വര്‍ഷങ്ങള്‍ക്കു മുമ്പ് കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും. ഈ കോപ്പി എത്തിച്ചു തന്നതിന് നന്ദി, ശ്രീ പ്രദീപ്‌കുമാര്‍.
പ്രൊഫ. ബി. സുജാതാദേവി
നമുക്കുള്ളിലും പുറത്തും തീവ്രസംഘര്‍ഷങ്ങളാണ്. നാം ഓരോ നിമിഷവും കടുത്ത ഉത്കണ്ഠകളില്‍ എരിയുകയാണ്. പലതരം വ്യാധികള്‍ നമ്മെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു – ധനം, സ്ഥാനം, മാനം, ജാതി, മതം, ഗോത്രം, മദം, മോഹം, മാത്സര്യം, രോഗം, വാര്‍ദ്ധക്യം, മരണഭയം – ഇങ്ങനെ ഓരോന്നും മനുഷ്യന്റെ ആന്തരികശാന്തിയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. എല്ലാവരും അശാന്തര്‍, അസ്വസ്ഥര്‍.
ഈ അശാന്തതകള്‍ക്കിടയില്‍, ഈ അസ്വസ്ഥതകള്‍ക്കിടയില്‍, ഒരു കൊടുങ്കാറ്റിലും ഉലയാത്ത ദീപനാളംപോലെ തികച്ചും ശാന്തനായി, സദാ സ്വസ്ഥനായി ഇതാ ഒരാള്‍ ഇരിക്കുന്നു – പ്രൊഫസര്‍ ജി. ബാലകൃഷ്ണന്‍നായര്‍. ആത്മാവിന്റെ അനശ്വരതയെക്കുറിച്ചും എങ്ങും നിറഞ്ഞുനില്‍ക്കുന്ന ശുദ്ധബോധത്തെക്കുറിച്ചും ആനന്ദഘനമായ നമ്മുടെ സ്വരൂപത്തെക്കുറിച്ചും ഈ മഹാഗുരു നമ്മോടു പറഞ്ഞുകൊണ്ടേയിരിക്കുന്നു.
ഇദ്ദേഹം ഏതെങ്കിലും ഒരു മതത്തിന്റെ ആചാര്യനോ ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ നേതാവോ അല്ല. ഇദ്ദേഹത്തിന് ഗുരുവോ ശിഷ്യന്മാരോ ഇല്ല. അനുഷ്ഠാനങ്ങളോ ആചാരങ്ങളോ ഇല്ല. ദീര്‍ഘയാത്രകളോ തപസ്സോ ചെയ്തിട്ടില്ല. അതിസാധാരണമായ ജീവിതം നയിച്ചുകൊണ്ട്, നിതാന്തമായ ആന്തരികാന്വേഷണങ്ങളിലൂടെ ആര്‍ജിച്ച ജ്ഞാനവുമായി, ഇങ്ങനെ നമുക്കിടയില്‍ ഒരു സ്ഥിതപ്രജ്ഞന്‍. ഈ മഹാഗുരുവുമായി കവയിത്രിയും എഴുത്തുകാരിയുമായ പ്രൊഫ. ബി. സുജാതാദേവി നടത്തിയ ദീര്‍ഘമായ അഭിമുഖത്തിലേക്ക്. ഈ അഭിമുഖത്തില്‍ പ്രൊഫ. സുജാതാദേവിയോടൊപ്പം പി. രവികുമാര്‍, ഡോ. കെ. രാജീവ് എന്നിവരും പങ്കെടുത്തു.
ചോദ്യം: സാധാരണ ഗൃഹസ്ഥരില്‍നിന്നു വ്യത്യസ്തമായ വേഷമോ ജീവിതരീതിയോ ഒന്നുമില്ലാത്ത ഒരാള്‍, കഠിനമായ ചര്യകളോ സാധനകളോ ഇല്ലാത്ത ഒരാള്‍ ബ്രഹ്മജ്ഞാനിയാവുക എന്നത് സാധ്യമാണെന്ന് അങ്ങേയ്ക്കു തെളിയിക്കാന്‍ കഴിഞ്ഞു. ഈ ആത്മബോധം ജന്മസിദ്ധമായിട്ടുള്ളതാണോ? ഈ വഴിക്കുള്ള താത്പര്യം അവനവന്റെ ഉള്ളിലുണ്ടെന്നുള്ള തിരിച്ചറിവ് എപ്പോള്‍, എങ്ങനെവന്നു?
ജി. ബാലകൃഷ്ണന്‍നായര്‍: ഒരാള്‍ക്കു ബ്രഹ്മബോധം എങ്ങനെ വന്നു, എന്തുകൊണ്ടുവന്നു എന്നു ചോദിച്ചാല്‍ വ്യക്തമായി ഉത്തരം പറയാന്‍ ആര്‍ക്കും സാധ്യമല്ല. ഇതു മാത്രമല്ല, ഈ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു കാര്യത്തിനു വ്യക്തമായ ഒരു കാരണം കണ്ടുപിടിക്കാന്‍ സാധ്യമല്ല.
എങ്കിലും ചുറ്റുപാടുകളുടെ സ്വാധീനം കുറെയൊക്കെ ഉണ്ടാവുകയില്ലേ? ആത്മബോധത്തിന്റെ വിത്ത് ഉള്ളിലുണ്ടെങ്കിലും അതു കിളിര്‍ത്തു വളരണമെങ്കില്‍ അനുകൂലസാഹചര്യം വേണ്ടേ? ബാല്യത്തിലെ ചുറ്റുപാടുകള്‍ കുറെയെങ്കിലും സ്വാധീനിച്ചിട്ടില്ലേ?
എന്റെ അമ്മ ഒരു ഗ്രാമീണസ്ത്രീയായിരുന്നു. വലിയ വിദ്യാഭ്യാസമൊന്നുമില്ല. മലയാളം നാലാംക്ളാസുവരെ മാത്രമേ പഠിച്ചിട്ടുള്ളൂ. എല്ലാ ദിവസവും രാവിലെ നാലുമണിക്ക് എഴുന്നേറ്റിരുന്നു ഹരിനാമകീര്‍ത്തനം മുഴുവന്‍ ഭംഗിയായി ചൊല്ലും. അങ്ങനെ കുട്ടിക്കാലത്ത് അമ്മയുടെ അടുത്തുകിടന്ന് ഈ ഹരിനാമകീര്‍ത്തനം കേട്ടുകേട്ട് പല ശ്ലോകങ്ങളും ഹൃദിസ്ഥമായി. പ്രത്യേകിച്ച്,
“യാതൊന്നു കണ്ടതതു നാരായണപ്രതിമ
യാതൊന്നു കേട്ടതതു നാരായണശ്രുതികള്‍
യാതൊന്നു ചെയ്വതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരിനാരായണായ നമഃ’’
എന്നും മറ്റുമുള്ള ശ്ലോകങ്ങള്‍ അക്കാലത്തുതന്നെ എന്റെ ഹൃദയത്തില്‍ പതിഞ്ഞു. അമ്മ എന്താണിതു ചൊല്ലാന്‍ കാര്യം, ഞാന്‍ അതു കേട്ടുകിടക്കാന്‍ ഇടവന്നത് എന്താ കാര്യം, എന്നൊക്കെ അന്വേഷിച്ചാല്‍ ഉത്തരം കിട്ടില്ല. പക്ഷേ, തുടക്കം അതാണ്.
പിന്നീടുണ്ടായ സ്വാധീനങ്ങളോ?
അച്ഛനൊരു വലിയ രാമായണവായനക്കാരനായിരുന്നു. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം അര്‍ത്ഥത്തിനു ലേശംപോലും സംശയം വരാത്തവിധത്തില്‍ പദങ്ങള്‍ തിരിച്ചുവായിക്കാന്‍ സമര്‍ത്ഥനായിരുന്നു. അതുകൊണ്ട് അദ്ദേഹം ‘വായനക്കാരന്‍ ഗോവിന്ദപ്പിള്ള’ എന്നാണ് അറിയപ്പെട്ടിരുന്നത്. എനിക്കു വ്യക്തമായി ഓര്‍മ്മയില്ല, എനിക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ത്തന്നെ അച്ഛന്‍ മരിച്ചു. അന്ന് നാട്ടിന്‍പുറത്തെ വീടുകളിലൊക്കെ അദ്ധ്യാത്മരാമായണം വായന പതിവാണ്. നമ്മുടെ വീട്ടിലും അതുണ്ടായിരുന്നു. അല്പം മുതിര്‍ന്നപ്പോള്‍ ആ വായന രാത്രിയിലെ എന്റെ ചുമതലയായി. ഒരു പത്തുവരിയെങ്കിലും വായിച്ചാലേ അമ്മ അത്താഴം തരൂ. പത്തുപന്ത്രണ്ടു വയസ്സായപ്പോഴേക്ക് അങ്ങനെ രാമായണവുമായി വളരെ ബന്ധപ്പെട്ടു.
അദ്ധ്യാത്മരാമായണവുമായുള്ള ബന്ധം കൂടുതല്‍ ആദ്ധ്യാത്മികതയിലേക്കു നയിച്ചോ?
തീര്‍ച്ചയായും. ഹരിനാമകീര്‍ത്തനശ്രവണവും രാമായണവായനയുമാണ് സത്യാന്വേഷണത്തിന് അറിഞ്ഞോ അറിയാതെയോ പ്രേരകമായി ഭവിച്ചത്. അന്നൊക്കെ രാമായണം വായനയ്ക്ക് അര്‍ത്ഥം പറയാന്‍ ആളുകള്‍ എത്തും. അതുപോലെ ഭാഗവതവും. അവരുടെകൂടെയൊക്കെ പല സ്ഥലത്തു സഞ്ചരിക്കാനും ഇടയായിട്ടുണ്ട്. ഈ പേട്ടയില്‍പ്പോലും അതിനായിട്ടാണ് പന്ത്രണ്ടോ പതിമൂന്നോ വയസ്സായപ്പോള്‍ ഞാന്‍ വന്നിട്ടുള്ളത്.
അക്കാലത്തെ വിദ്യാഭ്യാസം എങ്ങനെയൊക്കെ ആയിരുന്നു?
വലിയ സാമ്പത്തികശേഷിയൊന്നും കുടുംബത്തിനില്ലായിരുന്നു. തിരുവനന്തപുരത്ത് പേരൂര്‍ക്കട വഴയില എന്ന സ്ഥലത്ത് ഇപ്പോഴത്തെ ടി.വി. സെന്ററിനടുത്ത് കുടപ്പനക്കുന്നിലായിരുന്നു കുടുംബവീട്. ഒരു ചെറിയ വീട്. പൈസയുടെ കുറവുകൊണ്ട് ഇംഗ്ലീഷ് സ്കൂളില്‍ പോയില്ല. അങ്ങനെ സംസ്കൃതപഠനത്തിലാണ് ഏര്‍പ്പെട്ടത്. സംസ്കൃതത്തിന് അന്ന് ഫീസു വേണ്ട. പിന്നെ സംസ്കൃതപഠനവും നിര്‍ത്തി വീട്ടില്‍ നിന്നപ്പോള്‍ ഒരാള്‍ വീട്ടില്‍ വന്ന് ബലാല്‍ പിടിച്ചുകൊണ്ടുപോയി സ്കൂളില്‍ ചേര്‍ത്തു. ഗ്രാന്റ് കിട്ടാന്‍വേണ്ടി തുടങ്ങിയ സംസ്കൃത സ്കൂളാണ്. അതിന് കുട്ടികളുടെ എണ്ണം തികയണമായിരുന്നു. അങ്ങനെ സംസ്കൃതപഠനം ആരംഭിച്ചു. ചതുര്‍ത്ഥം (നാലാം ക്ളാസ്) വരെ അന്ന് പേരൂര്‍ക്കടയില്‍ത്തന്നെ പഠിച്ചു. പഞ്ചമം തൊട്ടുള്ള ക്ളാസുകള്‍ പാല്‍ക്കുളങ്ങര സംസ്കൃതസ്കൂളിലാണ്. കൂടിവന്നാല്‍ അന്ന് പതിമൂന്നു വയസ്സു വരും. ബസൊന്നുമില്ലാത്ത കാലമല്ലേ? കുടപ്പനക്കുന്നില്‍നിന്ന് പാല്‍ക്കുളങ്ങരവരെ എന്നും നടന്നുതന്നെ വരും.
നല്ലവണ്ണം ബുദ്ധിമുട്ടിത്തന്നെ പഠിച്ചു അല്ലേ?
അന്നത്തെ സ്കൂള്‍സമയം ഏഴര മണിമുതല്‍ പതിനൊന്നര മണിവരെയായിരുന്നു. സര്‍ സി.പി. രാമസ്വാമി അയ്യര്‍ ദിവാനായിരുന്ന കാലം. ഏഴരമണിക്ക് സ്കൂളിലെത്താന്‍ വെളുക്കുംമുമ്പ് ചൂട്ടുംകെട്ടി വീട്ടില്‍നിന്നിറങ്ങും. മരുതുംമൂട് ജങ്ഷന്‍വരെ വളരെ ക്ളേശംപിടിച്ചവഴി. തിരിച്ചുപോകുമ്പോഴാണെങ്കില്‍ നല്ല വെയിലാണ്. അങ്ങനെയൊക്കെയാണ് പഠിച്ചത്.
ഉപരിവിദ്യാഭ്യാസമോ?
അന്നത്തെ സംസ്കൃതകോളേജ് പാല്‍ക്കുളങ്ങരനിന്ന് ഇന്നത്തെ ആര്‍ട്സ് കോളേജിലേക്ക് അക്കാലത്തു മാറ്റി. നല്ല ഗംഭീരമായ കെട്ടിടം. അവസാനത്തെ രണ്ടുകൊല്ലം അവിടെയാണ് പഠിച്ചത്. സംസ്കൃതത്തില്‍ ‘മഹോപാദ്ധ്യായ’ പാസായി. അധികം താമസിയാതെ ഉദ്യോഗം കിട്ടി, യൂണിവേഴ്സിറ്റി കോളേജില്‍ ലക്ചററായി.
അക്കാലത്താണോ പഠിത്തം പുനരാരംഭിച്ചത്?
അതെ, പഠനം തുടര്‍ന്നു. മൂന്ന് എം.എ. പാസായി. മലയാളം, ഹിന്ദി, സംസ്കൃതം. അപ്പോള്‍ ഡോക്ടറേറ്റ് എടുക്കണമെന്നു താത്പര്യം തോന്നി. കുട്ടിക്കാലത്തെ രാമായണവുമായുള്ള അതിരറ്റ ബന്ധംകൊണ്ടായിരിക്കാം രാമായണംതന്നെയായിരുന്നു ഡോക്ടറേറ്റിനും വിഷയമായി തിരഞ്ഞെടുത്തത്. അദ്ധ്യാത്മരാമായണം, വാല്മീകിരാമായണം, തുളസീദാസരാമായണം എന്നിവയുടെ താരതമ്യപഠനം. യൂണിവേഴ്സിറ്റിയിലെ സംസ്കൃതം പ്രൊഫസറും എന്റെ ഗുരുനാഥനുമായിരുന്ന ഡോ. എ. ജി. കൃഷ്ണവാര്യരായിരുന്നു ഗൈഡ്. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ അദ്ദേഹം അവിടെ ഹെഡ്മാസ്റ്ററായിരുന്നു. പിന്നെ അദ്ദേഹം കോളേജിലെത്തി. ബ്രഹ്മസൂതൃവ്യാഖ്യാനം എഴുതിയിട്ടുണ്ട്. ആള്‍ ശുദ്ധനായിരുന്നു.
ആ ഡോക്ടറേറ്റ് പഠനം വെളിച്ചം കണ്ടിട്ടില്ലല്ലോ? അതിന് എന്തു സംഭവിച്ചു?
തീസിസ് പൂര്‍ത്തിയായി. പക്ഷേ, ആ സമയത്തായിരുന്നു ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടായത്. അരവിന്ദന്റെ മരണം.
ആ മകന്റെ മരണം സാറിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവമാണ് അല്ലേ? അതേപ്പറ്റി പറയാമോ?
