അമൃതാനന്ദമയി അമ്മ

മക്കളേ,

പല മക്കളും പറയാറുണ്ട് ”ഈശ്വരന്‍ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത് സ്വാതന്ത്ര്യത്തോടെ അവനവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനാണ്. ഈ ശരീരം തന്നിരിക്കുന്നത് സുഖിക്കാനാണ്” എന്നൊക്കെ. ശരിയാണ്. ശരീരം തന്നിരിക്കുന്നത് സുഖസൗകര്യങ്ങള്‍ അനുഭവിക്കാനാണ്. റോഡുണ്ടാക്കിയിരിക്കുന്നത് വാഹനങ്ങള്‍ ഓടിക്കാനാണ്. എന്നാല്‍ സ്വന്തം ഇഷ്ടത്തിന്, നിയമങ്ങള്‍ ലംഘിച്ച് വാഹനം ഓടിച്ചാല്‍ അപകടമുണ്ടാകും. എല്ലാറ്റിനും അതിന്റേതായ ധര്‍മമുണ്ട്. ധര്‍മം വിട്ട് എന്തു ചെയ്താലും, മക്കളുടെ വ്യക്തിത്വമാണ് അവിടെ നഷ്ടമാകുന്നത്.

ഒരാള്‍ കടല്‍ത്തീരത്തുകൂടി നടക്കുകയായിരുന്നു. അപ്പോള്‍ വഴിയില്‍നിന്ന് വിചിത്രമായ ഒരു കുപ്പി കിട്ടി. ഉള്ളില്‍ പുകപടലം. പുറത്ത് എന്തൊക്കെയോ എഴുതിയിരിക്കുന്ന ഒരു കുപ്പി. എന്തും വരട്ടെ എന്നു വിചാരിച്ച് അദ്ദേഹം ആ കുപ്പി തുറന്നു. അപ്പോള്‍ ആകാശം മുട്ടെ പുക നിറഞ്ഞു. അതിന്റെ നടുക്ക് ഒരു ഭൂതം പ്രത്യക്ഷമായി. ഭയന്നുവിറച്ച് നിന്നിരുന്ന അദ്ദേഹത്തോട് ഭൂതം പറഞ്ഞു: ”ഭയക്കേണ്ട. വളരെ നാളായി ഞാന്‍ ഈ കുപ്പിയില്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. എന്നെ മോചിപ്പിക്കുന്ന ആളിനെ സഹായിക്കാന്‍ ഞാന്‍ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. മൂന്ന് ആഗ്രഹങ്ങള്‍ അങ്ങേക്ക് ഞാന്‍ സാധിച്ചു തരുന്നതാണ്. ചോദിച്ചുകൊള്ളൂ.”

ഇതെല്ല‍ാം കേട്ട് അത്ഭുതപ്പെട്ട അദ്ദേഹം ആദ്യത്തെ വരം ആവശ്യപ്പെട്ടു: ”എന്നെ ഈ ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാക്കണം.” ഭും… ഭൂതം ഒന്ന് ശബ്ദിച്ചു. കോടിക്കണക്കിനു രൂപ അദ്ദേഹത്തിനു മുന്നിലെത്തി. ”എനിക്ക് ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം വേണം.” രണ്ടാമത്തെ ആഗ്രഹം പറഞ്ഞു. ഭും… ഭൂതം രണ്ടാമതും ശബ്ദിച്ചു തീര്‍ന്നപ്പോള്‍ മുന്നില്‍ വലിയ കൊട്ടാരം ഉയര്‍ന്നു. ഇതെല്ല‍ാം കണ്ട് അയാള്‍ക്കു സന്തോഷമായി. ഉടന്‍ അദ്ദേഹം മൂന്നാമത്തെ വരം ചോദിച്ചു: ”എന്നെ ലോകത്തിലെ എല്ലാ സ്ത്രീകളും ഇഷ്ടപ്പെടുന്ന വിധത്തിലാക്കണം.” ഭും…ഭും… ഭൂതം മൂന്നാമതും ശബ്ദിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ഒരു ചോക്‌ലേറ്റായി മാറി. മനുഷ്യന്റെ ആഗ്രഹവും വാക്കുകളും എവിടെ കൊണ്ടുചെന്ന് എത്തിക്കുന്നു എന്നു കണ്ടില്ലേ? ശ്രദ്ധയോടെ വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയാതിരുന്നതു മൂലം അദ്ദേഹത്തിന് ഒന്നും നേടാനായില്ല. തന്നെത്തന്നെ നഷ്ടമായി. അതുകൊണ്ട് നമ്മുടെ വാക്കുകളും പ്രവൃത്തികളും ശ്രദ്ധിച്ചുവേണം. ഇല്ലെങ്കില്‍ നമ്മുടെ വ്യക്തിത്വം തന്നെ നമ്മളില്‍നിന്ന് നഷ്ടമാകും.

ഒരു ജീവിക്കും നല്‍കാത്ത ഒരു വരം ഈശ്വരന്‍ നമുക്ക് നല്‍കിയിട്ടുണ്ട്: വിവേകബുദ്ധി. ഇതു വേണ്ടവണ്ണം ഉപയോഗിക്കാതെ നമ്മള്‍ നീങ്ങിയാല്‍ നഷ്ടമാകുന്നതു നമ്മുടെ ജീവിതം തന്നെയായിരിക്കും. മക്കളുടെ ഓരോ കര്‍മത്തിന്റേയും പിന്നിലെ ലക്ഷ്യം ഈ വിവേകബുദ്ധിയെ ഉദ്ധരിച്ചെടുക്കുക എന്നതായിരിക്കണം. വിവേകം നിറഞ്ഞ കര്‍മത്തില്‍ക്കൂടി മാത്രമേ ജീവിതത്തില്‍ ശാശ്വത വിജയം കണ്ടെത്താന്‍ സാധിക്കൂ. ‘എനിക്ക് എന്തു നേട‍ാം’ എന്ന് ചിന്തിക്കുന്നതിലുപരി ‘എനിക്ക് എന്തു നല്‍കാന്‍ സാധിക്കും’ എന്നു ന‍ാം ചിന്തിക്കേണ്ടിയിരിക്കുന്നു. ചെയ്യുന്ന ഓരോ കര്‍മവും ആനന്ദകരമാക്കിത്തീര്‍ക്കേണ്ടത്, കര്‍മത്തില്‍ ആനന്ദം നുകരേണ്ടത് നമ്മുടെ ആവശ്യമാണ്. എങ്ങനെയാണ് അതു സാധിക്കുക? കര്‍മത്തില്‍ ബുദ്ധിയും ഹൃദയവും ഒന്നുചേരുമ്പോഴാണ് അതിന്റെ ശരിയായ ഫലം ലഭിക്കുന്നത്.

സാധാരണ കര്‍മം ചെയ്യുന്നത് നമ്മുടെ സന്തോഷത്തിനു വേണ്ടിയാണ്. എന്നാല്‍ അതു മറ്റുള്ളവര്‍ക്കു കൂടി ആനന്ദകരമായിരിക്കാന്‍ ന‍ാം ശ്രദ്ധിക്കണം. ഒരാളെ കൊല്ലുന്നത്, കൊലയാളിക്കു സന്തോഷകരമാണെങ്കിലും അതു മറ്റുള്ളവരുടെ ദുഃഖത്തിനു കാരണമാകുന്നു. അങ്ങനെയുള്ള കര്‍മം കര്‍മയോഗമാകുന്നില്ല.

അമ്മ

കടപ്പാട് : അമൃതവചനം, മാതൃഭൂമി