ഡൗണ്‍ലോഡ്‌ MP3

പ്രദ്യുമ്നോ രുക്മിണേയഃ സ ഖലു തവ കലാ
ശംബരേണാഹൃതസ്തം
ഹത്വാ രത്യാ സഹാപ്തോ, നിജപുരമഹരദ്
രുക്മികന്യ‍ാം ച ധന്യ‍ാം
തത്പുത്രോഽഥാനിരുദ്ധോ ഗുണനിധിരവഹത്
രോചന‍ാം രുക്മിപൗത്രീം
തത്രോദ്വാഹേ ഗതസ്ത്വം ന്യവധി മുസലിനാ
രുക്മ്യപി ദ്യുതവൈരാത് || 1 ||

അങ്ങയുടെ അംശഭൂതനായി രുഗ്മിണിയുടെ പുത്രനായിരിക്കുന്ന ആ പ്രദ്യുമ്നനാവട്ടെ ശംബരന്‍ എന്ന അസുരനാ‍ല്‍ അപഹരിക്കപ്പെട്ടവനായി ആ അസുരനെ വധിച്ച് അവിടെ പാര്‍ത്തിരുന്ന രതീദേവിയോടുകൂടി തന്റെ പുരമായ ദ്വരകയെ പ്രാപിച്ചു. സൗഭാഗ്യവതിയായ രുക്‍മിയുടെ പുത്രിയെ അപഹരിക്കുകയും ചെയ്തു; അതില്‍പിന്നെ ആ പ്രദ്യുമ്നന്നു അവളിലുണ്ടായ പുത്രനായ ഗുണങ്ങള്‍ക്കെല്ല‍ാം ഇരിപ്പിടമായ അനിരുദ്ധ‍ന്‍ രുക്‍മിയുടെ പുത്രന്റെ പുത്രിയായ രോചനയെ വിവാഹം ചെയ്തു. ആ വിവാഹത്തിന്നു നിന്തിരുവടിയും എഴുന്നെള്ളി, ജ്യേഷ്ഠനായ ബലരാമനാല്‍ രുക്‍മിയും ചൂതുകളിയിലുണ്ടായ വൈരംകൊണ്ട് കൊല്ലപ്പെട്ടു. – വൃത്തം. സ്രഗ്ദ്ധരാ.

ബാണസ്യ സാ ബലിസുതസ്യ സഹസ്രബാഹോഃ
മഹേശ്വരസ്യ മഹിതാ ദുഹിതാ കിലോഷാ
ത്വത്പൗത്രമേനമനിരുദ്ധമദൃഷ്ടപൂര്‍വ്വം
സ്വപ്നേഽനുഭൂയ ഭഗവന്‍ ! വിരഹാതുരാഭൂത് || 2 ||

ഭഗവാനേ! മഹാബലിയുടെ പുത്രനായി ശിവഭക്തനായി ആയിരം കൈകളോടു കൂടിയവനായിരിക്കുന്ന ബാണാസുരന്റെ ഗുണവിശിഷ്ടയായിരിക്കുന്ന പുത്രിയായി ഉഷയെന്നു പേരോടുകൂടിയ ആ കന്യകാരത്നം നിന്തിരുവടിയുടെ പൗത്രനും മുനുപു കാണപ്പെട്ടിട്ടില്ലാത്തവനുമായ ഈ അനിരുദ്ധനെ സ്വപ്നത്തില്‍ അനുഭവിച്ചിട്ട് വിരഹപീഡിതയായിത്തീര്‍ന്നുവത്രെ.

