പ്രഗേവാചാര്യപുത്രാഹൃതി നിശമനയാ
സ്വീയഷ്ട്സൂനുവീക്ഷാം
കാംക്ഷന്ത്യാ കാതുരുക്ത്യാ സുതലഭുവി ബലിം
പ്രാപ്യ തേനാര്‍ച്ചിതസ്ത്വം
ധാതുഃശോപാത് ഹിരണ്യന്വിതകശിപു ഭവാന്‍
ശൗരിജാന്‍ കംസഭഗ്നാന്‍
ആനിയൈനാന്‍ പ്രദര്‍ശ്യ സ്വപദമനയഥാഃ
പൂര്‍വ്വപുത്രാന്‍ മരീചേ : || 1 ||
മരിച്ചുപോയ ഗുരുപുത്രനെക്കൊണ്ടുവന്നു കൊടുത്തത് കേട്ടതിനാല്‍ പണ്ടെ തന്നെ തന്റെ ആദ്യം ജനിച്ച ആറു മക്കളേയും കാണുന്നതിന്നു ആഗ്രഹിച്ചുകൊണ്ടിരുന്ന അമ്മയായ ദേവകിയുടെ വാക്കനുസരിച്ച് നിന്തിരുവടി സുതലലോകത്തില്‍ മഹാബലിയെ പ്രാപിച്ച് അദ്ദേഹത്താല്‍ പൂജിക്കപ്പെട്ടവനായി മരീചിയുടെ ആദ്യത്തെ പുത്രന്മാരായിരുന്നവരും ബ്രഹ്മാവിന്റെ ശാപംകൊണ്ട് ഹിരണ്യകശിപുവിന്റെ പുത്രന്മാരായി ജനിച്ചവരൂം പിന്നീട് വസുദേവന്റെ പുത്രന്മാരായി പിറന്ന് കംസനാല്‍ കൊല്ലപ്പെട്ടവരും ആയ ഇവരെ കൊണ്ടുവന്നു അമ്മക്ക് കാണിച്ചുകൊടുത്തിട്ട് അവരെ പരമപദം ചേര്‍ത്തു. വൃത്തം സ്രഗ്ദ്ധരാ.
ശ്രുതദേവ ഇതി ശ്രുതം ദ്വിജേന്ദ്രം
ബഹുലാശ്വം നൃപതിം ച ഭക്തിപൂര്‍ണ്ണം
യുഗപത് ത്വമനുഗ്രഹീതുകാമോ
മിഥിലാം പ്രാപിഥ താപസൈഃ സമേതഃ || 2 ||
ശ്രുതദേവന്‍ എന്ന പുകഴാര്‍ന്ന ബ്രഹ്മാണശ്രേഷ്ഠനേയും നിറഞ്ഞ ഭക്തിയോടുകൂടിയ ബഹുലാശ്വനെന്നു രാജവിനേയും ഒരേ സമയത്തുതന്നെ അനുഗ്രഹിക്കു വാനുദ്ദേശിച്ചവനായി നിന്തിരുവടി മഹര്‍ഷിമാരോടുകൂടി മിഥിലാപുരിയെ പ്രാപിച്ചു.
ഗച്ഛന്‍ ദ്വിമൂര്‍ത്തിരുഭയോഃ യുഗപന്നികേതം,
ഏകേന ഭുരിവിഭവൈഃ വിഹിതോപചാരഃ
അന്യേന തദ്ദിനഭ്യതൈശ്ച ഫലൗദനാദ്യൈഃ
തുല്യം പ്രസേദിഥ, ദദാഥ ച മുക്തിമാഭ്യാം || 3 ||
നിന്തിരുവടി രണ്ടു ശരീരം സ്വീകരിച്ച് രണ്ടുപേരുടെ വസതിയിലും ഒരേസമയത്ത് ചെന്ന് ഒരുവനാല്‍ അനവധി വിഭവങ്ങള്‍കൊണ്ടും മറ്റേവനാല്‍ – ബ്രാഹ്മണനാല്‍ അന്നേദിവസം ശേഖരിക്കപ്പെട്ട പഴം, അന്നം മുതലായവകൊണ്ടും സല്ക്കരിക്കപ്പെട്ടവനായി ഇവര്‍ രണ്ടുപേര്‍ക്കും ഒരുപോലെ പ്രസാദിച്ചു; മോക്ഷത്തെ നല്‍കുകയും ചെയ്തു. – വൃത്തം വസന്തതിലകം.
