അമൃതാനന്ദമയി അമ്മ

മക്കളേ,

മറ്റുള്ളവര്‍ക്ക് ദിവസവും നിങ്ങള്‍ നിരവധി സഹായങ്ങള്‍ ചെയ്യാറുണ്ട്. കൂട്ടുകാര്‍ക്ക്, ബന്ധുക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്ക് ഒക്കെ വേണ്ടി. തീരെ പരിചയമില്ലാത്ത ഒരാളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നവരെ വലിയ നഗരങ്ങളില്‍ പോലും അമ്മ കണ്ടിട്ടുണ്ട്. സഹായം ചെയ്തു കഴിയുമ്പോള്‍ സഹായം സ്വീകരിച്ച ആള്‍, നല്‍കിയ ആളിനെ പ്രശംസിക്കും. പ്രശംസാ വചനങ്ങളും നന്ദി വാക്കുകളും കേള്‍ക്കുമ്പോള്‍ പലരുടെയും ഭാവം അമ്മ കണ്ടിട്ടുണ്ട്. അവര്‍ വിനയാന്വിതരാകും. എന്നിട്ട് പറയും: ”നന്ദി എന്നോടല്ല പറയേണ്ടത്. ഞാന്‍ വെറും ഉപകരണം മാത്രമാണ്. എല്ല‍ാം അവിടന്ന് നടത്തുന്നു. ജഗദീശ്വരന്റെ ഇച്ഛയാണ് എന്നിലൂടെ പ്രകടമാകുന്നത്. ഈ നല്ല വാക്കുകള്‍ എല്ല‍ാം അവിടത്തേക്ക് നല്‍കൂ.’

പക്ഷേ, പലപ്പോഴും അമ്മയ്ക്ക് തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്. ഇത്തരം വാക്കുകള്‍ ഉള്ളില്‍ത്തട്ടി പറയുന്നതല്ല. യഥാര്‍ഥ വിനയവും ഈശ്വരഭക്തിയും കൊണ്ടല്ല പലരും ഇങ്ങനെ പറയുന്നത്. തന്റെ സഹായം സ്വീകരിച്ചവര്‍ നന്ദിപറയുമ്പോള്‍ ഉള്ളില്‍ ആനന്ദമാണ്. പുറത്ത് അതു കാട്ടാതെ വിനയം ഭാവിക്കും. എല്ലാറ്റിന്റെയും കാരണം ഈശ്വരനാണ് എന്നൊക്കെ പറയും. ഉള്ളില്‍ മറ്റൊരു ഭാവമുണ്ട്: ”ഞാന്‍ മിടുക്കന്‍ തന്നെയാണ്. എന്റെ കഴിവും സാമര്‍ഥ്യവും കൊണ്ട് അയാള്‍ക്ക് സഹായം ലഭിച്ചു. എല്ലാവരും എന്റെ കഴിവിനെ പ്രശംസിക്കുന്നു, അംഗീകരിക്കുന്നു.” ഇത്തരം ചിന്തകള്‍ പെരുകിപ്പെരുകി ഉള്ളില്‍ നിറയും.

അങ്ങനെ നന്ദിപൂര്‍വമായ ഒരു വാക്ക് നിങ്ങളുടെ തലയിലേക്ക് കടന്നുചെന്നാല്‍ സ്വയം മിടുക്കനാണ്, പ്രഗല്ഭനാണ് എന്ന് തോന്നിത്തുടങ്ങും. വളരെ മോശമായ തുടക്കമാണ് ഇത്. ഉള്ളിലെ ‘ഞാന്‍’ എന്ന ഭാവം വളര്‍ന്ന് വലുതാകാന്‍ ഉള്ള വെള്ളവും വളവുമാണ് മറ്റുള്ളവരുടെ പ്രശംസാവചനങ്ങള്‍. മറ്റുള്ളവര്‍ക്ക് ചെറിയ സഹായം ചെയ്യണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു ചെയ്യുക. പ്രത്യുപകാരമായി നന്ദിയുടെ പൂച്ചെണ്ടും പ്രശംസാവചനങ്ങളും പ്രതീക്ഷിക്കരുത്. ഇങ്ങനെ ഒരുഭാവം വളര്‍ത്തിയെടുക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്. സഹായം സ്വീകരിക്കുമ്പോള്‍ നന്ദിപറയേണ്ട എന്നല്ല. നന്ദിക്കും പ്രശംസയ്ക്കും വേണ്ടി ഉപകാരങ്ങള്‍ ചെയ്യാതിരിക്കുക. പള്ളിയിലും ക്ഷേത്രത്തിലും പൊതുകാര്യങ്ങളിലും ദാനം ചെയ്യുന്നവരെ ശ്രദ്ധിക്കണം. കൂടുതല്‍ പണം ദാനം ചെയ്തവരുടെ പേരുകള്‍ നോട്ടീസിലും ചുവരിലും ഒക്കെ എഴുതിവെക്കും. മറ്റുള്ളവര്‍ തന്റെ ദാനത്തെക്കുറിച്ച് അറിയണം എന്ന ആഗ്രഹമാണ് ഉള്ളില്‍. ‘എന്തൊരു ദാനധര്‍മിഷ്ഠനാണ് അദ്ദേഹം’ എന്നൊക്കെ മറ്റുള്ളവര്‍ പറയണം എന്ന് ഉള്ളില്‍ മോഹമുണ്ട്. അത്തരം ദാനങ്ങള്‍ ഒരിക്കലും ഉത്തമങ്ങളല്ല.

