ഡൗണ്‍ലോഡ്‌ MP3

സ്നിഗ്ദ്ധ‍ാം മുഗ്ദ്ധ‍ാം സതതമപി ത‍ാം
ലാളയന്‍ സത്യഭാമ‍ാം
താതോ ഭൂയഃസഹ ഖലു തയാ
യാജ്ഞസേനീവിവാഹം
പാര്‍ത്ഥപ്രീത്യൈ പുനരപി മനാ
ഗാസ്ഥിതോ ഹസ്തിപുര്‍യ്യ‍ാം
ശക്രപ്രസ്ഥം പുരമപി വിഭോ!
സംവിധായാഗതോഽഭൂഃ || 1 ||

സ്നേഹമയിയും മനോഹരിയുമായ ആ സത്യഭാമയെ എല്ലായ്പോഴും ലാളിച്ചുകൊണ്ടിരിക്കുന്ന നിന്തിരുവടി പിന്നീട് അവളോടുകൂടിതന്നെ പാഞ്ചാലീസ്വയംവരത്തിന്നു എഴുന്നെള്ളി. അര്‍ജ്ജുനന്റെ സന്തോഷത്തിന്നുവേണ്ടി പിന്നിട് കുറച്ചുകാലം ഹസ്തിനപുരത്തില്‍ താമസിച്ച് ഹേ ഭഗവാനേ ! ഇന്ദ്രപ്രസ്ഥം എന്ന ഒരു പുരത്തേയും നി‍ര്‍മ്മിപ്പിച്ച് തിരിച്ചുവരികയും ചെയ്തു.

ഭദ്ര‍ാം ഭദ്ര‍ാം ഭവദവരജ‍ാം കൗരവേണാര്‍ത്ഥ്യമാന‍ാം
ത്വദ്വാചാ താമഹൃത കുഹനാമസ്മരീ ശക്രസൂനുഃ
തത്ര ക്രുദ്ധം ഹലമനുനയന്‍ പ്രത്യഗാസ്തേന സാര്‍ദ്ധം
ശക്രപ്രസ്ഥം പ്രിയസഖമുദേ സത്യഭാമാസഹായഃ || 2 ||

നിന്തിരുവടിയുടെ അനുജത്തിയും ദുര്‍യ്യൊധനനാല്‍ വിവാഹത്തിന്നു പ്രാര്‍ത്ഥിക്കപ്പെടുന്നവളും സുന്ദര‍ാംഗിയുമായ ആ സുഭദ്രയെ കപടസന്യാസിയായ ഇന്ദ്രാത്മജനായ അര്‍ജ്ജുനന്‍ അങ്ങയുടെ അഭിപ്രായപ്രകാരം അപഹരിച്ചുകൊണ്ടുപോയി; ഈ സംഗതിയില്‍ കുപിതനായിത്തീര്‍ന്ന ജ്യേഷ്ഠനായ ബലഭദ്രനെ സമാധാനിപ്പിച്ചുകൊണ്ട് അദ്ദേഹത്തോടുകൂടി സത്യഭാമസമേതനായി പ്രിയമിത്രമായ അര്‍ജ്ജുനന്റെ പ്രീതിക്കുവേണ്ടി നിന്തിരുവടി ഇന്ദ്രപ്രസ്ഥത്തിലേക്കു വീണ്ടും എഴുന്നെള്ളി.

തത്ര ക്രീഡന്നപി ച യമുനാകൂലദൃഷ്ട‍ാം ഗൃഹീത്വാ
ത‍ാം കാളിന്ദീം നഗരമഗമഃ ഖാണ്ഡവപ്രീണിതാഗ്നിഃ
ഭ്രാതൃത്രസ്ത‍ാം പ്രണയവിവശ‍ാം ദേവ ! പൈതൃഷ്വസേയിം
രാജ്ഞ‍ാം മധ്യേ സപദി ജഹ്രിഷേ മിത്രവിന്ദാമവന്തീം || 3 ||

