ഡൗണ്‍ലോഡ്‌ MP3

രാമേഽഥ ഗോകുലഗതേ പ്രമാദാപ്രസക്തേ
ഹൂതാനുപേത യമുനാദമനേ മദാന്ധേ
സ്വൈരം സമാരമതി, സേവകവാദമൂഢോ
ദൂതം ദ്യയുങ്ക്ത തവ പൗണ്ഡ്രകവാസുദേവഃ || 1 ||

അനന്തരം ബലരാമന്‍ അമ്പാടിയെ പ്രാപിച്ചവനായി സ്ത്രീലോലുപനായി കഴിയവേ മധുപാനംചെയ്തു മതിമറന്നവനായി താന്‍ വിളച്ചവഴിക്കു വരാതിരുന്ന യമുനാനദിയെ പിടിച്ചുവലിച്ച് തനിക്ക് കീഴടക്കി ഇഷ്ടംപോലെ ക്രീഡിച്ചുകൊണ്ട് പാര്‍ത്തുവരവെ പൗണ്ഡ്രകവാസുദേവന്‍ എന്നു പ്രസിദ്ധിപ്രാപിച്ചിരുന്ന കുരുഷദേശത്തിലെ രാജാവ് സേവകന്മാരുടെ മുഖസ്തുതിവാക്കുകള്‍കേട്ട് മൂഢനായി നിന്തിരുവടിയുടെ അടുത്തേക്കു ഒരു ദൂതനെ പറഞ്ഞയച്ചു.

നാരയണോഽഹമവതീര്‍ണ്ണ ഇഹാസ്മി ഭൂമൗ
ധത്സേ കില ത്വമപി മാമകലക്ഷണാനി
ഉത്സൃജ്യ താനി ശരണം വ്രജ മാമിതി ത്വ‍ാം
ദൂതോ ജഗാദ സകലൈര്‍ഹസിതഃ സഭായ‍ാം || 2 ||

ഈ ഭൂമിയില്‍ ഭൂഭാരനാശത്തിന്നായി അവതരിച്ചിരിക്കുന്ന സാക്ഷാ‍ല്‍ നാരായണ‍ന്‍ ഞാനാണ്; നീയും എന്റെ ചിഹ്നങ്ങളായ ശ്രീവത്സം, കൗസ്തുഭം മുതലായവയെ ധരിച്ചുകൊണ്ടു നടക്കുന്നതായി കേള്‍ക്കുന്നു; അവയെല്ല‍ാം ഉപേക്ഷിച്ച് എന്ന ശരണം പ്രാപിച്ചുകൊള്‍ക” എന്നിങ്ങിനെ ആ ദൂതന്‍ സഭയില്‍വെച്ച് എല്ലാവരാലും പരിഹസിക്കപ്പെട്ടവനായ്ക്കൊണ്ട് നിന്തിരുവടിയോടു പറഞ്ഞു.

ദൂതേഽഥ യാതവതി യാദവസൈനികൈസ്ത്വം
യാതോ ദദര്‍ശിഥ വപുഃ കില പൗണ്ഡ്രകീയം
താപേന വക്ഷസി കൃതാങ്ക, മനല്പമൂല്യ
ശ്രീകൗസ്തുഭം, മകരകുണ്ഡലപീതചേലം || 3 ||

അനന്തരം ദൂത‍ന്‍ മടങ്ങിപ്പോയപ്പോ‍ള്‍ നിന്തിരുവടി യാദവഭടന്മാരോടുകൂടി പുറപ്പെട്ടുചെന്നവനായി മാറിടത്തില്‍ ചൂടുവെച്ച് ശ്രീവത്സ്മെന്നു തോന്നിക്കത്തക്കവണ്ണം അടയാളപ്പെടുത്തപ്പെട്ടതും വളരെ വിലയേറിയ ഒരു രത്നത്തെ കൗസ്തുഭമെന്ന നിലയില്‍ ധരിച്ചിരിക്കുന്നതും മത്സ്യത്തിന്റെ ആകൃതിയിലുള്ള കുണ്ഡലങ്ങളും മഞ്ഞപ്പട്ടും ധരിച്ചിരിക്കുന്നതുമായ പൗണ്ഡ്റകവാസുദേവന്റെ ശരീരത്തെ ദര്‍ശിച്ചുവല്ലോ.

കാളായസം നിജസുദര്‍ശനമസ്യതോഽസ്യ
കാലാനലോത്കരകിരേണ സുദര്‍ശനേന
ശീര്‍ഷം ചകര്‍ത്തിഥ മമര്‍ദ്ദിഥ ചാസ്യ സേന‍ാം
തന്മിത്രകാശിപശിരോഽപി ചകര്‍ത്ഥ കാശ്യ‍ാം || 4 ||

കാരിരുമ്പുകൊണ്ടുണ്ടാക്കപ്പെട്ട തന്റെ സുദര്‍ശനം എന്നു പേ‍ര്‍ പറയപ്പെടുന്ന ചക്രായുധത്തെ പ്രയോഗിക്കുന്നവനായ ഇവന്റെ ശിരസ്സിനെ കാലാഗ്നിസ്ഫുലിംഗങ്ങളെ വര്‍ഷിക്കുന്ന സുദര്‍ശനചക്രംകൊണ്ട് നിന്തിരുവടി മുറിച്ചെറിഞ്ഞു; ഇവന്റെ സൈന്യത്തെ മര്‍ദ്ദിക്കുകയും ചെയ്തു; അവന്റെ സുഹൃത്തായ കാശിരാജാവിന്റെതലയെ കാശിയിലും അറത്തിട്ടു.

