രമാജാനേ ! ജാനേ, യദിഹ തവ ഭക്തേഷു വിഭവോ
ന സദ്യസ്സദ്യംപദ്യഃ, തദിഹ മദകൃത്വാദശമിനാം
പ്രശാന്തിം കൃത്വൈവ പ്രദിശസി തതഃ കാമമഖിലം
പ്രശാന്തേഷു ക്ഷിപ്രം ന ഖലു ഭവദീയേ ച്യുതികഥാ || 1 ||
ലക്ഷ്മീവല്ലഭ! ഇവിടെ നിന്തിരുവടിയുടെ ഭക്തന്മാരില്‍ സമ്പത്ത് അത്രക്ഷണത്തിലുണ്ടാവുന്നില്ലെന്നുള്ളത് ഇവിടെ അഹങ്കാരമുണ്ടാക്കുന്നതാണ് എന്നതു കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. മനോജയം വന്നിട്ടില്ലാത്തവര്‍ക്കു മനഃശാന്തിയുണ്ടക്കിയശേഷം പിന്നീട് എല്ലാ അഭീഷ്ടങ്ങളേയും നിന്തിരുവടി നല്‍കിക്കൊണ്ടിരിക്കുന്നു; മനസ്സിനു പാകതവന്നിട്ടുള്ളവര്‍ക്ക് വളരെ വേഗത്തില്‍തന്നെ നല്‍ക്കുന്നു. നിന്തിരുവടിയുടെ ഭക്തന്മാരില്‍ അധഃപതനം എന്ന കാര്‍യ്യംതന്നെ സംഭവിക്കുകയില്ലല്ലോ ! വൃത്തം. ശിഖരിണി.
സദ്യഃ പ്രസാദരൂഷിതാന്‍ വിധിശങ്കരാദീന്‍
കേചിദ്വിഭോ ! നിജഗുണാനുഗുണം ഭജന്തഃ
ഭ്രഷ്ടാ ഭവന്തി ബത ! കഷ്ടമദീര്‍ഘദൃഷ്ട്വാ
സ്പഷ്ടം വൃകാസുര ഉദാഹരണം കിലാസ്മിന്‍ || 2 ||
ഭഗവാനേ! ചിലര്‍ അവരവരുടെ വാസനയ്ക്കനുസരിച്ചവിധം വേഗത്തില്‍ പ്രസാദിക്കുന്നവരും വളരെ വേഗത്തില്‍ കോപിക്കുന്നവരുമായ ബ്രഹ്മാവ്, മഹേശ്വരന്‍ മുതലായ ദേവന്മാരെ സേവിക്കുന്നവരായിട്ട് ദീര്‍ഘാലോചനയില്ലാത്തതുകൊണ്ട് അധഃപതിച്ചുപോകുന്നു. അഹോ കഷ്ടം ! ഈ വിഷയത്തില്‍ വൃക്‍വെന്ന അസുരന്‍ പ്രത്യക്ഷമായ ദൃഷ്ടാന്തമാണല്ലൊ – വൃത്തം. വസന്തതിലകം.
ശകുനിജഃസ തു നാരദമേകദാ
ത്വരിതതോഷമപൃച്ഛദധീശ്വരം
സ ച ദിദേശ ഗിരീശമുപാസിതും
ന തു ഭവന്തമബന്ധുമസാധുഷു || 3 ||
ശകുനിയുടെ പുത്രനായ ആ വൃകാസുരനാവട്ടെ ഒരിക്കല്‍ നാരദമഹര്‍ഷിയോട് വേഗത്തില്‍ പ്രസാദിക്കുന്നവനായ ഈശ്വരനാരാണെന്ന് ചോദിച്ചു. ആ നാരദനാവട്ടെ ശിവനെ സേവിക്കുന്നതിന്നു ഉപദേശിച്ചു; ദുര്‍ജ്ജനങ്ങളില്‍ ബന്ധുവല്ലാത്ത നിന്തിരുവടിയെ ഭജിക്കുവാന്‍ ഉപദേശിച്ചില്ല. വൃത്തം. ദ്രുതവിളംബിതം.
