ഡൗണ്‍ലോഡ്‌ MP3

ബലസമേതബലാനുഗതോ ഭവാന്‍
പുരമഗാഹത ഭീഷ്മകമാനിതാഃ
ദ്വിജസുതം ത്വദുപാഗമവാദിനം
ധൃതരസാ തരസാ പ്രണനാമ സാ || 1 ||

സൈന്യത്തോടുകൂടിയ ബലരാമനാല്‍ അനുഗമിക്കപ്പെട്ടവനായ നിന്തിരുവടി വിദര്‍ഭാധിപതിയായ ഭീഷ്മനാല്‍ സല്ക്കരിച്ച് ബഹുമാനിക്കപ്പെട്ടാവനായി നഗരത്തി‍ല്‍ പ്രവേശിച്ചു; അങ്ങയുടെ ആഗമനത്തെ അറിയിക്കുന്നവനായ ആ വിപ്രകുമാരനെ വര്‍ദ്ധിച്ച കുതുകത്തോടുകൂടിയവളായ ആ രുഗ്മിണി ഉടനെതന്നെ നമസ്കരിച്ചു.

ഭുവനകാന്തമവേക്ഷ്യ ഭവദ്വപുഃ
നൃപസുതസ്യ നിശമ്യ ച ചേഷ്ടിതം
വിപുലഖേദജുഷ‍ാം പുരവാസിന‍ാം
സരുദിതൈരുദിതൈരഗമന്നിശാ || 2 ||

ജഗന്മോഹനമായ നിന്തിരുവടിയുടെ സുകുമാരശരീരത്തെ കണ്ടിട്ടും രാജകുമാരനായ രുക്‍മിയുടെ അനാശാസ്യമായ പ്രവൃത്തിയെ കുറിച്ച് കേട്ടിട്ടും അതിയായ ഖേദത്തോടുകൂടിയവരായ ആ കുണ്ഡിനപുരത്തിലെ ജനങ്ങള്‍ക്കു വ്യസനത്തോടുകൂടിയ സംഭാഷണങ്ങള്‍കൊണ്ട് രാത്രി കഴിഞ്ഞുകൂടി.

തദനു വന്ദിതമിന്ദുമുഖീ ശിവ‍ാം
വിഹിതമംഗലഭൂഷണ ഭാസുരാ
നിരഗമദ് ഭവദര്‍പ്പിതജീവിതാ
സ്വപുരതഃ പുരതഃ സുഭടാവൃതാ || 3 ||

അതിനുശേഷം പ്രഭാതമായതോടെ വിവാഹമംഗളത്തിന്നു യോജിച്ചതായ ആഭരണങ്ങളണിഞ്ഞ് പരിശോഭിക്കുന്നവളായ ശശിവദനയായ രുഗ്മിണി ശ്രീപാര്‍വ്വതിയെ വന്ദിക്കുന്നതിന്നുവേണ്ടി നിന്തിരുവടിയിലര്‍പ്പിക്കപ്പെട്ട ജീവിതത്തോടുകൂടിയവളായ ആയുധപാണികളായ ഭടന്മാരാല്‍ ചുറ്റും കാത്തുരക്ഷിക്കപ്പെട്ടവളായിത്തന്നെ അന്തഃപുരത്തില്‍നിന്നു പുറത്തേക്ക് പുറപ്പെട്ടു.

കുലവധൂഭിരുപേത്യ കുമാരികാ
ഗിരിസുത‍ാം പരിപൂജ്യ ച സാദരം
മുഹുരയാചത തത്പദപങ്കജേ
നിപതിതാ പതിത‍ാം തവ കേവലം || 4 ||

ആ കന്യകരത്നം ഭര്‍ത്തൃമതികളായിരിക്കുന്ന കുലസ്ത്രീകളോടുകൂടിച്ചേര്‍ന്ന് ശ്രീപാര്‍വ്വതിയെ ഭക്തിയോടുകൂടി പൂജിച്ച് ആ ലോകേശ്വരിയുടെ പാദാരവിന്ദത്തി‍ല്‍ വീണുനമസ്കരിച്ച് നിന്തിരുവടി ഭര്‍ത്താവാകേണമെന്നുമാത്രം വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കുകയും ചെയ്തു.

