൃപസമക്ഷമുപേത്യ ഹരാമൃഹം
തദയി ! താം ദയിതാമസിതേക്ഷണാം || 9 ||
ഇതെല്ലാം കേട്ടതിന്നുശേഷം ഈ ബ്രാഹ്മണനോട് ഇപ്രകരം അരുളിചെയ്തു: ‘അല്ലേ സ്നേഹിത ! എന്റെ മാരപീഡയാവട്ടെ അതിനേക്കാളും അധികമായിട്ടാണിരിക്കുന്നത്; അതിനാല്‍ ഹേ ഭൂദേവ ! ഞാന്‍ അവിടെവന്നു രാജാക്കന്മാരുടെ സഭയില്‍വെച്ചു തന്നെ ആ കരിമിഴിയാളായി പ്രേമമയിയായിരിക്കുന്ന ആ രാജകന്യകയെ കൊണ്ടുവരുന്നുണ്ട്.
പ്രമുദിതേന ച തേന സമം തദാ
രഥഗതോ ലഘു കുണ്ഡിനമേയിവാന്‍
ഗുരുമരുത്പുരനായക ! മേ ഭവാന്‍
വിതനുതാം തനുതാമഖിലാപദാം || 10 ||
ഗുരുവായൂരപ്പ! അനന്തരം ഏറ്റവും സന്തുഷ്ടനായ ആ ബ്രാഹ്മണനോടു കൂടി തേരില്‍ക്കയരി അതിവേഗത്തില്‍ കുണ്ഡിനപുരത്തില്‍ എത്തിചേര്‍ന്നവനായ നിന്തിരുവതി എന്റെ എല്ലാവിധ ആപത്തുകളുടേയും ഉന്മൂലനാശം ചെയ്തരുളേണമേ.
രുഗ്മിണീസ്വയംവരവര്‍ണ്ണനം എന്ന് എഴുപത്തെട്ടാം ദശകം സമാപ്തം.
വൃത്തം. ദ്രുതവിളംബിതം.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.