ഡൗണ്‍ലോഡ്‌ MP3

തതോ മഗധഭൂഭൃതാ ചിരനിരോധ സംക്ലേശിതം
ശതാഷ്ടകയുതായുതദ്വിതയമീശ ! ഭൂമീഭൃത‍ാം
അനാഥശരണായ തേ കമപി പൂരുഷം പ്രാഹിണോ-
ദയാചത സ മാഗധ ക്ഷപണമേവ കിം ഭൂയസാ? || 1 ||

ഹേ ഭഗവാനേ ! അനന്തരം മഗദരാജാവായ ജരാസന്ധനാ‍ല്‍ വളരെക്കാലമായി തടവിലിട്ടടക്കപ്പെട്ട് കഷ്ടപ്പെടുത്തപ്പെട്ട ഇരുപത്തിനായിരത്തി എണ്ണുറു രാജാക്കന്മാര്‍ അനാഥരക്ഷകനായ നിന്തിരുവടിയുടെ സമീപത്തേക്കു ഒരു ദൂതനെ പറഞ്ഞയച്ചു. വളരെ പറയുന്നതെന്തിന്നു? ആ ദൂതന്‍ ആ ജരാസന്ധന്റെ വധത്തെതന്നെയാണ് അപേക്ഷിച്ചത്.

യിയാസുരഭിമാഗധം തദനു നാരദോദീരിതാത്
യുധിഷ്ഠിരമഖോദ്യമാദുഭയകാര്യ പര്യകുലഃ
വിരുദ്ധജയിനോഽധ്വരാദുഭയസിദ്ധിരിത്യുദ്ധവേ
ശശംസുഷി, നിജൈഃസമം പുരമിയേഥ യൗധിഷ്ഠിരം. || 2 ||

ജരാസന്ധന്റെ അടുത്തേക്ക് പുറപ്പെട്ടുപോവാനാഗ്രഹിക്കുന്നവനായ നിന്തിരുവടി അതിനെ തുടര്‍ന്നു നാരദമഹര്‍ഷി പറഞ്ഞതില്‍നിന്നു ധര്‍മ്മപുത്രരുടെ യാഗോദ്യമത്തെപറ്റിയറിഞ്ഞ് ഒരു സമയത്തുതന്നെ രണ്ടു കാര്‍യ്യം വന്നുചേര്‍ന്നതിനാ‍ല്‍ എന്തുചെയ്യേണമെന്നാലോചിച്ചു വിഷമിക്കവേ, ശത്രുക്കളെ ജയിച്ചു ചെയ്യേണ്ടതായ രാജസൂയയാഗംകൊണ്ട് രണ്ടു കാര്‍യ്യങ്ങളും സാധിക്കാവുന്നതാണെന്ന് സചിവശ്രേഷ്ഠമായ ഉദ്ധവ‍ന്‍ അഭിപ്രായപ്പെട്ടപ്പോ‍ള്‍ സ്വജനങ്ങളോടുകൂടി ധര്‍മ്മപുത്രന്റെ രാജധാനിയിലേക്ക് എഴുന്നെള്ളി.

അശേഷദയിതായുതേ ത്വയി സമാഗതേ ധര്‍മ്മജോ
വിജിത്യ സഹജൈര്‍മഹീം ഭവദപ‍ാംഗ സംവര്‍ദ്ധിതൈഃ
ശ്രിയം നിരുപമ‍ാം വഹന്നഹഹ! ഭക്തദാസായിതം
ഭവന്തമയി! മാഗധേ പ്രഹിതവാന്‍ സഭീമാര്‍ജ്ജുനം || 3 ||

നിന്തിരുവടി പത്നിമാരെല്ലാവരോടുംകൂടി വന്നുചേര്‍ന്നപ്പോ‍ള്‍ ഹേ ഭഗവാനേ, അങ്ങയുടെ കടാക്ഷമൃതംകൊണ്ടുവര്‍ദ്ധിച്ച വീര്‍യ്യോത്സാഹങ്ങളോടുകൂടിയ സഹോദരന്മരെക്കൊണ്ട് രാജ്യങ്ങളെയെല്ല‍ാം ജയിച്ച് അതുല്യമായ ഐശ്വര്‍യ്യത്തെ വഹിക്കുന്നവനായ ധര്‍മ്മപുത്രനാവട്ടെ ഭക്തന്മാര്‍ക്കു ദാസനായിത്തീര്‍ന്നിരുക്കുന്ന നിന്തിരുവടിയെ ഭീമനോടും അര്‍ജ്ജുനനോടുംകൂടി മഗധരാജാവായ ജരാസന്ധന്റെ നേര്‍ക്ക് പറഞ്ഞയച്ചുവല്ലോ !