ഏഴരവയസ്സിലാണ് ആ കുഞ്ഞ് മരണമടഞ്ഞത്. ടെറ്റനസ് ബാധിച്ച് ജനറല്‍ ഹോസ്പിറ്റലില്‍ കിടന്നാണ് മരിച്ചത്. 1962 ജൂലൈ മാസം ഒന്നാം തീയതി. ടെറ്റനസ് വന്നാല്‍ പിന്നെ രക്ഷപ്പെടുന്ന പ്രശ്നമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അവര്‍ ചെയ്യാവുന്ന ചികിത്സയെല്ലാം ചെയ്തു. മരണസമയത്ത് ഞങ്ങളെല്ലാവരും അടുത്തുണ്ടായിരുന്നു. കുട്ടി അച്ഛാ, അച്ഛാ എന്നു വിളിച്ചു. പിന്നെ അമ്മാ അമ്മാ എന്നും. അതുകഴിഞ്ഞ് സ്പഷ്ടമായി ചുറ്റും നിന്നവരൊക്കെ കേള്‍ക്കത്തക്കവണ്ണം ശിവ, ശിവ, ശിവ എന്ന് ഉച്ചരിക്കാന്‍ തുടങ്ങി. ഏതാണ്ട് അന്‍പതു മിനിറ്റോളം അത് തുടര്‍ന്നു. അവസാനം ശ്വാസത്തില്‍പ്പോലും ‘ശിവ’ എന്നു പതുക്കെ ഉച്ചരിച്ചുകൊണ്ടാണ് അരവിന്ദന്‍ ദേഹം ഉപേക്ഷിച്ചത്. എന്റെ സത്യാന്വേഷണത്തിലെ ഏറ്റവും പ്രധാന സംഭവം അതായിരുന്നു. ഞാന്‍ അരവിന്ദന്റെ അടുത്തുതന്നെ ഓക്സിജന്‍ ട്യൂബ് മുഖത്ത് കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു. എനിക്കു തോന്നി ആ ‘ശിവ’ശബ്ദ ഉച്ചാരണത്തിലൂടെ അരവിന്ദന്‍ ചിലതൊക്കെ എന്നോടു പറയുകയാണെന്ന്. ‘അച്ഛനിങ്ങനെ വെറുമൊരു ആചരണമായി, ഗീതാപാരായണവുമൊക്കെയായി നടന്നിട്ടു കാര്യമില്ല. ശിവനെ അന്വേഷിക്കുകയാണു വേണ്ടത്’ എന്നു പറയുന്നതായി എനിക്കു തോന്നി. അവിടെയിരുന്ന് ഞാന്‍ തീരുമാനിച്ചു, എന്തായാലും ഇനി യഥാര്‍ത്ഥ ശിവനെ, അതായത് ശാസ്ത്രീയമായ ജീവിതസത്യം എന്നൊന്നുണ്ടെങ്കില്‍ അതന്വേഷിച്ചു കണ്ടെത്തിയിട്ട് മേല്‍കാര്യം എന്ന്. ഭൌതികമായ നേട്ടത്തിനുവേണ്ടി മുന്‍കൈയെടുത്ത് യാതൊന്നും പ്രവര്‍ത്തിക്കുകയില്ലെന്നും തീരുമാനിച്ചു.
അച്ഛനെന്ന നിലയില്‍ അരവിന്ദന്റെ മരണം സാര്‍ എങ്ങനെയാണ് താങ്ങിയത്?
മകനായി ജനിച്ചുവെങ്കിലും ഗുരുവായി വന്നുചേര്‍ന്ന ഈശ്വരനായാണ് അപ്പോള്‍ മുതല്‍ അരവിന്ദനെ ഞാന്‍ കണ്ടത്. മിടുക്കനായ കുട്ടിയായിരുന്നു അരവിന്ദന്‍. കാണാനും നല്ല സുന്ദരന്‍. കോളേജില്‍ എന്റെകൂടെയുണ്ടായിരുന്ന അദ്ധ്യാപകര്‍ക്കെല്ലാം കുട്ടിയെ വളരെ ഇഷ്ടമായിരുന്നു. നേരത്തേതന്നെ ഈശ്വരവിചാരം അതിശയകരമാംവണ്ണം ഉള്ള കുട്ടി. മരിച്ചപ്പോള്‍ ആ മുഖത്ത് പ്രത്യേകമായ ഒരു പ്രകാശമുള്ളതായി തോന്നി. യഥാര്‍ത്ഥ ശിവനെ അന്വേഷിച്ചു കണ്ടെത്താമെങ്കില്‍ എന്നെപ്പോലെ ശാന്തമായി, ദുഃഖലേശമില്ലാതെ മരിക്കാമെന്ന് ആ മുഖഭാവം പറയുമ്പോലെ തോന്നി. അതുകൊണ്ടാവാം എനിക്കു പിന്നെ ഒരു ദുഖവും തോന്നിയിട്ടില്ല. ഞാന്‍തന്നെ അരവിന്ദന്റെ മൃതദേഹം മടിയിലെടുത്തുവച്ച് വീട്ടില്‍വന്നു സംസ്കാരച്ചടങ്ങുകളൊക്കെ നടത്തി. അപ്പോഴും ദുഃഖം അശേഷമുണ്ടായില്ല.
തുടര്‍ന്ന് ജീവിതത്തില്‍ വന്ന വ്യതിയാനം എന്തൊക്കെയായിരുന്നു?
തുടര്‍ന്ന് സത്യം അന്വേഷിച്ചിട്ടു മേല്‍ക്കാര്യം എന്നു തീരുമാനിച്ചിരിക്കെ എന്നെ യൂണിവേഴ്സിറ്റി കോളേജില്‍നിന്നു പാലക്കാട് വിക്ടോറിയാ കോളേജിലേക്കു സ്ഥലംമാറ്റി. അന്നത്തെക്കാലത്ത്, പ്രത്യേകിച്ച് ആ സമയത്ത്, അതൊരു നാടുകടത്തല്‍പോലെയാണ്. അതൊന്നു മാറ്റിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പിന്നീടാണ് മനസ്സിലായത്, നേരത്തെ തീരുമാനിച്ച സത്യാന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള വഴിയായിരുന്നു ഈ ട്രാന്‍സ്ഫര്‍ എന്ന്. അതും ജഗദീശ്വരനിശ്ചയം.
പാലക്കാട്ടെ ജീവിതത്തെപ്പറ്റി ഒന്ന് ഓര്‍മ്മിക്കാമോ?
പാലക്കാട വികടോറിയാ കോളേജില്‍ അപ്പോള്‍ ഗുപതന്‍നായര്‍സാര്‍, ചീഫ് സെക്രട്ടറിയായിരുന്ന രാമചന്ദ്രന്‍നായര്‍ തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു. അവരുമായുള്ള സമ്പര്‍ക്കം പലവിധത്തിലും വളരെയധികം പ്രയോജനം ചെയ്തു. വിക്ടോറിയാ കോളേജില്‍ നല്ലൊരു സംസ്കൃത ലൈബ്രറിയുണ്ട്. കോളേജിനടുത്ത് വിജ്ഞാനരമണീയം എന്ന പേരില്‍ രമണമഹര്‍ഷിയുടെ സ്മാരകമായി സ്ഥാപിച്ച ഒരാശ്രമമുണ്ടായിരുന്നു. അവിടത്തെ സുരേശാനന്ദസ്വാമിയെ പരിചയപ്പെട്ടു. കോളേജിലെ ജോലികഴിഞ്ഞാല്‍ മിക്കവാറും ഞാന്‍ ആശ്രമത്തില്‍ത്തന്നെ കഴിയും. ഗീത, മാണ്ഡൂക്യോപനിഷത്തിന് ഗൌഡപാദാചാര്യര്‍ എഴുതിയിട്ടുള്ള മാണ്ഡൂക്യകാരിക, വാസിഷ്ഠം, ബ്രഹ്മസൂത്രഭാഷ്യം, ഉപനിഷത്തുകള്‍ എല്ലാം കാര്യമായി പഠിച്ചത് അവിടെവച്ചാണ്.
പഠനത്തിന് ആരുടെയെങ്കിലും സഹായമുണ്ടായിരുന്നോ?
ഇല്ല. മാണ്ഡൂക്യകാരികയും മറ്റും ഗുരുമുഖത്തു നിന്നല്ലാതെ പഠിക്കാന്‍ സാധ്യമല്ല എന്നാണു പറഞ്ഞുകേട്ടിട്ടുള്ളത്. ഒരുപക്ഷേ, ഒളിഞ്ഞുനിന്ന അരവിന്ദന്റെ അനുഗ്രഹം കൊണ്ടാവാം എനിക്കു വേദാന്തപഠനത്തിന് മറ്റൊരു ഗുരുവിന്റെയും ആവശ്യമുണ്ടായില്ല. വായിച്ചപ്പോള്‍ത്തന്നെ കാര്യങ്ങള്‍ നല്ലവണ്ണം പിടികിട്ടി. ഇതിനൊക്കെ വ്യഖ്യനങ്ങളും എഴുതി. അവിടത്തെ ലൈബ്രറിയില്‍നിന്ന് വിദ്യാരണ്യസ്വാമികളുടെ പഞ്ചദശി, ജീവന്‍മുക്തിവിവേകം ഇതൊക്കെ വായിച്ചു. സത്യാന്വേഷണത്തില്‍ അത്യന്തം വെളിച്ചം വീശുന്ന കൃതിയാണ് ജീവന്‍മുക്തിവിവേകം.
വായിച്ച പുസ്തകങ്ങള്‍ക്കു ഭാഷ്യം എഴുതുന്നതും അക്കാലത്താണോ തുടങ്ങിയത്? എന്തൊക്കെയായിരുന്നു എഴുതിയത്? ആരായിരുന്നു അതിനു മുന്‍കൈയെടുത്തത്?
അന്ന് കേരളത്തിലുള്ള മിക്ക രാമകൃഷ്ണാശ്രമങ്ങളുമായും പരിചയപ്പെട്ടു. അവിടെയൊക്കെ കൂടെക്കൂടെ പോയി പ്രസംഗിക്കുകയും ചെയ്തു. ഗൌഡപാദകാരിക – ഇതിനപ്പുറം സത്യം വെളിപ്പെടുത്തിത്തരുന്ന ഒരു പുസ്തകമുണ്ടെന്നു പറയാന്‍ സാധ്യമല്ല – അതു വായിക്കാനും പഠിക്കാനും സാധിച്ചു. തുടര്‍ന്ന് അതും ലേഖനങ്ങളാക്കി എഴുതി. ഗുപ്തന്‍നായര്‍സാറും ഞാനുംകൂടിയാണ് തൃശൂര്‍ രാമകൃഷ്ണാശ്രമത്തില്‍ പോയി മൃഡാനന്ദസ്വാമികളെക്കണ്ട് ആദ്യത്തെ ലേഖനം എഴുതി ഏല്പിച്ചത്. തുടര്‍പ്രസിദ്ധീകരണത്തിനു ബാക്കി ലേഖനങ്ങള്‍ എഴുതി അയച്ചുതരണമെന്ന് അധികം താമസിയാതെ ആശ്രമത്തില്‍നിന്ന് എഴുത്തു വന്നു. പിന്നീട് ഗൌഡപാദദര്‍ശനം മൂന്ന് എഡിഷനായി രാമകൃഷ്ണാശ്രമത്തില്‍നിന്നുതന്നെ പ്രസിദ്ധീകരിച്ചു. ജീവന്‍മുക്തിവിവേകം അനേകം ലേഖനങ്ങളായി എഴുതി പ്രബുദ്ധകേരളത്തില്‍ പ്രസിദ്ധപ്പെടുത്തി. ഒടുവില്‍ രാമകൃഷ്ണാശ്രമത്തില്‍നിന്നുതന്നെ അതു പ്രസിദ്ധീകരിച്ചു.
തീസിസിന്റെ ജോലി പൂര്‍ത്തിയായെങ്കിലും അന്നത് ഉപേക്ഷിച്ചു. പുസ്തകങ്ങളും ലേഖനങ്ങളൂം മറ്റും പ്രസിദ്ധീകരിക്കുന്നുമുണ്ട്. എന്താണ് ഇതു തമ്മിലുള്ള വ്യത്യാസം?
തീസിസ് ഭൌതികമായ നേട്ടത്തിനുവേണ്ടിത്തന്നെയാണല്ലോ? അതിനായി യാതൊന്നും പ്രവര്‍ത്തിക്കുകയില്ലെന്നു തീരുമാനിച്ചതുകൊണ്ടാണ് അതുപേക്ഷിച്ചത്. ഭാഷ്യങ്ങളും മറ്റും സത്യാന്വേഷണത്തിന്റെ ഭാഗമായാണ് ഞാന്‍ കാണുന്നത്. അവ പ്രസിദ്ധീകരിച്ചു പേരെടുക്കാനോ അങ്ങനെ ലോകം നന്നാക്കിക്കളയാമെന്നോ വച്ചല്ല. എന്തായാലും സത്യാന്വേഷണം ജീവിതത്തെ അതരിരറ്റ ധന്യതയില്‍ക്കൊണ്ടെത്തിച്ചു എന്നു പറയാം. യാതൊരു സംശയവുമില്ല.
സാറിന്റെ ബ്രഹ്മയജ്ഞം അതായത് ആത്മീയകാര്യങ്ങള്‍ വിശദീകരിക്കുന്ന പ്രഭാഷണങ്ങള്‍ ആരംഭിച്ചത് പാലക്കാട്കാലഘട്ടത്തിലാണല്ലോ?ആരൊക്കെയായിരുന്നു ഈ ക്ലാസ്സുകളില്‍ വന്നിരുന്നത്?
കുറച്ചുപേര്‍. ഒരു പതിനഞ്ചിനും ഇരുപതിനുമിടയ്ക്കുള്ള ആളുകള്‍ വരുമായിരുന്നു. കോളേജില്‍നിന്നു പല അദ്ധ്യാപകരും വരുമായിരുന്നു. ഗുപ്തന്‍നായര്‍സാറും ഞാനും ഒരുമിച്ചാണ് അക്കാലത്തു താമസിച്ചിരുന്നത്.ചിലപ്പോഴൊക്കെ ക്ളാസിന് സാറും വരും. പക്ഷേ, അത് എന്നെയൊന്നു പ്രോത്സാഹിപ്പിക്കാനാണ്. പിന്നെ ഒരാള്‍ ഐ. എ. എസ്. ട്രെയിനിയായി അവിടെ കഴിഞ്ഞിരുന്ന ആര്‍. രാമചന്ദ്രന്‍നായരാണ്. ഇപ്പോള്‍ ഭാഗവതസപ്താഹങ്ങള്‍ നടത്തുന്ന വാസുദേവന്‍പോറ്റി അന്നവിടെ ഇംഗ്ലീഷ് ലക്ചററായിരുന്നു. അന്നുതന്നെ നാരായണീയം നന്നായി അറിയാവുന്ന ആളാണ് വാസുദേവന്‍പോറ്റി. അന്ന് എനിക്ക് അതത്ര പരിചയവുമില്ല. കൃഷ്ണന്റെ രൂപം വര്‍ണ്ണിച്ചുകൊണ്ട് പോറ്റി ചൊല്ലിയ മനോഹരമായ ശ്ലോകം ഞാനപ്പോഴേ കാണാതെ പഠിച്ചു. അദ്ദേഹമായിരുന്നു ക്ളാസില്‍ വരുന്ന മറ്റൊരാള്‍. പിന്നെ വലിയ ശ്രീരാമകൃഷ്ണഭക്തനായ അന്നത്തെ ഇംഗ്ലീഷ് ലക്ചറര്‍ പി. അച്യുതന്‍ –അങ്ങനെ ചിലരൊക്കെ. കുട്ടികളും കുറച്ചുപേര്‍ വരുമായിരുന്നു. ആഴ്ചയില്‍ നാലുദിവസം വിജ്ഞാനരമണീയത്തില്‍ ക്ളാസുണ്ടാകും. പലേ വിഷയങ്ങള്‍. ചില ദിവസം ഗീത, ചിലപ്പോള്‍ വാസിഷ്ഠം, മറ്റു ചിലപ്പോള്‍ മാണ്ഡൂക്യകാരിക, പിന്നെ ഉപനിഷത് അങ്ങനെ….
കോഴിക്കോട്ടുമുണ്ടായിരുന്നില്ലേ ക്ളാസ്?
ഇടയ്ക്ക് അവധിയുള്ളപ്പോള്‍ കോഴിക്കോട്ടും പോകും പ്രഭാഷണത്തിന്. അത് ശ്രീരാമകൃഷ്ണ ആശ്രമത്തില്‍വച്ചായിരുന്നു. അവിടെവച്ചാണ് കുട്ടിക്കൃഷ്ണമാരാര്‍ ക്ലാസ്സ് കേള്‍ക്കാന്‍ വന്നിരുന്നത്. ക്ളാസിന് ഒരുമണിക്കൂര്‍ മുമ്പേ അദ്ദേഹം എന്റെ മുറിയില്‍ എത്തുമായിരുന്നു. അദ്ദേഹത്തിന് എന്നോട് അത്യധികം സ്നേഹമുണ്ടാകാന്‍ തുടങ്ങിയത് അന്നത്തെ വേദാന്തപഠനംമൂലമാണ്. വേദാന്തം നന്നായി പഠിക്കുന്നതിനുമുമ്പ് അദ്ദേഹം എഴുതിയത് പലതും അപൂര്‍ണ്ണമായിപ്പോയി എന്നദ്ദേഹം പറയുമായിരുന്നു. എനിക്കെഴുതിയ ഒരു കത്തില്‍ ‘പ്രിയ സുഹൃത്തേ’ എന്നാണ് സംബോധനയെങ്കിലും ‘സംപൂജ്യഗുരുനാഥ’ എന്നു സംബോധനം ചെയ്യാനാണ് ആഗ്രഹമെന്നും എഴുതിയിരുന്നു. മാരാരെപ്പോലെ ഒരു സാഹിത്യനിരൂപകന്‍ വാസ്തവത്തില്‍ വേറെ ഉണ്ടായിട്ടില്ല.
കോഴിക്കോട്ട് എന്തായിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്?