ഈ ഇന്ദ്രപ്രസ്ഥത്തില്‍ ഉല്ലാസത്തോടുകൂടി പാര്‍ത്തുവരവെ, ഖാണ്ഡവവനദാഹംകൊണ്ട് അഗ്നിയെ സന്തോഷിപ്പിച്ചവനായ നിന്തിരുവടി യമുനാദീതീരത്തില്‍ കണ്ടെത്തപ്പെട്ടവളായ ആ കാളിന്ദിയെന്ന കന്യകയേയും പരിഗ്രഹിച്ചിട്ട് ദ്വാരകാപുരിയിലേക്ക് യാത്രയായി; ഹേ ഭഗവനേ! സഹോദരന്മാരില്‍നിന്നു ഭയത്തോടുകൂടിയവളും നിന്തിരുവടിയിലുദിച്ച അനുരാഗംകൊണ്ടു പരവശയും പിതൃസഹോദരിയുടെ പുത്രിയും അവന്തിരാജകന്യകയുമായ മിത്രവിന്ദയെന്ന തരുണീരത്നത്തെ രാജസദസ്സില്‍വെച്ച് പെട്ടെന്നു അപഹരിച്ചുകൊണ്ടുപോന്നു.

സത്യ‍ാം ഗത്വാ പുനരുദവഹോ നഗ്നജിന്നന്ദന‍ാം ത‍ാം
ബദ്ധ്വാ സപ്താപി ച വൃഷവരാന്‍ സപ്തമൂര്‍ത്തിര്‍നിമേഷാത്
ഭദ്ര‍ാം നാമ പ്രദദുരഥ തേ ദേവ ! സന്തര്‍ദ്ദനാദ്യാഃ
തത്സോദര്യാ വരദ ! ഭവതഃ സാഽപി പൈതൃഷ്വസേയി || 4 ||

അതില്‍പിന്നെ ഒരിക്കല്‍ അയോദ്ധ്യപുരിയിലേക്ക് ചെന്ന് ഏഴു ശരീരത്തെ സ്വീകരിച്ചവനായി നിന്തിരുവടി ഏഴു വമ്പന്‍ കാളകളേയും ഒരു നൊടിയിടകൊണ്ട് പിടിച്ചുകെട്ടി അയോദ്ധ്യാരാജാവയ നഗ്നജിത്തിന്റെ പുത്രിയായ ആ സത്യയെന്ന കന്യകയെ പാണിഗ്രഹണം ചെയ്തു; അനന്തരം ഹേ ഭഗവന്‍! വസുദേവന്റെ ഭാഗിനേയന്മാരായ സന്തര്‍ദ്ദനന്‍ മുതലായവര്‍ അവരുടെ സഹോദരിയായ ഭദ്രയെന്നു പേരായ കന്യകയെ നിന്തിരുവടിക്കു നല്‍കി; ഹേ അഭീഷ്ടപ്രദ! അവള്‍ നിന്തിരുവടിയുടെ അച്ഛന്റെ സഹോദരിയയ (ശ്രുതകീര്‍ത്തി) യുടെ പുത്രിയുമാണല്ലോ.

പാര്‍ത്ഥാദ്യൈരപ്യകൃതലവനം തോയമാത്രഭിലക്ഷ്യം
ലക്ഷം ഛിത്വാ ശഫര, മവൃഥാഃ ലക്ഷ്മണ‍ാം മദ്രകന്യ‍ാം
അഷ്ടാവേവം തവ സമഭവന്‍ വല്ലഭ, സ്തത്ര മധ്യേ
ശുശ്രോഥ ത്വം സുരപതിഗിര ഭൗമദുശ്ചേഷ്ടിതാനി || 5 ||

വില്ലാളികളില്‍ മുമ്പന്മാരായ അര്‍ജ്ജുന‍ന്‍ മുതലായവരാല്‍പോലും എയ്തുമുറിക്കുവാ‍ന്‍ കഴിയാത്തതും വെള്ളത്തില്‍മാത്രം കാണപ്പെടാവുന്നതുമായ മത്സ്യാകൃതിയിലുള്ള ലക്ഷ്യത്തെ മുറിച്ച് മദ്രരാജാവിന്റെ പുത്രിയായ ലക്ഷ്മണയേ നിന്തിരുവടി വിവാഹം ചെയ്തു. ഇപ്രകാരം എട്ടു ഭാര്‍യ്യമാര്‍ ഉണ്ടായിത്തീര്‍ന്നു. അങ്ങിനെയിരിക്കുന്നതിന്നിടയില്‍ ഭൂമിദേവിയുടെ പുത്രനായ നരകാസുരന്റെ ദുഷ്കര്‍മ്മങ്ങളെ ദേവേന്ദ്ര‍ന്‍ പറഞ്ഞയച്ചതിനാല്‍ നിന്തിരുവടി മനസ്സിലാക്കി.

