സാല്വോ ഭൈഷ്മീവിവാഹേ യദുബലവിജിത-
ശ്ചന്ദ്രചൂഡാദ്വിമാനം
വിന്ദന്‍ സൗഭം സ മായീ ത്വയി വസതി കുരൂന്‍
ത്വത്പുരീമഭ്യഭാങ്ക്ക്ഷീത്
പ്രദ്യുമ്നസ്തം നിരുന്ധന്‍ നിഖിലയദുഭടൈഃ
ന്യഗ്രഹീദുഗ്രവീര്‍യ്യം
തസ്യാമാത്യം ദ്യുമന്തം വ്യജനി ച സമരഃ
സപ്തവിംശത്യഹാന്തഃ || 1 ||
രുഗ്മിണീസ്വയംവരത്തില്‍ യാദവസൈന്യത്താല്‍ തോല്പിക്കപ്പെട്ടവനായ സാല്വരാജാവ് മഹേശ്വരനില്‍നിന്ന് സൗരം എന്നു പേരോടുകൂടിയ ഇഷ്ടംപോലെ ഗമിക്കുന്ന ഒരു വിമാനത്തെ തപസ്സുകൊണ്ടു സമ്പാദിച്ചിട്ട്, നിന്തിരുവടി ഇന്ദ്രപ്രസ്ഥാനത്തില്‍ താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ മായാവിയായ അവന്‍ നിന്തിരുവടിയുടെ ദ്വാരകാപുരിയെ ആക്രമിച്ചു; പ്രദ്യുമ്നന്‍ എല്ലാ യാദവസൈന്യങ്ങളോടുംകൂടി അവനെ തടഞ്ഞു നിര്‍ത്തി അവന്റെ മന്ത്രിയും ഉഗ്രപരാക്രമിയുമായ ഭ്യുമാന്‍ എന്നവനെ വധിച്ചു; ആ യുദ്ധം ഇരുപത്തേഴുദിവസംവരെ നീണ്ടുനില്ക്കുകയും ചെയ്തു.
താവത് ത്വം രാമശാലീ ത്വരിതമുപഗതഃ
ഖണ്ഡിതപ്രായസൈന്യം
സൗഭേശം തം ന്യരുന്ധാ സ ച കില ഗദയാ
ശാര്‍ങ്ഗമഭ്രംശയത് തേ
മായാതാതം വ്യഹിംസീത് അപി തപ പുരതഃ
തത് ത്വയാഽപി ക്ഷണാര്‍ദ്ധം
നാജ്ഞായീത്യാഹുരേകേ, തദിദമവമതം
വ്യാസ ഏവ ന്യഷേധീത് || 2 ||
അങ്ങിനെയിരിക്കുന്ന സമയം നിന്തിരുവടി ബലരാമനോടുകൂടി വേഗത്തില്‍ മടങ്ങിവന്നു മിക്കവാറും നശിച്ച സൈന്യത്തോടുകൂടിയ ആ സാല്വരാജാനെ എതിര്‍ത്തു; അവനാവട്ടെ ഗദകൊണ്ട് നിന്തിരുവടിയുടെ ശാര്‍ങ്ഗം എന്ന വില്ലിനെ കയ്യില്‍ നിന്ന് താഴത്തു തട്ടിയിട്ടുവത്രെ; നിന്തിരുവടിയുടെ മുന്‍പില്‍വെച്ച് മായാനിര്‍മ്മിതനായ പിതാവിനെ വെട്ടുകയും ചെയ്തുവത്രെ; ഇത് നിന്തിരുവടിയാല്‍ കൂടി അല്പനേരത്തേക്ക് അറിയപ്പെട്ടില്ല എന്നിങ്ങിനെ ചിലര്‍ പറയുന്നു; അപ്രകാരമുള്ള ഈ നിന്ദ്യമായ വാര്‍ത്തയെ ഭഗവാന്‍ ശ്രീ വേദവ്യാസമഹര്‍ഷിതന്നെ നിഷേധിച്ചിട്ടുണ്ട്.
