ഡൗണ്‍ലോഡ്‌ MP3

ക്വചിദഥ തപനോപരാഗകാലേ
പുരി നിദധത് കൃതവര്‍മ്മകാമസൂനൂ
യദുകുലമഹിളാവൃതഃ സുതീര്‍ത്ഥം
സമുപഗതോഽസി സമന്തപഞ്ചകാഖ്യം || 1 ||

അതില്‍പിന്നെ ഒരിക്ക‍ല്‍ സൂര്‍യ്യഗ്രഹണപുണ്യകാലത്തി‍ല്‍ കൃതവര്‍മ്മാവ് എന്നവനേയും പ്രദ്യുമ്നന്റെ പുത്രനായ അനിരുദ്ധനേയും ദ്വാരകാപുരിയി‍ല്‍ കാവല്‍നിര്‍ത്തി യാദവന്മാരോടും സ്ത്രീകളോടുകൂടി സമന്തപഞ്ചകം എന്ന പുണ്യതീര്‍ത്ഥത്തിലേക്കു നിന്തിരുവടി വന്നുചേര്‍ന്നു.

ബഹുതരജനതാഹിതായ തത്ര
ത്വമപി പുനന്‍ വിനിമജ്ജ്യ തിര്‍ത്ഥതോയം
ദ്വിജഗണ പരിമുക്ത വിത്തരാശിഃ
സമമിളഥാഃ കുരുപാണ്ഡവാദിമിത്രൈഃ || 2 ||

സാധാരണജനങ്ങളുടെ നന്മക്കുവേണ്ടി ആ പുണ്യതീര്‍ത്ഥത്തി‍ല്‍ നിന്തിരുവടിയും സ്നാനംചെയ്തു തീര്‍ത്ഥജലത്തെ പരിശുദ്ധമാക്കിയിട്ട് വേദജ്ഞരായ ബ്രാഹ്മണര്‍ക്കു ധാരാളം ധാനംചെയ്ത് അവിടെ വന്നുചേര്‍ന്നിരുന്ന കൗരവന്മാ‍ര്‍, പാണ്ഡവന്മാര്‍ മുതലായ ബന്ധുക്കളോടുകൂടി ഒരുമിച്ചുചേര്‍ന്നു.

തവ ഖലു ദയിതാജനൈഃ സമേതാ
ദ്രുപദസുതാ ത്വയി ഗാഢഭക്തിഭാരാ
തദുദിതഭവദാഹൃതിപ്രകാരൈഃ
അതിമുമുദേ സമമന്യഭാമിനീഭീഃ || 3 ||

നിന്തിരുവടിയില്‍ ദൃഢതരമായ ഭക്തിയോടുകൂടിയ പാണ്ഡവപത്നിയായ ദ്രൗപതിയാവട്ടെ അങ്ങയുടെ പ്രിയതമമാരോടുകൂടി ചേര്‍ന്നു അവരാ‍ല്‍ പറയപ്പെട്ട അങ്ങയുടെ വിവാഹ (കന്യാഹരണസമ്പ്രദായ) ങ്ങളുടെ വിവരണങ്ങളെക്കൊണ്ട് മറ്റുള്ള സ്ത്രീജനങ്ങളോടുംകൂടി വളരെ സന്തോഷിച്ചു രസിച്ചുകൊണ്ടിരുന്നു.

തദനു ച ഭഗവന്‍ ! നിരീക്ഷ്യ ഗോപാന്‍
അതികുതുകാദുപഗമ്യ മാനയിത്വാ
ചിരതര വിരഹാതുര‍ാംഗരേഖാഃ
പശുപവധുഃ സരസം ത്വമന്വയാസിഃ || 4 ||

അതില്‍പിന്നെ ഹേ ഭഗവാനേ ! നിന്തിരുവടി അവിടെ വന്നിരുന്ന ഗോപന്മാരെ കണ്ടിട്ട് വര്‍ദ്ധിച്ച കൗതുകത്തോടുകൂടി അവരുടെ അടുത്തുചെന്നു കുശലപ്രശ്നം ചെയ്ത് ബഹുമാനിച്ചിട്ട് വളരെക്കാലത്തെ വിരഹംകൊണ്ടു ഒളിമങ്ങി വശംകേത്തിരുന്ന അവയവങ്ങളോടുകൂടിയ ഗോപ‍ാംഗനമാരെ ഉത്സാഹത്തോടുകൂടി അനുഗമിച്ചു.