തപസ്തപ്ത്യാ ഘോരം സ ഖലു കുപിതഃസപ്തമദിനേ
ശിരശ്ഛിത്വാ സദ്യഃ പുരഹരമുപസ്ഥാപ്യ പുരതഃ
അതിക്ഷുദ്രം രൗദ്രം ശിരസി കരദാനേന നിധനം
ജഗന്നാഥാദ്വവ്രേ ഭവതി വിമുഖാനാം ക്വ ശുഭധീഃ ? || 4 ||
ആ വൃകാസുരനാവട്ടേ കഠിനമായ തപസ്സുചെയ്ത് ഏഴാമത്തെ ദിവസം കുപിതനായി തന്റെ തലയറുത്ത ഉടനെതന്നെ തന്റെ മുമ്പില്‍ മുപ്പുരാരിയായ ശിവനെ പ്രത്യക്ഷനാക്കിയിട്ട് ആ ലോകേശ്വരനില്‍നിന്ന് ’ശിരസ്സില്‍ കൈ വൈക്കുന്നതുകൊണ്ട് മരണ”മെന്ന ഏറ്റവും നിസ്സാരവും ഭയങ്കരവുമായ വരത്തെ വരിച്ചു. നിന്തിരുവടിയില്‍ വിമുഖന്മാര്‍ക്ക് നല്ലബുദ്ധി എവിടെ ? വൃത്തം. ശിഖരണി.
മോക്താരം ബന്ധമുക്തോ ഹരിണപതിരിവ
പ്രാദ്രവത് സോഽഥ രുദ്രം
ദൈത്യാത് ഭീത്യ സ്മ ദേവോ ദിശി ദിശി വലതേ
പുഷ്ഠതോ ദത്തദൃഷ്ടിഃ
തൂഷ്ണീകേ സര്‍വ്വലോകേ തവ
പാമധിരോക്ഷ്യന്തമുദ്വീക്ഷ്യ ശര്‍വ്വം
ദൂരാദേവാഗ്രതസ്ത്വം പടുവടു വപുഷാ
തസ്ഥിഷേ ദാനവായ || 5 ||
അതില്‍പിന്നെ ബന്ധനത്തില്‍നിന്ന് മോചിപ്പിക്കപ്പെട്ട മൃഗരാജാവ് മോചിപ്പിച്ചവന്റെ നേര്‍ക്കെന്നതുപോലെ അവന്‍ ശിവന്റെ നേരെ ഓടി; ആ ദേവന്‍ അസുരനില്‍ നിന്നു ഭയന്നവനായി പിന്നോക്കം നോക്കിക്കൊണ്ട് ദിക്കുക്കള്‍തോറും പാഞ്ഞുതുടങ്ങി. ലോകങ്ങളെല്ലാം മൗനം കൈകൊണ്ടപ്പോള്‍ നിന്തിരുവടിയുടെ സ്ഥാനമായ വൈകുണ്ഠത്തിലേക്കു കയറുവാന്‍ ഭാവിക്കുന്ന ശിവനെ വളരെ ദൂരത്തുവെച്ചു തന്നെ കണ്ടിട്ട് സമര്‍ത്ഥനായ ഒരു ബ്രഹ്മചാരിയുടെ വേഷം ധരിച്ച് നിന്തിരുവടി അസുരന്റെ മുമ്പില്‍ ചെന്നുനിന്നു.
ഭദ്രം തേ ശാകുനേയ ! ഭ്രമസി കിമധുനാ
ത്വം പിശാചസ്യ വാചാ
സന്ദേഹശ്ചേദുക്തൗ തവ കിമു ന കരോ
ഷ്യംഗുലീമംഗ മൗലൗ ?