സന്താനഗോപാലകഥ
ഭൂയോഽഥ ദ്വാരവത്യാം ദ്വിജതനയമൃതിം
തത്പ്രലാപാനപി ത്വം
കോ വാ ദൈവം നിരുന്ധ്യാത് ഇതി കില കഥയന്‍ വിശ്വവോഢാപ്യസോഢാഃ
ജിഷ്ണോര്‍ഗര്‍വ്വം വിനേതും, ത്വയി മനുജധിയാ
കുണ്ഠിതാം ചാസ്യ ബുദ്ധിം
തത്ത്വാരൂഢാം വിധാതും പരമതമപദ
പ്രേക്ഷണേനേതി മന്യേ || 4 ||
അനന്തരം ദ്വാരകപുരിയില്‍ അടിക്കടിയുണ്ടായിക്കൊണ്ടിരുന്ന ഒരു ബ്രാഹ്മണന്റെ കുട്ടികളുടെ മരണത്തേയും അദ്ദേഹത്തിന്റെ വിലാപങ്ങളേയും “കര്‍മ്മഫലത്തെ തടുക്കുവാന്‍ ആര്‍ക്കു കഴിയും! എന്നു പറഞ്ഞു സമാധാനിപ്പിച്ചുകൊണ്ട് ലോകത്തെയെല്ലാം സംരക്ഷിക്കുന്നതില്‍ ജാഗരുകനാണെങ്കിലും നിന്തിരുവടി സഹിച്ചുകൊണ്ടിരുന്നവല്ലോ! അര്‍ജ്ജുനന്റെ അഹങ്കാരത്തെ അടക്കുന്നതിന്നും നിന്തിരുവടിയില്‍ മനുഷ്യനാണെന്ന ധാരണകൊണ്ട് മങ്ങിപ്പോയിരുന്ന അവന്റെ ബുദ്ധിയെ അതിശ്രേഷ്ഠസ്ഥാനമായ വൈകുണ്ഠലോകസന്ദര്‍ശനംകൊണ്ട് പരമാര്‍ത്ഥതത്വാബോധത്തോടുകൂടിയതാക്കിത്തീര്‍ക്കുന്നതിന്നുവേണ്ടിയുമാണെന്നു ഞാന്‍ വിചാരിക്കുന്നു.
നഷ്ട അഷ്ടാസ്യ പുത്രാഃ പുനരപി തവ
തൂപേക്ഷയാ കഷ്ടവാദഃ
സ്പഷ്ടോ ജാതോ ജനാനാം അഥ തദവസരേ
ദ്വാരകാമാര പാര്‍ത്ഥഃ
മൈത്ര്യാ തത്രോഷിതോഽസൗ വമസുതമൃതൗ
വിപ്രവര്യപ്രരോദം
ശ്രുത്വാ ചക്രേ പ്രതിജ്ഞാം അനുപഹൃതസുതഃ
സന്നിവേക്ഷ്യേ കൃശാനും || 5 ||
ഈ ബ്രാഹ്മണന്റെ എട്ടുപുത്രന്മാരും മരിച്ചുപോയി; എന്നാല്‍ വീണ്ടും നിന്തിരുവടിയുടെ അശ്രദ്ധകൊണ്ട് ജനങ്ങളുടെ ഇടയില്‍ ഇത് വലിയ കഷ്ടംതന്നെ കൃഷ്ണന്‍ ഇത്ര അനുതാപമില്ലാത്തവനായിപ്പോയല്ലോ എന്ന വാര്‍ത്ത പരസ്യമായി പ്രചരിച്ചുതുടങ്ങി; അനന്തരം ആ അവസരത്തില്‍ അര്‍ജ്ജുനന്‍ ദ്വാരകപുരിയിലേക്ക് വന്നു ചേര്‍ന്നു; ഇദ്ദേഹം സ്നേഹംകൊണ്ട് അവിടെ താമസിച്ചുവരവെ, തന്റെ ഒമ്പതാമത്തെ പുത്രന്റെ മരണത്തില്‍ ശോകാര്‍ത്തനായി വിലപിക്കുന്ന ആ ബ്രാഹ്മണശ്രേഷ്ഠന്റെ രോദനം കേട്ട് ഇനിയുണ്ടാവുന്ന പുത്രനെ രക്ഷിച്ചുതന്നില്ലെങ്കില്‍ ഞാന്‍ അഗ്നിയില്‍ പ്രവേശിക്കുന്നതാണ് എന്നിങ്ങിനെ ശപഥം ചെയ്തു.
