അമൃതാനന്ദമയി അമ്മ

മക്കളേ,

ഒരു ഗുരുവിന്റെ ശിഷ്യന് പട്ടാളത്തിലാണ് ജോലി. അങ്ങനെയിരിക്കേ ആ രാജ്യവും മറ്റൊരു രാജ്യവും തമ്മില്‍ യുദ്ധമായി. ശിഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്നതിനു ശേഷമുള്ള ആദ്യത്തെ യുദ്ധമാണ്. യുദ്ധത്തെക്കുറിച്ച് പേടിപ്പിക്കുന്ന കഥകള്‍ മാത്രമാണ് ശിഷ്യന്‍ കേട്ടിരുന്നത്. യുദ്ധം അതിര്‍ത്തിയില്‍ ആരംഭിച്ചു എന്നു കേട്ടപ്പോള്‍ത്തന്നെ അയാള്‍ക്ക് പേടിയായി. പട്ടാളത്തില്‍നിന്ന് ഒളിച്ചോടി ഗുരുവിന്റെ മുന്നിലെത്തി. തനിക്ക് ഇനി കര്‍മം ഒന്നും ചെയ്യാന്‍ വയ്യ; സംന്യസിക്കണം എന്നു പറഞ്ഞു. ശത്രു മുന്നേറിക്കൊണ്ടിരിക്കുകയാണ്. യുദ്ധം ചെയ്യാന്‍ വേണ്ടത്ര ആളില്ലെങ്കില്‍ രാജ്യം അപകടത്തിലാകും. ശിഷ്യന്‍ ഭീരുത്വംകൊണ്ടാണ് സംന്യസിക്കുവാന്‍ വന്നിരിക്കുന്നതെന്ന് ഗുരുവിന് മനസ്സിലായി. ഗുരു ശിഷ്യന് ധൈര്യം പകര്‍ന്ന് യുദ്ധഭൂമിയിലേക്കുതന്നെ തിരിച്ചയച്ചു. ഗുരുവിന് യുദ്ധത്തില്‍ താത്പര്യമുണ്ടായിട്ടല്ല ശിഷ്യനെ തിരിച്ചയച്ചത് എന്ന് മക്കള്‍ ഓര്‍മിക്കണം. നിങ്ങളില്‍ പലരും ഇതുപോലെ കര്‍മത്തില്‍നിന്ന് ഒളിച്ചോടുന്നുണ്ട്. അതു ശരിയല്ല. പട്ടാളക്കാരനായ ശിഷ്യന്റെ ധര്‍മം യുദ്ധം ചെയ്യുക എന്നതാണ്. ഭീരുത്വംകൊണ്ട് പേടിച്ചോടുന്നത് ശരിയല്ല. മാത്രമല്ല, ഭീരുക്കള്‍ക്ക് സംന്യാസത്തിലൂടെ മോക്ഷം നേടാനും കഴിയില്ല. അതിനാലാണ് ഗുരു ശരിയായ ധര്‍മം ഉപദേശിച്ച് ശിഷ്യനെ യുദ്ധം ചെയ്യാന്‍ പ്രാപ്തനാക്കിയത്.

യുദ്ധക്കളത്തില്‍ നില്‍ക്കുന്ന ഒരു പട്ടാളക്കാരന്റെ അടുത്ത് ”നീ എല്ല‍ാം ത്യജിച്ചിട്ട് സംന്യസിക്കണം, അതാണ് മോക്ഷമാര്‍ഗം” എന്നു പറഞ്ഞാല്‍ ശരിയാകുമോ? രാജ്യത്തിന്റെ സുരക്ഷിതത്വം നോക്കേണ്ട ചുമതല അവനിലാണ്. ആ കടമ നിര്‍വഹിച്ചില്ലെങ്കില്‍ അത് തന്നോടും രാജ്യത്തോടും ചെയ്യുന്ന വഞ്ചനയാണ്. സംന്യാസമല്ല, ശത്രുവിനോട് യുദ്ധം ചെയ്യുക എന്നുള്ളതാണ് അവന്റെ അപ്പോഴത്തെ ധര്‍മം. അതിനുപകരം സംന്യസിക്കാമെന്നുവെച്ചാല്‍ അവനു സാധിക്കില്ല. പ്രകൃതി അനുവദിക്കുകയുമില്ല. ഈ പറഞ്ഞതുകൊണ്ട് എല്ലാവരും യുദ്ധം ചെയ്യണം എന്നല്ല അമ്മ പറയുന്നത്. യുദ്ധവും അക്രമവും ഈ ഭൂമുഖത്ത് ഉണ്ടാവരുത് എന്നാണ് അമ്മ ആഗ്രഹിക്കുന്നത്. സമാധാനവും ശാന്തിയുമാണ് ലോകത്ത് കളിയാടേണ്ടത്.

ശരിയായ ധര്‍മം ചൂണ്ടിക്കാട്ടുവാനും അതനുസരിച്ച് ജനങ്ങളെ നയിക്കുവാനുമാണ് ലോക ഗുരുക്കന്മാര്‍ വന്നിട്ടുള്ളത്. പട്ടാളക്കാരന്‍ അവന്റെ ധര്‍മം പാലിച്ചില്ല എങ്കില്‍ രാജ്യം അപകടത്തിലാകും, ജനങ്ങള്‍ കഷ്ടത്തിലാകും. അതുണ്ടാകാതിരിക്കാന്‍ വേണ്ടി അവന്റെ ധര്‍മം ശരിയായി നിര്‍വഹിക്കുവാനേ ഉത്തമനായ ഗുരു ഉപദേശിക്കുകയുള്ളൂ. ഇതിനര്‍ഥം ആ ഗുരു ഹിംസയ്ക്ക് കൂട്ടുനില്ക്കുന്നു എന്നല്ല, ആ സമയത്തെ ധര്‍മം അനുഷ്ഠിക്കുവാന്‍ പ്രേരണ നല്കുകയാണ് ചെയ്യുന്നത്. മഹാത്മാരുടെ വാക്കുകളെയും പ്രവൃത്തികളെയും സാഹചര്യം നോക്കിവേണം വിലയിരുത്താന്‍.