വാസിഷ്ഠം. മാതൃഭൂമിപത്രത്തില്‍നിന്ന് പലരും അതു കേള്‍ക്കാന്‍ വരുമായിരുന്നു. അന്ന് ശ്രീരാമകൃഷ്ണാശ്രമത്തിലെ വാര്‍ഡനാണ് കുഞ്ഞുണ്ണിമാഷ്. ക്ളാസിനും ചര്‍ച്ചകള്‍ക്കുമൊക്കെ അദ്ദേഹം വരുമായിരുന്നു. (പിന്നെ ശ്രീരാമകൃഷ്ണഭക്തയായ തങ്കം – അവര്‍ മാതൃഭൂമിയില്‍ സ്റ്റാഫായിരുന്നു. അവരുടെ താത്പര്യത്തിലാണ് പല ലേഖനങ്ങളും എഴുതി മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്.) കോഴിക്കോട്ടെ ക്ളാസിനിടയില്‍ ഒരിക്കല്‍ രസകരമായ ഒരു കൊച്ചു സംഭവമുണ്ടായി. വാസിഷ്ഠത്തിലെ കാകഭൂശുണ്ഡന്റെ കഥയാണ് പറഞ്ഞിരുന്നത്. മുറിയില്‍ പത്തന്‍പതിലേറെ ആളുകളുണ്ട്. പുറത്താണെങ്കില്‍ കാക്കകളുടെ വലിയ കോലാഹലം. അങ്ങനെയൊന്നും പതിവുള്ളതല്ല. അതില്‍ ഒരു കാക്ക വന്ന് സദസ്യരുടെ മുമ്പില്‍ ഇരിപ്പായി. കുറച്ചുനേരം അവിടെ ഇരുന്നിട്ട് അതു പറന്ന് എന്റെ കൈയില്‍ വന്നിരുന്നു. അല്പം കഴിഞ്ഞ് പറന്നുപോവുകയും ചെയ്തു.
ഈ കൊച്ചുസംഭവത്തെ സാര്‍ എങ്ങനെ വ്യഖ്യനിക്കുന്നു?
ഇതിനൊക്കെ കാരണമെന്തെന്നു ചോദിച്ചാല്‍ നമുക്കു പറയാന്‍ പറ്റുമോ? വേണമെങ്കില്‍ ശ്രീശങ്കരന്‍തന്നെ പറഞ്ഞിട്ടുള്ളതുപോലെ സത്യം അന്വേഷിച്ചുപോകുന്ന ആളുകള്‍ക്ക് ആ പരമസത്യം ‘ഭദ്രയാമുദ്രയാ’ ചില മംഗളകരമായ സൂചനകളിലൂടെ മുന്നോട്ടുപോകാന്‍ പ്രേരണ നല്‍കുന്നതാവാം. അല്ലാതെ സിദ്ധിയൊന്നുമല്ല.
ആത്മീയകാര്യങ്ങളിലുള്ള താത്പര്യം പങ്കുവയ്ക്കാന്‍ കുടുംബത്തിലെ അംഗങ്ങളോ അടുത്ത സുഹൃത്തുക്കളോ ഉണ്ടായിരുന്നോ?
ഇല്ല. അതിനുള്ള ആളുണ്ടായിട്ടില്ല.
ഗൃഹസ്ഥാശ്രമം സത്യാന്വേഷണത്തിനു സഹായകമായിരുന്നോ, തടസ്സമായിരുന്നോ? സാധാരണ പറഞ്ഞുവരാറുള്ളത് നാലാശ്രമങ്ങള്‍ പരസ്പരപൂരകങ്ങളാണെങ്കിലും വെള്ളം കടക്കാത്ത അറകള്‍പോലെ എന്നാണ്. അങ്ങനെയല്ലാതെ ഗൃഹസ്ഥാശ്രമത്തിന്റെ നടുക്കുനിന്നുകൊണ്ടുതന്നെ ബ്രഹ്മജ്ഞാനം സാധ്യമാവുമെന്നുള്ള കാര്യം തെളിയിക്കാന്‍ സാധിച്ച അങ്ങയുടെ ജീവിതത്തില്‍ സഹധര്‍മ്മിണിയുടെ പങ്ക് എന്തായിരുന്നുവെന്നും അറിയാന്‍ ആഗ്രഹമുണ്ട്?
സരസ്വതിയമ്മ എന്റെകൂടെ സംസ്കൃതകോളേജില്‍ പഠിച്ച സഹപാഠിയാണ്. ഞങ്ങളുടെ വിവാഹം ഒരു പ്രേമവിവാഹമായിരുന്നു – സാധാരണ അര്‍ത്ഥത്തിലല്ല. പ്രേമവും വിവാഹവുമൊക്കെ ആദ്ധ്യാത്മികജീവിതത്തിന് ഉപകരിച്ചിട്ടേയുള്ളൂ. കാരണം ഞങ്ങളുടെ ആ പ്രേമം ഒരിക്കലും വെറും ഭൌതികമായ ലക്ഷ്യത്തെ മാത്രം മുന്‍നിര്‍ത്തിയുള്ളതായിരുന്നില്ല. പരിശുദ്ധമായ ഒരു സ്നേഹബന്ധമായിരുന്നു അത്. സരസ്വതിഅമ്മ സംസ്കൃതമൊക്കെ അറിയാവുന്ന ആളായിരുന്നതുകൊണ്ട് ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വായിക്കാനും പഠിക്കാനുമൊക്കെ സഹായകമായി. അതിനൊക്കെ നല്ല പ്രോത്സാഹനവും തന്നിരുന്നു. അവര്‍ ഗുരുദേവകൃതികളുമൊക്കെ നല്ലവണ്ണം പഠിച്ചു ഹൃദിസ്ഥമാക്കിയിരുന്നു. അതിലെ ചില വാക്യങ്ങള്‍ ‘പരമാവധി ബോധമത്രെ’ തുടങ്ങിയവ ഇവിടെ വരുന്നവരെയൊക്കെ പറഞ്ഞുകേള്‍പ്പിച്ചു വിശദീകരിക്കുമായിരുന്നു. ഇതിനൊക്കെയായി അമ്മമാരുടെ ഒരു സംഘടനതന്നെയുണ്ടായിരുന്നു. ചിലപ്പോള്‍ അവരൊരു ഭജനസംഘമായിരുന്നു, ചിലപ്പോള്‍ ചര്‍ച്ചകള്‍ നടത്തും. ചിലപ്പോള്‍ കന്യാകുമാരി, കുന്നുംപുറം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ തീര്‍ത്ഥയാത്ര നടത്തും.
ഒരു അഭിപ്രായവ്യത്യാസവുമില്ലാത്ത കുടുംബജീവിതമായിരുന്നോ?
എന്നുപറയാന്‍ വയ്യ. ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കുടുംബജീവിതത്തില്‍ പരമാവധി സൌഹൃദമായിരുന്നു. നല്ല ആദ്ധ്യാത്മികചിന്ത ഉണ്ടായിരുന്നതുകൊണ്ട് അഭിപ്രായവ്യത്യാസങ്ങള്‍ വലിയ കലഹങ്ങളിലോ ബുദ്ധിമുട്ടിലോ ഒന്നും ചെന്നെത്തിയിരുന്നില്ല.
അരവിന്ദന്റെ മരണം അമ്മയെ എങ്ങനെയാണ് ബാധിച്ചത്?
അരവിന്ദന്‍ ഞങ്ങളെ രണ്ടുപേരെയും വിളിച്ചുണര്‍ത്തിയിട്ടാണ് പോയത്. പക്ഷേ, അമ്മയ്ക്ക് ആ മരണം സഹിക്കാന്‍ കഴിഞ്ഞില്ല. അച്ഛനായ എന്നെ ദുഃഖം ബാധിച്ചില്ല. പക്ഷേ, അത് അമ്മയുടെ ഹൃദയത്തില്‍ ആഘാതമേല്പിച്ചു. വീട്ടില്‍വന്ന് അത്യന്തം ദുഃഖിതയായി അവര്‍ കിടപ്പിലായി. അപ്പോഴാണ് എനിക്കു പാലക്കാട്ടേക്കു പോകേണ്ടിവരുന്നത്. പിന്നീട് എത്രയോ വര്‍ഷം അരവിന്ദന്റെ മരണദിവസം അവര്‍ പൂജയും ഭജനയുമൊക്കെ നടത്തിയിരുന്നു. അതിനോടൊന്നും വലിയ താത്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ഞാനതിന് ഒരിക്കലും തടസ്സം നിന്നിട്ടില്ല.
പൂജയും ഭജനയും എന്നൊക്കെ പറഞ്ഞതുകൊണ്ട് അതിലേക്കു കടക്കുകയാണ്. ജ്ഞാനമാര്‍ഗ്ഗികളായ വേദാന്തികള്‍ പലരും വാക്കുകളിലെങ്കിലും സാധാരണക്കാര്‍ക്ക് സന്തോഷമായിക്കൊള്ളട്ടെ എന്നു കരുതികുറെ വിട്ടുവീഴ്ചകള്‍ കൊണ്ടുവരാറുണ്ട്. പക്ഷേ, ഒരു വിട്ടുവീഴ്ചയും സാറിന്റെ ജ്ഞാനമാര്‍ഗ്ഗത്തില്‍ കാണാറില്ല?
അങ്ങനെയാണോ എന്റെ നിലപാട്? പറയുമ്പോള്‍ തറപ്പിച്ചു പറയുന്നുണ്ട്. ജ്ഞാനത്തോടുകൂടിയല്ലെങ്കില്‍ ഏതുതരം പ്രവര്‍ത്തനവും മനസ്സിനെ വാസനാബദ്ധമാക്കും. ഇത് എന്റെ അഭിപ്രായമല്ല, സാക്ഷാല്‍ ശ്രീകൃഷ്ണന്റെ അഭിപ്രായമാണ്. ഗീത.
സര്‍വം കര്‍മ്മ അഖിലം പാര്‍ത്ഥ
ജ്ഞാനേ പരിസമാപ്യതേ
ഈശ്വരപരമായ കര്‍മ്മങ്ങളാണെങ്കിലും ജ്ഞാനത്തെ വിട്ടിട്ടാണെങ്കില്‍ ബന്ധനമായിത്തീരും. പിതൃകര്‍മ്മംപോലുള്ള ആചാരങ്ങള്‍, പൂജ ഒക്കെത്തന്നെ വാസനയായി മാറിയാല്‍ അതോടൊപ്പം വിഷമങ്ങളും വന്നുചേരും. ഉപനിഷത്ത് പറയുന്നുണ്ട്, ബ്രഹ്മത്തെ കൂട്ടിച്ചേര്‍ത്തുകൊണ്ട് നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്തുകൊള്ളൂ, ദോഷമില്ല. പക്ഷേ, ബ്രഹ്മത്തെ വിട്ടിട്ട് നിങ്ങള്‍ എന്തുചെയ്താലും എന്തുനേടിയാലുംഅവസാനം അത് ദുഃഖംകാരണമായിത്തീരും. ബ്രഹ്മത്തെ വിട്ടിട്ടുള്ള ബ്രാഹ്മണത്വം ആചാരാനുഷ്ഠാനബദ്ധമായി മാറി ജാതിയും മതവുമൊക്കെ ശക്തിയായിട്ട് ഉറപ്പിക്കും. ഒടുവില്‍ കടുത്ത ദുഃഖത്തിലാഴ്ത്തും.
അപ്പോള്‍ വേദാന്തം ചേര്‍ത്ത് യുദ്ധവുമാകാം അല്ലേ?
തസ്മാദ് സര്‍വേഷു കാലേഷു
മാം അനുസ്മര യുദ്ധേച
എന്നെ നിരന്തരം സ്മരിക്കൂ, യുദ്ധം ചെയ്യൂ എന്നല്ലേ കൃഷ്ണന്‍ പറയുന്നത്? വസുദേവപുത്രനായ കൃഷ്ണന്‍ എന്നല്ല ആ പറയുന്നതിനര്‍ത്ഥം. പരമസത്യത്തെക്കൂടി ഉള്ളില്‍ ഉറപ്പിച്ചുകൊണ്ട് യുദ്ധംചെയ്യൂ എന്നാണ്. അങ്ങേയറ്റത്തെ പാപിയാണെങ്കില്‍ക്കൂടി കര്‍മ്മത്തില്‍ ജ്ഞാനം കൂട്ടിച്ചേര്‍ത്താല്‍ പാപം ഇല്ലാതെയാവുമെന്നാണ് ഗീതപറയുന്നതിന്റെ അര്‍ത്ഥം. ഒരു ചാവേര്‍ഭടനാണെങ്കില്‍പ്പോലും ഈ തരത്തിലാണ്പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവന് പാപത്തില്‍നിന്നു രക്ഷപ്പെടാം.
ജ്ഞാനമാര്‍ഗ്ഗത്തില്‍ ചരിക്കുന്ന ഒരാള്‍ക്ക് ചാവേര്‍പോലുള്ള പ്രവര്‍ത്തനം സാധ്യമാകുമോ?
ദ്വൈതഭാവങ്ങളുണ്ടെങ്കില്‍ മാത്രമല്ലേ വിരോധവും വിദ്വേഷവും മനസ്സില്‍ സൂക്ഷിക്കാനാവൂ. എങ്കിലല്ലേ ചാവേര്‍പോലുള്ള പ്രവര്‍ത്തനങ്ങള്‍ സാധ്യമാവൂ? ഒരാള്‍ കര്‍മ്മം ചെയ്യുന്നത് വാസനാബദ്ധനായാണ്. ഭ്രമജന്മാന്തരങ്ങളില്‍നിന്നു സഞ്ചയിച്ച് ഉറപ്പിച്ചുവച്ചിരിക്കുന്ന വാസനയ്ക്ക് അടിമയായി പ്രവര്‍ത്തിച്ചുപോരുകയാണ്. അതായത് അവശനായി കര്‍മ്മംചെയ്യുകയാണ്.
കാര്യതേ ഹ്യവശത് കര്‍മ്മ സര്‍വഃ
പ്രകൃതിജൈര്‍ ഗുണൈഃ
മോഷണമായാലും കൊലയായാലും വാസനാബദ്ധമായിക്കഴിഞ്ഞാല്‍ പെട്ടെന്നൊന്നും വിട്ടുപോകാനൊക്കില്ല. ഇതൊരു ശാസ്ത്രസത്യമാണ്. അര്‍ജുനന്‍തന്നെ യുദ്ധംചെയ്തു ചെയ്ത് യുദ്ധവാസന സ്വാംശീകരിച്ചു. യുദ്ധവാസന മാറണമെങ്കില്‍ ജ്ഞാനം നേടണം. ശ്രീരാമകൃഷ്ണദേവന് ഒരു ഭക്തനുണ്ടായിരുന്നു. ഗിരീഷ്ചന്ദ്രഘോഷ് –മദ്യപാനം, മദ്യപാനം, മദ്യപാനം എങ്ങനെയോ ഭഗവാന്റെ ശിഷ്യനായി. മദ്യപാനം നിര്‍ത്തണമെന്നുണ്ട്. പക്ഷേ, ഒക്കുന്നില്ല. എന്നുവച്ചാല്‍ മനസ്സില്ലാത്തതുകൊണ്ടല്ല, സാധിക്കാത്തതുകൊണ്ടാണ്. അപ്പോള്‍ ഭഗവാന്‍ പറഞ്ഞു. ശരി, എന്നാല്‍ ഒരു കാര്യം ചെയ്യൂ. കുടിക്കുമ്പോള്‍ നീ എന്നെക്കൂടി ഓര്‍മ്മിച്ചുകൊണ്ടു കുടിക്കൂ. അങ്ങനെ ഓര്‍മ്മിച്ചുകൊണ്ട് കുടിക്കാന്‍ തുടങ്ങുമ്പോള്‍ കുപ്പി വലിച്ചെറിയും. ഇങ്ങനെ കുറേശ്ശെക്കുറേശ്ശെയല്ലാതെ വാസനകള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. അപ്പോള്‍ ഒരു ജ്ഞാനി ഇങ്ങനെ ചെയ്യുമോയെന്നു ചോദിച്ചാല്‍ ജ്ഞാനിയായാല്‍പ്പോലും ചെയ്തുകൂടായ്കയില്ല എന്നാണ് ഉത്തരം. വൃത്രാസുരന്റെ കഥതന്നെ ഉദാഹരണം. ഗംഭീരജ്ഞാനി, പക്ഷേ, ഇന്ദ്രനോടാണ് യുദ്ധം. അയാള്‍ പറയുന്നു: “എടോ ഇന്ദ്രാ, നീയും ഞാനും ഒന്നാണ്. എനിക്കതില്‍ സംശയമില്ല. എന്നെ കൊല്ലാന്‍ നീ വജ്രായുധവുമായി നില്‍ക്കുന്നു. എന്റെ കഴുത്ത് നീയറുക്കുമെന്നും എനിക്കറിയാം. പക്ഷേ, അതിനുമുമ്പ് ഞാന്‍ നിന്നെ ശരിപ്പെടുത്തിയേ അടങ്ങൂ.” “നീയും ഞാനും” തമ്മില്‍ ലേശംപോലും വ്യത്യാസമില്ലെന്ന് അറിഞ്ഞുകൊണ്ടാണിത്.
ധര്‍മ്മാധര്‍മ്മങ്ങള്‍ക്കു പ്രസക്തി നഷ്ടപ്പെടുന്ന വാദമാണല്ലോ ഇത്?
അതെ. ഓക്സിജനും ഹൈഡ്രജനും ചേര്‍ന്ന് വെള്ളം ഉണ്ടാകുന്നതില്‍ എന്താണു ധാര്‍മ്മികത? അത് സയന്‍സാണ്. അതുപോലെ എല്ലാ കര്‍മ്മങ്ങളിലും സത്യാവസ്ഥ ഉറപ്പിക്കാന്‍ ബുദ്ധിക്കു കഴിഞ്ഞാല്‍പ്പിന്നെ പ്രത്യേകിച്ച് ധാര്‍മ്മികകര്‍മ്മമൊന്നുമില്ല. ഒക്കെ അനുഭവിച്ചനുഭവിച്ചതു പോകണം.