ഗിരിവ്രജപുരം ഗതാസ്തദനു ദേവ! യൂയം ത്രയോ
യയാച സമരോത്സവം ദ്വിജമിഷേണ തം മാഗധം
അപൂര്‍ണ്ണസുകൃതം ത്വമും പവനജേന സംഗ്രാമയന്‍
നിരീക്ഷ്യ സഹ ജിഷ്ണുനാ ത്വമപി രാജയുദ്ധ്വാ സ്ഥിതഃ || 4 ||

അനന്തരം ഹേ ഭഗവാനേ! നിങ്ങള്‍ മൂന്നുപേരും ബ്രാഹ്മണന്മാരെന്ന വ്യാജവേഷത്തോടെ ഗിരിവ്രജപുരത്തെ പ്രാപിച്ച് ആ ജരാസന്ധനോടു യുദ്ധോത്സവത്തെ യാചിച്ചു പുണ്യം തികഞ്ഞിട്ടില്ലാത്ത ഇവനെ വായുപുത്രനായ ഭീമപുത്രനോടുകൂടി യുദ്ധം ചെയ്യിക്കുന്നവനായി നിന്തിരുവടി അര്‍ജ്ജുനനോടുകൂടി രാജാക്കന്മാരെ യുദ്ധം ചെയ്യിക്കുന്നവനായി മദ്ധ്യസ്ഥനിലയില്‍ ആ യുദ്ധം കണ്ടുകൊണ്ടുനിന്നു.

അശാന്തസമരോദ്ധതം വിടപപാടനാസംജ്ഞയാ
നിപാത്യ ജരസഃസുതം പവനജേന നിഷ്പാടിതം
വിമുച്യ നൃപതിന്‍ മുദാ സമ്നുഗൃഹ്യ ഭക്തിം പര‍ാം
ദിദേശിഥ ഗതസ്പൃഹാനപി ച ധര്‍മ്മഗുപ്ത്യൈ ഭുവഃ || 5 ||

അവസാനിക്കാത്തതായ ആ ദ്വന്ദ്വയുദ്ധത്തില്‍ വര്‍ദ്ധിച്ച പരാക്രമത്തോടും അഹങ്കാരത്തോടുകൂടിയവനും ജര എന്ന രാക്ഷസിയുടെ പുത്രനുമായ ജാരസന്ധനെ ചുള്ളിക്കൊമ്പുപിടിച്ച് ചീന്തുന്ന അടയാളം കാണിച്ച് ഭീമസേനനാല്‍ രണ്ടായി പിളക്കപ്പെട്ടവനാക്കി നിഗ്രഹിച്ചിട്ട് തടവിലിട്ടടക്കപ്പെട്ടിരുന്ന രാജാക്കന്മാരെ സന്തോഷത്തോടുകൂടി മോചിപ്പിച്ച് അനുഗ്രഹിപ്പിട്ട് ഉത്തമമായ ഭക്തിയേയും നല്‍കിയനുഗ്രഹിച്ചു. ആശയൊഴിഞ്ഞവരെങ്കിലും ധര്‍മ്മസംരക്ഷണത്തിന്നായി അവരവരുടെ രാജ്യങ്ങളേയും തിരികെ നല്‍കി.