യോഗിന്യതീവ കുശലാ ഖലു ചിത്രലേഖാ
തസ്യാഃസഖീ വിലിഖതീ തരുണാനശേഷാന്‍
തത്രാനിരുദ്ധമുഷയാ വിദിതം നിശായ‍ാം
ആനേഷ്ട യോഗബലതോ ഭവതോ നികേതാത് || 3 ||

അണിമ തുടങ്ങിയ അഷ്ടസിദ്ധികളും വശപ്പെടുത്തിയവളും ഏറ്റവും സാമര്‍ത്ഥ്യമുള്ളവളും ചിത്രലേഖയെന്നു പ്രസിദ്ധയുമായ ആ ഉഷയുടെ തോഴി പല യുവാക്കന്മരേയും ചിത്രത്തില്‍ എഴുതിക്കാണിക്കുന്നവളായിട്ട് അവരി‍ല്‍ ഉഷയാ‍ല്‍ തിരിച്ചറിയപ്പെട്ട അനിരുദ്ധനെ രാത്രികാലത്ത് അവളുടെ യോഗശക്തികൊണ്ട് നിന്തിരുവടിയുടെ ഭവനത്തില്‍നിന്ന് കൂട്ടികൊണ്ടുപോയി.

കന്യാപുരേ ദയിതയാ സുഖമാരമന്തം
ചൈനം കഥഞ്ചന ബബന്ധുഷി ശര്‍വ്വബന്ധൗ
ശ്രീനാരദോക്ത തദുദന്ത ദുരന്തരോഷൈഃ
ത്വം തസ്യ ശോണിതപുരം യദുഭിര്‍ന്യരുന്ധാഃ || 4 ||

കന്യാമന്ദിരത്തില്‍ പ്രേയസിയായ ഉഷയൊന്നിച്ച് സുഖമായി ക്രീഡിച്ചുകൊണ്ട് പാര്‍ത്തുവന്ന ഈ അനിരുദ്ധനെ ശിവഭക്തനായ ബാണാസുരന്‍ ഒരു വിധം പിടിച്ചുകെട്ടി തടവില്‍ പാര്‍പ്പിക്കവെ, നിന്തിരുവടി നാരദനാല്‍ പറഞ്ഞറിയിക്കപ്പെട്ട ആ വര്‍ത്തമാനംകൊണ്ടു ഏറ്റവും കുപിതനായി യാദവന്മാരോടുകൂടി ചെന്നു ആ ബാണന്റെ ശോണിതപുരത്തെ നിരോധിച്ചു. – വൃത്തം. വസന്തതിലകം.

പുരീപാലഃശൈലപ്രിയദുഹിതൃ നാഥോഽസ്യ ഭഗവന്‍
സമം ഭൂതവ്രാതൈഃ യദുബലമശങ്കം നിരുരുധേ
മഹാപ്രാണോ ബാണോ ഝടിതി യുയുധാനേന യുയുധേ
ഗുഹഃ പ്രദ്യുമ്നേന, ത്വമപി പുരഹന്ത്രാ ജഘടിഷേ || 5 ||

ഈ നാഗാസുരന്റെ നഗരപാലനായ ഭഗവാന്‍ ശ്രീ പരമേശ്വരന്‍ ഭൂതഗണങ്ങളോടുകൂടി നിര്‍ഭയമായി എതിര്‍ത്തുകേറുന്ന യാദവസേനയെ തടഞ്ഞു ; അതിബലവാനായ ബാണാസുരന്‍ ഉടനെ സാത്യകിയൊടും ശിവതനയനായ സുബ്രഹ്മണ്യ‍ന്‍ പ്രദ്യുമ്നനോടും യുദ്ധം ചെയ്തു. നിന്തിരുവടി മുപ്പുരാന്തകനായ ശിവനോടും എതിരിട്ടു.

നിരുദ്ധാശേഷാസ്ത്രേ മുമുഹഷി തവാസ്ത്രേണ ഗിരിശേ
ദ്രുതാ ഭൂതാ ഭീതാഃ പ്രമഥകുല വീരാഃ പ്രമഥിതാഃ
പരാസ്മന്ദത് സ്കന്ദഃ കുസുമശരബാണൈശ്ച, സചിവഃ
സ കുംഭാണ്ഡോ ഭാണ്ഡം നവമിവ ബലേനാശു ബിഭിദേ || 6 ||