ക്ഷിപ്ത്വാ സൗഭം ഗദാചുണ്ണിതമുദകനിധൗ
മങ്ക്ക്ഷു സാല്വേഽപി ചക്രേ
ണോത്കൃത്തേ, ദന്തവക്ത്രഃ പ്രസഭമഭിപത
ന്നഭ്യമുഞ്ചദ് ഗദാം തേ
കൗമോദക്യാ ഹതോഽസൗ അപി സുകൃതനിധിഃ
ചൈദ്യവത് പ്രാപദൈക്യം
സര്‍വ്വേഷാമേഷ പൂര്‍വ്വം ത്വയി ധൃതമനസാം
മോക്ഷഝാര്‍ത്ഥോഽവതാരഃ || 3 ||
സാല്വന്റെ സൗഭമെന്ന വിമാനത്തെ ഗദകൊണ്ടടിച്ചുടച്ച് സമുദ്രത്തില്‍ വീഴ്ത്തിയിട്ട് ഉടന്‍തന്നെ സാല്വനും സുദര്‍ശനചക്രംകൊണ്ട് കഴുത്തറുക്കപ്പെട്ടപ്പോള്‍ ദന്തവക്ത്രന്‍ എന്നവന്‍ ചാടിവീണ് നിന്തിരുവടിയുടെ നേര്‍ക്ക് ഗദയെ ഊക്കോടെ ചുഴറ്റിയെറിഞ്ഞു; സുകൃതം ചെയ്തവനായ ഈ ദന്തവക്ത്രനും നിന്തിരുവടിയുടെ കൗമോദകി എന്ന ഗദയാല്‍ പ്രഹരിക്കപ്പെട്ടവനായി ചേദിരാജാവായ ശിശുപാലനെപോലെ അങ്ങയോടു ഐക്യം പ്രാപിച്ചു; ഈ അവതാരം ഇതിന്നുമുന്‍പ് നിന്തിരുവടിയില്‍ മനസ്സുറപ്പിച്ചിരിക്കുന്ന എല്ലാവരുടേയും മോക്ഷത്തിന്നുവേണ്ടിത്തന്നെയാകുന്നു.
ത്വയ്യായാതേഽഥ ജാതേ കില കുരുസദസി
ദ്യുതകേ സംയതായാഃ
ക്രന്ദന്ത്യാ യാജ്ഞസേന്യാ സകരുണമകൃഥാഃ
ചേലമാലാമനന്താം
അന്നാന്ത പ്രാപ്ത ശര്‍വ്വംശജ മുനിചകിത
ദ്രൗപദീ ചിന്തിതോഽഥ
പ്രാപ്തഃശാകാന്നമശ്നന്‍ മുനിഗണമകൃഥാ
തൃപ്തിമന്തം വനാന്തേ || 4 ||
നിന്തിരുവടി ദ്വാരകയിലേക്കു മടങ്ങിവന്ന സന്ദര്‍ഭത്തില്‍ പിന്നെ കൗരവന്മാരുടെ സഭയില്‍വെച്ചുണ്ടായ ചൂതുകളിയില്‍ പണയപ്പെടുത്തപ്പെട്ടവളെന്നു പറയെപ്പെട്ടവളും നിന്തിരുവടിയെ വിളിച്ചു കരയുന്നവളുമായ പാഞ്ചാലിയുടെ ഉടുവസ്ത്രങ്ങളെ നിന്തിരുവടി കരുണയോടുകൂടി അവസാനമില്ലാത്തതാക്കിത്തീര്‍ത്തു. അനന്തരം കാട്ടില്‍ അന്നാവസാനത്തില്‍ വന്നുചേര്‍ന്ന ദുര്‍വാസസ്സു മഹര്‍ഷിയില്‍നിന്നു ഭീതയായ പാഞ്ചാലിയാല്‍ ധ്യാനിക്കപ്പെട്ടവനായി അവിടെ ചെന്നുചേര്‍ന്നു ചീരക്കറിയുടെ ഒരു ശകലം ഭക്ഷിച്ച് ദുര്‍വാസസ്സ് മഹര്‍ഷിയേയും ശിഷ്യന്മാരേയും ഏറ്റവും തൃപ്തിയുള്ളവരാക്കിത്തീര്‍ത്തു.