സമവലോക കുതൂഹല സങ്കുലേ
നൃപകുലേ നിഭൃതം ത്വയി ച സ്ഥിതേ
നൃപസുതാ നിരഗാദ ഗിരിജാലയാത്
സുരുചിരം രുചിരഞ്ജിത ദിങ്മുഖാ || 5 ||

രാജാക്കന്മാരുടേ സംഘം കന്യകയെ കാണ്മാനുള്ള കൗതുകത്തോടെ തിക്കിത്തിരക്കിയും നിന്തിരുവടി ആകാന്തത്തിലും സ്ഥിതിചെയ്യവേ ആ രാജകുമാരി ശരീരകാന്തിയാ‍ല്‍ ദിക്കുകളെയെല്ല‍ാം പ്രകാശിപ്പിച്ചുകൊണ്ട് പാര്‍വ്വതീക്ഷേത്രത്തില്‍നിന്ന് മനോഹര മാകുംവണ്ണം പുറത്തേക്കു കടന്നു.

ഭുവനമോഹന രൂപരുചാ തദാ
വിവശിതഖിലരാജകദംബയാ
ത്വമപി ദേവ ! കടാക്ഷ വിമോക്ഷണൈഃ
പ്രമദയാ മദയാഞ്ചകൃഷേ മനാക്‍ || 6 ||

അപ്പോള്‍ ലോകത്തെയെല്ല‍ാം മോഹിപ്പിക്കുന്ന ശരീരക്കാന്തികൊണ്ട് എല്ലാ രാജാക്കന്മരേയും പരവശമാക്കുന്നവളായ നറും യൗവനം തുളുമ്പുന്നവളായ ആ വിദര്‍ഭരാജകന്യകയാ‍ല്‍ കടക്കണ്‍കോണ്‍കൊണ്ടെറിയപ്പെട്ട് സച്ചിദാനന്ദമൂര്‍ത്തിയായ ഹേ ഭഗവാനേ! നിന്തിരുവടിയുംകൂടി അല്പമൊന്നു മനസ്സിളകി മതിമറന്നുനിന്നുപോയില്ലേ!

ക്വനു ഗമിഷ്യസി ചന്ദ്രമുഖീതി ത‍ാം
സരസമേത്യ കരേണ ഹരന്‍ ക്ഷണാത്
സമധിരോപ്യ തഥം ത്വമപാഹൃഥാഃ
ഭുവി തതോ വിതതോ നിനദോ ദ്വിഷ‍ാം. || 7 ||

‘ചന്ദ്രാനനേ! എവിടേക്കാണ് പോകുന്നത്?” എന്നു ചോദിച്ചുകൊണ്ട് പ്രേമത്തോടുകൂടി അവളുടെ അടുത്തേക്കു ചെന്ന് നിന്തിരുവടി അവളെ കൈകൊണ്ടു പിടിച്ച് ഒരു നൊടിയിടകൊണ്ട് തേരിലേറ്റിയിരുത്തി കൂട്ടിക്കൊണ്ടുപോയി. ഉടനെ തന്നെ ശത്രുക്കളുടെ ബഹളം ആ സ്ഥലത്തെങ്ങും പരന്നു.

ക്വനു ഗതഃ പശുപാല ഇതി ക്രുധാ
കൃതരണാ യദുഭിശ്ച ജിതാ നൃപാഃ
ന തു ഭവാനുദചാല്യത തൈരഹോ !
പിശുനകൈഃ ശുനകൈരിവ കേസരി || 8 ||

‘ആ കാലിമെയ്ക്കുന്നവന്‍ എവിടെപ്പോയി’, എന്നു പറഞ്ഞു കുപിതരായി പാഞ്ഞെത്തി യുദ്ധംചെയ്തവരായ രാജാക്കന്മാരെല്ല‍ാം യാദവന്മാരാല്‍ ജയിക്കപ്പെട്ടു; നിന്തിരുവടിയാവട്ടെ ദുര്‍മതികളായ ആ രാജാക്കന്മാരാ‍ല്‍ നായ്ക്കളാ‍ല്‍ സിംഹമെന്നതുപോലെ ചലിപ്പിക്കപ്പെട്ടതേയില്ല ! ആശ്ചര്‍യ്യംതന്നെ !