[“ജരസഃ സുതം” മഗധരാജാവായ ബൃഹദ്രഥന്ന് സന്തത്യര്‍ത്ഥമായി ചണ്ഡകൗശികനെന്ന ഒരു മഹര്‍ഷിവര്‍യ്യന്‍ നല്‍കിയ ദിവ്യമായ ഒരു ആമ്രഫലത്തെ അദ്ദേഹത്തിന്റെ രണ്ടു പത്നിമാര്‍കൂടി രണ്ടായി പകത്തെടുത്തു ഭക്ഷിക്കുകയും ഓരോരുത്തരും ശിശുവിന്റെ ഓരോ ഭാഗത്തെ പ്രസവിക്കുകയും ചെയ്തു. ആ രാജപത്നിമാര്‍ ആ രണ്ടു ശകലങ്ങളേയും പട്ടി‍ല്‍ പൊതിയിച്ച് പെരുവഴിയി‍ല്‍ കൊണ്ടുപോയിട്ടു. ആ വഴിക്കു പോവാനിടയായ ജരയെന്ന രാക്ഷസി രാജാവിനോടുള്ള അനുഗ്രഹബുദ്ധിയാല്‍ ആ രണ്ടു കഷ്ണങ്ങളേയും ഒന്നിച്ചുചേര്‍ത്തപ്പോ‍ള്‍ ആ കുട്ടിക്ക് ചൈതന്യമുണ്ടാവുകയും അതിനെ ബൃഹദ്രഥരാജാവിനെ ഏല്പിക്കുകയും ചെയ്തു. ‘ജര’ സന്ധിച്ച ആ ശിശുവിന്നു ജാരസന്ധന്‍ എന്ന പേരുണ്ടായി. ജരാസന്ധന്റെ ശരീരത്തെ യോജിപ്പിച്ചതുപോലെ രണ്ടായി പിരിച്ച് വ്യത്യസ്തമായി ഇടാത്തപക്ഷം അവനു മരണമുണ്ടാവുകയില്ലെന്നു മനസ്സിലാക്കിയിരുന്നതിനാലാണ് ഭഗവാന്‍ ചുള്ളിക്കൊമ്പു മുറിച്ചിട്ട സംജ്ഞകാട്ടിക്കൊടുത്തു ഭീമസേനനെക്കൊണ്ടു വധിപ്പിച്ചത്. ]

പ്രചക്രുഷി യുധിഷ്ഠിരേ തദനു രാജസൂയാദ്ധ്വരം
പ്രസന്നഭൃതകീഭവത് സകലരാജകവ്യാകുലം
ത്വമപ്യയി ജഗത്പതേ! ദ്വിജപദാവനേജാദികം
ചകാര്‍ത്ഥ, കിമു കഥ്യതേ നൃപവരസ്യ ഭാഗ്യോന്നിതിഃ ? || 6 ||

അനന്തരം ധര്‍മ്മപുത്രമഹാരാജവ് സന്തോഷത്തോടുകൂടിത്തന്നെ ഭൃത്യഭാവത്തി‍ല്‍ വര്‍ത്തിച്ചിരുന്ന എല്ലാ രാജ്യങ്ങളിലേയും രാജാക്കന്മാരെക്കൊണ്ടും നിറഞ്ഞ രാജസൂയയാഗത്തെ അനുഷ്ഠിച്ചുകൊണ്ടിരിക്കെ അല്ലയോ ലോകേശ്വര! നിന്തിരുവടികൂടി ബ്രാഹ്മണരുടെ കാല്‍ കഴുകിക്കൊടുക്കുക മുതലായ പ്രവൃത്തികളെ ചെയ്തു സഹായിച്ചുകൊണ്ടിരുന്നു; മഹാരാജാവായ യുധിഷ്ഠിരന്റെ ഭാഗ്യത്തിന്റെ ഉയര്‍ച്ച പറഞ്ഞറിയിക്കേണ്ടതുണ്ടോ ?