അങ്ങനെയാണെങ്കില്‍ എല്ലാ കര്‍മ്മങ്ങളും പ്രകൃതിക്കനുസരണമായി സംഭവിക്കുന്ന ചില രാസപ്രവര്‍ത്തനങ്ങള്‍ എന്ന രീതിയില്‍ കണ്ടാല്‍ പോരേ?
തീര്‍ച്ചയായും. പക്ഷേ, അങ്ങനെ കാണാന്‍ കഴിയുമോ എന്നതാണ് പ്രശ്നം. ഞാന്‍ ചെയ്യുന്നു എന്ന തോന്നല്‍ പൂര്‍ണ്ണമായും അകന്നാല്‍ പ്രശ്നമില്ല. എല്ലാ കര്‍മ്മവും പ്രകൃതി ചെയ്യിക്കുന്നതാണ്–
പ്രകൃതേഃക്രിയമാണാനി ഗുണൈഃ
കര്‍മ്മാണി സര്‍വശഃ
അഹങ്കാര വിമൂഢാത്മ
കര്‍ത്താഹമിതി മന്യതേ
എന്നു കാണാന്‍ സാധിക്കണം. ഞാന്‍ എന്റേതെന്ന ചിന്ത കര്‍മ്മങ്ങളില്‍ കയറി പറ്റിപ്പിടിക്കുന്നു.
അപ്പോള്‍ വേദാന്തം, അഹിംസയിലേക്കു നയിക്കണമെന്നില്ല. മിക്ക തത്ത്വചിന്തകരും സന്ന്യാസിമാരും പറയുന്നത് അഹിംസ മാത്രമേ പാടുള്ളൂ എന്നൊക്കെയാണ്. സാര്‍ പറയുന്നത് ഹിംസയില്ല, പ്രകൃത്യനുസരണം കര്‍മ്മം മാത്രമേയുള്ളൂ എന്നാണോ?
തീര്‍ച്ചയായും. അതുതന്നെയാണ് വസ്തുത. ഹിംസ സാധ്യമേയല്ലെന്നു മനസ്സിലാക്കുന്ന ആളാണ് വേദാന്തി. അതുകൊണ്ട് അങ്ങേയറ്റത്തെ അഹിംസതന്നെയാണ് അഭ്യസിക്കുന്നത്. ഇതൊക്കെ ഗീത രണ്ടാം അദ്ധ്യായത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. ജഡത്തെ കൊല്ലേണ്ട കാര്യമില്ല. ആത്മാവിനെയാണെങ്കില്‍ ആയുധത്തിനു മുറിക്കാനോ അഗ്നിക്കു കത്തിക്കാനോ ഒന്നും സാധ്യവുമല്ല. നായം ഹന്തി നഹന്യതേ എന്ന് തീര്‍ത്തുപറഞ്ഞിട്ടുണ്ടല്ലോ. ഇവിടെ ആരെയും കൊല്ലുന്നില്ല, ആരാലുംകൊല്ലപ്പെടുന്നുമില്ല എന്നറിയുന്നതാണ് അഹിംസ. ഇതു പൂര്‍ണ്ണമായി ബോദ്ധ്യപ്പെടുത്തിത്തരുന്നതാണ് വേദാന്തം.
അഹിംസയ്ക്കും ഹിംസയ്ക്കും പ്രസക്തി നഷ്ടപ്പെടുമ്പോള്‍ പിന്നെ ധര്‍മ്മചിന്തയ്ക്ക് എന്താണു പ്രസക്തി?
എന്തു ധര്‍മ്മം? കര്‍മ്മമേ ഇല്ല. പിന്നെയെന്തു ധര്‍മ്മം? ഇവിടെ നിറഞ്ഞു നിശ്ചലമായി അനന്തഘനമായി നില്‍ക്കുന്ന ബോധം മാത്രമേയുള്ളൂ. സര്‍വത്ര നിറഞ്ഞുനില്‍ക്കുന്ന ഒരു വസ്തു ഇതില്‍ ചലനമുണ്ടായാലാണ് കര്‍മ്മമുണ്ടാവുക. ചലനമുണ്ടാവണമെങ്കില്‍ അത് എവിടെനിന്ന്? ചലനമില്ലാത്ത ഒരു അടിസ്ഥാനത്തില്‍നിന്ന് മറ്റൊരു വസ്തുവില്ലാതിരിക്കെ ചലനം എങ്ങനെ സംഭവിക്കും? അതുകൊണ്ടാണ് ചലനരൂപമായ കര്‍മ്മം ഉണ്ടാകാന്‍ സാധ്യമല്ലെന്നു പറയുന്നത്. ഇതാണ് ആചാര്യസ്വാമികള്‍ ബ്രഹ്മസൂത്രഭാഷ്യത്തിന്റെ മുഖവുരയായി പറഞ്ഞത്. അതായത് ചലനം സംഭവിക്കണമെങ്കില്‍ ചലനമില്ലാത്ത ‘ബേസ്’ വേണം. പക്ഷേ, ചലനമില്ലാത്തതില്‍നിന്ന് അന്യവസ്തു ഇല്ലാത്തതുകൊണ്ട് ചലനം സാധ്യമല്ലതാനും. ബ്രഹ്മസൂത്രഭാഷ്യം വായിച്ചിട്ടാണ് ഐന്‍സ്റ്റീന്‍ തന്റെ ഗവേഷണപഠനങ്ങള്‍ക്കുമുമ്പേ ഇതു വായിക്കാന്‍ കഴിയാത്തത് കഷ്ടമായിപ്പോയി എന്നു പറഞ്ഞത്.
കര്‍മ്മത്തിലും ധര്‍മ്മത്തിലുമാണ് സമൂഹത്തിന്റെ നിലനില്പ്. അവധൂതന്‍ വസ്ത്രം ഉപേക്ഷിക്കുന്നതുപോലെ ഇതങ്ങോട്ട് ഊരിക്കളഞ്ഞു സംസ്കാരത്തിനു നിലനില്‍ക്കാന്‍ പറ്റില്ല. അപ്പോള്‍ ഈ ധര്‍മ്മാധര്‍മ്മചിന്തകള്‍ ഉപേക്ഷിക്കുന്നത് സമൂഹത്തിന്റെ അടിത്തറ ഉറപ്പിച്ചിരിക്കുന്ന ആണി ഊരുന്നതുപോലെയല്ലേ?
തിരിച്ച് ഒരു ചോദ്യം ചോദിച്ചോട്ടേ? ഈ സമൂഹത്തിന്റെ ആണിയങ്ങ് ഇളകിയാല്‍ എന്താ കുഴപ്പം? ഒരു കുഴപ്പവുമില്ല.
ഒന്നാമത് ആണിയില്ല. ഒരിക്കല്‍ ഇത് എന്തായാലുംഇളകും. ഇപ്പോള്‍ സുനാമിവന്നു. കുറച്ചുകൂടി ശക്തമായിവന്നാല്‍ ഇതെല്ലാം അങ്ങു പോകും. സമൂഹമാകെ പോകും. ഇങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് എല്ലാം പോവുകയും വീണ്ടും വരികയും ചെയ്യും. ഇന്ദ്രജാലംപോലെ സകലതും നശിക്കുന്നു. വീണ്ടും വരുന്നു. ഗീത പറയുന്നില്ലേ?
ആ ബ്രഹ്മഭുവനാല്‍ ലോകാഃ
പുനരാവര്‍ത്തിനോ അര്‍ജുന
പിന്നീടൊരിടത്തു പറയുന്നു
സ്വപ്നേന്ദ്രജാല സദൃശം
അചിന്ത്യ രചനാത്മകം
ഈ യുക്തി ആര്‍ക്കു നിഷേധിക്കാന്‍ കഴിയും?
അപ്പോള്‍ ഈ ലീലാനാടകം തുടരട്ടെ എന്നാണോ?
തീര്‍ച്ചയായും. ശാമുമേനോന്റെ ‘വാസിഷ്ഠം കിളിപ്പാട്ടി’ലുള്ള ഒരു വരി എനിക്കോര്‍മ്മയുണ്ട്. “അജ്ഞന്റെ കാരുണ്യത്താല്‍ സംസാരം നടക്കുന്നു” രമണമഹര്‍ഷിയോട് ആരോ വന്നു ചോദിച്ചല്ലോ “അങ്ങയ്ക്കു കുറച്ചു സാമൂഹികപ്രവര്‍ത്തനം നടത്തിക്കൂടേ, എത്രപേരാണ് ഇവിടെ കഷ്ടപ്പെടുന്നത് എന്ന്.” അദ്ദേഹം പറഞ്ഞു: “അല്ല,ഞാന്‍ ഇവിടെ നോക്കീട്ട് ബ്രഹ്മത്തെയല്ലാതെ മറ്റൊന്നും കാണുന്നില്ല. സുഹൃത്തേ, നിങ്ങള്‍ കഷ്ടത കാണുന്നുണ്ടങ്കില്‍ തീര്‍ച്ചയായും പോയി അതു മാറ്റാന്‍ ശ്രമിക്കു.” ഈ സമൂഹമൊക്കെ ചിത്രം വരയ്ക്കുകയും മായ്ക്കുകയും ചെയ്യുന്നതുപോലെ ഉണ്ടെന്നു തോന്നുകയും ഇല്ലാതാവുകയുമൊക്കെ ചെയ്യും. സമൂഹം ഒരു സ്വപ്നമാണെന്നു ബോദ്ധ്യപ്പെട്ട വ്യക്തി സമൂഹത്തോട് എങ്ങനെ സംഗം ചെയ്യുമെന്നാണ് വിദ്യാരണ്യസ്വാമികള്‍ ചോദിക്കുന്നത്. അപ്പോള്‍ സമൂഹത്തിന്റെ നിലനില്പ് എന്നൊക്കെപ്പറഞ്ഞ് വേദാന്തിയെ ഭയപ്പെടുത്താമെന്നു കരുതിയാല്‍ ഒരു രക്ഷയുമില്ല.
പൂര്‍ണ്ണമായി ജ്ഞാനത്തില്‍ എത്തിച്ചേര്‍ന്നവരുടെ കാഴ്ചപ്പാടാണല്ലോ ഇതൊക്കെ? പക്ഷേ, ആ സ്ഥിതിയില്‍ എത്തുംവരെ മുന്നോട്ടുപോകാന്‍ തനിച്ചു സാധിക്കുമോ? അതിന് ഒരു ഗുരുവിന്റെ ആവശ്യമില്ലേ? സാധാരണക്കാരന്റെ ജീവിതത്തില്‍ ഗുരുവിന്റെ ആവശ്യം, ഗുരു വഹിക്കുന്ന പങ്ക്, ഇതിനെപ്പറ്റി എന്താണ് അഭിപ്രായം?
സത്യദര്‍ശനം പൂര്‍ണ്ണമായി സാധിക്കുന്നതുവരെ ഒരു സത്യാന്വേഷി നില്‍ക്കുന്നത് ഭ്രമത്തിലാണ്. ഭ്രമത്തില്‍ ഗുരു ആവശ്യമാണ്. ഭ്രമത്തില്‍നിന്ന് സത്യാന്വേഷണത്തിലേക്ക് അടുപ്പിച്ചുകൊണ്ടുവരാന്‍. പക്ഷേ, ഒന്നു മറക്കരുത്. ഗുരുപോലും ഭ്രമമാണ്. ആചാര്യസ്വാമി പറയുന്നു, എനിക്ക് അമ്മയില്ല, അച്ഛനില്ല, ഗുരുവില്ല, ശിഷ്യനില്ല എന്നൊക്കെ. പരമമായ സത്യദര്‍ശനത്തില്‍ ഭ്രമം മാത്രം. പക്ഷേ, എല്ലാ ബന്ധങ്ങളും ഭ്രമത്തിലുണ്ട്. ഇത്തരം ചര്‍ച്ചകളൊക്കെ അപ്പോള്‍ ഭ്രമത്തിനുള്ളില്‍നിന്നാണ്. പൂര്‍ണ്ണമായ സത്യാന്വേഷണത്തിന്റെ തത്ത്വം ബുദ്ധിക്കെങ്കിലും പിടികിട്ടിയെങ്കില്‍ പിന്നെ, ഏതു ഗുരു ഏതു ശിഷ്യന്‍? അപ്പോള്‍ ഗുരു സാകാരരൂപത്തിലുള്ള ബ്രഹ്മംതന്നെയാണ്.
ആത്മീയതാത്പര്യങ്ങളില്‍ ഗുരുശിഷ്യബന്ധങ്ങളും വര്‍ദ്ധിച്ചുവരുന്ന കാലമാണ്. ഇതൊക്കെ ഭ്രമത്തെ വര്‍ദ്ധിപ്പിക്കുന്നുവോ ഭ്രമത്തില്‍നിന്നു കരകയറ്റുന്നുവോ?
പരമസത്യത്തെ അറിയാത്തവര്‍, അറിയാന്‍ താത്പര്യമില്ലാത്തവര്‍ വേദാന്തചിന്തകളെ പരമാവധി സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ചൂഷണം ചെയ്തേക്കാം. ആ വഴി പോയാല്‍ ഭ്രമത്തില്‍നിന്നു കരകയറാന്‍ പറ്റില്ല. വസ്തുവിനെ വ്യക്തമായി അറിയാത്തിടത്തോളം മറ്റേതു രീതിയില്‍ വ്യാഖ്യാനിച്ചാലും ഭ്രമം മാറുകയില്ല. കയറിനെ പാമ്പാണെന്നു തെറ്റിദ്ധരിച്ചു. കയറാണെന്നു മനസ്സിലാക്കുകയും മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നതിനു പകരം അത് അണലിയാണോ മൂര്‍ഖനാണോ വെറും ചേരയാണോ എന്നിങ്ങനെ ചര്‍ച്ചചെയ്താല്‍ ഒരിക്കലും ഭ്രമത്തില്‍നിന്നു രക്ഷനേടാന്‍ സാധിക്കില്ല. ഇപ്പോള്‍ നടക്കുന്നത് അതാണ്.
സാധാരണ ക്ഷേത്രദര്‍ശനക്കാരുടെ രീതിയില്‍ പറഞ്ഞാല്‍ ദേവനാണോ ദേവിയാണോ വലുത്, മാടനാണോ ചാത്തനാണോ ശക്തി എന്നൊക്കെ പറയുമ്പോലെ അല്ലേ?
തീര്‍ച്ചയായിട്ടും. ബ്രഹ്മസൂത്രഭാഷ്യത്തില്‍ വ്യക്തമായി പറയുന്നുണ്ട്. നമ്മള്‍ ശാസ്ത്രമെന്നു പറഞ്ഞുനടക്കുന്നതൊക്കെ അവിദ്യയാണ്. വസ്തു ഒന്നേയുള്ളു. കെങ്കേമന്മാരായിട്ടുള്ളവര്‍ അതുപൂര്‍ണ്ണമായി കണ്ടെത്തിയിട്ടുമുണ്ട്. അതു ധരിക്കാതെ വല്ലതുമൊക്കെ പറഞ്ഞുകൊണ്ടു നടന്നാല്‍ എങ്ങനെ രക്ഷപ്പെടും?
ഇന്ത്യയില്‍ ഇപ്പോള്‍ ആത്മീയ നവോത്ഥാനം നടക്കുന്ന കാലമെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. ഭാഗവതസപ്താഹങ്ങള്‍, യജ്ഞങ്ങള്‍ ഒക്കെ ധാരാളം നടക്കുന്ന സമയമാണ്. സാമൂഹികവും രാഷ്ട്രീയവുമായ പലകാരണങ്ങളാല്‍ ജനങ്ങള്‍ക്ക് അരക്ഷിതത്വബോധം കൂടിയിട്ടുണ്ട്. അതാണ് ജനം ഇതിന്റെയൊക്കെ പിറകെ പോകുന്നത് എന്നു മറ്റു ചിലര്‍ പറയുന്നു. യഥാര്‍ത്ഥമായ സത്യാന്വേഷണം ഇതല്ലെന്നു പറയുന്ന അത്യപൂര്‍വംചിലരുണ്ട്. ഇതിനെപ്പറ്റി സാര്‍ എന്തു പറയുന്നു?
പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ ഈശാവാസ്യത്തില്‍.
“അവിദ്യയെ ഉപാസിക്കുന്നവര്‍
അന്ധതമസ്സിലും പോകുന്നു
വിദ്യാരതരതേക്കാള്‍ കൂരിരുട്ടിലും
അവിദ്യയെ ഉപാസിക്കുന്നവര്‍ അന്ധതമസ്സില്‍ പോകും. വിദ്യയില്‍ രമിക്കുന്നവര്‍ അതേക്കാള്‍ കൂരിരുട്ടിലും. ഗുരുദേവന്റെ തര്‍ജ്ജമയാണ്. ആചാര്യസ്വാമികളും വ്യക്തമായി ദൃഷ്ടാന്തം പറയുന്നുണ്ട്. താഴെ നില്‍ക്കുന്ന രണ്ടുപേര്‍ മാവിന്‍കൊമ്പത്തെ പഴുത്ത മാങ്ങ കാണുന്നു. ഒരാള്‍ക്ക് മാവില്‍ കയറാന്‍ വയ്യ. മറ്റേയാള്‍ മാമ്പഴത്തിനു മാവില്‍ കയറി കൊമ്പൊടിഞ്ഞു താഴെ വീണു കാലൊടിഞ്ഞു. നോക്കിനിന്നവനു മാങ്ങ കിട്ടിയില്ല. കയറിയവന് കാലുമൊടിഞ്ഞ് മാങ്ങയും കിട്ടിയില്ല. അവിദ്യാരതന്മാരുടെ നിരവധി ദൃഷ്ടാന്തങ്ങള്‍ ചുറ്റുമുണ്ടാവും. ആരുടെയും പേരൊന്നും എടുത്തുപറഞ്ഞിട്ടു കാര്യമില്ല. ശാസ്ത്രീയമായി വസ്തുതത്ത്വം മനസ്സിലാക്കി വേണം എന്തും ചെയ്യാന്‍. വലിയ സോമയാഗമായാലും ശരി മറ്റെന്തു യജ്ഞമായാലും ശരി. ഒക്കെ ഭ്രമമാണെന്നു മനസ്സിലാക്കിയാണ് ചെയ്യുന്നതെങ്കില്‍ ഭ്രമം ക്രമേണ കുറയും.