{രാജസൂയ യാഗം കഴിച്ചു ഐശ്വര്‍യ്യപരിപൂര്‍ണ്ണന്മാരായി കഴിയുന്ന പാണ്ഡവന്മാരില്‍ അസൂയ വര്‍ദ്ധിച്ച് ദുര്‍യ്യോധനന്‍ ശകുനിയുടെ സഹായത്തോടുകൂടി യുധിഷ്ഠിരനെ കള്ളച്ചൂതില്‍ തോല്പിക്കുകയും അവരുടെ സര്‍വ്വസ്വവും അപഹരിക്കുകയും ചെയ്തു; പോരാതെ യുധിഷ്ഠിരന്‍ തന്നെത്തന്നെയും അനുജന്മാരേയും പ്രേയസിയായ പാഞ്ചാലിയെകൂടിയും പണയപ്പെടുത്തുകയും ചെയ്തു. മദാന്ധനായ ദുര്‍യ്യോധനന്‍ മയനിര്‍മ്മിതമായ സഭാഗൃഹത്തില്‍ സ്ഥലജലഭ്രാന്തിനിമിത്തം താന്‍ ഇടറിവീണ അവസരത്തില്‍ പൊട്ടിച്ചിരിച്ച് തന്നെ അവമാനിച്ച പാഞ്ചാലിയോടുള്ള പക പോക്കുന്നതിന്നായി, പണയപ്പെട്ട് അസ്വതന്ത്രരായിനില്ക്കുന്ന ഭര്‍ത്താക്കന്മാരെല്ലാവരും നോക്കിനില്ക്കവേ, അനുജനായ ദുശ്ശാസനെകൊണ്ട് നിറഞ്ഞ സദസ്സില്‍വെച്ച് അവളുടെ വസ്ത്രങ്ങളെല്ലാം അഴിച്ച് അപമാനിക്കുവാന്‍ മുതിരുകയും അവള്‍ ആപല്‍ബന്ധുവായ ഭഗവാനെ വിളിച്ച് ദീനദീനം മുറയിടുകയും ചെയ്തു. ഭഗവാന്റെ കരുണാതിശയത്താല്‍ ദുശ്ശസനന്‍ അഴിക്കുംതോറും അത്രയും വസ്ത്രം പാഞ്ചാലിയുടെ ദേഹത്തെ ആവരണംചെയ്തുകൊണ്ടേയിരുന്നു; അങ്ങിനെ ദുര്‍യ്യോദനന്റെ ആഗ്രഹം നിഷ്ഫലമായി }
യുദ്ധോധ്യോഗേഽഥ മന്ത്രേ മിലതി സതി വൃതഃ
ഫല്‍ഗുനേന ത്വമേകം
കൗരവ്യേ ദത്തസൈന്യഃ കരിപുരമഗമോ
ദൂത്യകൃത് പാണ്ഡവാര്‍ത്ഥം
ഭീഷ്മാദ്രോണാദി മാന്യേ തവ ഖലു വചനേ
ധിക്കൃതേ കൗരവേണ
വ്യാവൃണ്വാന്‍ വിശ്വരുപം മുനിസദസി പുരീം
ക്ഷോഭയിത്വാഗതോഽഭൂഃ || 5 ||
അനന്തരം യുദ്ധം തുടങ്ങുന്നതിനെ സംബന്ധിച്ച ആലോചന നടന്നുകൊണ്ടിരിക്കെ അര്‍ജ്ജുനനാല്‍ നിന്തിരുവടി മറ്റുള്ളവരോടുകൂടാതെ ഏകനായിട്ട് വരിക്കപ്പെട്ടു; ദുര്‍യ്യോധനനു സൈന്യങ്ങളെ മുഴുവന്‍ കൊടുത്ത് പാണ്ഡവന്മാര്‍ക്കുവേണ്ടി ദൂതകര്‍മ്മം ചെയ്യുന്നവനായി ഹസ്തിനപുരത്തിലേക്ക് നിന്തിരുവടി എഴുന്നെള്ളി; ഭീഷ്മന്‍, ദ്രോണന്‍ മുതലായവരാല്‍ ബഹുമാനിക്കപ്പെട്ടാനായ നിന്തിരുവടിയുടെ സന്ദേശം ദുര്‍യ്യോധനനാല്‍ ദിക്കാരപൂര്‍വ്വം തള്ളിക്കളയപ്പെട്ടപ്പോള്‍ അവിടെ കൂടിയിരുന്ന മഹര്‍ഷിമാരുടെ സദസ്സില്‍ വിശ്വരുപത്തെ കാണിച്ച് ഹസ്തിനപുരത്തെ ഇളക്കിയശേഷം തിരിച്ചെഴുന്നള്ളി.
