അമൃതാനന്ദമയി അമ്മ

മക്കളേ,

നമ്മുടെ സനാതനധര്‍മത്തിന് മാത്രമായി ഒരു സവിശേഷത ഉണ്ട്. ഓരോരുത്തരേയും അവരുടെ തലത്തില്‍ ചെന്ന് ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് അത്. ജനങ്ങള്‍ പല സംസ്‌കാരത്തിലുള്ളവരാണ്. അവരുടെ സംസ്‌കാരത്തിന് അനുസരിച്ചുവേണം അവരെ പറഞ്ഞു മനസ്സിലാക്കാനും നയിക്കാനും ശ്രമിക്കേണ്ടത്. മുലപ്പാല്‍ കുടിക്കുന്ന കുട്ടിക്ക് ഇറച്ചി കൊടുത്താല്‍ ദഹിക്കില്ല. അതിന് ദഹിക്കാന്‍ പാകത്തിലുള്ള ഭക്ഷണം നല്‍കണം. ഇന്‍ജക്ഷന്‍ അലര്‍ജി ഉള്ള രോഗികള്‍ക്ക് ഗുളികയാണ് നല്‍കുന്നത്. ഓരോരുത്തരുടേയും മാനസികവും ശാരീരികവുമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് അവരുടെ സംസ്‌കാരം അനുസരിച്ചുള്ള മാര്‍ഗങ്ങള്‍ ആണ് ഉപദേശിക്കേണ്ടത്. അതുകൊണ്ടാണ് വിവിധ സമ്പ്രദായങ്ങള്‍ നിലവില്‍വന്നത്. സഗുണസങ്കല്പവും നിര്‍ഗുണസങ്കല്പവും ഭക്തിയോഗവും കര്‍മയോഗവും എല്ല‍ാം അങ്ങനെ വന്നതാണ്. ഇവയിലെല്ല‍ാം അടങ്ങിയിരിക്കുന്നത് നിത്യാനിനിത്യവിവേകം തന്നെയാണ്. അര്‍ച്ചനയും പൂജയും എല്ല‍ാം ലക്ഷ്യമാക്കുന്നതും ഇതുതന്നെയാണ്. സാധാരണക്കാരായ ജനങ്ങളെ അവരുടെ തലത്തില്‍ ചെന്ന് ഉദ്ധരിക്കാന്‍ ക്ഷേത്രങ്ങള്‍ അത്യന്താപേക്ഷിതമാണ്.

കാറ്റ് എല്ലായിടത്തും ഉണ്ടെങ്കിലും ഫാനിനടുത്ത് ഇരിക്കുമ്പോള്‍ ഒരു പ്രത്യേകതയാണ്. വൃക്ഷങ്ങളുടെ ചുവട്ടില്‍ മറ്റെങ്ങുമില്ലാത്ത കുളിര്‍മയുണ്ട്. അതുപോലെ ഈശ്വരനെ ഉപാധിയില്‍ക്കൂടി ആരാധിക്കുമ്പോള്‍ ആ സാന്നിധ്യം ഒന്നുകൂടി വ്യക്തമായി അനുഭവിക്കാന്‍ സാധിക്കുന്നു.

അനേകം ജനങ്ങള്‍ ഒരേ മനസ്സായി പ്രാര്‍ഥിക്കുന്ന ആരാധനാലയങ്ങള്‍ക്ക് മറ്റു സ്ഥലങ്ങള്‍ക്കില്ലാത്ത പ്രത്യേകത ഉണ്ട്. ഒരു ഓഫീസിലെ അന്തരീക്ഷമല്ല മദ്യശാലയില്‍ ഉള്ളത്. മദ്യശാലയിലെ അന്തരീക്ഷമല്ല ക്ഷേത്രങ്ങളില്‍ ഉള്ളത്. മദ്യഷാപ്പില്‍ മനസ്സിന്റെ ആരോഗ്യം നഷ്ടമാകുമ്പോള്‍, ക്ഷേത്രത്തില്‍ അത് ലഭിക്കുന്നു. സംഘര്‍ഷംനിറഞ്ഞ മനസ്സിന് വിശ്രാന്തി നേടാന്‍ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സഹായിക്കുന്നു.