ജാള്യേന ബാലകഗിരാഽപി കിലഹമേവ
ശ്രീവാസുദേവ ഇതി രൂഢമതിശ്ചിരം സഃ
സായുജ്യമേവ ഭവദൈക്യധിയാ ഗതോഽഭൂത്
കോ നാമ കസ്യ സുകൃതം കഥമിത്യവേയാത് ? || 5 ||

മൂഢതകൊണ്ടും മൂര്‍ഖന്മരുടെ ഉപദേശംകൊണ്ടും (മൂര്‍ഖേഽഭകേപി ബാലഃ സ്യാത് എന്ന് ബാലപദത്തിന്നു മൂര്‍ഖ‍ന്‍ എന്നും അര്‍ത്ഥം) ‘ഞാന്‍തന്നെയാണല്ലോ വിഷ്ണുവിന്റെ അംശാവതാരമായ ശ്രീവാസുദേവന്‍’ എന്നിങ്ങിനെ വളരെക്കാലത്തോളം ദൃഢമായി വിശ്വസിച്ച് മനസ്സിലുറപ്പിച്ചുകൊണ്ടിരുന്ന ആ പൗണ്ഡ്രകവാസുദേവന്‍ നിന്തിരുവടിയോടുള്ള അഭേദബുദ്ധിനിമിത്തം അങ്ങയോട് ഐക്യം പ്രാപിച്ചു. ആരുടെ സുകൃതം ഏതുവിധത്തില്ലയിരിക്കുമെന്ന ആരാണറിയുന്നത്?

കാശീശ്വരസ്യ തനയോഽഥ സുദക്ഷിണാഖ്യഃ
ശര്‍വ്വം പ്രപൂജ്യ ഭവതേ വിഹിതാഭിചാരഃ
കൃത്യാനലം കമപി ബാണരനാതിഭീതൈര്‍
ഭൂതൈഃകഥഞ്ചന വൃതൈഃസമമഭ്യമുഞ്ചത് || 6 ||

അനന്തരം കാശിരാജാവിന്റെ പുത്രനും സുദക്ഷണന്‍ എന്നു പോരോടുകൂടി യവനുമായ രാജകുമാരന്‍ പരമശിവനെ പൂജിച്ച് നിന്തിരുവടിയെ ആഭിചാരം ചെയ്ത് ഹോമിച്ച് ബാണാസുരയുദ്ധത്തില്‍ പേടിച്ചോടിയവരും വളരെ പണിപ്പെട്ട് വിളിച്ചു കൂട്ടപ്പെടേണ്ടവന്നവരുമായ ഭൂതഗണങ്ങളോടുകൂടി ഒരു ഭയങ്കരമായ കൃത്യാഗ്നിദേവതയെ സൃഷ്ടിച്ചയച്ചു.

താലപ്രമാണചരണാമഖിലം ദഹന്തീം
കൃത്യ‍ാം വിലോക്യ ചകിതൈഃ കഥിതേഽപി പൗരൈഃ
ദ്യുതോസ്തവേ കിമപി നോ ചലിതോ വിഭോ ! ത്വം
പാര്‍ശ്വസ്ഥമാശു വിസസര്‍ജ്ജിഥ കാലചക്രം || 7 ||

കരിമ്പനകള്‍പോലെയിരിക്കുന്ന വലിയ കാലുകളോടുകൂടിയവളും കണ്ണി‍ല്‍ കണ്ടതിനെയെല്ല‍ാം ചുട്ടു ഭസ്മമാക്കുന്നവളുമായ ആ കൃത്തികയെ പേടിച്ചു വശംകേട്ട പുരവാസികളാല്‍ വിവരമറിയിക്കപ്പെട്ടവനായ നിന്തിരുവടി ഹേ ഭഗവാനേ! ചൂതുകളിയിലുള്ള രസംകൊണ്ട് ഇരുന്നേടത്തുനിന്നു ഒന്നനങ്ങുകകൂടി ചെയ്യാതെ അടുത്തുവെച്ചിരുന്നതായ സുദര്‍ശനചക്രത്തെ ഉടനെ എടുത്തയച്ചു.