ജിഷ്ണൊസ്ത്വം കൃഷ്ണ ! സൂതഃഖലു സമരമുഖേ
ബന്ധുഘാതേ ദയാലും
ഖിന്നം തം വീക്ഷ്യ വീരം കിമിദമയി സഖേ !
നിത്യ ഏകോഽയമാത്മാ
കോ വദ്ധ്യഃ? കോഽത്ര ഹന്താ? തദിഹ വധഭിയം
പ്രോജ്‍ഝ്യ മയ്യര്‍പ്പിതാത്മാ
ധര്‍മ്മ്യം യുദ്ധം ചരേതി പ്രകൃതിമനയഥാഃ
ദര്‍ശയന്‍ വിശ്വരൂപം || 6 ||
ഹേ കൃഷ്ണ ! നിന്തിരുവടി അര്‍ജ്ജനന്റെ സാരഥിയായി യുദ്ധാരംഭത്തില്‍തന്നെ പരാക്രമശാലിയായ ആ അര്‍ജ്ജുനനെ സ്വജനങ്ങളായ കൗരവന്മാരെ നിഗ്രഹിക്കുന്നതില്‍ ദയയോടുകൂടിയവനായിട്ടും വ്യസനിക്കുന്നവനായിട്ടും കണ്ടിട്ട്, ‘ഹേ സ്നേഹിതാ! എന്തു ചാപല്യമാണിത്? ഈ ആത്മാവ് നാശമില്ലാത്തവനും ഏകസ്വരൂപനുമാണ്; ഇങ്ങിനെയിരിക്കെ കൊല്ലപ്പെടുന്നവനാരാണ്; കൊല്ലുന്നവനാരാണ്; അതുകൊണ്ട് ഈ അവസരത്തില്‍ കൊല്ലുകയാണ് എന്ന ഭയത്തെ ഉപേക്ഷിച്ച് എന്നില്‍ അര്‍പ്പിക്കപ്പെട്ട ബുദ്ധിയോടുകൂടിയവനായി ക്ഷത്രിയന്മാര്‍ക്ക് വിധിക്കപ്പെട്ടതായിരിക്കുന്ന ധര്‍മ്മാനുസൃതമായ യുദ്ധത്തെ ചെയ്യുക എന്നുപദേശിച്ച്* (ഈ ഉപദേശംതന്നെയാണ് ഭഗവദ്ഗീതയെന്നറിയപ്പെടുന്നത്) വിശ്വാസദാര്‍ഢ്യത്തിന്നു നിന്തിരുവടിയുടെ വിശ്വരുപുത്തേയും കാണിച്ചുകൊടുത്ത് അര്‍ജ്ജുനന്റെ വ്യാമോഹം നീക്കി സ്ഥിരചിത്തനാക്കിത്തീര്‍ത്തുവല്ലോ !
ഭക്തോത്തംസേഽഥ ഭീക്ഷ്മ തവ ധരണിഭര
ക്ഷേപ കൃത്യൈകസക്തേ
നിത്യം നിത്യം വിഭിന്ദത്യയുതസമധികം
പ്രാപ്തസാദേ ച പാര്‍ത്ഥേ
നിശ്ശസ്ത്ര ത്വപ്രതിജ്ഞാം നിജഹദരിവരം
ധാരായന്‍ ക്രോധശാലീ
വാധാവന്‍ പ്രാഞ്ജലീം തം നതശിരസമഥോ
വിക്ഷ്യ മോദാദപാഗാഃ || 7 ||
അനന്തരം ഭക്തശിഖാമണിയായ ഭീഷ്മാചാര്‍യ്യന്‍ നിന്തിരുവടിയുടെ ഭൂഭാരത്തെ നശിപ്പിക്കുകയെന്ന കൃത്യത്തില്‍ ആസക്തിയോടുകൂടി സഹായിക്കുന്നവനായി ദിവസം തോറും പതിനായിരത്തിലേറെ വീരന്മാരെ നിഗ്രഹിച്ചുകൊണ്ടിരിക്കവേ വില്ലാളികളില്‍ വിരുതേറിയ അര്‍ജ്ജുനന്‍ തളര്‍ന്നതുടങ്ങിയ സമയം ആയുധമെടുക്കാതിരിക്കുക എന്ന പ്രതിജ്ഞയെ ഉപേക്ഷിച്ച് സുദര്‍ശനചക്രം എടുത്തു കൊണ്ട് ഭീഷ്മന്റെ നേരിട്ട് പാഞ്ഞുചെല്ലുന്നവനായി തലകുനിച്ച് കൈകൂപ്പിക്കൊണ്ടുനില്ക്കുന്ന അദ്ദേഹത്തേ അനന്തരം സന്തോഷത്തോടുകൂടി നിന്തിരുവടി പിന്‍ വാങ്ങിയല്ലോ.