തടുക്കപ്പെട്ട സകല അസ്ത്രങ്ങളോടുംകൂടിയ ശങ്കരന്‍ നിന്തിരുവടിയുടെ മോഹനാസ്ത്രത്താല്‍ മോഹിച്ചസമയം ഭൂതഗണങ്ങ‍ള്‍ ഭീതന്മാരായി ഓടിത്തുടങ്ങി, വീരന്മാരായ പ്രമഥഗണങ്ങള്‍ അടിച്ചോടിക്കപ്പെട്ടു. കുസുമാസ്ത്രനായ പ്രദ്യുമ്നന്റെ ശരങ്ങള്‍കൊണ്ട് ശിവപുത്രനായ സുബ്രഹ്മണ്യനും പിന്‍തിരിഞ്ഞ് ഓടി; ബാണന്റെ മന്ത്രിയായ ആ കുംഭാണ്ഡന്‍ എന്നവനും ബലരാമനാ‍ല്‍ (ചൂളക്കവെക്കാത്ത) പുതിയ മണ്‍കലമെന്നതുപോലെ ഉടനെ അടിച്ചു പിളക്കപ്പെട്ടു. വൃത്തം. ശിഖരിണീ.

ചാപാന‍ാം പഞ്ചശത്യാ പ്രസഭമുപഗതേ ഛിന്നപാപേഽഥ ബാണേ
വ്യര്‍ത്ഥേ യാതേ, സമേതോ ജ്വരപതിരശനൈഃ അജ്വരി ത്വജ്ജ്വരേണ
ജ്ഞാനീ സ്തുത്വാഽഥ ദത്വാ തവ ചരിതജുഷ‍ാം വിജ്വരം സ ജ്വരോഽഗാത്
പ്രായോഽന്തര്‍ജ്ഞാനാന്തോഽപി ച ബഹുതമസാ രൗദ്രചേഷ്ടാ ഹി രൗദ്രാഃ ||7||

അതില്‍പിന്നെ അഞ്ഞുറു വില്ലുകളോടുകൂടി ഉടനെ വന്നെത്തിയ ബാണസുര‍ന്‍ വില്ലുകളെല്ല‍ാം മുറിക്കപ്പെട്ട് വെറുതെ മടങ്ങിപ്പോയസമയം യുദ്ധത്തിന്നൊരുങ്ങിവന്ന ശിവജ്വരങ്ങളുടെ തലവന്‍ ഉടനടി അങ്ങയുടെ വിഷ്ണുജ്വരത്താ‍ല്‍ തപിക്കപ്പെട്ടു; അതിന്നുശേഷം അങ്ങയുടെ മാഹാത്മ്യം മനസ്സിലാക്കിയ ആ ശിവജ്വരം അങ്ങയെ സ്തുതിച്ച് നിന്തിരുവടിയെ ചരിത്രത്തെ ഭജിക്കുന്നവര്‍ക്കു ജ്വരത്തിന്റെ ബാധയൊഴിയുമെന്ന അനുഗ്രഹം നല്‍കിയിട്ട് തിരികെപോയി; രുദ്രനെ സംബദ്ധിച്ചവര്‍ മനസ്സില്‍ അറിവുള്ളവരായിരുന്നാലും തമോഗുണത്തിന്റെ ആധിക്യത്താല്‍ മിക്കവാറും ഭയങ്കരകര്‍മ്മങ്ങളോടുകൂടിയവരായിത്തന്നെയാണ് ഇരിക്കുന്നത്.

ബാണം നാനായുധോഗ്രം പുനരഭിപതിതം ദര്‍പ്പദോഷാദ്വിതന്വന്‍
നിര്‍ല്ലൂനാശേഷദോഷം, സപദി ബുബുധുഷാ ശങ്കരേണോപഗീതഃ
യദ്വാചാ ശിഷ്ടബാഹു ദ്വിതയമുഭയതോ നിര്‍ഭയം തത്പ്രിയം തം
മുക്ത്വാ തദ്ദത്തമാനോ നിജപുരമഗമഃ സാനിരുദ്ധഃ സഹോഷഃ || 8 ||