ഭ്രമത്തിന്റെ ലെവല്‍ അനുസരിച്ചാണോ ഗുരുക്കന്മാരെയും കണ്ടെത്തുന്നത്? ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ തക്ക ഗുരു? യഥാ ശിഷ്യഃ തഥാ ഗുരുഃ ജാതകപ്പൊരുത്തംപോലെ. അങ്ങനെയാണോ?
തീര്‍ച്ചയായിട്ടും. പക്ഷേ, സത്യത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് എത്തണമെന്ന് യഥാര്‍ത്ഥ താത്പര്യമുണ്ടെങ്കില്‍ ക്രമേണ ഭ്രമം മാറിക്കൊള്ളും. ആ താത്പര്യം ഇല്ലെങ്കില്‍ ഭ്രമം കൂടുകയും ചെയ്യും.
സാറിന്റെ സത്യാന്വേഷണരീതിയില്‍ സാധനകള്‍ക്കു സ്ഥാനമുണ്ടോ?
ഇല്ല. പ്രത്യേക അനുഷ്ഠാനങ്ങളോ വലിയ ധ്യാനനിഷ്ഠയോ ഒന്നും ഉണ്ടായിട്ടില്ല. ഹരിനാമകീര്‍ത്തനം, രാമായണം, ഭാഗവതം ഇതൊക്കെ കേട്ടും ചൊല്ലിയും പിന്നെ വായിച്ചും അര്‍ത്ഥം ഗ്രഹിക്കുക എന്നതാണ് ചെയ്തിരുന്നത്.
പക്ഷേ, ബാല്യത്തില്‍ ചുടുകാട്ടില്‍പ്പോയി ഉറങ്ങുമായിരുന്നുവെന്നു പറഞ്ഞുകേട്ടിട്ടുണ്ടല്ലോ?
ഞാനും കേട്ടിട്ടുണ്ട് ഇങ്ങനെയൊരു കെട്ടുകഥ. പലരെക്കുറിച്ചും എന്നെക്കുറിച്ചും ഒരുകാലം കഴിയുമ്പോള്‍ ജനങ്ങള്‍ ഇല്ലാത്ത കഥകള്‍ കെട്ടിച്ചമയ്ക്കും. ചുടുകാട് ഞാന്‍ സ്വപ്നത്തില്‍പ്പോലും കണ്ടിട്ടില്ല. വീട്, പള്ളിക്കൂടം, കളിസ്ഥലം – വളരെ സാധാരണ ബാല്യം. അതില്‍ക്കവിഞ്ഞൊന്നും സംഭവിച്ചിട്ടില്ല.
സാറിന്റെ സത്യാന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഒരു ഗുരുവിന്റെ ആവശ്യമുണ്ടെന്നു തോന്നിയിട്ടുണ്ടോ?
ഒരിക്കലുമില്ല. അരവിന്ദന്‍ മാത്രമാണ് ഗുരു. അരവിന്ദനെ ഗുരുവായി അംഗീകരിച്ചതുകൊണ്ട് ഒരു വലിയ ഗുണവുമുണ്ടായി. ഒരു പ്രസ്ഥാനവുമായി ഒട്ടിപ്പിടിക്കാന്‍ ഇടയായില്ല. ഒരാശ്രമവുമായും വേര്‍പെടുത്താനാവാത്ത ബന്ധമുണ്ടായില്ല. അതേയവസരത്തില്‍ എല്ലാവരോടും സഹകരിക്കുന്നു. ഞാന്‍ പാലക്കാട്ടായിരുന്നപ്പോള്‍ ചിന്മയാമിഷന്‍ എന്നെ മീറ്റിങ്ങുകള്‍ക്കു വിളിച്ചുകൊണ്ടുപോകുമായിരുന്നു. സായിബാബാ ഭക്തസംഘവും വിളിച്ചുകൊണ്ടുപോയിരുന്നു. അവിടെ കഠോപനിഷത്ത് ക്ളാസെടുത്തു. അത് അവര്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്തായാലും സംഗമില്ലാതെ തന്നെ മുന്നോട്ടുപോകാന്‍ സാധിച്ചു.
പ്രസ്ഥാനങ്ങളും ആശ്രമങ്ങളും ഒന്നുമില്ലാതെ സംഗം വെടിഞ്ഞു മുന്നോട്ടുപോകുന്നത് നമ്മുടെ പാരമ്പര്യസന്ന്യാസത്തിന്റെ ഒരു വഴിയാണല്ലോ. ആധുനിക ഇന്ത്യയില്‍ ഈ പാരമ്പര്യം തുടരുന്നത് നാംകാണുന്നുണ്ടോ?
തീര്‍ച്ചയായും. അങ്ങനെയുള്ളവരില്‍ അപൂര്‍വ്വം ചിലര്‍ പ്രസിദ്ധരുമാണ്. എല്ലാവര്‍ക്കുമറിയാമല്ലോ, രമണമഹര്‍ഷിക്ക് ഒരു ഗുരുവുമായും ആശ്രമവുമായും ബന്ധമുണ്ടായിരുന്നില്ല. യാദൃച്ഛികമായ സത്യാനുഭവത്തില്‍നിന്നാണ് അദ്ദേഹം മുന്നോട്ടുപോയത്. ഏകാന്തമായി കഴിഞ്ഞുകൂടുകയും ചെയ്തു. മറ്റൊരാള്‍ പാലക്കാടു സ്വദേശിയായിരുന്ന തപോവനസ്വാമികള്‍. സംസ്കൃതത്തിലും വേദാന്തത്തിലുമൊക്കെ അപാരപാണ്ഡിത്യം. ഗൃഹസ്ഥനായി ജീവിക്കാനുള്ള വലിയ പ്രേരണ ചുറ്റുപാടുനിന്നും ഉണ്ടായിട്ടും വഴങ്ങാതെ ഹിമാലയത്തിലേക്കു പോയി. കുടുംബത്തിന്റെ ചുമതലകളെല്ലാം തീര്‍ത്തിട്ടാണു പോയത്. അനിയന്മാരുടെ കല്യാണം നടത്തി, വസ്തുവകകള്‍ അവരെ ഏല്പിച്ചു. പിന്നെ നേരെ ഹിമാലയത്തിലേക്കു പോയി. പിന്നെ ഇങ്ങോട്ട് ഇറങ്ങിയിട്ടില്ല. നദിയിലിറങ്ങി കുളിച്ച് തന്നത്താന്‍ വസ്ത്രം കാവിമുക്കിയുടുത്താണ് സന്ന്യാസിയായത്. വെറുതെ ഇരിക്കുമ്പോള്‍ ഹിമാലയപര്‍വ്വതനിരകള്‍ കയറിയിറങ്ങുക എന്നതായിരുന്നു വിനോദം. എന്തിനാണിങ്ങനെ വെറുതെ കയറിയിറങ്ങുന്നതെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം രസകരമാണ്. ‘‘പലരും പറയുന്നു, അവിടെ കടുവ, പുലി, പാമ്പ്, കാഞ്ഞിരമൊക്കെ ഉണ്ടെന്ന്. അതൊക്കെ സത്യമാണോയെന്നു നോക്കാന്‍ പോയതാണ്. ഞാനവിടെ നോക്കിയിട്ട് ബ്രഹ്മത്തെയല്ലാതെ മറ്റൊന്നിനെയും കണ്ടില്ല.’’ അദ്ദേഹത്തിന്റെ ‘ഹിമഗിരിവിഹാര’ത്തില്‍ പറഞ്ഞിട്ടുള്ളതാണ്. ഇടയ്ക്കു കള്ളന്മാരും കൊള്ളക്കാരും അദ്ദേഹത്തെ പിടിക്കും. പക്ഷേ, ഒടുവില്‍ അവരുടെ കൈയിലുള്ള മാവുകൊണ്ട് പലഹാരമുണ്ടാക്കിക്കൊടുത്ത് സ്വാമിയെ തിരിച്ചുകൊണ്ടാക്കിയിട്ടു പോരും. അദ്ദേഹത്തിന്റെ ‘ഈശ്വരദര്‍ശനം’ മൃഡാനന്ദസ്വാമികള്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അതിലൊരു പദ്യമുണ്ട്. അതില്‍ പറയുന്നു സ്വര്‍ണ്ണപ്പാത്രത്തില്‍ നിറയെ പാല്‍പ്പായസം നിറച്ചുകൊടുത്തിട്ടും കുടിക്കാതെ കളഞ്ഞ് ഓടവെള്ളം കോരിക്കുടിക്കുമ്പോലെയാണ്, മനുഷ്യജന്മം കിട്ടിയിട്ടും സത്യാന്വേഷണത്തിന്റെ ശ്രേയോമാര്‍ഗ്ഗത്തെ ഉപേക്ഷിച്ചിട്ട് ഭൌതികമാര്‍ഗ്ഗം സ്വീകരിക്കുന്നത് എന്ന്. അദ്ദേഹത്തിന്റെ കൃതികളൊക്കെ ഞാന്‍ വായിച്ചുപഠിച്ചു. അതൊക്കെ എന്നെ വളരെ പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തപോവനസ്വാമിയെപ്പോലെ മറ്റൊരാളില്ല. അദ്ദേഹം അതിഗംഭീരനായി ജീവിച്ചു.
പണ്ടുമുണ്ടായിരുന്നുകാണില്ലേ ഇങ്ങനെയുള്ളവര്‍?
തീര്‍ച്ചയായും. ‘മാണ്ഡൂക്യകാരിക’യ്ക്കു വ്യാഖ്യാനം രചിച്ച ഗൌഡപാദാചാര്യര്‍ അങ്ങനെ ഒരാളായിരുന്നു എന്നാണ് പുരാണങ്ങള്‍ പറയുന്നത്. ഗൌഡപാദകാരിക വായിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള അത്യുന്നതരായ പാശ്ചാത്യചിന്തകന്മാര്‍പോലും പറയുന്നത് സത്യം വെളിപ്പെടുത്തിത്തരാന്‍ ഇതിനപ്പുറം ഒരു പുസ്തകമില്ല എന്നാണ്. ആ ഗൌഡപാദനും ഒരു ഗുരുവുള്ളതായി കാണുന്നില്ല. പ്രസ്ഥാനവും ഉണ്ടാക്കിയില്ല. ഹിമാലയത്തില്‍ ഒരു പാറയുണ്ട്. അദ്ദേഹം അതിന്റെ പുറത്തുകയറിക്കിടക്കും. ഇപ്പോഴും അതവിടെ ഉണ്ടത്രെ. ഗൌഡപാദശില എന്ന പേരില്‍.
ഗുരുവില്ലാതെ സന്ന്യാസത്തിലേക്കു പോയ ആളാണല്ലോ അരവിന്ദന്‍. അങ്ങയുടെ തത്ത്വചിന്തയില്‍ അദ്ദേഹത്തിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ടോ?
അരവിന്ദന്റെ ചില ലേഖനങ്ങളുടെ തര്‍ജ്ജമ അന്നത്തെ ‘മലയാളരാജ്യം’ വാരികയില്‍ വരുമായിരുന്നു. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ഞാന്‍ വായിച്ചു. അന്നത്തെ ആ സ്വാധീനത്തിലാണ് മകന് അരവിന്ദന്‍ എന്നു പേരിട്ടത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും ഗ്രഹിക്കാന്‍തന്നെ ബുദ്ധിമുട്ടാകുന്നു. നമ്മളൊക്കെ വെറും നിമിത്തമാണെന്നു പറയുന്നതും അദ്ദേഹത്തിന്റെ ‘സൂപ്പര്‍മാന്‍’ സങ്കല്പവും ഒക്കെ ഓര്‍ക്കുന്നു. അതിഗംഭീരനായ വ്യക്തി.
മറ്റു പല ഗംഭീരവ്യക്തികളെയുംപോലെ അദ്ദേഹവും ഒരു വലിയ സ്ഥാപനമായി. അങ്ങനെ സന്ന്യാസജീവിതത്തില്‍നിന്നു സ്ഥാപനമായി മാറിപ്പോകുന്നതിനെപ്പറ്റി സാറിനെന്താണ് പറയാനുള്ളത്?
നല്ല ഉറപ്പുള്ള ഒരു സത്യാന്വേഷിക്ക് ഒരു ഘട്ടത്തിലെത്തുമ്പോള്‍ ഒരു സ്ഥാപനത്തിനുള്ളിലായാല്‍പ്പോലും സത്യാന്വേഷണത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. അങ്ങനെയായിരുന്നു വിവേകാനന്ദസ്വാമി. അവസാനമായപ്പോള്‍ അദ്ദേഹം പറഞ്ഞു: “എനിക്കു മോഹമില്ല. എനിക്കു സന്ന്യാസസഹോദരന്മാരില്ല. ഇതിലൊക്കെ പെട്ടുപോയാല്‍ സത്യം ഒരിക്കലും കിട്ടാതെ പോകും.”
“കുഞ്ഞേ, ഞാനില്ല, നീയില്ല, ജഗത്തില്ല. ഉള്ളത് ഞാന്‍ മാത്രം. ഞാനിത് വ്യക്തമായി അനുഭവിക്കുന്നു. നീയും അനുഭവിക്ക്. എന്നിട്ടു പറഞ്ഞുനടക്ക്. കേള്‍ക്കുന്നവര്‍ കേള്‍ക്കട്ടെ. അല്ലാത്തവര്‍ കേള്‍ക്കണ്ട.”
“എനിക്കിപ്പോള്‍ യാതൊന്നുമില്ല. യാതൊന്നും ഈ ജഗത്തിലില്ല.” പക്ഷേ, ഇതു മനസ്സിലാക്കാന്‍ സ്വാമിക്കു പലതിലൂടെയും കടന്നുപോകേണ്ടിയിരുന്നു. സ്വാമി അത് കാണേണ്ടതുപോലെ കാണുകയും ചെയ്തു.”
പക്ഷേ, മറ്റു പലര്‍ക്കും സ്ഥാപനങ്ങള്‍, ശാസ്ത്രീയവും വ്യക്തവുമായ സത്യാന്വേഷണത്തിനു തടസ്സമാവുന്നു. പലരും തമ്മില്‍ അഭിപ്രായവ്യത്യാസവും മത്സരവുമായി കഴിയാന്‍ ഇടവരുന്നു.
ഇതൊക്കെ നമ്മള്‍ എങ്ങനെയാണ് കാണേണ്ടത്? മായയുടെ കളി എന്നുകണ്ട് മാറിനില്‍ക്കണോ അതോ ലീലാനാടകത്തിന്റെ ഒരു ഭാഗമായി കണ്ടു രസിക്കണോ? രണ്ടും ഒന്നുതന്നെയാണ്. നാടകമാവുമ്പോള്‍ മായയാണ്. യാഥാര്‍ത്ഥ്യമല്ല. നിസ്സംഗത്വം ശക്തമായാല്‍ പുറമേ എങ്ങനെ വേണമെങ്കിലും ചരിക്കാം. വാസിഷ്ഠം പറയുമ്പോലെ പുറമേ താണ്ഡവമാടാം. പക്ഷേ, ഉള്ളില്‍ ശരീരത്തോടുപോലും യാതൊരു ബന്ധവുമില്ല. സത്യാന്വേഷണത്തില്‍ പൂര്‍ണ്ണത വരുംവരെ അസംഗശസ്ത്രംകൊണ്ട് ഈ ജഗത്തിനെ മുറിച്ചുതള്ളണം. നിസ്സംഗത്വം വന്നുകഴിഞ്ഞാല്‍ ആശ്രമത്തില്‍ നില്‍ക്കുന്നോ വീട്ടില്‍ നില്‍ക്കുന്നോ യുദ്ധക്കളത്തില്‍ നില്‍ക്കുന്നോ ഇതൊന്നും പ്രസക്തമല്ല. ഇതിന് നല്ല ഉദാഹരണമാണ് ഖട്വാംഗന്റെ കഥ. സ്വര്‍ഗ്ഗം പാദങ്ങളില്‍ വന്നുവീണിട്ടും എനിക്ക് ഇതിന്റെ ആവശ്യമില്ലെന്നതാണ് ഖട്വാംഗന്‍ പറയുന്നത്. പൂര്‍ണ്ണസ്വരൂപനായ ഭഗവാനെയാണ് ഖട്വാംഗന്‍ കുട്ടിക്കാലം മുതല്‍ ആശ്രയിച്ചത്. അതില്‍ കുറഞ്ഞൊന്നിലും – സ്വര്‍ഗ്ഗത്തില്‍പ്പോലും അയാള്‍ക്കു താത്പര്യമില്ല. പക്ഷേ, രാജാവായി കര്‍മ്മം ചെയ്യുന്നു. യുദ്ധം ചെയ്യുന്നു, ശത്രുവിനെ ഹനിക്കുന്നു. എല്ലാം പൂര്‍ണ്ണമായ നിസ്സംഗതയോടെ.