മഹാനായ ഒരു പണ്ഡിതന്‍, പേരുകേട്ട ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. കോടീശ്വരനായ ഒരു വ്യവസായി ഒരുദിവസം ഈ ക്ഷേത്രത്തില്‍ എത്തി. വലിയ ഒരു തുക ക്ഷേത്രത്തിലേക്ക് അയാള്‍ ദാനം ചെയ്തു. തുടര്‍ന്ന് അവിടെ കൂടിനിന്നവരോട് തന്റെ ദാനത്തെക്കുറിച്ചു പറഞ്ഞു. ക്ഷേത്രത്തിലെ പൂജാരിയെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇരട്ടിയായി: ”മഹാത്മന്‍ നോക്കൂ, ഞാന്‍ ഒരുകോടീശ്വരനാണ്. അതുകൊണ്ടുമാത്രമാണ് ഇത്രയും വലിയ തുക ദാനം ചെയ്യാന്‍ എനിക്കു സാധിച്ചത്. സാധാരണ പണക്കാര്‍ക്ക് ഇത്രയും വലിയ തുക ക്ഷേത്രത്തിനു നല്കാന്‍ സാധിക്കില്ല.”

ഒരു പുഞ്ചിരിയോടെ പൂജാരി ഈ ആത്മപ്രശംസ കേട്ടുനിന്നു. പക്ഷേ, കോടീശ്വരന്‍ ആത്മപ്രശംസ നിര്‍ത്തിയില്ല. അവിടെ കൂടിനിന്നവര്‍ക്ക് ഇദ്ദേഹത്തിന്റെ വാക്കുകള്‍ അരോചകമായി. അപ്പോള്‍ പൂജാരി പറഞ്ഞു: ”അങ്ങയുടെ ദാനം മഹത്തരമാണ്. ഈ ദാനംകൊണ്ട് അങ്ങ് എന്താണ് പ്രതീക്ഷിക്കുന്നത്? ഞങ്ങളെല്ല‍ാം നന്ദി പറയണം എന്നാണോ?” കോടീശ്വരന്‍ വിട്ടില്ല: ”അതെ, എല്ലാവരുടെയും നന്ദി ഞാന്‍ പ്രതീക്ഷിക്കുന്നു.” ഉടന്‍ പുഞ്ചിരിയോടെ പൂജാരി പറഞ്ഞു: ”എങ്കില്‍ അങ്ങയുടെ ധനം തിരിച്ച് എടുത്തുകൊള്ളുക. ഈ പണം അങ്ങ് ഭഗവാന് ദാനം ചെയ്തതാണ്. അങ്ങയുടെ ദാനം സ്വീകരിക്കുന്ന ഭഗവാനോടാണ് അങ്ങ് നന്ദി പറയേണ്ടത്. ഈശ്വരന്‍ അങ്ങേയ്ക്ക് നല്കിയ സമ്പത്തില്‍ കുറച്ചെങ്കിലും അവിടത്തേക്ക് തിരിച്ചുനല്കാന്‍ സാധിക്കുന്നതില്‍ ഭഗവാന് നന്ദി പറയണം. ഭഗവാനെ സേവിക്കാന്‍ കിട്ടിയ അവസരത്തിന് നന്ദി പറയാന്‍ സാധിക്കില്ലെങ്കില്‍ അങ്ങയുടെ ദാനം ഭഗവാന്‍ സ്വീകരിക്കില്ല.” പൂജാരിയുടെ വാക്കുകള്‍ കോടീശ്വരന്റെ കണ്ണു തുറപ്പിച്ചു.

മക്കളേ, ഇങ്ങനെയൊരു ഭാവമാണ് നിങ്ങള്‍ വളര്‍ത്തേണ്ടത്. നന്ദി സ്വീകരിക്കാനല്ല ഉപകാരങ്ങള്‍ ചെയ്യേണ്ടത്. ദൈവത്തിന് ഒന്നും നല്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. മറിച്ച് അദ്ദേഹം നല്കിയ ആയിരം അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ സ്വന്തം കടമ നിറവേറ്റാനും മക്കള്‍ക്ക് സാധിക്കണം. എല്ലാവര്‍ക്കും നന്മ വരട്ടെ.

അമ്മ

കടപ്പാട് : അമൃതവചനം, മാതൃഭൂമി