സ്മൃതായാതം പക്ഷിപ്രവരമധിരൂഢസ്ത്വമഗമോ
വഹന്നങ്കേ ഭാമ‍ാം ഉപവനമിവാരാതിഭവനം
വിഭിന്ദന്‍ ദുര്‍ഗ്ഗാണി ത്രുടിത-പൃതനാ ശോണിതരസൈഃ
പുരം താവത് പ്രാഗ്ജ്യോതിഷമകുരുഥാഃശ്ശോണിതപുരം || 6 ||

നിന്തിരുവടി സ്മരിച്ച ഉടനെ വന്നുചേര്‍ന്ന ഗരുഡന്റെ പുറത്തു കയറിയവനായി സത്യഭാമയേയും മടിയിലിരുത്തികൊണ്ട് സായന്തനസവാരിക്ക് ഉദ്യാനത്തിലേക്ക് എന്നതുപോലെ എതിരിയായ നരകാസുരന്റെ വസതിയിലേക്ക് നിര്‍ഭയം എഴുന്നെള്ളി; ഉടന്‍തന്നെ പലവിധത്തിലായി കെട്ടിയിരുന്ന ഉറപ്പേറിയ കോട്ടകളെയെല്ല‍ാം പൊളിച്ചു തകര്‍ത്ത് ശസ്ത്രവര്‍ഷംകൊണ്ട് പിളര്‍ക്കപ്പെട്ട ശത്രുസൈന്യങ്ങളുടെ രക്ത പ്രവാഹത്താല്‍ ‘പ്രാഗ്ജ്യോതിഷം’ എന്ന നഗരത്തെ ‘ശോണിതപുര’ മാക്കി (രക്തമയമാക്കി) മാറ്റി.

മുരസ്ത്വ‍ാം പഞ്ചാസ്യോ ജലധിവനമധ്യാദുദപതത്
സ ചക്രേ ചക്രേണ പ്രദലിതശിര മംക്ഷു ഭവതാ
ചതുര്‍ദ്ദന്തൈഃ ദന്താവളപതിഭിരിന്ധാനസമരം
രഥ‍ാംഗേന ഛിത്വാ നരക, മകരോസ്തീര്‍ണ്ണനരകം || 7 ||

അഞ്ചുതലയുള്ളവനായ നരകാസുരന്റെ കോട്ടകളെ കാത്തു രക്ഷിച്ചു കൊണ്ടിരുന്നവനായ മുരന്‍ എന്ന അസുര‍ന്‍ സമുദ്രജലത്തിന്നുള്ളില്‍നിന്നു നിന്തിരുവടിയെ ഉയര്‍ന്നുവന്നെതിര്‍ത്തു; ആ അസുരന്‍ നിന്തിരുവടിയാ‍ല്‍ സുദര്‍ശനചക്രംകൊണ്ടു ഉടനെതന്നെ മുറിക്കപ്പെട്ട ശിരസ്സുകളോടുകൂടിയവനായി ചെയ്യപ്പെട്ടു. നാല്‍കൊമ്പനാനകളോടുകൂടി യുദ്ധത്തിന്നു കഠിനമായേറ്റുമുട്ടിയ നരകാസുരനെ ചക്രംകൊണ്ട് ഛേദിച്ച് നരകലോകത്തില്‍നിന്നുദ്ധരിച്ചു (മോക്ഷം പ്രാപിപ്പിച്ചു).

സ്തുതോ ഭൂമ്യാ രാജ്യം സപദി ഭഗദത്തേഽസ്യ തനയേ
ഗജംഞ്ചൈകം ദത്വാ പ്രജിഘയിഥ നാഗാന്‍ നിജപുരീം
ഖലേനാബദ്ധാന‍ാം സ്വഗതമനസ‍ാം ഷോഡശ പുനഃ
സഹസ്രാണി സ്ത്രീണാമപി ച ധനരാശിം ച വിപുലം || 8 ||

ഉടനെതന്നെ ഭൂമിദേവിയാല്‍ സ്തുതിക്കപ്പെട്ടവനായി ആ രാജ്യത്തേയും ഒരു ആനയേയും ആ നരകാസുരന്റെ പുത്രനായ ഭഗദത്തന്നു നല്‍കിയിട്ട് അനന്തരം മറ്റുള്ള ഗജങ്ങളേയും ആ ദുഷ്ടനായ നരകനാല്‍ തടവി‍ല്‍ പാര്‍പ്പിക്കപ്പെട്ടിരുന്നവരും തന്നി‍ല്‍ അനുരാഗത്തോടുകൂടിയവരുമായ പതിനായിരം സ്ത്രീകളേയും അളവറ്റ സമ്പത്തിനേയും സ്വവസതിയായ ദ്വാരകയിലേക്കു അയച്ചു. വൃത്തം. ശിഖരിണീ.