ഇത്ഥം ത്വദ്വാക്യ മൂഢഃ ശിരസി കൃതകരഃ
സോഽപതച്ഛിന്നപാതം
ഭ്രംശോ ഹ്യേവം പരോപാസിതുരപി ച ഗതിഃ
ശുലിനോഽപി ത്വമേവ || 6 ||
ഹേ ശകുനീപുത്ര ! നിണക്ക് ക്ഷേമമുണ്ടാവട്ടെ ! ഒരു പിശാചിന്റെ വാക്കുകേട്ട് നീ ഇപ്പോള്‍ എന്തിനാണ് ഓടിക്കൊണ്ടു നടക്കുന്നത്? ഞാന്‍ പറയുന്നതില്‍ സംശയമുണ്ടെങ്കില്‍ ഹേ അസുരശ്രേഷ്ഠ ! നിന്റെ ശിരസ്സില്‍ എന്താണ് വിരല്‍ വെച്ച് നോക്കാത്തത് ? എന്നിങ്ങിനെ നിന്തിരുവടിയുടെ വാക്കുകേട്ട് മൂഢനായിത്തീര്‍ന്ന അവന്‍ അവന്റെ തലയില്‍തന്നെ കൈവെച്ചുനോക്കിയവനായി വെട്ടിമുറിച്ച മരംപോലെ മറിഞ്ഞുവീണു: ഇങ്ങിനെയാണല്ലോ മറ്റുള്ള ദേവന്മാരെ ഭജിക്കുന്നവരുടെ ഗതി ! എന്നല്ല, ശിവന്നുംകൂടി നിന്തിരുവടിതന്നെയാണ് ആലംബനമായിരിക്കുന്നത്. വൃത്തം. 5,6, സ്രഗ്ദ്ധര.
ഭൃഗും കില സരസ്വതീ
നികടവാസിനസ്താപസാഃ
ത്രീമൂര്‍ത്തിഷു സമാദിശ
ന്നധികസത്ത്വതാം വേദിതും
അയം പുനരനാദരാ
ദുദിതരുദ്ധരോഷേ വിധൗ
ഹരോഽപി ച ജിഹിംസിഷൗ
ഗിരിജയ ധൃതേ, ത്വാമഗാത് || 7 ||
സരസ്വതീനദീതീരപ്രദേശങ്ങളില്‍ പാര്‍ത്തുവരുന്നവരായ മഹര്‍ഷിമാര്‍ ബ്രഹ്മന്‍ , വിഷ്ണു മഹേശ്വരന്മാരായ മുന്നു മൂര്‍ത്തികളില്‍വെച്ച് സാത്വികഗുണം അധികമാര്‍ക്കാണെന്ന് അറിയുന്നതിന്നു ഭൃഗുമഹര്‍ഷിയെ പറഞ്ഞയച്ചുവത്രെ. ഈ മഹര്‍ഷിയാവട്ടെ ബഹുമാനിക്കുക്ക എന്ന സ്വഭാവഗുണമില്ലാത്തവനാകകൊണ്ട് ബ്രഹ്മാവ് ഉണ്ടായ കോപത്തെ അടക്കി ശാന്തനായപ്പോള്‍ ശിവനും നിഗ്രഹിപ്പാന്‍ മുതിര്‍ന്നു പാര്‍വ്വതിയാല്‍ തടയപ്പെടവേ, നിന്തിരുവടിയെത്തന്നെ പ്രാപിച്ചു. വൃത്തം. പൃത്ഥി.
