ഡൗണ്‍ലോഡ്‌ MP3

കുചേലനാമാ ഭവതഃ സതീര്‍ത്ഥ്യത‍ാം
ഗതഃ സ സാന്ദീപനിമന്ദിരേ ദ്വിജഃ
ത്വദേകരാഗേണ ധനാദിനിസ്പൃഹോ
ദിനാനി നിന്യേ പ്രശമീ ഗൃഹാശ്രമീ || 1 ||

സാന്ദീപനിയെന്ന മഹര്‍ഷിയുടെ പര്‍ണ്ണശാലയി‍ല്‍ നിന്തിരുവടിയുടെ ഒരുമിച്ചു പഠിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചനും മനസ്സിനു പരിപാകംവന്നവനും ഗൃഹസ്ഥാശ്രമം കൈകൊണ്ടിരിക്കുന്നവനുമായ കുചേലന്‍ എന്നു പേരോടുകൂടിയ ആ ബ്രാഹ്മണ‍ന്‍ നിന്തിരുവടിയില്‍ പരമഭക്തിയോടുകൂടി ധനം തുടങ്ങിയവയി‍ല്‍ അശേഷം ആഗ്രഹമില്ലാത്തവനായി ദിവസങ്ങള്‍ കഴിച്ചുക്കൂട്ടിക്കൊണ്ടിരുന്നു.

സമാനശീലാഽപി തദീയവല്ലഭാ
തഥൈവ നോ ചിത്തജയം സമേയുഷി
കദാചിദൂചേ ബത! വൃത്തിലബ്ധയേ
രമാപതിഃ കിം ന സഖാ നിഷേവ്യതേ ? || 2 ||

അദ്ദേഹത്തിന്റെ പത്നി അദ്ദേഹത്തിന്നനുരൂപമായ സ്വഭാവത്തോടുകൂടിയ വളാണെങ്കിലും അത്രയ്ക്കു മനോജയം സാധിക്കാതിരുന്നവളായി ഉപജീവനം കഴിക്കുന്നതിന്നുവേണ്ടി പ്രിയമിത്രവും ലക്ഷ്മീവല്ലഭനുമായ ഭഗവാനെ സമീപിക്കാതിരുക്കുന്നതെന്താണാവോ ! എന്നിങ്ങിനെ ഒരിക്കല്‍ അദ്ദേഹത്തോടു പറഞ്ഞു.

ഇതീരിതോഽയം പ്രിയയാ ക്ഷുധാര്‍ത്തയാ
ജഗുപ്സമാനോഽപി ധനേ മദാവഹേ
തദാ ത്വദാലോകന – കൗതുകാദ്യയൗ
വഹന്‍ പടാന്തേ പൃഥുകാനുപായനം || 3 ||

അഹങ്കാരമുണ്ടാക്കുന്നതായ ധനത്തില്‍ അവജ്ഞയോടുകൂടിയവനാണെങ്കിലും ഈ കുചേലന്‍ വിശപ്പുകൊണ്ട് കഷ്ടപ്പെടുന്ന ഭാര്‍യ്യയാല്‍ ഇപ്രകാരം പ്രേരിപ്പിക്കപ്പെട്ടവനായി; ആ സമയം മുണ്ടിന്റെ തലയ്ക്കല്‍ കാഴ്ചവെക്കുവാനായി കുറെ അവിലും പൊതിഞ്ഞെടുത്ത് നിന്തിരുവടിയെ കാണ്മാനുള്ള ഉത്സാഹത്തോടുകൂടി ദ്വാരകയിലേക്ക് യാത്രയായി.

ഗതോഽയമാശ്ചര്യമയീം ഭവത്പുരീം
ഗൃഹേഷു ശൈബ്യാഭവനം സമേയിവാന്‍
പ്രവിശ്യ വൈകുണ്ഠമിവാപ നിര്‍വൃതിം
തവാതി സംഭാവനയാ തു കിം പുനഃ ? || 4 ||