ഭൗമാപാഹൃത കുണ്ഡലം തദദിതേഃ ദാതും പ്രയാതോ ദിവം
ശക്രാദ്യൈര്‍ മഹിതഃസമം ദയിതയാ ദ്യുസ്ത്രീഷു ദത്തഹ്രിയാ
ഹൃത്വാ കല്പതരം രുഷാഭിപതിതം ജിത്വേന്ദ്രമഭ്യാഗമഃ
തത്തു ശ്രീമദദോഷ ഈദൃശേ ഇതി വ്യാഖാതുമേവാകൃഥാഃ || 9 ||

നിന്തിരുവടി ദേവസ്ത്രീകളില്‍ ലജ്ജയുളവാക്കിയവളായ പ്രിയതമയായ സത്യഭാമ യോടുകൂടി അപഹരിക്കപ്പെട്ട കുണ്ഡലത്തെ ദേവമാതാവായ അദിതിദേവിക്ക് നല്‍ക്കുന്നതിന്നുവേണ്ടി ചെന്ന നിന്തിരുവടി ദേവേന്ദ്രന്‍ മുതലായവരാ‍ല്‍ പൂജിച്ച് സല്‍ക്കരിക്കപ്പെട്ടവനായി കല്പകവൃക്ഷത്തെ വലിച്ചെടുത്ത് തന്മൂലം കോപത്തോടെ എതിരിട്ട ദേവേന്ദ്രനെ ജയിച്ച് ദ്വരകാപുരിയിലേക്ക് തിരിച്ചെത്തി. ഈ പ്രവൃത്തിയാവട്ടെ ഐശ്വര്‍യ്യത്താലുണ്ടാവുന്ന അഹങ്കാരത്തിന്റെ ദോഷം ഇന്ന്വിധത്തിലാണെന്നു അറിയിക്കുവാന്‍വേണ്ടിമാത്രമാണ് നിന്തിരുവടി ചെയ്തത്.

കല്പദ്രും സത്യഭാമാഭവനഭുവി സൃജന്‍ ദ്വ്യഷ്ടസാഹസ്രയോഷാഃ
സ്വീകൃത്യ പ്രത്യഗാരം വിഹിത ബഹുവപുഃ ലാളയന്‍ കേലിഭേദൈഃ
ആശ്ചര്യാന്നാരദാലോകിത വിവിധഗതിഃ തത്ര തത്രാപി ഗേഹേ
ഭൂയഃസര്‍വ്വാസു കുര്‍വ്വന്‍ ദശ ദശ തനയാന്‍ പാഹി വാതാലയേശ! ||10||

ഹേ ഗുരുവായുപുരേശ ! കല്പകവൃക്ഷത്തെ സത്യഭാമയുടെ വസതിയിലെ മുറ്റത്ത് നട്ടുപിടിപ്പിച്ച് നരകപുരിയില്‍നിന്നു മോചിപ്പിച്ച പതിനായിരം കന്യകമാരേയും പരിഗ്രഹിച്ച് അവര്‍ക്കു നല്‍കിയിരുന്ന ഓരോ ഗൃഹത്തിലും വെവ്വേറെ ശരീരം കൈകൊണ്ടവനായി പലവിധം ക്രീഡകള്‍കൊണ്ടും അവരെ ലാളിക്കുന്നവനായി ദര്‍ശിക്കപ്പെട്ട പലവിധത്തിലുള്ള ഗൃഹസ്ഥധര്‍മ്മങ്ങളോടുകൂടിയവനായി ആ ഭാര്‍യ്യമാരെല്ലാവരിലും പത്തു പത്തു പുത്രന്മാരെ ജനിപ്പിച്ച നിന്തിരുവടി എന്നെ രക്ഷിക്കേണമേ !

സുഭദ്രാഹരണപ്രഭൃതിവര്‍ണ്ണനം എന്ന ഏണ്‍പത്തൊന്ന‍ാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 836- വൃത്തം: – ശാര്‍ദൂലവിക്രീഡിതം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.