തദനു രുക്മിണിമാഗതമാഹവേ
വധുമുപേക്ഷ്യനിബദ്ധ്യ വിരൂപയന്‍
ഹൃതമദം പരിമുച്യ ബലോക്തിഭിഃ
പുരമയാ രമയാ സഹ കാന്തയാ. || 9 ||

അനന്തരം യുദ്ധത്തില്‍ വന്നുചേര്‍ന്ന രുക്‍മിയെ നിന്തിരുവടി വധിക്കാതെ പിടിച്ചുകെട്ടി തലമുടിയും മറ്റും മുറിച്ചു വിരുപനാക്കി. അഹങ്കാരം നശിച്ച അവനെ ജ്യേഷ്ഠനായ ബലരാമന്റെ വാക്കുകളനുസരിച്ച് വിട്ടയച്ചിട്ട്, സാക്ഷാല്‍ ശ്രീദേവിയായ പ്രിയതമയായ രുഗ്മിണിയോടുകൂടി ദ്വരകാപുരിയിലേക്കു എഴുന്നെള്ളി.

നവസമാഗമ ലജ്ജിതമാനസ‍ാം
പ്രണയകൗതുക ജൃംഭിത മന്മഥ‍ാം
അരമയഃ ഖലു നാഥ ! യഥാസുഖം
രഹസി ത‍ാം ഹസിത‍ാംശു ലസന്മുഖിം. || 10 ||

ഹേ ഭഗവാനേ! നവസംഗമമായതുകൊണ്ട് ലജ്ജിക്കുന്ന മനസ്സോടുകൂടിയവളായും അനുരാഗംകൊണ്ടും അഭിലാഷംകൊണ്ടും വര്‍ദ്ധിച്ചിരിക്കുന്ന മന്മഥ വികാരത്തോടുകൂടിയവളായും മന്ദഹാസത്തിന്റെ ശോഭകൊണ്ട് വിളങ്ങുന്ന മുഖത്തോടുകൂടിയവളായും ഇരിക്കുന്ന ആ രുഗ്മിണിയെ ഏകാന്തത്തി‍ല്‍ സുഖകരമാകുംവണ്ണം രമിപ്പിച്ചുവല്ലോ.

വിവിധനര്‍മ്മഭിരേവമഹര്‍ന്നിശം
പ്രമദമാകലയന്‍ പുനരേകദാ
ഋജുമതേഃ കില വക്രഗിരാ ഭാവാന്‍
വരതനോരതനോദതിലോലത‍ാം || 11 ||

ഇപ്രകാരം പല പല കേളികള്‍കൊണ്ട് പകലും രാതിയും ആനന്ദം നല്‍കിക്കൊണ്ടിരിക്കവേ നിന്തിരുവടി പിന്നെ ഒരു ദിവസം മനസ്സിനു വിരോധമായ വാക്കുകൊണ്ട് കപടമെന്തെന്നറിയാത്തവളായ ആ സുന്ദര‍ാംഗിക്കു ഏറ്റവും വലുതായ പരിഭവമുണ്ടാക്കിയത്രെ.

തദധികൈരഥ ലാലനകൗശലൈഃ
പ്രണയിനീമധികം സുഖയന്നിമ‍ാം
അയി മുകുന്ദ ഭവച്ചരിതാനി നഃ
പ്രഗദത‍ാം ഗതാന്തിമപാകുരു || 12 ||

അനന്തരം അതിനെ നിസ്സാരമാക്കത്തക്കവണ്ണം അതിലുമധികമായ ലാളനകളാലും മറ്റുപായങ്ങളാലും പ്രേമസര്‍വ്വസ്വമായ ഇവളെ മുന്നേതിലുമധികം രമിപ്പിക്കുന്നവനായ നിന്തിരുവടി, ഹേ മോക്ഷപ്രദനായ ഭഗവാനേ ! നിന്തിരുവടിയുടെ പരിപാവനങ്ങളായ ചരിതങ്ങളെ കഥനം ചെയ്യുന്നവരായ ഞങ്ങള്‍ക്കു രോഗത്തില്‍നിന്നുണ്ടായ ക്ലേശങ്ങളെ നീക്കം ചെയ്യേണമേ.

രുഗ്മിണിസ്വയംവരവര്‍ണ്ണനം എന്ന എഴുപത്തൊമ്പത‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 815.
വൃത്തം. ദുരവിളംബിതം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.