സപദി ച ഭവദീക്ഷണോത്സവേന
പ്രമുഷിത മാനഹൃദ‍ാം നിതംബിനീന‍ാം
അതിരസ പരിമുക്ത കഞ്ചുളീകേ
പരിചയ ഹൃദ്യതതേ കുചേ ന്യലൈഷീഃ || 5 ||

ജഗന്മോഹനനായ നിന്തിരുവടിയെ കണ്‍കുളിരെക്കണ്ടതുകൊണ്ടുണ്ടായ വികരപാരവശ്യത്താല്‍ ക്ഷണത്തില്‍ മാഞ്ഞുപോയ മനോഗൗരവത്തോടുകൂടിയ ആ മനോഹര‍ാംഗികളുടെ അതിരസംകൊണ്ടു സ്വയമേവ അഴിഞ്ഞുപോയ കുചപടത്തോടുകൂടിയതും പൂര്‍വപരിചയത്താല്‍ പ്രിയതരവുമായ കുളുര്‍മുലകളി‍ല്‍ നിന്തിരുവടി നിശ്ശേഷം ലയിച്ചു.

രിപുജനകലഹൈഃ പുനഃ പുനര്‍മ്മേ
സമുപഗതൈരിയതീ വിളംബനാഭൂത്
ഇതി കൃതപരിതംഭണേ ത്വയി ദ്രാക്
അതിവിവശാ ഖലു രാധികാ നിലില്യേ || 6 ||

“അടിക്കടി വന്നുചേര്‍ന്നുകൊണ്ടിരുന്ന ശത്രുക്കളുമായുള്ള യുദ്ധംകൊണ്ട് എനിക്ക് ഇത്രയും പിരിഞ്ഞിരിക്കേണ്ടതായിവരുന്നു; എന്നിങ്ങിനെ പറഞ്ഞുകൊണ്ട് നിന്തിരുവടി വാത്സല്യത്തോടെ കെട്ടിപുണര്‍ന്നപ്പോ‍ള്‍ തരുണീമണിയായ രാധ തല്‍ക്ഷണം പരമാനന്ദവിവശയായി അങ്ങയില്‍ അലിഞ്ഞുചേരുകതന്നെ ചെയ്തു.

അപഗതൈരഹവ്യഥാസ്തദാ താഃ
രഹസി വിധായ ദദാഥ തത്ത്വബോധം
പരമസുഖചിദാത്മകോഽഹമാത്മേതി
ഉദയതു വഃസ്ഫുടമേവ ചേതസീതി || 7 ||

ആ സമയം ആ തരുണീമണികളെ ഏകാന്തത്തില്‍ നിന്തിരുവടി വിരഹദുഃഖം ഇല്ലാത്തവരാക്കി ചെയ്തിട്ട് “ഞാന്‍ പരമാനന്ദസ്വരൂപനും ജ്ഞാനസ്വരൂപനുമായ പരമാത്മവാകുന്നു എന്ന ബോധം നിങ്ങളുടെ മനസ്സില്‍ വിശദമായി ഉദയം ചെയ്യട്ടെ” എന്ന തത്വജ്ഞാനത്തെ നല്‍കിയനുഗ്രഹിച്ചു.

സുഖരസപരിമിശ്രിതോ വിയോഗഃ
കിമപി പുരാഭവദുദ്ധാവോപദേശൈഃ
സമഭവദമുതഃ പരം തു താസ‍ാം
പരമസുകൈക്യമയീ ഭവദ്വിചിന്താ || 8 ||

പണ്ട് ഉദ്ധവന്റെ ഉപദേശങ്ങള്‍ക്കൊണ്ടു വിരഹദുഃഖം അല്പമൊരു സുഖരസത്തോടുകൂടിക്കലര്‍ന്നതായിത്തീര്‍ന്നിട്ടുണ്ടായിരുന്നു; എന്നാല്‍ ഇതിന്നുശേഷം ആ ഗോപവധുക്കള്‍ക്കു നിന്തിരുവടിയെക്കുറിച്ചുള്ള വിചാരം കേവലം പരമാനന്ദസുഖമായിത്തന്നെ പരിണമിച്ചു.