മാനീ സ ത്വമപൃഷ്ട്വാ ദിജനിലയഗതോ
ബാണജാലൈര്‍ മഹാസ്ത്രൈഃ
രുന്ധാനഃ സൂതിഗേഹം, പുനരപി സഹസാ
ദൃഷ്ടനഷ്ടേ കുമാരേ
യാമ്യാകൈന്ദ്രീം തഥാന്യാഃ സുരവരനഗരീര്‍
വിദ്യായാഽഽസാദ്യ സദ്യോ
മോഘോദ്യോഗഃ പതിഷ്യന്‍ ഹുതഭുജി, ഭവതാ
സസ്മിതം വാരിതോഽഭൂത് || 6 ||
അഭിമാനിയായ ആ അര്‍ജ്ജുനന്‍ നിന്തിരുവടിയോടു ചോദിക്കാതെതന്നെ ആ ബ്രാഹ്മണന്റെ ഗൃഹത്തില്‍ചെന്ന് ദിവ്യസ്ത്രങ്ങള്‍കൊണ്ടും ബാണങ്ങള്‍കൊണ്ടും സൂതികാഗൃഹത്തെ മറച്ചുകെട്ടി സുരക്ഷിതമായി, എന്നിട്ടും ജാതനായ ശിശു പൊടുന്നനവെ കാണപ്പെട്ട് മറഞ്ഞപ്പോള്‍ യമനെ സംബന്ധിച്ച തെക്കും ഇന്ദ്രന്റെതായ കിഴക്കും അതുപോലെതന്നെ മറ്റുള്ള ദിക്‍പാലന്മാരുടെ ദിക്കുകളിലും യോഗവിദ്യാബലംകൊണ്ട് ഉടനടി ചെന്നു പ്രയത്നം നിഷ്പലമായിട്ട് അഗ്നിയില്‍ ചാടുവാന്‍ ഭാവിക്കവേ നിന്തിരുവടിയാല്‍ മന്ദഹാസത്തോടുകൂടി തടയപ്പെട്ടവനായി ഭവിച്ചു.
സാര്‍ദ്ധം തേന പ്രതീചിം ദിശമതിജവിനാ
സ്യന്ദനേനാഭിയാതോ
ലോകാലോകം വ്യതീതഃ തിമിരഭരമഥോ
ചക്രധാമ്നാ നിരുന്ധന്‍
ചക്രാംശു ക്ലിഷ്ടദൃഷ്ടിം സ്ഥിതമഥ വിജയം
പശ്യ പശ്യേതി വാരാം
പാരേ ത്വം പ്രാദദര്‍ശഃ കിമപി ഹി തമസാം
ദൂരദൂരം പദം തേ || 7 ||
അനന്തരം ആ അര്‍ജ്ജുനനോടുകൂടി ഏറ്റവും വേഗതയുള്ള തേരിലേറി പടിഞ്ഞാറെ ദിക്കിന്നു അഭിമുഖമായി എഴുന്നെള്ളിയവനായി ലോകാലോകം എന്നു പറയപ്പെടുന്ന ചക്രവാളരേഖയേയും കടന്നു അന്ധകാരപടലത്തെ സുദര്‍ശനചക്രത്തിന്റെ പ്രകാശംകൊണ്ട് തടഞ്ഞ്, അനന്തരം ചക്രതേജസ്സുകൊണ്ട് കണ്ണുകള്‍മങ്ങി കണ്ണടച്ചുകൊണ്ടിരുന്ന അര്‍ജ്ജുനനോട് നോക്കു; നോക്കു; എന്ന് ഉത്സാഹത്തോടുകൂടി പറഞ്ഞുംകൊണ്ട് കാരണജലത്തിന്റെ നടുവില്‍ അനിര്‍വചനീയമായി തമസ്സുകള്‍ക്കപ്പുറത്ത് അതിദൂരത്തില്‍ സ്ഥിതിചെയ്യുന്ന അങ്ങയുടെ ആവാസസ്ഥാനമായ വൈകുണ്ഠത്തെ നിന്തിരുവടി കാണിച്ചു കൊടുത്തു.
