അമൃതാനന്ദമയി അമ്മ
മക്കളേ,
കുറച്ചുനാള്‍ മുമ്പ് അമ്മയുടെ അടുത്ത് ഒരു ചെറുപ്പക്കാരന്‍ വന്നു. ”എനിക്ക് എങ്ങനെയെങ്കിലും പ്രസിദ്ധി നേടണം”-ആ മോന്‍ പറഞ്ഞു. ”പത്രത്തിലും ടി.വി.യിലുമൊക്കെ പേരും ചിത്രവും വരാന്‍ ഞാനെന്തു ചെയ്യാനും തയ്യാറാണെന്ന് ആ മോന്‍ പറഞ്ഞു. ഇതു കേട്ടപ്പോള്‍ അമ്മയ്ക്കു വളരെ വിഷമംതോന്നി. നൈമിഷികമായി ലഭിക്കുന്ന പ്രസിദ്ധിക്കുവേണ്ടി എന്തു ചെയ്യാനും തയ്യാറാണ് യുവതലമുറ. പലരും ഉള്ളിലുള്ള ഈ ആഗ്രഹം പുറത്തുപറയുന്നില്ല. വ്യക്തികള്‍ക്കിടയിലും മനസ്സുകള്‍ക്കിടയിലും അദൃശ്യമായ ഒരു ഭിത്തിയുണ്ടെന്ന് അമ്മയ്ക്കു തോന്നുന്നു. തുറന്നു സംസാരിക്കാത്തതിനും പ്രവര്‍ത്തിക്കാത്തതിനും കാരണം ‘ഞാന്‍’ എന്ന ഭാവമാണ്.
ലോകത്തിന്റെ സ്ഥിതി ഇതാണ്. ശ്രദ്ധയും ആദരവും എല്ലാവരും ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കൊലപാതകംവരെ ചെയ്ത ആളുകളുടെ കഥ മക്കള്‍ കേട്ടിട്ടില്ലേ? ഏതു ക്രൂരകൃത്യവും ചെയ്ത് മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാന്‍ പലരും ശ്രമിക്കുന്നു. അയാളുടെ പ്രവൃത്തികൊണ്ട് വളരെയധികം ആളുകള്‍ക്ക് ദുഃഖവും കഷ്ടപ്പാടും ഉണ്ടാകുന്നു. ലോകത്തിന്റെ എല്ലാഭാഗത്തും ഇത്തരമാളുകളുണ്ട്. കൗമാരപ്രായക്കാരിലും യുവാക്കളിലുമാണ് ഈ പ്രവണത കൂടുതലായി കാണുന്നത്. വിചാരം കുറവും വികാരങ്ങള്‍ കൂടുതലുമുള്ള പ്രായമാണ് അത്. അപ്പോള്‍ സമചിത്തമായ മനസ്സുണ്ടാവില്ല. ഭ്രാന്തമായ പ്രവൃത്തികളാവും കൂടുതല്‍.
പ്രായമാവുന്തോറും മനസ്സിന്റെ ചഞ്ചലത കുറയുന്നു. ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം പ്രവര്‍ത്തികള്‍ കുറയും. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങള്‍ കുറയും.
പല കുടുംബങ്ങളിലുമുള്ള പ്രശ്‌നം എന്താണെന്ന് മക്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഭര്‍ത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഭാര്യ പരാതി പറയുന്നു. ഭാര്യ എന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഭര്‍ത്താവ്. ഇവരുടെ രണ്ടുപേരുടെയും ശ്രദ്ധ കിട്ടാന്‍ മക്കള്‍ പാടുപെടുന്നു. ലോകം മുഴുവന്‍ തന്നെ ശ്രദ്ധിക്കണമെന്നാഗ്രഹിക്കുന്നവരുടെ എണ്ണം പെരുകുന്നു. മൃഗങ്ങള്‍ക്കും ഒരളവുവരെ ഈ സ്വഭാവമുണ്ട്.
കുട്ടി കരഞ്ഞുവിളിച്ചാണ് മുതിര്‍ന്നവരുടെ ശ്രദ്ധ സമ്പാദിക്കുന്നത്. മുതിര്‍ന്ന ആളുകള്‍ കര്‍മരംഗത്തും മറ്റുരംഗങ്ങളിലും ഒന്നാമനാകാന്‍ മത്സരിക്കുന്നു. ഇതിലും ശ്രദ്ധ സമ്പാദിക്കാനുള്ള ശ്രമമുണ്ട്. അമ്മയ്ക്കു തോന്നിയ ഒരു കാര്യമുണ്ട്. സാധാരണ മനുഷ്യരായി ജീവിക്കാന്‍ പലര്‍ക്കും താത്പര്യമില്ല. അസാധാരണമനുഷ്യരായി അറിയപ്പെടാനാണ് കൂടുതല്‍ ആളുകള്‍ക്കും ആഗ്രഹം. നമ്മുടെ കഴിവുകള്‍ അറിഞ്ഞ് സംതൃപ്തരാവാനല്ല ശ്രദ്ധ. ഇല്ലാത്ത കഴിവുകള്‍ ഉണ്ടെന്ന് ഭാവിച്ച് മറ്റുള്ളവരുടെ മുമ്പില്‍ വലുതാകാന്‍ പലരും ശ്രമിക്കാറുണ്ട്. ആഗ്രഹങ്ങളുണ്ടാവരുത് എന്ന് അമ്മ പറയുന്നില്ല. തീര്‍ച്ചയായും ജീവിതവിജയം നേടാനും ആധ്യാത്മികമായി ഉയരാനുമുള്ള ആഗ്രഹം മക്കള്‍ക്കുണ്ടാവണം. പക്ഷേ, ആഗ്രഹങ്ങള്‍ മുഴുവന്‍ ‘ഞാന്‍’ എന്ന ഭാവം മൂലമുണ്ടാകരുത്.
ഞാന്‍ എന്ന ഭാവം ഇല്ലാതായ ഒരു ശാസ്ത്രജ്ഞന്‍ മറ്റു ശാസ്ത്രജ്ഞരേക്കാള്‍ ലോകത്തിനു ഗുണംചെയ്യും. മറ്റുള്ളവരെ സഹായിക്കാനും മറ്റുള്ളവരുടെ വേദനകള്‍ മാറ്റാനും വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരന്‍ ലോകത്തിനു മാതൃകയാവും. ഞാനെന്ന ഭാവം ഒഴിഞ്ഞാല്‍ കര്‍മരംഗത്ത് വ്യക്തത വരും. ശ്രദ്ധയും അംഗീകാരങ്ങളും പിടിച്ചുപറ്റാനായി കര്‍മങ്ങള്‍ ചെയ്യുമ്പോഴാണ് മക്കള്‍ വിഷമത്തിലാകുന്നത്.
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള കര്‍മങ്ങളല്ല ഞാന്‍ ചെയ്യേണ്ടതെന്ന് മക്കള്‍ മനസ്സില്‍ പറഞ്ഞ് ഉറപ്പിക്കണം. കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും ഗുണകരമായ കര്‍മങ്ങള്‍ ചെയ്യുക. അപ്പോള്‍ ലോകത്തിന്റെ അംഗീകാരവും ശ്രദ്ധയും തീര്‍ച്ചയായും ലഭിക്കും.
അമ്മ
കടപ്പാട് : അമൃതവചനം, മാതൃഭൂമി