ഈ കുചേലന്‍ ആശ്ചര്‍യ്യകരമ‍ാംവിധം ഐശ്വര്‍യ്യപരിപൂര്‍ണ്ണമായിരിക്കുന്ന നിന്തിരുവടിയുടെ പുരത്തില്‍ വന്നുചേര്‍ന്നവനായി അവിടെക്കണ്ട ഭവനങ്ങളി‍ല്‍ ശൈബ്യയുടെ ഭവനത്തില്‍ പ്രവേശിച്ചു സാക്ഷാല്‍ വൈകുണ്ഠലോകത്തി‍ല്‍ കടന്നതുപോലെയുള്ള നിര്‍വൃതിയെ പ്രാപിക്കുകയും ചെയ്തു; നിന്തിരുവടിയുടെ സല്‍ക്കരവിശേഷങ്ങള്‍കൊണ്ടാവട്ടെ പിന്നെ പറയേണ്ടതുണ്ടോ? !

പ്രപൂജിതം തം പ്രിയയാ ച വിജിതം
കരേ ഗൃഹീത്വഽകഥയഃ പുരാകൃതം
യദിന്ധനാര്‍ത്ഥം ഗുരുദാര ചോദിതൈഃ
അപര്‍ത്തുവര്‍ഷം തദമര്‍ഷി കാനനേ || 5 ||

നന്നായി സല്‍ക്കരിച്ച് ഉപചരിക്കപ്പെട്ടവനും നിന്തിരുവടിയുടെ പ്രിയതമയാ‍ല്‍ വീശപ്പെട്ടവനുമായ ആ കുചേലനെ കൈയില്‍ പിടിച്ച്, വിറകിന്നുവേണ്ടി ഗുരുപത്നിയാല്‍ പറഞ്ഞയക്കപ്പെട്ടവരായി കാട്ടില്‍വെച്ച് അകാലത്തിലുണ്ടായിട്ടുള്ള പേമാരി മുഴുവ‍ന്‍ സഹിച്ചുകൊണ്ടുനിന്നു എന്നുള്ള ആ പഴയ കഥയെ നിന്തിരുവടി അദ്ദേഹത്തോടു പറഞ്ഞുകൊണ്ടിരുന്നു.

ത്രപാജുഷോഽസ്മാത് പൃഥുകം ബലാദഥ
പ്രഗൃഹ്യ മുഷ്ടൗ സകൃദാശിതേ ത്വയാ
കൃതം കൃതം നന്വിയതേതി സംഭ്രമാത്
രമാ കിലോപേത്യ കരം രുരോധ തേ || 6 ||

അനന്തരം ലജ്ജയോടുകൂടിയ ഈ കുചേലന്റെ വക്കല്‍നിന്നു ബലാല്‍ക്കാരമായി നിന്തിരുവടിയാല്‍ അവില്‍ പിടിച്ചുവലിച്ചെടുക്കപ്പെട്ട് ഒരുപിടി ഒരു പ്രാവശ്യം ഭക്ഷിക്കപ്പെടുമ്പോഴെക്കും “പോരേ ! ഇത്രയുംകൊണ്ട് മതിയായില്ലേ ! എന്നു പറഞ്ഞു പരിഭ്രമത്തോടുകൂടി ഓടിവന്നു ശ്രീദേവിയുടെ അവതാരമായ രുഗ്മിണി നിന്തിരുവടിയുടെ കൈ പിടിച്ച് തടുത്തുവല്ലോ.

ഭക്തേഷു ഭക്തേന സ മാനിതസ്ത്വയാ
പുരീം വസന്നേകനിശ‍ാം മഹാസുഖം
ബതാപരേദ്യുര്‍ ദ്രവിണം വിനാ യയൗ
വിചിത്രരൂപസ്തവ ഖല്വനുഗ്രഹഃ || 7 ||

ആ കുചേലന്‍ ഭക്തന്മാരി‍ല്‍ വാത്സല്യത്തോടുകൂടിയ നിന്തിരുവടിയാല്‍ ആദരവോടുകൂടി സല്ക്കരിക്കപ്പെട്ടവനായി അന്നത്തെ ഒരു രാത്രി പരമസുഖത്തോടുകൂടി ആ ദ്വാരകാപുരിയില്‍ താമസിച്ച് പിറ്റെദിവസം രാവിലെ ധനമൊന്നുമില്ലാതെതന്നെ ഗൃഹത്തിലേക്കു മടങ്ങി! അങ്ങയുടെ അനുഗ്രഹരീതിവിചിത്രമായ വിധത്തിലുള്ളതാണല്ലോ !