തതഃ സവനകര്‍മ്മണി പ്രവരകഗ്രപൂജാവിധിം
വിചാര്യ സഹദേവവാഗനുഗതഃ സ ധര്‍മ്മാത്മജാഃ
വ്യധത്ത ഭവതേ മുദാ സദസി വിശ്വഭൂതാത്മനേ
തദാ സസുരമാനുഷം ഭുവനമേവ തൃപ്തിം ദധൗ || 7 ||

അതില്‍പിന്നെ ‘സവനം” എന്ന കര്‍മ്മത്തി‍ല്‍ സര്‍വ്വഗുണങ്ങളും തികഞ്ഞ ഒരു മഹാപുരുഷന്ന് അഗ്ര്യപുജ ചെയ്യുക എന്ന ക്രിയയില്‍ മറ്റുള്ളവരോടുകൂടി ആലോചിച്ചിട്ട് സഹദേവന്റെ അഭിപ്രായത്തെ സ്വീകരിച്ചുകൊണ്ട് ആ ധര്‍മ്മപുത്ര‍ന്‍ പ്രപഞ്ചസ്വരുപനായ നിന്തിരുവടിയ്ക്കാക്കൊണ്ട് ആ നിറഞ്ഞ സദസ്സില്‍വെച്ച് അതിസന്തോഷത്തോടുകൂടി ആഗ്ര്യപുജ ചെയ്തു. ആ സമയം ദേവന്മാരും മനുഷ്യന്മാരുമടക്കം ലോകം മുഴുവനുംതന്നെ സംതൃപ്തി കൈക്കൊണ്ടു.

തതഃസപദി ചേദിപോ മുനിനൃപേഷു തിഷ്ഠത്സ്വഹോ!
സഭാജയതി കോ ജഡഃ പശുപദുര്‍ദ്ദുരൂടം വടും
ഇതി ത്വയി സ ദുര്‍വ്വചോവിതതിമുദ്വമന്നാസനാത്
ഉദാപതദുദായുധഃസമപതന്നമും പാണ്ഡവാഃ || 8 ||

ഉടനെ ആ ചേദിരാജാവായ ശിശുപാലന്‍ ‘മഹര്‍ഷിമാരും രാജാക്കന്മാരും ഇരിക്കവേ മാടുമേക്കുന്ന ഒരു തെമ്മാടി ചെറുക്കനെ ഏതു വിഡ്ഢിയാണ് പൂജിക്കുന്നത് ? അന്യായം’ എന്നിങ്ങിനെ നിന്തിരുവടിയില്‍ അസഭ്യവാക്കുകളെ ചൊരിഞ്ഞുകൊണ്ട് ഉടനെതന്നെ ഇരിപ്പിടത്തില്‍നിന്ന് വാളെടുത്തുയര്‍ത്തിപ്പിടിച്ചുകൊണ്ട് ചാടിയെഴുനേറ്റു; ഇവനോടു പാണ്ഡവന്മാര്‍ എതിരിട്ടു.

നിവാര്‍യ്യ നിജപക്ഷഗാനഭിമുഖസ്യ വിദ്വേഷിണ
സ്ത്വമേവ ജഹൃഷേ ശിരോ ദനുജദാരിണാ സ്വാരിണാ
ജനുസ്ത്ര്രിതയലബ്ധയാ സതതചിന്തയാ ശുദ്ധധീഃ
സ്ത്വയാ സ പരമേകതം അധൃത യോഗിന‍ാം ദുര്‍ല്ലഭ‍ാം. || 9 ||

സ്വപക്ഷത്തിലുള്ള അവരെ വിലക്കിനിര്‍ത്തി നിന്തിരുവടിതന്നെ അസുരന്മാരുടെ ശിരസ്സുറുക്കുന്നതില്‍ സമര്‍ത്ഥമായ തന്റെ ചക്രംകൊണ്ട് നേരിട്ടുവരുന്ന വിരോധിയായ ശിശുപാലന്റെ ശിരസ്സിനെ അറുത്തിട്ട്; മൂന്നുജന്മംകൊണ്ടു ലഭിച്ചിട്ടുള്ള നിന്രന്തരചിന്തകൊണ്ട് പരിശുദ്ധമായിത്തീര്‍ന്നിട്ടുള്ള മനസ്സോടുകൂടിയ ആ ശിശുപാല‍ന്‍ യോഗീശ്വരന്മാര്‍ക്കുപോലും ലഭിക്കാവുന്നതല്ലാത്ത നിന്തിരുവടിയോടുള്ള പരമൈക്യത്തെ പ്രാപിച്ചു.