ക്ഷേത്രത്തില്‍ ജനിക്ക‍ാം, ക്ഷേത്രത്തില്‍ മരിക്കരുതെന്ന് പറയാറുണ്ട്. ഈശ്വരാന്വേഷണത്തില്‍ ക്ഷേത്രത്തെ ഉപാധിയാക്ക‍ാം. എന്നാല്‍ അതില്‍ത്തന്നെ ബന്ധിച്ചുനില്‍ക്കാന്‍ പാടില്ല. എല്ലാ ബന്ധങ്ങളില്‍ നിന്നുമുള്ള മോചനമാണ് ഒരുവനെ പൂര്‍ണ സ്വതന്ത്രനാക്കുന്നത്. വിഗ്രഹത്തില്‍ മാത്രമാണ് ഈശ്വരന്‍ എന്നു കരുതരുത്. എല്ല‍ാം ചൈതന്യമാണ്. സര്‍വതിനേയും ചൈതന്യമായിക്കണ്ട് സ്‌നേഹിക്കുന്ന, സേവിക്കുന്ന ഭാവമാണ് ക്ഷേത്രാരാധനയിലൂടെ കൈവരുത്തേണ്ടത്. സര്‍വതിനേയും സ്വീകരിക്കുന്ന മനോഭാവമാണ് അത്. താനും തനിക്കു ചുറ്റുമുള്ളതും എല്ല‍ാം ഈശ്വരനാണ് എന്ന് അറിയണം. എല്ലാത്തിനെയും ഒന്നായി കാണുവാന്‍ കഴിയുന്ന ഒരു ഭാവമാണ് മക്കള്‍ വളര്‍ത്തേണ്ടത്. അമ്മ പലതവണ പറഞ്ഞതുപോലെ സര്‍വതിലും ഈശ്വരനെ ദര്‍ശിക്കാന്‍ സാധിച്ചാല്‍പ്പിന്നെ നിങ്ങള്‍ ആരെയും വെറുക്കുകയില്ല.

കടലും തിരയും ഭിന്നങ്ങളായിത്തോന്ന‍ാം. എന്നാല്‍ രണ്ടും വെള്ളമാണ്. മാലയും വളയും മോതിരവും പാദസരവും ഭിന്നങ്ങളായി തോന്ന‍ാം. എന്നാല്‍ ഒരേ തരം സ്വര്‍ണംകൊണ്ട്, ഒരേ പണിക്കാരന്‍ നിര്‍മിച്ചവയാണ് ഇവ. ഉരുക്കിയാല്‍ ഇത് വീണ്ടും സ്വര്‍ണം മാത്രമാകും. സ്വര്‍ണത്തിന്റെ തലത്തില്‍നിന്ന് നോക്കുമ്പോള്‍ എല്ല‍ാം ഒന്നുതന്നെ. ഇതുപോലെ നമുക്ക് ചുറ്റുമുള്ളവയെല്ല‍ാം വ്യത്യസ്തങ്ങളായി തോന്നാമെങ്കിലും തത്ത്വത്തില്‍ എല്ല‍ാം ഒന്നുതന്നെ- ബ്രഹ്മം. അതൊന്നു മാത്രമേയുള്ളൂ. ഇത് അനുഭവതലത്തില്‍ അറിയുക എന്നതാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം. അതറിയുന്നവരുടെ പ്രശ്‌നങ്ങള്‍ അസ്തമിക്കുന്നു.

ഇന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു: ‘എല്ല‍ാം ഊര്‍ജമാണ്, എനര്‍ജിയാണ്.’ വളരെ പണ്ട് ഋഷീശ്വരന്മാര്‍ ഒരുപടികൂടി പറഞ്ഞതാണ് നമുക്ക് വഴികാട്ടിയാവേണ്ടത് . ‘എല്ല‍ാം ചൈതന്യമാണ്, സര്‍വം ബ്രഹ്മമയം’ എന്നതായിരുന്നു അവരുടെ അനുഭവം. ഇത് സാക്ഷാത്കരിക്കണമെങ്കില്‍ സര്‍വതിലും ചൈതന്യത്തെ ദര്‍ശിക്കാന്‍ കഴിയണം. നമ്മളില്‍ കുടികൊള്ളുന്ന ആത്മചൈതന്യത്തെയാണ് ഉപാസിക്കേണ്ടത്. കണ്ണാടിയില്‍ എന്നപോലെ ക്ഷേത്രവിഗ്രഹത്തില്‍ ആത്മചൈതന്യത്തെ കണ്ട് ആരാധിക്കണം. ക്ഷേത്രാരാധനയിലൂടെ നമ്മുടെ ഉള്ളില്‍ ക്ഷേത്രം പണിയാന്‍ കഴിയണം. പിന്നെ മക്കള്‍ക്ക് ഉള്ളിലെ ഈശ്വരനെയും ദര്‍ശിക്കാന്‍ കഴിയും. ശ്രീകോവിലിന് മുന്നില്‍ നിന്ന് വിഗ്രഹത്തെ ദര്‍ശിച്ചതിന് ശേഷവും ആരാധനാലയങ്ങളില്‍ ചെന്ന് തൊഴുതതിന് ശേഷം കണ്ണടച്ച് പ്രാര്‍ഥിക്കുന്നതിലൂടെ മക്കള്‍ അതാണ് ചെയ്യുന്നത്. പുറമെ ദര്‍ശിച്ച ഈശ്വരരൂപത്തെ ഹൃദയത്തില്‍ കാണുക. പിന്നീട് കണ്ണുതുറന്നു സര്‍വതിലും ഈശ്വരനെ ദര്‍ശിക്കുവാന്‍ മക്കള്‍ ശ്രമിക്കണം. അങ്ങനെ, സര്‍വവ്യാപിയായ ആത്മതത്ത്വത്തെ സാക്ഷാത്കരിക്കുവാന്‍ മക്കള്‍ക്ക് സാധിക്കട്ടെ.
– അമ്മ

കടപ്പാട് : അമൃതവചനം, മാതൃഭൂമി