മുനിവരനിവഹൈസ്തവാഥ പിത്രാ
ദുരിതശമായ ശുഭാനി പൃച്ഛ്യമാനൈഃ
ത്വയി സതി കിമിദം ശുഭാന്തരൈരിതി
ഉരുഹസിതൈരപി യാജിതസ്തദാഽസൗ || 9 ||

അനന്തരം അങ്ങയുടെ പിതാവായ വസുദേവനാല്‍ പ്രാരബ്ധകര്‍മ്മങ്ങള്‍ കൊണ്ട് വന്നുചേര്‍ന്നിരിക്കാവുന്ന പാപപരിഹാരത്തിന്നായി പ്രായശ്ചിത്തകര്‍മ്മങ്ങളെ ചോദിക്കപ്പെട്ടവരായ മഹര്‍ഷിശ്രേഷ്ഠന്മാരാല്‍ നിന്തിരുവടി പുത്രഭാവത്തി‍ല്‍ സ്ഥിതിചെയ്യവെ മറ്റുള്ള ശുഭകര്‍മ്മങ്ങളുടെ ആവശ്യമെന്താണാവോ ! എന്നിങ്ങിനെ പറഞ്ഞുകൊണ്ട് വളരെ ചിരിച്ചുവെങ്കിലും ആ ഗ്രഹണപുണ്യകാലസമയത്ത് അദ്ദേഹം പ്രായശ്ചിത്തപരമായ യാഗം ചെയ്യിക്കപ്പെട്ടു.

സുമഹതി യജനേ വിതായമാനേ
പ്രമുദിതമിത്രജനേ സഹൈവ ഗോപാഃ
യദുജനമഹിതാസ്ത്രിമാസമാത്രം
ഭവദനുഷംഗരസം പുരേവ ഭേജുഃ || 10 ||

സന്തുഷ്ടരായ ബന്ധുക്കളോടുകൂടിയ ശ്ലാഘിക്കത്തക്കതായ ആ യാഗം നടന്നുകൊണ്ടിരിക്കവേ ഗോപന്മാരും ഒരുമിച്ചുതന്നെ യാദവന്മാര്‍ ആദരവോടുഖൂടി ബഹുമാനിക്കപ്പെട്ടവരായി മൂന്നുമാസത്തോളം പണ്ടെത്തെപോലെ നിന്തിരുവടിയോടു കൂടിയുള്ള സാമീപ്യസുഖത്തെ അനുഭവിച്ചു.

വ്യപഗമസമയേ സമേത്യ രാധ‍ാം
ദൃഢമുപഗുഹ്യ നിരീക്ഷ്യ വീതഖേദ‍ാം
പ്രമുദിതഹൃദയഃ പുരം പ്രയാതഃ
പവനപുരേശ്വര ! പാഹി മ‍ാം ഗദേഭ്യഃ || 11 ||

വാതലയേശ! തിരിയെ പുറപ്പെടുമ്പോള്‍ രാധയുടെ അടുത്തുചെന്നു ദൃഢമായി ആശ്ലേഷിച്ച് അവളെ വ്യസനമില്ലാത്തവളായി കണ്ടിട്ട് സന്തുഷ്ടചിത്തനായി ദ്വാരകയിലേക്കെഴുന്നെള്ളിയ നിന്തിരുവടി രോഗങ്ങളില്‍നിന്നു എന്നെ രക്ഷിക്കേണമേ !

സൂര്‍യ്യഗ്രഹണയാത്രാവര്‍ണ്ണനം എന്ന ഏണ്‍പത്തിനാല‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 867.
വൃത്തം. പുഷ്പിതാഗ്രാ
ലക്ഷണം നനരയവിഷമത്തിലും സമത്തില്‍ പുനരിഹ നം ജജരം ഗ പുഷ്പിതാഗ്രം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.