അഹങ്കാരത്തിന്റെ ദോഷംകൊണ്ട് പലവിധത്തിലുള്ള ആയുധങ്ങള്‍കൊണ്ടും അത്യധികം ഭയങ്കരനായി വീണ്ടും എതിര്‍ത്തുവന്ന ബാണാസുരനെ ഛേദിക്കപ്പെട്ട അനവധി ദോഷങ്ങളോടും (കൈകളോടും എന്നും) കൂടിയവനാക്കി ഉടനെ ജ്ഞാനോദയം വന്നപ്പോള്‍ പരമേശ്വരനാല്‍ സ്തുതിക്കപ്പെട്ടവനായ നിന്തിരുവടി അദ്ദേഹത്തിന്റെ ഭക്തനായ ആ ബാണാസുരനെ ആ പരമേശ്വരന്റെ വാക്കനുസരിച്ച് രണ്ടുഭാഗത്തും ശേഷിച്ച ഈ രണ്ടു കൈകളോടുകൂടിയവനും ഭയരഹിതനുമാക്കിമോചിപ്പിച്ചിട്ട് അവനാല്‍ പുജിക്കപ്പെട്ടവനായി അനിരുദ്ധനോടും ഉഷയോടുംകൂടി സ്വപുരമായ ദ്വാരകാനഗരത്തിലേക്ക് തിരിച്ചെഴുന്നള്ളി.

മുഹുസ്താവച്ഛക്രം, വരുണമജയോ നന്ദഹരണേ
യമം ബാലാനീതൗ, ദവദഹനപാനേഽനിലസഖം
വിധിം വസ്തസ്തേയേ, ഗിരിശമിഹ ബാണസ്യ സമരേ
വിഭോ വിശ്വോത്കര്‍ഷീ തദയമവതാരോ ജയതി തേ || 9 ||

ദേവന്ദ്രനെയാകട്ടെ അടിക്കടി ജയിച്ചുകൊണ്ടിരുന്നു. സമുദ്രാധിപനായ വരുണനെ നന്ദഗോപനെക്കൊണ്ടുപോയ അവസരത്തിലും ധര്‍മ്മരാജാവായ യമനെ ഗുരുപുത്രനെ തിരികെ കൊണ്ടുവന്നപ്പോഴും വായുവിന്റെ സഖാവായ അഗ്നിയെ കാട്ടുതീയിനെ വിഴുങ്ങിയ സമയത്തിലും സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവനെ പശുക്കിടാങ്ങളെ അപഹരിച്ചുകൊണ്ടുപോയ സന്ദര്‍ഭത്തിലും കൈലാസനാഥനായ ശ്രീപരമേശ്വരനെ ഇപ്ഫോള്‍ ബാണാസുരനുമായുണ്ടായ യുദ്ധത്തിലും ജയിച്ചു. അതിനാല്‍ ഹേ ഭഗവാനേ! നിന്തിരുവടിയുടെ ഈ ശ്രീകൃഷ്ണാവതാരം മറ്റെല്ലാ അവതാരങ്ങളേക്കാളും വിശിഷ്ടമായി വിജയിച്ചരുളുന്നു. വൃത്തം. ശിഖരിണീ.

ദ്വിജരുഷാ കൃകലാസ വപുര്‍ദ്ധരം നൃഗനൃപം ത്രിദിവാലയമാപയന്‍
നിജ ജാനേ ദ്വിജഭക്തിമനുത്തമ‍ാം ഉപദിശ‍ന്‍ പവനേശ്വര!പാഹിമ‍ാം | 10||

ദ്വിജശാപംകൊണ്ട് ഓന്തിന്റെ ശരീരത്തോടുകൂടിയവനായിത്തീര്‍ന്ന നൃഗനെന്ന രാജാവിനേ മോചിച്ച് സ്വര്‍ഗ്ഗത്തെ പ്രാപിക്കുന്നവനായ സ്വജനങ്ങളില്‍ അതിശ്രേഷ്ഠമായ ബ്രാഹ്മണഭക്തിയെ ഉപദേശിക്കുന്നവനായി നിന്തിരുവടി ഹേ ഗുരുവായൂപുരേശ ! എന്ന കാത്തരുളേണമേ ! വൃത്തം -ദ്രുത്രവിളംബിതം.

ബാണയുദ്ധവര്‍ണ്ണനവും നൃഗമോക്ഷവര്‍ണ്ണനവും എന്ന എണ്‍പത്തിരണ്ട‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 846.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.