[യുദ്ധംകൊണ്ടല്ലാതെ കൗരന്മാരില്‍നിന്നു പാണ്ഡവന്മാര്‍ക്കു രാജ്യാവകാശം ഒരു വിധത്തിലും ലഭിക്കുകയില്ലെന്ന് തീര്‍ച്ചപ്പെട്ടപ്പോള്‍ പാണ്ഡവന്മാര്‍ യുദ്ധത്തിന്നു കോപ്പുകൂട്ടി. അര്‍ജ്ജുനനും ദുര്‍യ്യോധനനും ഒരേസമയത്തുതന്നെ ഭഗവാന്റെ സഹായത്തിന്നു അപേക്ഷിച്ചു; താന്‍ ആയുധങ്ങളൊന്നുംകൂടാതെ ഏകനായി ഒരു ഭാഗത്ത് ചേരാമെന്നും തന്റെ എല്ലാ സൈന്യങ്ങളേയും മറുപക്ഷത്തിലേക്കു നല്‍കാമെന്നും പറഞ്ഞപ്പോള്‍ അര്‍ജ്ജുനന്‍ ഭഗവാനെ വരിക്കുകയും ദുര്‍യ്യോധനന്‍ യാദവസൈന്യങ്ങളെക്കൊണ്ട് സംതൃപ്തനാവുകയും ചെയ്തു. അങ്ങിനെ ആരംഭിച്ച ഭാരതയുദ്ധത്തില്‍ ഭഗവാനെക്കൊണ്ട് ആയുധമെടുപ്പിച്ച് ഭഗവാന്റെ പ്രതിജ്ഞയെ ഭംഗപ്പെടുത്തുമെന്നു ഭീഷ്മനും പ്രതിജ്ഞചെയ്തിരുന്നു. തന്റെ പ്രതിജ്ഞയെ ലംഘിച്ചാലും ഭക്താഗ്രണിയായ ഭീഷ്മന്റെ പ്രതിജ്ഞയെ നിറവേറ്റാതെ ഭഗവാന്നു നിര്‍വാഹമില്ലായിരുന്നു. ആ ഉദ്ദേശമല്ലാതെ ഭീഷ്മനെ വധിക്കേണമെന്നു ഭഗവാന്നു അല്പംപോലും ആഗ്രഹമുണ്ടായിരുന്നില്ല. അതാണ് “ക്രോധശാലീ ഇവ” എന്ന പദത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. തന്റെ പ്രതിജ്ഞയെ നിറവേറ്റിക്കൊടുത്തതിലുള്ള ചാരിതാര്‍ത്ഥ്യംകൊണ്ട് ഭീഷ്മര്‍ വിനീതനായി വണങ്ങുകയും അതുകൊണ്ട് കൃതാര്‍ത്ഥനായ ഭഗവാന്‍ സന്തോഷത്തോടെ പിന്‍മാറുകയും ചെയ്തു എന്നുതന്നെയാണ് “മോദാത് അപാഗാഃ” എന്നതിനാല്‍ എന്നതിനാല്‍ വിവക്ഷിക്കപ്പെട്ടിരിക്കുന്നത് }യുദ്ധേ ദ്രോണസ്യ ഹസ്തിസ്ഥിരരണ
ഭഗദത്തേരിതം വൈഷ്ണവാസ്ത്രം
വക്ഷസ്യാധത്ത, ചക്രസ്ഥഗിത രവിമഹാഃ
പ്രാര്‍ദ്ദയത് സിന്ധുരാജം
നാഗാസ്ത്രേ കര്‍ണ്ണമുക്തേ ക്ഷിതിമവനമയന്‍
കേവലം കൃത്തമൗലിം
തത്രേ തത്രാപി പാര്‍ത്ഥം കിമിവ നഹി ഭവാന്‍