ഭാരതയുദ്ധഭൂമിയിലെ ഗുരുവും ശിഷ്യനും തമ്മിലുള്ള സംഭാഷണം മക്കള്‍ക്ക് ഓര്‍മകാണും. നേരത്തെപ്പറഞ്ഞ ശിഷ്യന്റെ സ്ഥിതിയായിരുന്നു അര്‍ജുനന്റേത്. ശിഷ്യന്‍ ഭീരുത്വംകൊണ്ടാണ് യുദ്ധഭൂമി വിട്ടതെങ്കില്‍, അര്‍ജുനന്‍ മമത കാരണമാണ്-ശത്രുഭാഗത്തുനില്ക്കുന്ന ബന്ധുക്കളോടും സ്വന്തക്കാരോടുമുള്ള ബന്ധം കാരണമാണ് – യുദ്ധഭൂമിയില്‍നിന്ന് പിന്‍വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ആ സമയത്തെ അര്‍ജുനന്റെ ധര്‍മം സംന്യാസമല്ല, യുദ്ധമാണ്. ആ സമയത്തെ സംന്യസിക്കുവാനുള്ള ആഗ്രഹം നിത്യാനിത്യവിവേകത്തില്‍നിന്നുണ്ടായതല്ല. മമത മാത്രമാണ് അതിന് കാരണമെന്ന് മനസ്സിലാക്കിയ ഉത്തമ ഗുരുവായിരുന്നു ശ്രീകൃഷ്ണ ഭഗവാന്‍. അതുകൊണ്ടാണ് ഭഗവാന്‍ അര്‍ജുനനെ യുദ്ധത്തിന് പ്രേരിപ്പിച്ചത്.

സ്വധര്‍മം അനുഷ്ഠിക്കാന്‍ മാത്രമാണ് ഭഗവാന്‍, അര്‍ജുനനെ പ്രേരിപ്പിച്ചത്. ശ്രീകൃഷ്ണഭഗവാന്‍ യുദ്ധം ഒഴിവാക്കാന്‍ വളരെ പരിശ്രമിച്ചു. എല്ല‍ാം വിഫലമായപ്പോഴാണ് പാണ്ഡവരെ യുദ്ധത്തിന് സജ്ജരാക്കിയത്. മാത്രമല്ല, അദ്ദേഹം ആയുധം എടുക്കുകയും ചെയ്തില്ല.

മമതയോ ഭീരുത്വമോ എന്തുതന്നെയായിക്കൊള്ളട്ടെ, ഒരാള്‍ ധര്‍മത്തില്‍നിന്ന് വ്യതിചലിച്ചാല്‍, അത് രാജ്യത്തിനും സമൂഹത്തിനും തിന്മ വരുത്തിവെക്കുമെന്ന് മക്കള്‍ ഓര്‍മിക്കണം. ഒരു വ്യക്തിയുടെ സുഖദുഃഖങ്ങളെക്കാള്‍ സമൂഹത്തിന്റെ നന്മയ്ക്കാണ് മഹാത്മാക്കള്‍ പ്രാധാന്യം നല്കുന്നത്. ദുര്യോധനാദികള്‍ നിലനിന്നാല്‍ സമൂഹം അധര്‍മംകൊണ്ട് നിറയും. ധര്‍മം നിലനിര്‍ത്തണമെങ്കില്‍ അവരുടെ നാശംകൊണ്ടേ കഴിയൂ എന്ന് കണ്ടിട്ടാണ് വാസുദേവന്‍ അര്‍ജുനനെ യുദ്ധത്തിന് പ്രേരിപ്പിച്ചത്.

എന്ത് അധര്‍മം കണ്ടാലും പ്രതികരിക്കാതെ കൈയുംകെട്ടി നില്ക്കുന്നത് അതിലും വലിയ അധര്‍മമാണ്. അധര്‍മികളായവര്‍ സമൂഹത്തില്‍ പെരുകുകയും രാജ്യം ഭരിക്കുകയും ചെയ്താല്‍ സര്‍വനാശമായിരിക്കും ഫലമെന്ന് ഭഗവാന്‍ വിളംബരം ചെയ്തു. അധര്‍മത്തെ എങ്ങനെയും ഇല്ലാതാക്കി, ധര്‍മത്തെ പുനഃസ്ഥാപിച്ച് പ്രജകളെ രക്ഷിക്കുക എന്നത് മഹാത്മാക്കളുടെ ധര്‍മമാണ്. ഏതുകാലത്തും ഈ ചിന്തയാണ് മക്കളുടെ ഉള്ളില്‍ വേണ്ടത്. ശ്രീകൃഷ്ണപരമാത്മാവിന്റെ പ്രവൃത്തിയെ വിലയിരുത്തേണ്ടതും ഈ വീക്ഷണത്തില്‍ ആയിരിക്കണം. ധര്‍മം പുനഃസ്ഥാപിക്കാനുള്ള ധര്‍മയുദ്ധത്തെയാണ് മഹാത്മാക്കളും സാധാരണക്കാരും അവരവരുടെ കര്‍ത്തവ്യമായി കാണേണ്ടത്.

അമ്മ

കടപ്പാട് : അമൃതവചനം, മാതൃഭൂമി