[ആദ്യത്തെ ജന്മത്തില്‍ ഹിരണ്യകശിപുവായിട്ടും രണ്ടാമത്തെ ജന്മത്തി‍ല്‍ രാവണനായിട്ടും ഈ മൂന്നാമത്തെ ജന്മത്തില്‍ ശിശുപാലനായിട്ടും ഭഗവാനി‍ല്‍ വിരോധഭാവത്തെ കൈക്കൊണ്ടു ദ്വേഷബുദ്ധിയോടെ സദാ സര്‍വ്വസമയത്തും ഭഗവാനെ സ്മരിച്ചുകൊണ്ടിരിക്കുകയാല്‍ സായൂജ്യം പ്രാപിച്ചു. ]

തതഃ സുമഹിത ത്വയാ ക്രതുവരേ നിരൂഢേ, ജനോ
യയൗ ജയതി ധര്‍മ്മജോ ജയതി കൃഷ്ണ ഇത്യാലപന്‍
ഖലഃ സ തു സുയോധനോ ധുതമനാഃസപത്നശ്രിയാ
മയാര്‍പ്പിത സഭാമുഖേ സ്ഥലജലഭ്രമാദഭ്രമീത് || 10 ||

അനന്തരം അതിശ്രേഷ്ഠമായ രാജസൂയയാഗം നിന്തിരുവടിയാല്‍ വിധിപോലെ നിര്‍വ്വഹിക്കപ്പെട്ടപ്പോള്‍ അവിടെ വന്നുകൂടിയിരുന്നവരെല്ല‍ാം “ധര്‍മ്മപുത്ര‍ന്‍ ജയിക്കുന്നു; ഭഗവാന്‍ ശ്രീകൃഷ്ണ‍ന്‍ വിജയിക്കുന്നു;” എന്നു ഉല്‍ഘോഷിച്ചുകൊണ്ട് യാത്രയായി; എന്നാല്‍ ദുഷ്ടബുദ്ധിയയ ആ ദൂര്‍യ്യോധന്‍മാത്രം ധര്‍മ്മപുത്രന്റെ ഐശ്വര്‍യ്യസമൃദ്ധിയി‍ല്‍ അസ്വസ്ഥചിത്തനായി മയനാ‍ല്‍ നിര്‍മ്മിച്ചകൊടുക്കപ്പെട്ട സഭാമണ്ഡപത്തില്‍ സ്ഥലത്തില്‍ ജലമുണ്ടെന്നും ജലത്തില്‍സ്ഥലമാണെന്നും എന്നുള്ള ഭ്രാന്തികൊണ്ട് പരിഭ്രമിച്ച് ഉഴന്നു.

തദാ ഹസിതമുത്ഥിതം ദ്രുപദനന്ദനാഭീമയോ
രപ‍ാംഗകലയാ വിഭോ! കിമപി താവദുജ്ജൃംഭയന്‍
ധരാഭരനിരാകൃതൗ സപദി നാമ ബീജം വപന്‍
ജനാര്‍ദ്ദന! മരുത്പുരീനിലയ! പാഹി മാമാമയാത് || 11 ||

ദുഷ്ടന്മാരെ ശിക്ഷിക്കുന്ന ഹേ സര്‍വേശ്വര ! ഗുരുവായൂര്‍പുരേശ ! ആ സമയം പാഞ്ചാലിയ്ക്കും ഭീമസേനന്നും പൊടുന്നനവേ ഉണ്ടായ പൊട്ടിച്ചിരിയെ കടക്കണ്‍കോണ്‍കൊണ്ട് ആ സമയം അല്പമൊന്നു വര്‍ദ്ധിപ്പിച്ചുകൊണ്ട് ഭൂഭാരത്തെ ഇല്ലാതാകുന്ന വിഷയത്തില്‍ പെട്ടെന്നു വിത്തുപാകിയ നിന്തിരുവടി എന്നെ രോഗത്തില്‍നിന്നു രക്ഷിക്കേണമേ.

ജരാസന്ധവധവര്‍ണ്ണനം എന്ന എണ്‍പത്തഞ്ച‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 878
വൃത്തം. പൃത്ഥ്വി.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.