പാണ്ഡവാനാം അകാര്‍ഷീത് ? || 8 ||
ദ്രോണാചാര്‍യ്യനുമായുണ്ടായ യുദ്ധത്തില്‍ ഗജയുദ്ധത്തില്‍ സമര്‍ത്ഥനായ ഭഗദത്തനാല്‍ അയക്കപ്പെട്ട നാരായണാസ്ത്രത്തെ നിന്തിരുവടി വക്ഷസ്സില്‍ ധരിച്ചു; സുദര്‍ശനചക്രംകൊണ്ട് സൂര്‍യ്യതേജസ്സിനെ മറച്ച് സിന്ധുദേശാധിപതിയായ ജയദ്രഥനെ അര്‍ജ്ജുനനെക്കൊണ്ട് വധിപ്പിച്ചു; നാഗാസ്ത്രം അര്‍ജ്ജുനന്റെ നേര്‍ക്കു കര്‍ണ്ണനാല്‍ പ്രയോഗിക്കപ്പെട്ട സമയം ഭൂമിയെ താഴ്ത്തി ആ സന്ദര്‍ഭത്തിലും കിരീടംമാത്രം മുറിക്കപ്പെട്ട നിലയില്‍ രക്ഷിച്ചു; നിന്തിരുവടി ഇപ്രകാരം പാണ്ഡവന്മാര്‍ക്കു എന്തെന്ത് സഹായം ചെയ്തില്ല !
യുദ്ധാദൗ തീര്‍ത്ഥഗാമീ സ ഖലു ഹലധരോ
നൈമിശ ക്ഷേത്രമൃച്ഛന്‍
അപ്രത്യുത്ഥായി സൂതക്ഷയകൃദഥ സുതം
തത്പദേ കല്പയിത്വാ
യജ്ഞഘ്നം ബല്വലം പര്‍വ്വണി പരിദലയന്‍
സ്നാതതീര്‍ത്ഥോ രാണാന്തേ
സമ്പാപ്തോ ഭീമദുര്യോദനരണ മശമം
വീക്ഷ്യ യാതഃ പുരീം തേ || 9 ||
കൗരവപാണ്ഡവയുദ്ധം ആരംഭിച്ച സമയത്ത് തീര്‍ത്ഥയാത്ര പോയിരുന്നവനായ ആ ബലഭദ്രനാവട്ടെ പുണ്യഭൂമിയായ നൈമിശക്ഷേത്രത്തില്‍ചെന്ന് തന്നെക്കണ്ടിട്ടും എഴുന്നേറ്റ് ബഹുമാനിക്കാതിരുന്ന സൂതപൗരാണികനെ അടിച്ചുകൊന്ന് അനന്തരം അദ്ദേഹത്തിന്റെ പുത്രനായ ഉഗ്രശ്രവസ്സെന്നവനെ ആ സ്ഥാനത്തില്‍ നിയമിച്ച് വാവുതോറും അവിടെ നടന്നുകൊണ്ടിരുന്ന യാഗത്തെ മുടക്കിക്കൊണ്ടിരുന്ന ബല്വലനെന്ന രാക്ഷസനെ വധിച്ച് തീര്‍ത്ഥസ്ഥാനം ചെയ്തവനായി യുദ്ധം അവസാനിക്കാറായ സമയത്ത് കുരുക്ഷേത്രത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ ഭീമദുര്‍യ്യോധനന്മാരുടെ യുദ്ധം അടങ്ങിയിട്ടില്ലെന്നുകണ്ട് നിന്തിരുവടിയുടെ ദ്വാരകാപുരിയിലേക്കു യാത്രയായി.