ഗീതയുടെ അടിസ്ഥാനമായ പാഠവും ഇതുതന്നെയല്ലേ?
തീര്‍ച്ചയായും. പതിനഞ്ചാം അദ്ധ്യായത്തില്‍ ജഗത്തിനെ ഒരാല്‍വൃക്ഷമായി വിവരിച്ചിട്ടുണ്ടല്ലോ. തലകുത്തിനില്‍ക്കുന്ന ഒരാല്‍വൃക്ഷം. ഇത് എവിടെ തുടങ്ങുമെന്നോ എവിടെ അവസാനിക്കുമെന്നോ നമ്മള്‍ അറിയുന്നില്ലെങ്കിലും “അര്‍ജുനാ നീ അതു വകവയ്ക്കേണ്ട , അസംഗശസ്ത്രംകൊണ്ട് അതിനെ മുറിച്ചുതള്ളൂ” എന്നാണ് പറഞ്ഞിട്ടുള്ളത്. എല്ലാവര്‍ക്കും ഈ നിസ്സംഗത്വം സാധിക്കുന്നില്ല. സാധിക്കുന്നവര്‍ക്കു സത്യം വ്യക്തമായി അനുഭവിക്കാന്‍ പറ്റുന്നു.
സാറിന്റെ കാര്യത്തില്‍ത്തന്നെ മകന്റെ മരണംവരെ ഈ തരത്തിലുള്ള സത്യാന്വേഷണത്തിലേക്കു തിരിയുന്നില്ലല്ലോ?ഒരു അനുഭവം വന്നാല്‍ മാത്രമേ സത്യാന്വേഷണം സാധ്യമാവുകയുള്ളോ?
അങ്ങനെയില്ല. ഓരോരുത്തര്‍ ഓരോതരത്തിലാണ് അതിനു തയ്യാറാവുന്നത്. അത് എപ്പോള്‍ എങ്ങനെയെന്നൊക്കെ ചോദിച്ചാല്‍ നമുക്ക് ഉത്തരമില്ല. കുറച്ച് ഉറപ്പു വന്നാല്‍ അതിരറ്റ ഭഗവദ് അനുഗ്രഹം എന്നു തീരുമാനിക്കാം. ബാക്കിയെല്ലാം തിരിച്ചറിവിനുള്ള തയ്യാറെടുപ്പായി കാണണം.
ഈ തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നോ സാറിന് ഒരുകാലത്ത് കമ്മ്യൂണിസത്തില്‍ വന്ന താത്പര്യവും?
തീര്‍ച്ചയായിട്ടും. ഈ ഗീതയൊക്കെ വായിക്കുന്ന കാലഘട്ടത്തില്‍ സമത്വം എന്ന സങ്കല്പം മനസ്സിനെ ആകര്‍ഷിച്ചു. സിദ്ധ്യസിദ്ധ്യോഃ സമത്വം യോഗ ഉച്യതേ എന്നാണല്ലോ. അപ്പോള്‍ ഈ കമ്മ്യൂണിസ്റ്റ് തത്ത്വചിന്ത കേട്ടപ്പോള്‍ –സോഷ്യലിസം, സമത്വം, ഗവണ്‍മെന്റുപോലുമില്ലാത്ത ഒരവസ്ഥയില്‍ മനുഷ്യന്‍ സമമായി ജീവിക്കുക എന്നൊക്കെ –അങ്ങനെയൊരു അവസ്ഥ സാധ്യമാവുമെങ്കില്‍ നിശ്ചയമായും നമുക്കും അതില്‍ പങ്കുകൊള്ളണമെന്നു തോന്നി. അങ്ങനെ ഞാനുമൊരു കമ്മ്യൂണിസ്റ്റുകാരനായി. അതിലേക്കു വന്നപ്പോള്‍ പിന്നെ ആരെയും പേടിയില്ല. അങ്ങനെ ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകവരെചെയ്തു – കോര്‍പ്പറേഷനില്‍ പട്ടം താണുപിള്ളസാറിന്റെ പാര്‍ട്ടിയിലെ ഒരാളാണ് എന്റെ എതിരാളി. താണുപിള്ളസാറിന് അങ്ങേയറ്റം സ്വാധീനമുള്ള പാല്‍ക്കുളങ്ങരയാണ് ഈ സ്ഥലം.
ജയിക്കുമെന്നു പ്രതീക്ഷിച്ചോ?
ഇല്ലേയില്ല. കെട്ടിവച്ച പണംപോലും കിട്ടുകയില്ലെന്നു തീര്‍ച്ചയായിരുന്നു. ജയിക്കുമോ എന്നുള്ളതല്ല അന്നത്തെ പ്രശ്നം. സമത്വത്തില്‍ അധിഷ്ഠിതമായ ഒരു തത്ത്വസംഹിതയ്ക്കുവേണ്ടി നമ്മള്‍ പ്രവര്‍ത്തിക്കുന്നു. ദിവസവും നാലും അഞ്ചും മീറ്റിങ്ങുകളില്‍ പ്രസംഗിക്കും. അന്നൊരിക്കല്‍ എം.എന്‍. ഗോവിന്ദന്‍നായര്‍ പറഞ്ഞു,“ബാലകൃഷ്ണന്‍നായരെപ്പോലൊരു പ്രാസംഗികനെ നമുക്കിനി കിട്ടുകയില്ല” എന്ന്. ഇലക്ഷന്‍ തോറ്റതിലല്ല കുറച്ചുകഴിഞ്ഞപ്പോള്‍ ബോദ്ധ്യമായ രണ്ടു കാര്യങ്ങളാണ് എന്നെ ഈ വഴിയില്‍നിന്നു മാറാന്‍ പ്രേരിപ്പിച്ചത്. അതില്‍ പ്രധാനം റഷ്യയും ചൈനയും തമ്മില്‍ ആധിപത്യത്തിനുവേണ്ടിയുണ്ടായ പരമശത്രുതയാണ്. പഴയ കഥതന്നെയാണല്ലോ ഇതെന്നു തോന്നി. ഭൌതികമായ ഉയര്‍ച്ച വരുമ്പോള്‍ ഈ മത്സരം തുടങ്ങും. രാഗദ്വേഷം, മദമാത്സര്യം ഇതൊക്കെ ഏതു ഗംഭീരനെയും പിടിച്ചുകുലുക്കും. പിന്നെ അധികാരത്തിനുവേണ്ടിയുള്ള വടംവലി. സുന്ദോപസുന്ദന്മാരുടെ കഥപോലെതന്നെ. തുല്യ ബലവാന്മാര്‍ ഭഗവാന്റെ മായാരൂപം കണ്ട് അതിനെച്ചൊല്ലി പരസ്പരം യുദ്ധം ചെയ്യുന്നു. ഇപ്പോഴും കഥ അതുതന്നെ.
കമ്മ്യൂണിസം വിടാന്‍ രണ്ടാമത്തെ കാരണം എന്തായിരുന്നു?
ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ പാര്‍ട്ടിതന്നെ രണ്ടായില്ലേ? ഒരുകൂട്ടര്‍ അങ്ങോട്ട് ഒരുകൂട്ടര്‍ ഇങ്ങോട്ട്. കാര്യങ്ങള്‍ വ്യക്തമായി മനസ്സിലായപ്പോള്‍ ഞാന്‍ വിട്ടുപോന്നു.
എന്നായിരുന്നു ഇത്?
62–ല്‍ത്തന്നെ. പാര്‍ട്ടിയുമായുള്ള ബന്ധം ഏതാണ്ട് രണ്ടുവര്‍ഷമേ ഉണ്ടായിരുന്നുള്ളൂ.
സാറിന് മാര്‍ക്സിസത്തോടു തോന്നിയ താത്പര്യം ഒരു ഭൌതിക തത്ത്വശാസ്ത്രംഎന്നതിനപ്പുറം ചിലതൊക്കെ അതിലുള്ളതുകൊണ്ടല്ലേ? വര്‍ഗ്ഗരഹിതസമൂഹം എന്നൊക്കെ പറയുമ്പോള്‍ ഒരു വേദാന്തിയുടെ മനസ്സിനെ ആകര്‍ഷിക്കാന്‍ പോന്ന എന്തോ അവിടെ ഇല്ലേ?
അക്കാലത്ത് മൂലധനം, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒക്കെ വായിച്ചിരുന്നു. അതുകൊണ്ടാണ് സമത്വം എന്ന ആശയത്തില്‍ താത്പര്യം തോന്നിയത്. പക്ഷേ, പിന്നീടു മനസ്സിലായി, അത് ശാസ്ത്രീയമായ സത്യമല്ല എന്ന്. മാര്‍ക്സ് വളരെ നല്ല ഒരു മനുഷ്യനായിരുന്നു. വളരെയധികം ദുഃഖങ്ങള്‍ സഹിച്ചയാള്‍. ലോകത്തെ വളരെയേറെ സ്നേഹിച്ച മനുഷ്യന്‍. അദ്ദേഹത്തിനു വലിയ വായനയുമുണ്ടായിരുന്നു. എപ്പോഴും ബ്രിട്ടീഷ് ലൈബ്രറിയില്‍ ആയിരുന്നുവത്രെ. ശുദ്ധഹൃദയം. അതാണ് ലോകം ഇപ്പോള്‍ നന്നാക്കിക്കളയാമെന്നു വിചാരിച്ചത്. മാര്‍ക്സിനെന്നല്ല സകല മഹാന്മാര്‍ക്കുമുള്ള ആഗ്രഹമാണ് ലോകം നന്നാക്കിക്കളയാമെന്നത്. ബുദ്ധനും അതിനാണല്ലോ ശ്രമിച്ചത്. പക്ഷേ, അഹിംസ ആര്‍ക്കു നടപ്പാക്കാനൊക്കും? വ്യാസന്‍ പറയുന്നു, ഓരോ നിമിഷവും ഓരോ ജീവിയും മറ്റൊരു ജീവിയെ ഭക്ഷിച്ചു ജീവിക്കുന്നു.
അഹസ്താനി സഹസ്താനാം
അപദാനി ചതുഷ്പദാം
ഫല്‍ഗൂനി തത്ര മഹതാം
ജീവോ ജീവസ്യ ജീവനം
കൈയുള്ളത് കൈയില്ലാത്തതിനെ ഭക്ഷിക്കുന്നു. നാലുകാലുള്ളത് കാലില്ലാത്തതിനെ ഭക്ഷിക്കുന്നു. ബലമുള്ളത് ബലമില്ലാത്തതിനെ ഭക്ഷിക്കുന്നു. ജീവന്‍ ജീവനെ ഭക്ഷിച്ചു ജീവിക്കുന്നു. എവിടെയാണ് ഈ അഹിംസ? ഗാന്ധിജി എത്ര ശ്രമിച്ചു അഹിംസ നടപ്പാക്കാന്‍? കോണ്‍ഗ്രസ്സുകാര്‍ ഇപ്പോള്‍ സര്‍വത്ര അഹിംസയാണോ കാണിക്കുന്നത്? ആരുടെയും കുറ്റമല്ല. സാധ്യമല്ലാത്ത ആചാരങ്ങള്‍ തത്ത്വത്തിലായാലും ബലാല്‍ അടിച്ചേല്പിച്ചു ലോകത്തെ നന്നാക്കാമെന്നു കരുതിയാല്‍ നടപ്പില്ല. അതുപോലെയാണ് ബാഹ്യമായ സാമ്പത്തികസമത്വം. നാരദന്‍ ധര്‍മ്മപുത്രരോട് മൂന്നുതരം സമത്വത്തെപ്പറ്റി പറയുന്നു. ഭാവാദ്വൈതം, ക്രിയാദ്വൈതം, ദ്രവ്യാദ്വൈതം. പക്ഷേ, ദ്രവ്യാദ്വൈതം സഹോദരങ്ങള്‍ തമ്മില്‍പ്പോലും നടപ്പാക്കാന്‍ സാധ്യമല്ല.
അപ്പോള്‍ എല്ലാ വിപ്ളവങ്ങളുടെയും ഗതി ഇതാണോ? റഷ്യന്‍ വിപ്ളവം, ഫ്രഞ്ച് വിപ്ളവം?
തീര്‍ച്ചയായും ഇതൊക്കെ ഭഗവാന്റെ കളിയാണ്. ഇല്ലാത്ത ലോകത്തെ നന്നാക്കാനുള്ള കളി. നടക്കട്ടെ. ഇതു മനസ്സിലാക്കിയ ഒരാള്‍ വിവേകാനന്ദസ്വാമിയായിരുന്നു. ഒരു പട്ടിയെങ്കിലും പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ ഞാന്‍ തിരിച്ചുവരുമെന്നു പറഞ്ഞയാള്‍ ഒടുക്കം പറഞ്ഞു: ഈ ലോകത്തെ ആര്‍ക്കും നന്നാക്കാന്‍ പറ്റില്ല. ഇതൊരു പട്ടിയുടെ വളഞ്ഞ വാല്‍പോലെയാണ്.
അപ്പോള്‍ ആദ്യകാലത്ത് വിവേകാനന്ദസ്വാമി പറഞ്ഞ കാര്യങ്ങളോ?ശക്തിയുള്ള ശരീരത്തെപ്പറ്റി, കര്‍മ്മത്തിന്റെ ധാര്‍മ്മികതയെപ്പറ്റി. തമസ്സില്‍പ്പെട്ടുകിടന്ന ഒരു ജനതയെ രജസ്സിലേക്കുണര്‍ത്താന്‍വേണ്ടിയായിരുന്നു അതെന്നു പറയാമോ??
ഒരു ഭൌതികതലത്തില്‍ നമുക്ക് അങ്ങനെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം . ഇടത്തുനിന്നു വലത്തോട്ടു വയ്ക്കാം. വലത്തുനിന്ന് ഇടത്തോട്ടും വയ്ക്കാം. ഈ നാടകം ഇങ്ങനെ തുടരണമെങ്കില്‍ ഇടയ്ക്കിടയ്ക്ക് ചില സംഘട്ടനങ്ങള്‍ വേണം. ശാമുമേനോന്‍ വാസിഷ്ഠത്തില്‍ പറഞ്ഞതുപോലെ അജ്ഞന്റെ കാരുണ്യത്താല്‍ സംസാരം നടക്കുന്നു. ഗുരുദേവനും പറഞ്ഞിട്ടില്ലേ? “അഹോ നാടകം നിഖിലവും ”
ഈ തരത്തിലുള്ള തത്ത്വങ്ങള്‍ നിറഞ്ഞുള്ളതാണല്ലോ നമ്മുടെ സാഹിത്യം? പക്ഷേ, നമ്മുടെ ആധുനിക സാഹിത്യം വേണ്ടതുപോലെ ഭാരതീയ തത്ത്വചിന്ത ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് സാറിനു തോന്നുന്നുണ്ടോ?
വായിക്കുകയും പഠിക്കുകയും ചെയ്തുവെന്നുവച്ച് സത്യം മനസ്സില്‍ തെളിയണമെന്നില്ല. മായാമോഹം മറികടക്കാന്‍ എളുപ്പമുള്ളതല്ല.
സാറിന് സാഹിത്യവുമായി നേരിട്ടുള്ള ബന്ധം – എഴുത്തുകാരന്‍ എന്ന നിലയില്‍, ഒന്നു പറയാമോ?
യൂണിവേഴ്സിറ്റി കോളേജില്‍ കയറിയ കാലത്ത് ‘സാഹിത്യപദ്ധതികള്‍’ എന്ന ഒരു നിരൂപണഗ്രന്ഥം രചിച്ചു. രസപദ്ധതി, ധ്വനിപദ്ധതി, ഔചിത്യപദ്ധതി ഇവയെല്ലാം വിശദീകരിക്കുന്ന ഒരു പുസ്തകമായിരുന്നു അത്.
എന്തായിരുന്നു ആ പുസ്തകം വന്നപ്പോഴുള്ള പ്രതികരണം?
ഒരു വായനശാലയായിരുന്നു അത് പ്രസിദ്ധീകരിച്ചത്. കുറേപ്പേര്‍ക്ക് അത് അയച്ചുകൊടുത്തിരുന്നു. പിന്നെ അതിന് എന്തുപറ്റിയെന്നു ഞാന്‍ അന്വേഷിച്ചില്ല. പിന്നീടൊരിക്കല്‍ ‘മാതൃക’ എന്ന നാടകമെഴുതി. അത് സ്റ്റേജില്‍ അവതരിപ്പിക്കുകയും ചെയ്തു. ഗാന്ധിജിയുടെ അക്രമരാഹിത്യസങ്കല്പം വിജയിക്കുന്നതിനെപ്പറ്റിയായിരുന്നു ആ നാടകം. പിന്നെ ഇതിലൊക്കെയുള്ള താത്പര്യം എനിക്കില്ലാതെയായി.