യദി ഹ്യയാചിഷ്യമദാസ്യദച്യുതോ
വദാമി ഭാര്‍യ്യ‍ാം കിമിതി വ്രജന്നസൗ
ത്വദുക്തി ലീലാസ്മിത മഗ്നധീഃ പുനഃ
ക്രമാദപശ്യന്മണിദീപ്രമാലയം || 8 ||

ഞാന്‍ അപേക്ഷിച്ചിരുന്നവെങ്കി‍ല്‍ ഭഗവാന്‍ അച്യുത‍ന്‍ വല്ലതും തന്നിരിക്കുമായിരുന്നുവല്ലോ ! ഭാര്‍യ്യയോടു എന്താണ് ഞാന്‍ പറയുക ? എന്നിങ്ങിനെ ആലോചിച്ചുകൊണ്ട് നടന്നുപൊയ്ക്കൊണ്ടിരുന്ന ഇദ്ദേഹം പിന്നീട് നിന്തിരുവടിയുടെ മനോഹരികളായ സല്ലാപങ്ങളിലും ലീലയായി തൂകിയ മധുരങ്ങളായ മന്ദസ്മിതങ്ങളിലും മയങ്ങിയ മനസ്സോടുകൂടിയവനായി മെല്ലെ മെല്ലെ നടന്നുകൊണ്ടിരിക്കെ കാന്തിചിതറുന്ന രത്നക്കല്ലുകള്‍കൊണ്ട് തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു മണിമാളികയെ കണ്ടു.

കിം മാര്‍ഗ്ഗവിഭ്രംശ ഇതി ഭ്രമന്‍ ക്ഷണം
ഗൃഹം പ്രവിഷ്ടഃസ ദദര്‍ശ വല്ലഭ‍ാം
സഖീപരീത‍ാം മണിഹേമഭൂഷിത‍ാം
ബുബോധ ച ത്വത്കരുണ‍ാം മഹാദ്ഭൂത‍ാം. || 9 ||

വഴിതെറ്റിപ്പോയോ? എന്ന് കുറെനേരം പരിഭ്രമിച്ചതിനുശേഷം അദ്ദേഹം ആ ഭവനത്തിലേക്കു കയറിച്ചെന്നപ്പോള്‍ സഖിമാരാല്‍ ചൂഴപ്പെട്ടവളായി രത്നങ്ങള്‍കൊണ്ടും സ്വര്‍ണ്ണാഭരണങ്ങള്‍കൊണ്ടും അലങ്കരിക്കപ്പെട്ടവളായി ശോഭിക്കുന്ന തന്റെ ഭാര്‍യ്യയെ കണ്ടു. അത്യത്ഭൂതമായ നിന്തിരുവടിയുടെ കാരുണ്യമാണെന്ന് മനസ്സിലാക്കുകയും ചെയ്തു.

സ രന്തശാലാസു വസന്നപി സ്വയം
സമുന്നമദ് ഭക്തിഭരോഽമൃതം യയൗ
ത്വമേവമാപൂരിത ഭക്തവാഞ്ഛിതോ
മരുത്പുരാധീശ ! ഹരസ്വ മേ ഗദാന്‍ || 10 ||

ആ ബ്രാഹ്മണോത്തമന്‍ താ‍ന്‍ ഐശ്വര്‍യ്യപൂര്‍ണ്ണമായ മണിമാളികകളി‍ല്‍ താമസിക്കുന്നവനായിട്ടും ഏറ്റവും വര്‍ദ്ധിച്ചതായ ഭക്തിയോടുകൂടിയവനായി മോക്ഷം പ്രാപിച്ചു. അല്ലേ ഗുരുവായുപുരേശ ! ഇപ്രകാരം നിറവേറ്റപ്പെട്ട ഭക്തന്മാരുടെ അഭിലാഷത്തോടുകൂടിയ നിന്തിരുവടി എന്റെ രോഗങ്ങളെ നീക്കം ചെയ്യേണമേ !

കുപേലോപഖ്യാനവര്‍ണ്ണനം എന്ന ഏണ്‍പത്തേഴ‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകഃ 899.
വൃത്തം. വംശസ്ഥം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.