സംസുപ്ത -ദ്രൗപദേയ ക്ഷപണ ഹതധിയം
ദ്രൗണിമേത്യ ത്വദുക്ത്യാ
തന്മുക്തം ബ്രാഹ്മമസ്ത്രം സമഹൃത വിജയോ
മൗലിരത്നം ച ജഹ്രേ
ഉച്ഛിത്ത്യൈ പാണ്ഡവാനാം പുനരപി ച വിശത്യുത്തരാഗര്‍ഭമസ്ത്രേ
രക്ഷന്നംഗുഷ്ഠമാത്രഃ കില ജഠരമഗാഃ
ചക്രപാണിര്‍ വിഭോ! ത്വം || 10 ||
പാഞ്ചാലിയുടെ ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ കൊന്നതുനിമിത്തം ബുദ്ധിശക്തി നശിച്ച ദ്രോണപുത്രനായ അശ്വത്ഥാമാവിനെ കണ്ടുപിടിച്ച് അദ്ദേഹത്തിനാല്‍ പ്രയോഗിക്കപ്പെട്ട ബ്രഹ്മാസ്ത്രത്തെ നിന്തിരുവടിയുടെ അഭിപ്രായമനുസരിച്ച് അര്‍ജ്ജുനന്‍ ഉപസംഹരിച്ചു; എന്നല്ല അശ്വത്ഥാമാവിന്റെ ശിരസ്സിലുള്ള രത്നത്തെ ചൂന്നെടുത്തു; വീണ്ടും പാണ്ഡവന്മാരുടെ വംശം നശിപ്പിക്കുന്നതിന്നുവേണ്ടി ആ അശ്വത്ഥാമാവിനാല്‍ പ്രയോഗിക്കപ്പെട്ട ബ്രഹ്മാസ്ത്രം അഭിമന്യുവിന്റെ പത്നിയായ ഉത്തരയുടെ ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കവേ, ഹേ സര്‍വ്വേശ്വര ! നിന്തിരുവടി അംഗുഷ്ഠതുല്യനായി സുദര്‍ശനചക്രവും കയ്യിലെടുത്ത് ആ സന്താനത്തെ രക്ഷിക്കുന്നതിനായി ഉത്തരയുടെ ഉദരത്തില്‍ പ്രവേശിച്ചുവല്ലോ !
ധര്‍മ്മൗഘം ധര്‍മ്മസൂനോരഭിദധഖിലം
ഛന്ദമൃത്യുഃ സ ഭീഷ്മഃ
ത്വാം പശ്യന്‍ ഭക്തിഭൂമ്നൈവ ഹി സപദി യയൗ
നിഷ്കളബ്രഹ്മഭൂയം
സംയാജ്യാഥാശ്വമേധൈഃ ത്രിഭിരതിമഹിതൈഃ
ധര്‍മ്മജം പൂര്‍ണ്ണകാമം
സംപ്രപ്തോ ദ്വാരകാം ത്വം പവനപുരപതേ !
പാഹി മാം സര്‍വ്വരോഗാത് .. || 11 ||
ഇഷ്ടംപോലെ മരിക്കാവുന്നവനായ ആ ഭീഷ്മന്‍ ധര്‍മ്മപുത്രന്നു എല്ലാ ധര്‍മ്മങ്ങളേയും ഉപദേശിച്ചുകൊണ്ടും നിന്തിരുവടിയെ ദര്‍ശിച്ചുകൊണ്ടും ഭക്തിയുടെ ആധിക്യംകൊണ്ടുതന്നെ താമസംകൂടാതെ നിഷ്കളബ്രഹ്മത്തോടു ലയിച്ചു. അനന്തരം അഭിഷ്ടങ്ങളെല്ലാം സാധിച്ചവനായ യുധിഷ്ഠിരനെ ഏറ്റവും ശ്രേഷ്ഠങ്ങളായ മൂന്നു അശ്വമേധയാഗങ്ങളെക്കൊണ്ട് യജിപ്പിച്ചിട്ട് ദ്വാരകാപുരിയിലേക്ക് മടങ്ങിയ നിന്തിരുവടി ഹേ വാതാലയേശ ! എന്നെ എല്ലാ രോഗങ്ങളില്‍നിന്നും രക്ഷിക്കേണമേ !
സാല്വാദിവര്‍ണ്ണനവും ഭാരതയുദ്ധവര്‍ണ്ണനവും എന്ന എണ്‍പത്താറാം ദശകം സമാപ്തം.
ആദിതഃ ശ്ലോകഃ. 889.
വൃത്തം. – സ്രഗ്ദ്ധരാ.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.