രവികുമാറിനെപ്പോലെയുള്ള സാറിന്റെ പഴയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞുകേട്ടിട്ടുണ്ട്. സാര്‍ യൂണിവേഴ്സിറ്റി കോളേജില്‍ പഠിപ്പിച്ചിരുന്ന കാലം വലിയ എഴുത്തുകാരുടെയും നിരൂപകന്മാരുടെയും പണ്ഡിതന്മാരുടെയുമൊക്കെ കാലഘട്ടമായിരുന്നുവെന്ന്. മലയാളം ഡിപ്പാര്‍ട്ട്മെന്റിന്റെ സുവര്‍ണ്ണകാലമല്ലേ?
തീര്‍ച്ചയായും. എന്‍. കൃഷ്ണപിള്ളസാര്‍, കെ. എം. ഡാനിയല്‍, എം. കൃഷ്ണന്‍നായര്‍, ഒ. എന്‍ .വി. കുറുപ്പ്, പന്മന രാമചന്ദ്രന്‍നായര്‍, തിരുനെല്ലൂര്‍ കരുണാകരന്‍ അങ്ങനെ പല പ്രസിദ്ധരും അക്കാലത്ത് അവിടെ ഉണ്ടായിരുന്നു.
പക്ഷേ, ആ കൂട്ടത്തില്‍നിന്ന് സത്യാന്വേഷണത്തിലേക്കു തിരിഞ്ഞത് സാര്‍ മാത്രമായിരുന്നല്ലോ?
ഒക്കെ വാസനയാണ്. അത് ഈ ജഗത്തിന്റെ സ്വഭാവമാണ്.
ഒരു രസാനുഭൂതിയായ സാഹിത്യംതന്നെ ഒരു കുരുക്കായി മാറുമോ?
പരമമായ സത്യംകൂടി കൂട്ടിച്ചേര്‍ത്തില്ലെങ്കില്‍ ഗംഭീരകുരുക്കായി മാറും. പരമസത്യത്തെ വിട്ടിട്ട് എന്തിനെ സ്വാംശീകരിക്കാന്‍ ശ്രമിച്ചാലും അത് കുരുക്കാകും.
മലയാളസാഹിത്യവും സംസ്കൃതസാഹിത്യവുമായി സാറിന് ദീര്‍ഘകാലബന്ധമുണ്ടല്ലോ? ഇതില്‍ രണ്ടിലും നിലനില്‍ക്കാന്‍ പോകുന്ന എഴുത്തുകാര്‍ ആരൊക്കെയാണെന്നു തോന്നുന്നു? ഏതൊക്കെ കൃതികളാണ് നിലനില്‍ക്കാന്‍ സാധ്യതയുള്ളത്? മലയാളസാഹിത്യത്തിലായാലും സംസ്കൃതസാഹിത്യത്തിലായാലും ഗംഭീരമായ കൃതികളുണ്ട്. സംസ്കൃതത്തില്‍ ‘മാഘ’വും കാളിദാസകൃതികളുമൊക്കെ അതിഗംഭീരമാണ്. പക്ഷേ, വളരെക്കുറച്ചുപേര്‍ മാത്രമേ അതൊക്കെ വായിക്കുന്നുള്ളൂ. നേരേമറിച്ച് ഭാഗവതത്തിന്റെ ഭാഷ അറിയാന്‍ വയ്യെങ്കിലും എത്രമാത്രം പ്രചാരമാണ് അതിന്. അതു വായിക്കുന്നിടത്ത് ആയിരക്കണിന് ആളുകള്‍ ഭാഷ അറിയുന്നില്ലെങ്കിലും ചെല്ലുന്നുണ്ടല്ലോ? കാളിദാസന്റെ ശാകുന്തളം കേള്‍ക്കാന്‍ എത്രപേര്‍ വരുന്നു? ഷേക്സ്പിയറിന്റെ നാടകങ്ങളായാലും അതുപോലെയല്ലേ? ‘മാഘം’, ‘ശിശുപാലവധം’ ഇവയൊക്കെ വിദ്വദൌഷധം എന്നൊക്കെ പറയുമെങ്കിലും ആരും വായിക്കാറില്ല. വായിച്ചാല്‍ത്തന്നെ ഒന്നോ രണ്ടോ ശ്ലോകം. നേരെമറിച്ച് ഭാഗവതമോ? എന്തുകൊണ്ടാണിത്? സര്‍വ്വത്ര സത്യം നിറഞ്ഞുനില്‍ക്കുന്ന ഒരു പുസ്തകം എഴുതൂ എന്നാണ് വ്യാസനോടു നാരദന്‍ നിര്‍ദ്ദേശിച്ചത്. അപ്പോള്‍ സത്യത്തിനു നിലനില്പുണ്ട്. ഭാഷയൊന്നും തടസ്സമല്ല.
മലയാളസാഹിത്യത്തിലോ?
മലയാളത്തില്‍ കുമാരനാശാന്റെ കവിതയാണ് കുറെയെങ്കിലും നിലനിന്നുപോരുന്നത്. അതിനു കാരണം അതില്‍ തത്ത്വചിന്തയുള്ളതാണ്. വള്ളത്തോളും ഉള്ളൂരുമൊക്കെ അതുപോലെ ആരും വായിക്കാറില്ല. പിന്നെ ഈ നോവലും കഥയുമൊക്കെ ഒരിക്കല്‍ വായിച്ചു രസിച്ചുകഴിഞ്ഞാല്‍ അത് വച്ചുകൊണ്ടിരുന്നിട്ട് എന്തുചെയ്യാന്‍? സി.വി.യുടെ മാര്‍ത്താണ്ഡവര്‍മ്മ രസകരമായ ആഖ്യായികയാണ്. പക്ഷേ, എത്രതവണ വായിക്കാന്‍ കഴിയും? രാമായണംപോലെ എന്നും അതു വായിക്കുന്നുവെന്ന് ആരെങ്കിലും പറയുമോ?
അപ്പോള്‍ അവനവന്റെ അഹത്തിലുള്ള തൃപ്തി എന്നതിനപ്പുറം ഒരു വില സാഹിത്യത്തിനു കല്പിക്കേണ്ടതില്ല എന്നാണോ സാര്‍ പറയുന്നത്?
കവിത എഴുതുന്നവരൊക്കെ ഇത്തരം ചോദ്യം ചോദിച്ചാല്‍ എതിരായിട്ട് ഞാന്‍ എന്തെങ്കിലും ഉത്തരം പറഞ്ഞാല്‍ അത് അപകടമാകും.
ഇല്ല. സാര്‍ തുറന്നുപറയണം. ഒരു സ്ത്രീയുടെ കാഴ്ചപ്പാടില്‍നിന്ന് ഒരു നല്ല കൂട്ടാന്‍വച്ചുവിളമ്പുന്നതുപോലെയല്ലേയുള്ളൂ ഒരു നല്ല കവിത എഴുതുന്നത്?
അത്രയേ ഉള്ളൂ. അതു വച്ചു, വിളമ്പി, കഴിച്ചു, എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അതിലൊരു തൃപ്തി. കഴിഞ്ഞു. നിലനില്‍ക്കുന്ന ചിലതൊക്കെ കൂടെയുണ്ടെങ്കിലേ ആ തൃപ്തി അതിനപ്പുറം പോകൂ.
അപ്പുറം പോവുക എന്നുവച്ചാല്‍?
‘നളിനി’യില്‍ ഒരു ശ്ലോകമുണ്ട്.
സ്നേഹമാണഖിലസാരമൂഴിയില്‍
സ്നേഹസാരമിഹ സത്യമേകമാം
മോഹനം ഭുവന സംഗമിങ്ങതില്‍
സ്നേഹമൂലമമലേ വെടിഞ്ഞു ഞാന്‍
ആശാന്റെ കൃതികളില്‍ ഇത്തരം തത്ത്വരത്നങ്ങള്‍ കാണാം. ഇത് ബൃഹദാരണ്യക ഉപനിഷത്തില്‍ യാജ്ഞവല്ക്യന്‍ മൈത്രേയിക്ക് ഉപദേശിക്കുന്നതാണ്. സ്നേഹത്തിന്റെ സാരം ഈ സത്യമാണ്. ആത്മാവാണിത്. ആത്മാവില്ലെങ്കില്‍ വെറും ജഡത്തെ ആരാണ് സ്നേഹിക്കുക? ആ സത്യത്തോടുള്ള സ്നേഹംകൊണ്ട് ഞാനീ ഭുവനസംഗം വെടിഞ്ഞുവെന്നാണ് ദിവാകരന്‍ പറയുന്നത്. പക്ഷേ, ഇത് പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കു കാര്യം മനസ്സിലാവാറില്ല. അതുകൊണ്ട് മറ്റെന്തൊക്കെയോ ആണ് അവര്‍ വ്യാഖ്യാനിക്കുന്നത്
ആശാന്റെ തത്ത്വചിന്തയ്ക്കു സ്വാധീനമായത് ശ്രീനാരായണഗുരുവുമായുളള ബന്ധമായിരുന്നുവല്ലോ അല്ലേ? പക്ഷേ, അത് ആശാനെ സത്യാന്വേഷണത്തിലേക്കു നയിച്ചോ?
സത്യം സ്വാംശീകരിക്കാനും അനുഭവിക്കാനും ആശാന് സാധിച്ചതായി തോന്നിയിട്ടില്ല. പക്ഷേ, ഗുരുദേവന്റെ സമ്പര്‍ക്കം നിമിത്തം വേദാന്തത്തിന്റെ പ്രാഥമികതത്ത്വം ഉറപ്പുവന്ന ഒരാളിനു മാത്രമേ
ആകാശങ്ങളെയണ്ഡരാശികളൊടും
ഭക്ഷിക്കുമാകാശമാ–
യീ കാണുന്ന സഹസ്രരശ്മിയെയിരു–
ട്ടാക്കും പ്രഭാസാരമായ്,
ശോകാശങ്കയെഴാത്ത ശുദ്ധസുഖവും
ദുഃഖദകരിക്കുന്നതാ–
മേകാന്താദ്വയ ശാന്തിഭൂവിനു നമസ്–
കാരം, നമസ്കാരമേ!
എന്ന ശ്ലോകം എഴുതാന്‍ പറ്റൂ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആശാന്റെ ശ്ലോകം അതാണ്.
സാറില്‍ ഗുരുദേവന്റെ സ്വാധീനം ഒന്നു വിശദീകരിക്കാമോ?
പാല്‍ക്കുളങ്ങരവച്ച് ഒരു ക്ളാസുകഴിഞ്ഞ് ഇറങ്ങിവരുമ്പോള്‍ ഒരാള്‍ ഒരു പുസ്തകം എന്റെ കൈയില്‍ കൊണ്ടുതന്നു. സാര്‍ കണ്ടിട്ടുണ്ടോ ഈ പുസ്തകമെന്നു ചോദിച്ചു. ശിവഗിരിയില്‍ പ്രസിദ്ധീകരിച്ച ഗുരുദേവകൃതികളുടെ ഒരു ചെറിയ പുസ്തകം. ഗുരുദേവന്‍ കൃതികള്‍ എഴുതിയിട്ടുണ്ടെന്നുതന്നെ അന്നെനിക്ക് അറിയില്ലായിരുന്നു. ‘ദര്‍ശനമാല’യാണ് അന്നങ്ങനെ ആദ്യം വായിച്ചത്. വായിച്ചപ്പോള്‍ അദ്ഭുതകരമായ വേദാന്തകൃതി. ഇത്ര സ്ഫുടമായി സത്യം പ്രതിപാദിക്കുന്ന മറ്റു കൃതികള്‍ ഞാന്‍ മലയാളത്തില്‍ കണ്ടിട്ടില്ല – എഴുത്തച്ഛന്റേതൊഴിച്ച്. ഞാന്‍ അതാവര്‍ത്തിച്ചാവര്‍ത്തിച്ചു വായിച്ചു. എനിക്കന്ന് വേദാന്തത്തിലുണ്ടായിരുന്ന അല്പം ചില സംശയങ്ങള്‍പോലും അതോടെ പൂര്‍ണ്ണമായി മാറി. പിന്നെ ഇതിന് ചില വ്യാഖ്യാനങ്ങളും ഞാന്‍ എഴുതി.
ഏതു കാലത്തായിരുന്നു ഇത്?
ഞാന്‍ പാലക്കാട്ട് ജോലിചെയ്യുന്ന കാലത്ത്. അവധിക്കു വരുന്ന സമയത്താണ് ഇതൊക്കെ. ‘ദര്‍ശനമാലാ ദര്‍ശനം’ എന്ന പേരില്‍ കുറെ വ്യാഖ്യാനങ്ങളും ‘മാതൃഭൂമി’യില്‍ പ്രസിദ്ധീകരിച്ചു. അതു വായിച്ച നിത്യചൈതന്യയതി വളരെ പ്രശംസിച്ച് എനിക്ക് എഴുത്തെഴുതി. എന്തായാലും ഗുരുദേവകൃതികളെല്ലാം വായിച്ചു, പഠിച്ചു. എനിക്കുതന്നെ തത്ത്വം ഉറച്ചുകിട്ടാനായി വ്യാഖ്യാനങ്ങളും എഴുതി. കേരളത്തില്‍ ഗുരുദേവന്‍ സ്ഥാപിച്ചിട്ടുള്ള ക്ഷേത്രങ്ങളിലെല്ലാം പോയി കുറെദിവസം താമസിച്ച് പ്രഭാഷണം നടത്തി. തലശ്ശേരി ജഗന്നാഥക്ഷേത്രം, കണ്ണൂര്‍ സുന്ദരേശ്വരക്ഷേത്രം, പാലക്കാട്ട് വിശ്വേശ്വരക്ഷേത്രം, കോഴിക്കോട്ട് ശ്രീകണ്ഠേശ്വരക്ഷേത്രം അങ്ങനെ പലയിടത്തും. ബ്രഹ്മവിദ്യാപഞ്ചകം വ്യാഖ്യാനം സുകുമാര്‍ അഴീക്കോടിന്റെ ഔദാര്യത്തിലാണ് കണ്ണൂരില്‍നിന്ന് ഗുരുദേവന്റെ പേരിലുള്ള ഒരു സംഘടന പ്രസിദ്ധീകരിച്ചത്. ‘ആത്മോപദേശശതകം വ്യാഖ്യാനം’ പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുത്തത് ഭാസ്കരനായിരുന്നു – അന്ന് കൊല്ലത്ത് റെയില്‍വേ ഉദ്യോഗസ്ഥന്‍ – ചിന്മയാ മിഷനില്‍വച്ചാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. പിന്നെ കുറേ എണ്ണം അന്ന് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന വാമദേവന്റെ താത്പര്യത്തില്‍.
ഈ പ്രസിദ്ധീകരണങ്ങള്‍ ഗുരുദേവകൃതികളുടെ പ്രചാരത്തിനു സഹായിച്ചില്ലേ?
തീര്‍ച്ചയായും. ഒരിക്കല്‍ പാലക്കാട് വിശ്വേശ്വരക്ഷേത്രത്തില്‍ ഒരു ചതയദിനത്തിനു പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ അന്നത്തെ രാഷ്ട്രീയത്തിലും സമൂഹത്തിലുമൊക്കെ വളരെ സ്വാധീനശക്തിയുള്ള ഒരാളെ പരിചയപ്പെട്ടു. അദ്ദേഹം എന്നോടു ചോദിച്ചു: “ഗുരുദേവന്‍ കൃതികള്‍ എഴുതിയിട്ടുണ്ടോ?” ഗുരുദേവന്റെ ഗംഭീരന്‍കൃതികളുടെ പ്രചാരം കേരളത്തില്‍ ഉടനീളം വ്യാപിക്കാന്‍ ഇതുമൊരു കാരണമായി.
ഇതൊക്കെ ശിവഗിരിയുമായി ബന്ധപ്പെടുന്നതിനുമുമ്പാണല്ലേ?
അതേ. ബ്രഹ്മവിദ്യാലയത്തിന്റെ മുഖ്യാചാര്യനായി ചെല്ലണമെന്ന് ശാശ്വതികാനന്ദസ്വാമികള്‍ വന്ന് ആവശ്യപ്പെട്ടിരുന്നു. 1978–ല്‍ പെന്‍ഷനായ ശേഷമാണ് ഞാനവിടെ ക്ളാസെടുക്കാന്‍ തുടങ്ങിയത്. മുഖ്യാചാര്യനായി 80–ല്‍ ചാര്‍ജുമെടുത്തു. 1980 മുതല്‍ 90 വരെ പത്തുകൊല്ലം ഞാനവിടെ ഉണ്ടായിരുന്നു. ഒരു കൊല്ലം ഒരു വാല്യം എന്ന നിലയില്‍ പത്തുവാല്യങ്ങളായിട്ട് പത്തു കൃതികള്‍ പ്രസിദ്ധീകരിച്ചു. ഇതിനുവേണ്ട സാമ്പത്തികസഹായമെല്ലാം സന്തോഷത്തോടെ ചെയ്തത് ശാശ്വതികാനന്ദസ്വാമികളായിരുന്നു. (ഡോ. പി.കെ. ഗോപാലകൃഷ്ണന്‍, ആര്‍. ഹേലി തുടങ്ങിയവര്‍ മുന്‍കൈയെടുത്ത് ഗുരുദേവകൃതികളുടെ വ്യാഖ്യാനം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തെക്കൊണ്ട് അതു പറഞ്ഞുചെയ്യിച്ചത് തൃപ്രയാറുള്ള യോഗിനിയമ്മ ആയിരുന്നു– കൊല്ലത്തുള്ള അമ്മയെപ്പോലെ.)
എന്താണ് ഗുരുദേവകൃതികളുടെ ഏറ്റവും വലിയ പ്രത്യേകതയായി അങ്ങ് കാണുന്നത്?