സുപ്തം രമാങ്കഭുവി പങ്കജലോചനം ത്വാം
വിപ്രേ വിനിഘ്നതി പദേന മുദോഥിതസ്ത്വം
സര്‍വ്വം ക്ഷമസ്വ മുനിവര്യ! ഭവേത് സദാ മേ
ത്വത്പാദചിഹ്നമിഹ ഭൂഷണമിത്യാവാദിഃ || 8 ||
ലക്ഷ്മിദേവിയുടെ മടിയില്‍ തലയുവെച്ച് പള്ളിക്കുറുപ്പുകൊള്ളുന്ന പങ്കജാക്ഷനായ നിന്തിരുവടിയെ ആ ബ്രാഹ്മണന്‍ കാല്‍കൊണ്ട് ചവിട്ടിയപ്പോള്‍ നിന്തിരുവടി സന്തോഷത്തോടുകൂടി ഉണര്‍ന്നെഴുന്നേറ്റ് “ഹേ മുനിശ്രേഷ്ഠ ! അല്ലാം ക്ഷമിച്ചാരുളേണം അങ്ങയുടെ കാല്‍പാട് *[12] എനിക്ക് ഈ മാറിടത്തില്‍ എല്ലായ്പോഴും അലങ്കാരമായി ഭവിക്കട്ടെ ?” എന്നിങ്ങിനെ അരുളിചെയ്തു ഞങ്ങള്‍ ഭജിക്കുന്നു. വൃത്തം. വസന്തതിലകം.
നിശ്ചിത്യ തേ ച സുദൃഢം ത്വയി ബദ്ധഭാവാഃ
സാരസ്വതാ മുനിവരാ ദധിരേ വിമോക്ഷം
ത്വാമേവമച്യുത! പുനശ്ച്യുതിദോഷഹീനം
സത്ത്വോച്ചയൈകതനുമേവ വയം ഭജാമഃ || 9 ||
സരസ്വതീതീരത്താല്‍ പാര്‍ക്കുന്നവരായ ആ മഹര്‍ഷിമരെല്ലാവരും ആലോചിച്ചുറച്ച് നിന്തിരുവടിയില്‍ ഏറ്റവും ദൃഢമായ ഭക്തിയോടുകൂടിയവരായി മോക്ഷംപ്രാപിച്ചു. ഹേ അച്യുത! ഇപ്രകാരം പുനാവര്‍ത്തിദോഷമില്ലാത്തവനും ശുദ്ധസത്വസ്വരൂപിയായ നിന്തിരുവടിയെത്തന്നെ ഞങ്ങള്‍ ഭജിക്കുന്നു. – വൃത്തം വസന്തതിലകം.
ജഗത്‍സൃഷ്ട്യാദൗ ത്വാം നിഗമനിവഹൈര്‍വന്ദിഭിരവ
സ്തുതം വിഷ്ണോ ! സച്ചിത്പരമരസ നിര്‍ദ്വൈത വപുഷം
പരാത്മാനം ഭൂമാന്‍ ! പശുപ വനിത ഭാഗ്യ നിവഹം
പരിതാപശ്രാന്ത്യൈ പവനപുരവാസിന്‍ ! പരിഭജേ || 10 ||
ഭഗവാനേ! ഐശ്വര്‍യ്യങ്ങള്‍ക്കെല്ലാം ആധാരഭൂതനായിരിക്കുന്ന ദേവ! ഗുരൂവായുപുരേശ! പ്രപഞ്ചസൃഷ്ടിയുടെ ആരംഭത്തില്‍ സ്തുതിപാഠക ന്മാരാലെന്നതുപോലെ വേദസമൂഹങ്ങളാല്‍ സ്തുതിക്കപ്പെട്ടവനും (സത്ത്, ചിത്ത്, ആനന്ദം എന്നീ ഗുണങ്ങള്‍ക്കു അഭിന്നമായ) സച്ചിദാനന്ദസ്വരുപനും പരമാത്മസ്വരൂപിയും ഇടയപ്പെണ്‍കൊടികളുടെ ഭാഗ്യാതിരേകത്തിന്റെ മൂര്‍ത്തികരണവുമായിരിക്കുന്ന നിന്തിരുവടിയെ സകല താപങ്ങളുടേയും ശമനത്തിന്നായ്ക്കൊണ്ട് സര്‍വ്വാത്മനാ ഭജിച്ചുകൊള്ളുന്നു.
വൃകാസുരവധവര്‍ണ്ണനം എന്ന എണ്‍പത്തൊമ്പതാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 921
വൃത്തം. ശിംഖരിണി.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.