അഭ്യാപതത്യമിതധാമ്നി ഭവന്മഹാസ്ത്രേ
ഹാ ഹേതി വിദ്രുതവതീ ഖലു ഘോരകൃത്യാ
രോഷാത് സുദക്ഷിണമദക്ഷിണചേഷ്ടിതം തം
പുപ്ലോഷ ചക്ര, മപി കാശിപുരീമധാക്ഷീത് || 8 ||

അളവറ്റ തേജസ്സോടുകൂടിയ അങ്ങയുടെ സുദര്‍ശനം നേരിട്ടുപാഞ്ഞെത്തവേ ‘അയ്യോ അയ്യോ’ എന്നി നിലവിളിച്ചുകൊണ്ട് ആ ഭയങ്കരമായ കൃത്തിക ഓടിപ്പോയ്ക്കളഞ്ഞുവല്ലോ! അനന്തരം അസഹ്യമായ കോപത്താല്‍ വിരോധകൃത്യം (ആഭിചാരം) ചെയ്കവനായ ആ സുദക്ഷിണനെത്തന്നെ ആ ദേവത ദഹിപ്പിച്ചു; സുദര്‍ശനചക്രമാവട്ടെ ആ കാശീനഗരത്തെ ചൂട്ടു ഭസ്മമാക്കുകയും ചെയ്തു. – വൃത്തം. വസന്തതിലകം.

സ ഖലു വിവിദോ രക്ഷോഘാതേ കൃതോപകൃതീ പുരാ
തവ തു കലയാ മൃത്യും പ്രാപ്തും തദാ ഖലത‍ാം ഗതഃ
നരകസചിവോ ദേശക്ലേശം സൃജന്‍ നഗരാന്തികേ
ഝടിതി ഹലിനാ യുദ്ധ്യന്നദ്ധഃ! പപാത തലാഹതഃ || 9 ||

പണ്ട് രാക്ഷസനിഗ്രഹത്തില്‍ ഉപകാരം ചെയ്തവനായ ആ പ്രസിദ്ധനായ വിവിദ‍ന്‍ എന്ന വാനരന്‍ നിന്തിരുവടിയുടെ അംശാവതാരത്താല്‍ മരണം പ്രാപിക്കുന്നതിന്നു അക്കാലത്ത് ദുഷ്ടതയെ പ്രാപിച്ചവനായി നരകാസുരന്റെ സചിവനായി ദ്വാരകാപുരിയുടെ അയല്‍ പ്രദേശങ്ങളില്‍ പുരവാസികളെ ഉപദ്രവിച്ചുകൊണ്ടിരിക്കെ ബലരാമനാല്‍ എതിര്‍ക്കപ്പെട്ട് ഉടനെ നിഷ്പ്രയാസം കൈത്തലം കൊണ്ടടിക്കപ്പെട്ടവനായി ചത്തുവീണു.

സ‍ാംബം കൗരവ്യപുത്രീഹരണ നിയമിതം സാന്ത്വനാര്‍ത്ഥി കുരൂണ‍ാം
യാതസ്തദ്വക്യരോഷോദ്ധ്യത – കരിനഗരോ മോചയമാസ രാമഃ
തേ ഘാത്യാഃ പാണ്ഡവേയൈഃ ഇതി യദുപൃതന‍ാം നാമുചസ്ത്വം തദാനീം
തം ത്വ‍ാം ദുര്‍ബ്ബോധലീലം പവനപുരപതേ! താപശാന്ത്യൈ നിഷേവേ || 10||

ദുര്‍യ്യോധനന്റെ പുത്രിയായ ലക്ഷണയെ സ്വയംവരത്തില്‍വെച്ച് ബലാല്‍ക്കാരമായി അപഹരിക്കവേ പിടിച്ചുകെട്ടപ്പെട്ട ജ‍ാംബവതീപുത്രനായ സ‍ാംബനെ, കൗരവന്മരെ സമാധാനിപ്പിക്കുവാന്‍ ചെന്നവനും അവരുടെ കടുത്ത വാക്കുകളാലുണ്ടായ കോപത്താല്‍ കലപ്പകൊണ്ടു ഹസ്തിനപുരത്തെ കുത്തിപുഴക്കുകയും ചെയ്ത ബലരാമ‍ന്‍ മോചിപ്പിച്ചുകൊണ്ടുവന്നു; നിന്തിരുവടി ആ സമയത്ത്, ആ കൗരവന്മാര്‍ പാണ്ഡവന്മാരാല്‍ കൊല്ലപ്പെടേണ്ടവരാണെന്നു വിചാരിച്ച് യാദവസൈന്യത്തെ നിയോഗിച്ചയച്ചില്ല; അറിയുവാന്‍ കഴിയാത്ത ലീലാവിലാസത്തോടുകൂടിയ അപ്രകാര മുള്ള നിന്തിരുവടിയെ ഹേ ഗുരുവായുപുരേശ ! താപങ്ങളുടെ ശാന്തിക്കുവേണ്ടി ഞാന്‍ ആശ്രയിക്കുന്നു.

പൗണ്ഡ്റകവധാദിവര്‍ണ്ണനം എന്ന എണ്‍പത്തിമൂന്ന‍ാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 856
വൃത്തം. സ്രഗ്ദ്ധരാ.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.