ആധുനികശാസ്ത്രചിന്തകളെപ്പോലും മറികടക്കത്തക്ക രീതിയില്‍ യുക്തിയുക്തമായിട്ടാണ് ഗുരുദേവന്‍ സത്യത്തെ അപഗ്രഥിക്കുന്നത്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ‘ആത്മോപദേശശതകം’. വേദാന്തവിഷയങ്ങളെ ദര്‍ശനമാലപോലെ വിഭജിച്ചു സംഗ്രഹിച്ച ഒരു കൃതി സംസ്കൃത വേദാന്തസാഹിത്യത്തില്‍ വേറെ കാണാനില്ല. ബ്രഹ്മവിദ്യാപഞ്ചകമാണെന്നുണ്ടെങ്കില്‍ അഞ്ചു ശ്ലോകത്തില്‍ വേദാന്തം മനോഹരമായി സംഗ്രഹിച്ചു പറഞ്ഞിരിക്കുന്നു. ആദിശങ്കരന്റെ ഭാഷയ്ക്കു കിടനില്‍ക്കുന്ന ഭാഷയില്‍.
സാറിന്റെ ഈ പ്രവൃത്തികളുടെയൊക്കെ ഉദ്ദേശ്യം അല്ലെങ്കില്‍ ലക്ഷ്യം എന്തായിരുന്നു?
ഈ സത്യം ഉള്ളില്‍ ഉറപ്പിക്കുക എന്നതു മാത്രം. പിന്നെ അതിനോടൊപ്പം ആ അനുഭവമാധുര്യം ആസ്വദിക്കുകയും. ആദ്ധ്യാത്മികജീവിതത്തില്‍ എന്റെ ലക്ഷ്യം ഉറപ്പിക്കാന്‍ മറ്റെന്തിനെക്കാളും ഗുരുദേവകൃതികള്‍ എനിക്കുപകരിച്ചു. ആ കൃതികള്‍ക്ക് വ്യാഖ്യാനമെഴുതിയത് തികച്ചും ഗുരുദേവന്റെ ഇച്ഛയായിരുന്നുവെന്ന് എനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
ഗുരുദേവന്റെ ഇച്ഛ എന്നു പറഞ്ഞതിന്റെ കാരണമെന്താണ്?
വ്യാഖ്യനിക്കാന്‍ എളുപ്പമുള്ളതല്ല ഗുരുദേവന്റെ കൃതികള്‍. പലരും അതിനു ശ്രമിച്ച് തൊഴുതു മാറ്റിവച്ചതാണത്രെ. ചേപ്പാട്ട് അച്യുതവാര്യരെപ്പറ്റി അങ്ങനെ കേട്ടിട്ടുണ്ട്. പിന്നെ മറ്റൊരു വലിയ പണ്ഡിതനായിരുന്നു എന്‍. ഗോപാലപിള്ള. അപ്പോള്‍ ഗുരുദേവന്റെ അതിരറ്റ അനുഗ്രഹംകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ കൃതികള്‍ വായിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതും അതിന് അനായാസേന വ്യാഖ്യനം എഴുതാന്‍ കഴിഞ്ഞതും. ഇതുവരെ ആരും ആ വ്യാഖ്യനങ്ങളെ ചോദ്യംചെയ്തിട്ടില്ല. അതുകൊണ്ടാണ് ഇതെല്ലാം തികഞ്ഞ ഗുരുദേവനിശ്ചയമാണെന്നു ഞാന്‍ കരുതുന്നത്.
ഈ വ്യാഖ്യനങ്ങളുടെ പുതിയ പതിപ്പുകളും ഇറങ്ങുന്നുണ്ടല്ലോ? ജനങ്ങള്‍ സന്തോഷത്തോടെ തത്ത്വചിന്തസ്വീകരിക്കുന്നതിനു തെളിവാണല്ലോ ഇത്?
തീര്‍ച്ചയായും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആ പത്തുവാല്യവും പുനഃപ്രസിദ്ധീകരിച്ചു.
ധാരാളം ഭാഷ്യങ്ങള്‍ രചിച്ച അങ്ങേയ്ക്ക് എപ്പോഴെങ്കിലും സ്വന്തമായ ഒരു വേദാന്തകൃതി രചിക്കണമെന്നു തോന്നിയിട്ടുണ്ടോ?
ഇല്ല. വേദാന്തത്തിന് ഞാനെന്ന വ്യക്തിയുടെ അനുഭവങ്ങള്‍ക്കു പ്രത്യേക പ്രസക്തിയൊന്നുമില്ല. വേദാന്തത്തിന് വിപുലമായ ഒരു സാഹിത്യമുണ്ട്. അനുഭവിച്ചറിഞ്ഞവരുടെ സാഹിത്യം. ശ്രീകൃഷ്ണന്‍ തൊട്ട് ശ്രീശങ്കരന്‍, ഗുരുദേവന്‍ തുടങ്ങിയവരൊക്കെ പറഞ്ഞ വാക്കുകള്‍ ആശ്രയിച്ചു മുന്നോട്ടുപോവുക എന്നല്ലാതെ സ്വന്തമായ അനുഭവം എഴുതേണ്ട ആവശ്യമുള്ളതായി തോന്നിയിട്ടില്ല.
ധാരാളം സത്യാന്വേഷികള്‍ സാറിന്റെ കൃതികള്‍ വായിക്കുന്നുണ്ട്, പ്രഭാഷണങ്ങള്‍ കേള്‍ക്കാനെത്തുന്നുണ്ട്. ഇവരില്‍ സത്യം തെളിഞ്ഞുകിട്ടിയവര്‍, അനുഭവം വന്നവര്‍ കുറെപ്പേരുണ്ടോ?
തീര്‍ച്ചയായും ചിലര്‍ക്കു കാര്യം പിടികിട്ടിയിട്ടുണ്ട്. പലരും വ്യക്തമായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തികളുടെ പേരെടുത്തു പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. വാസിഷ്ഠസുധ വായിച്ചുതന്നെ വലിയ ആശ്വാസം ലഭിച്ചുവെന്ന് പലരും വന്നുപറയാറുണ്ട് – ചില സന്ന്യാസിമാര്‍പോലും.
മറ്റൊരു കാര്യം ചോദിക്കട്ടെ. മൂന്നുതരം സമൂഹങ്ങളുമായി സാര്‍ ഇടപഴകിയിട്ടുണ്ടെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഒന്ന് അദ്ധ്യാപകസമൂഹം, രണ്ട് സാഹിത്യസമൂഹം, മൂന്ന് സന്ന്യാസിസമൂഹം. ഇതില്‍ ഏതിലാണ് കൂടുതല്‍ പ്രശ്നം?
മൂന്നിലും നല്ലവണ്ണം പ്രശ്നമുണ്ട്. എങ്കിലും സന്ന്യാസിസമൂഹത്തിലാണ് സര്‍വത്ര പ്രശ്നം.
എന്താണതിനു കാരണം?
അതിലേക്കു കടക്കാതിരിക്കുകയാണ് നല്ലത്. വാസനകള്‍ ക്ഷയിക്കാതെ സ്ഥാപനങ്ങളുടെ ഭാഗമായി മാറുമ്പോള്‍ പ്രശ്നാന്വേഷണമല്ലാതെ സത്യാന്വേഷണം നടക്കുമോ?
തമ്മില്‍ ഭേദം അദ്ധ്യാപകസമൂഹമാണോ? അതോ കാര്യങ്ങള്‍ പത്രത്തില്‍ വരാത്തതുകൊണ്ട് പ്രശ്നം നാട്ടുകാര്‍ അറിയാത്തതാണോ?
വലിയ സാധ്യതകളില്ലാത്തതുകൊണ്ട് – വലിയ അധികാരത്തിനോ ഏറെ സമ്പത്തുണ്ടാക്കാനോ സാധ്യതകള്‍ ഇല്ലാത്തതുകൊണ്ട് അദ്ധ്യാപകസമൂഹത്തിലെ പ്രശ്നങ്ങള്‍ക്കു പരിധിയുണ്ട്. പിന്നെ വ്യക്തികള്‍ തമ്മിലുള്ള സ്പര്‍ദ്ധയും മറ്റും കുറെയൊക്കെ കാണും. അതൊക്കെ മനുഷ്യന്റെ ജന്മവാസനയാണ്. സത്യദര്‍ശനംകൊണ്ടല്ലാതെ അതൊന്നും മാറിക്കിട്ടുകയില്ല. ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അതൊക്കെ ജഗത്തിന്റെ സ്വഭാവമാണ്.
സാഹിത്യലോകത്തെപ്പറ്റി സാറിന് ഇതേ അഭിപ്രായംതന്നെയാണോ?
അവിടെ അസംതൃപ്തികളും ഉത്കണ്ഠകളും കൂടുതലാണ്. സമൂഹത്തിനല്ല പ്രശ്നമുണ്ടാക്കുന്നത്, അവനവനുതന്നെയാണ്. മിക്കവര്‍ക്കും അന്തിമമായി ജീവിതത്തില്‍ തൃപ്തി കിട്ടുന്നില്ല, ശാന്തി കിട്ടുന്നില്ല. പലര്‍ക്കും മനസ്സില്‍നിന്നു സ്പര്‍ദ്ധയെ അകറ്റാനും സാധിക്കുന്നില്ല. ഇതൊന്നും ആരുടെയും കുറ്റമല്ല. സത്യം പിടികിട്ടാത്തിടത്തോളം അത് അങ്ങനെതന്നെയായിരിക്കും. അവിദ്യയെക്കാളും വലിയ തമസ്സിലേക്കാണ് വിദ്യ നയിക്കുന്നതെന്ന് നാം നേരത്തേ കണ്ടുവല്ലോ. സാഹിത്യകാരന്മാര്‍ക്കും അദ്ധ്യാപകര്‍ക്കും സന്ന്യാസിമാര്‍ക്കുമൊക്കെ ഇത് ബാധകമാണ്.
അരവിന്ദന്റെ മരണത്തെപ്പറ്റി പറഞ്ഞത് ഓര്‍ത്തു ചോദിക്കുകയാണ്. ഒരാളുടെ ജീവിതംജയമാണോ പരാജയമാണോയെന്ന് മരണത്തിന്റെ രീതിവച്ച് അളക്കാന്‍ പറ്റുമോ?
മരണത്തിന്റെ രീതിവച്ചേ അളക്കാന്‍ പറ്റൂ. എന്നുവച്ചാല്‍ മരണത്തെ നേരിടുന്ന രീതി. ശാന്തമായി മരണത്തെ നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ – അതെങ്ങനെ വന്നുചേര്‍ന്നാലും – പിന്നെ നിങ്ങള്‍ എന്തു നേടിയിട്ട് എന്തു വിശേഷം? അരവിന്ദന്‍ വെറും ഏഴരവയസ്സുള്ള കുട്ടി. ഒരു പരീക്ഷപോലും പാസാവാന്‍ കാലമായിട്ടില്ലാത്ത കുട്ടി. വലിയ ഗംഭീരന്മാരെക്കാളൊക്കെ എത്ര ശാന്തമായി മരണത്തെ സ്വീകരിച്ചു.
സത്യാന്വേഷണത്തിന്റെ മാര്‍ഗ്ഗം ഉറപ്പിക്കാനുള്ള സാറിന്റെ ഇത്തരം കര്‍മ്മങ്ങളെ ബ്രഹ്മയജ്ഞം എന്നു വിളിക്കാമോ?
‘ഗീത’യില്‍ ഭഗവാന്‍ പറയുന്നുണ്ട്, അനന്യചിന്തയോടെ എന്നെ ആര് അന്വേഷിക്കുന്നുവോ അവനെ ഞാന്‍ ശക്തമായി സഹായിക്കുമെന്ന്. ഓര്‍ത്തുനോക്കൂ. മുപ്പതുവയസ്സിനുള്ളില്‍ ശ്രീശങ്കരന്‍ ചെയ്തുതീര്‍ത്ത കാര്യങ്ങള്‍, മുപ്പത്തെട്ടു വയസ്സിനുള്ളില്‍ വിവേകാനന്ദസ്വാമികള്‍ ചെയ്ത കാര്യങ്ങള്‍. പത്തു ജന്മംകൊണ്ടു ചെയ്യാന്‍ കഴിയാത്തതല്ലേ ചുരുങ്ങിയ കാലയളവില്‍ ഇവരൊക്കെ ചെയ്തുതീര്‍ത്തത്. അതുപോലെ സ്വാമി രാമതീര്‍ത്ഥന്‍. അപ്പോള്‍ ഇതൊക്കെ ഈശ്വരേച്ഛയാണ്. സത്യാന്വേഷണത്തിലേക്കു തിരിഞ്ഞശേഷം എന്നെ നയിച്ചത് പേരെടുക്കണമെന്നും പണവും പ്രശസ്തിയും നേടണമെന്നുമുള്ള ചിന്തകളല്ല. എനിക്ക് ഈ തത്ത്വം അറിയണം. എനിക്കതിന്റെ ആനന്ദം അനുഭവിക്കണമെന്ന ചിന്തയാണ് എന്നെ നയിച്ചത്. ഈ എണ്‍പത്തിമൂന്നു വയസ്സിനിടയില്‍ കുറെയേറെ പ്രഭാഷണം നടത്തി. കുറെയേറെ എഴുതി പ്രസിദ്ധീകരിച്ചു ഇതൊക്കെ അനായാസമായാണ് സാധിച്ചത്. എങ്ങനെ സാധിച്ചു എന്നു ചോദിച്ചാല്‍ അറിയില്ല. പരമസത്യം അനുഭവിക്കണമെന്ന് ഗാഢമായി ആഗ്രഹമുള്ളതുകൊണ്ട് ജഗദീശ്വരന്‍തന്നെ ഇതൊക്കെ സാധിച്ചുതന്നുവെന്നു വേണം കരുതാന്‍.
ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന മറ്റു പലരും ഇത് സമൂഹത്തിനുവേണ്ടിയാണെന്നു പറയാറുണ്ട്. സാര്‍ മാത്രം വളരെ നിഷ്ഠുരമായ രീതിയില്‍ ഒരു സത്യം പറയുന്നു. ഇതൊക്കെ അവനവനുവേണ്ടിയാണെന്ന്. അപ്പോള്‍ സാറിന്റെ സത്യാന്വേഷണം സത്യാസ്വാദനംതന്നെയാണ് അല്ലേ?
തീര്‍ച്ചയായും. സത്യമനുഭവിച്ചറിയാനുള്ള തീക്ഷ്ണമായആഗ്രഹമാണ് എന്നെ ആദ്ധ്യാത്മികതയിലേക്കുനയിച്ചത്. എനിക്കു കിട്ടേണ്ടതു കിട്ടി.
എങ്ങനെയാണത് വാക്കുകളിലേക്കു രൂപാന്തരം ചെയ്യുക?
വിവേകാനന്ദസ്വാമി പറഞ്ഞതുതന്നെ. പൂര്‍ണ്ണമായ ബ്രഹ്മാനുഭവത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഇതെനിക്കു സംശയമില്ലാതെ പറയാം. ഇത് ആരെയും വിശ്വസിപ്പിക്കാന്‍ വേണ്ടിയല്ല. സ്വാമി ശിഷ്യനോടു പറഞ്ഞത് ഇതാണ്. “കുഞ്ഞേ ഞാനില്ല, നീയില്ല, ഈ ജഗത്തില്ല. ഇവിടെ ഒരു സത്യം മാത്രമാണുള്ളത്. ബോധരൂപമായ സത്യം. ഞാനതു പൂര്‍ണ്ണമായും അനുഭവിക്കുന്നു. നീയും അതു വ്യക്തമായി അനുഭവിക്കൂ. എന്നിട്ട് എല്ലാവരോടും പറഞ്ഞുനടക്കൂ. കേള്‍ക്കുന്നവര്‍ കേള്‍ക്കട്ടെ. അല്ലാത്തവര്‍ കേള്‍ക്കണ്ട.” ഞാന്‍ പൂര്‍ണ്ണമായും ഈ അനുഭവാവസ്ഥയില്‍ എത്തിനില്‍ക്കുകയാണ്. അതു പറയുന്നത്, അഹന്തയല്ല. പരമമായ സത്യമാണ്. എല്ലാം ബ്രഹ്മമായി കാണാന്‍ ഒരു പ്രയാസവുമില്ല. അത് എങ്ങനെയെന്നു ചോദിച്ചാല്‍ കാണുമ്പോഴേ മനസ്സിലാവൂ എന്നാണ് ഉത്തരം. എനിക്കു നല്ല ഉറപ്പുണ്ട് കൃതം, കൃത്യം, പ്രാപണീയം പ്രാപ്തം–ചെയ്യേണ്ടതു ചെയ്തു. എത്തേണ്ടിടത്ത് എത്തി ഇനിയൊന്നും ചെയ്യാനില്ല. ജീവിതത്തില്‍ ഞാന്‍ ധന്യനാണ്.എല്ലാത്തരത്തിലും ധന്യന്‍. ഈ ശരീരം എപ്പോള്‍ എവിടെ വീണുപോയാലും അത്യന്തം സന്തോഷം മാത്രം. സ്വാമിപറഞ്ഞതുപോലെ പറഞ്ഞുകൊണ്ടേയിരിക്കാം. കേള്‍ക്കുന്നവര്‍ കേള്‍ക്കട്ടെ. കേള്‍ക്കാത്തവര്‍ കേള്‍ക്കണ്ട.