തത്രാസീനം ഭുജംഗാധിപ ശയനതലേ
ദിവ്യഭൂഷായുധാദ്യൈഃ
ആവീതം പീതചേലം പ്രതിനവജലദ
ശ്യമലം ശ്രീമദംഗം
മൂര്‍ത്തീനാമീശിതാരം പരമിഹ തിസൃണാം
ഏകകര്‍ത്ഥം ശ്രുതീനാം
ത്വാമേവ ത്വം പരാത്മന്‍ ! പ്രിയസഖസഹിതോ നേമിഥ ക്ഷേമരൂപം || 8 ||
അവിടെ ആദിശേഷതല്പത്തില്‍ ഇരുന്നരുളുന്നവനും ദിവ്യങ്ങളായ ആഭരണങ്ങള്‍കൊണ്ടും ആയുധങ്ങള്‍കൊണ്ടും പരിലസിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനായി പുതിയ കാര്‍മേഘംപോലെ ശ്യമളനിറത്തോടുകൂടിയവനായി അതിസുന്ദരങ്ങളായ അവയവങ്ങളോടുകൂടിയവനായി ഈ പ്രപഞ്ചത്തിന്റെ നാഥന്മാരായ ബ്രഹ്മാവിഷ്ണുമഹേശ്വന്മാരായ മൂന്നു മൂര്‍ത്തികളേയും നിയന്ത്രിക്കുന്നവനായി ഉല്‍ക്കൃഷ്ടനായി വേദങ്ങളുടെയെല്ലാം മുഖ്യര്‍ത്ഥഭൂതനായി മംഗളവിഗ്രഹനായിരിക്കുന്ന നിന്തിരുവടിയെതന്നെ, ഹേ പരമാത്മ സ്വരുപിയായ ദേവ ! നിന്തിരുവടി ഇഷ്ടമിത്രമായ അര്‍ജ്ജുനനോടുകൂടി നമസ്കരിച്ചു.
യുവാം മാമേവ ദ്വാവധികവിവൃതാന്തര്‍ഹിതതയാ
വിഭിന്നൗ സന്ദ്രഷ്ടം സ്വയമഹമഹാര്‍ഷം ദ്വിജസുതാന്‍
നയേതം ദ്രാഗേതാന്‍ ഇതി ഖലു വിതീര്‍ണ്ണാന്‍ പുനരമൂന്‍
ദ്വിജായാദായാദാഃ പ്രണുതമഹിമാ പാണ്ഡുജനുഷാ || 9 ||
“ഏറ്റവും പ്രകാശിച്ചും ഏറ്റവും മറഞ്ഞും ഇരിക്കുന്നതുകൊണ്ട് രണ്ടായി വേര്‍പിരിഞ്ഞിരിക്കുന്ന ഞാന്‍തന്നെയാണ് നിങ്ങള്‍ രണ്ടുപേരേയും കാണുന്നതിന്നുവേണ്ടിയാണ് ഞാന്‍ സ്വയമേവ ബ്രാഹ്മണപുത്രന്മരെ കൊണ്ടുവന്നത്? ഇവരെ ഉടനെ നിങ്ങള്‍ കൊണ്ടുപൊയ്ക്കൊള്‍വിന്‍ ” എന്നരുളിചെയ്ത് തിരികെ കൊടുക്കപ്പെട്ട ആ കുട്ടികളെ സ്വീകരിച്ച് അര്‍ജ്ജുനനാല്‍ സ്തുതിക്കപ്പെട്ട മഹിമാതിശയത്തോടുകൂടിയ നിന്തിരുവടി ആ ബ്രാഹ്മണന്നു കൊടുത്തു.
ഏവം നാനാവിഹാരൈഃ ജഗദിഭിരമയന്‍
വൃഷ്ണിവംശം പ്രപുഷ്ണന്‍
ഈജാനോ യജ്ഞഭേദൈഃ അതുലവിഹൃതിഭിഃ
പ്രീണയന്നേണനേത്രാഃ
ഭൂഭാരക്ഷേപദംഭാത് പദകമലജുഷാം
മോക്ഷണായാവതീര്‍ണ്ണഃ
പൂര്‍ണ്ണം ബ്രഹ്മൈവ സാക്ഷാത് യദുഷു മനുജതാ
രൂഷിതസ്ത്വം വ്യലാസീഃ || 10 ||
ഇപ്രകാരം പലവിധത്തിലുള്ള ലീലകളാല്‍ ലോകത്തെ ആനന്ദിപ്പിച്ച് യാദവവംശത്തെ അഭിവൃദ്ധിപ്പെടുത്തിയും പലവിധ യജ്ഞങ്ങളെകൊണ്ടും യാഗംചെയ്തും നിരുപമങ്ങളായ ലീലാവിലാസങ്ങള്‍കൊണ്ടും പേടമാന്‍മിഴികളെ രമിപ്പിച്ചും ഭൂഭാരത്തെ നശിപ്പിക്കുക എന്ന വ്യജത്താല്‍ അങ്ങയുടെ പാദപത്മങ്ങളെ ഭജിക്കുന്നവര്‍ക്കു മോക്ഷം നല്ക്കുന്നതിന്നുവേണ്ടി യാദവവംശത്തില്‍ അവതരിച്ച് നിന്തിരുവടി എങ്ങും നിറഞ്ഞിരിക്കുന്ന പരബ്രഹ്മംതന്നെ മനുഷ്യഭാവം സ്വീകരിച്ചനിലയില്‍ പ്രത്യക്ഷമായി ശോഭിച്ചുകൊണ്ടിരുന്നു.
പ്രയേണ ദ്വാരവത്യാം അവൃതദയി ! തദാ
നാരദസ്ത്വദ്രസാര്‍ദ്രഃ
തസ്മാല്ലേഭേ കദാചിത് ഖലു സുകൃതനിധിഃ
ത്വത്പിതാ തത്ത്വബോധം
ഭക്താനാമഗ്രയായീ സ ച ഖലു മതിമാ
നുദ്ധവസ്ത്വത്ത ഏവ
പ്രാപ്തോ വിജ്ഞാനസാരം, സ കില ജനഹിതാ
യാധുനാഽഽസ്തേ ബദര്യാം || 11 |
ഹേ ഭഗവാനേ ! അക്കാലത്ത് ശ്രീനാരദമഹര്‍ഷി അങ്ങയുടെ സാന്നിദ്ധ്യസുഖം അനുഭവിച്ചുകൊണ്ടു മനഃശാന്തിയോടുകൂടി മിക്കവാറും ദ്വാരകാപുരയില്‍തന്നെ താമസിച്ചിരുന്നു; പുണ്യശാലിയായ നിന്തിരുവടിയുടെ പിതാവ് ഒരിക്കല്‍ ആ നാരദമുനിയില്‍നിന്നു ജ്ഞാനോപദേശത്തെ ലഭിച്ചുവല്ലോ! ഭക്ത ശ്രേഷ്ഠനും ബുദ്ധിമാനുമായ ആ ഉദ്ധവനാകട്ടെ നിന്തിരുവടിയില്‍നിന്നുതന്നെ അനുഭവരൂപത്തിലുള്ള ജ്ഞാനത്തെ പ്രാപിച്ചു. അദ്ദേഹം ഇപ്പോള്‍ ലോകക്ഷേമത്തിന്നുവേണ്ടി ബദാര്‍യ്യാശ്രമത്തില്‍ സ്ഥിതിചെയ്തവരുന്നുണ്ടത്രെ.
സോഽയം കൃഷ്ണാവതാരോ ജയതി തവ വിഭോ !
യത്ര സൗഹാര്‍ദ്ദഭീതി
സ്നേഹ ദ്വേഷാനുരാഗ പ്രഭൃതിഭിരതുലൈഃ
അശ്രമൈര്യോഗഭേദൈഃ
ആര്‍ത്തിം തീര്‍ത്ത്വാ സമസ്താം അമൃതപദമഗുഃ
സര്‍വ്വതഃ സര്‍വ്വലോകാഃ
സ ത്വം വിശ്വാര്‍ത്തിശാന്ത്യൈ പവനപുരപതേ !
ഭക്തിപൂര്‍ത്ത്യൈ ച ഭൂയാഃ || 12 ||
ഹേ ഭഗവന്‍ യാതൊരുവതാരത്തില്‍ എല്ലാ ജനങ്ങളും പ്രീതി, ഭയം, സ്നേഹം, ദ്വേഷം, പ്രേമം, മുതലായി ഉപമയില്ലാത്തവയും പ്രയത്നം കുറഞ്ഞവയുമായ ഉപായവിശേഷങ്ങളെക്കൊണ്ട് എല്ലാ സ്ഥലത്തും എല്ലാവിധത്തിലുള്ള ദുഃഖത്തെ ഇല്ലാതാക്കി മോക്ഷപദത്തെ പ്രാപിച്ചുവോ നിന്തിരുവടിയുടെ അപ്രകാരമുള്ള ഈ കൃഷ്ണാവതാരം സര്‍വ്വ പ്രകാരത്തിലും വിജയിച്ചരുളുന്നു ! ഹേ ഗുരുവായൂരപ്പ ! അപ്രകാരമിരിക്കുന്ന നിന്തിരുവടി സമസ്തരോഗങ്ങളൂടേയും ശാന്തിക്കായ്ക്കൊണ്ടും ഭക്തിയുടെ പരിപൂര്‍ത്തിക്കുവേണ്ടിയും അനുഗ്രഹിച്ചരുളേണമേ.
അര്‍ജ്ജുനഗര്‍വ്വാപനയനവര്‍ണ്ണനം എന്ന ഏണ്‍പത്തെട്ടാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 911.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.