തര്‍ഹ്യേവ തന്നാഭി സരസ്സരോജ
മാത്മാനമംഭഃ ശ്വസനം വിയച്ച
ദദര്‍ശ ദേവോ ജഗതോ വിധാതാ
നാതഃപരം ലോകവിസഗ്ഗദൃഷ്ടിഃ (3-8-32)
മൈത്രേയമുനി പറഞ്ഞു:
നിങ്ങളുടെ കുലമത്രയും ഈ ചോദ്യം ചോദിക്കയാല്‍ ധന്യധന്യമായിരിക്കുന്ന ഭഗവാന്‍ സ്വയം വെളിപ്പെടുത്തിയതും മാമുനിപരമ്പരകള്‍വഴി തലമുറകളായി പറഞ്ഞുകൊണ്ടിരിക്കുന്നുതുമായ ഭാഗവതപുരാണം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചു തരാം.
സൃഷ്ടിക്കു മുന്‍പ് ഭഗവാന്‍ യോഗനിദ്രയില്‍ ആദിജലത്തില്‍ സ്വാനുഭൂതിയില്‍ ലയിച്ചു കിടന്നു. കഴിഞ്ഞ കാലചക്രത്തിലെ ജീവജാലങ്ങളുടെ സൂക്ഷ്മശരീരങ്ങള്‍ ഭഗവാനില്‍ അന്തര്‍ലീനമായിരുന്നു. കാലം മാത്രമേ ഉണര്‍ന്നിരുന്നുള്ളു. ഭഗവദിച്ഛക്കനുസരിച്ച് അവിടുന്ന് നിശ്ചയിക്കുന്ന മാത്രകളും സൃഷ്ടിവാസന യുണര്‍ത്തുന്ന ജോലിയും കാലത്തിനായിരുന്നു. ഭഗവാനില്‍ അസംഖ്യം ലോകങ്ങള്‍ ലീനമായിരുന്നു. ഈ ലോകങ്ങളാകട്ടെ കാലത്തിന്റെ നിയന്ത്രണത്തില്‍ ഗുണസ്വഭാവമനുസരിച്ച് ഇളകിമറിഞ്ഞുകൊണ്ടേയിരുന്നു. ഈ ഇളകിലില്‍ ഭഗവല്‍നാഭിയില്‍നിന്നും പുറത്തുവന്ന സൂക്ഷ്മവസ്തുവിന് താമരപ്പൂവിന്റെ ആകൃതിയുണ്ടായിരുന്നു. അത് ആദിജലത്തില്‍ സൂര്യബിംബം പോലെ ശോഭിച്ചു. അതില്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവു പ്രത്യക്ഷമായി. ഭഗവാന്‍ സ്വയം ബ്രഹ്മാവായി രൂപമെടുത്തു. ബ്രഹ്മാവ് നാലു ദിശകളിലേകും നോക്കി നാന്മുഖനായി. അദ്ദേഹം സ്വയം ചോദിച്ചു ‘ഞാനാരാണ്?’. എന്നെ നിലനിര്‍ത്തുന്നതെന്ത്? താമരയായ എന്റെ വാസസ്ഥലത്തെ എങ്ങിനെയാണ് താങ്ങിനിര്‍ത്തിയിരിക്കുന്നുത്?. ബ്രഹ്മാവ് ആദിജലത്തില്‍ മുങ്ങിയിറങ്ങി തന്റെ ഉദ്ദേശത്തെപ്പറ്റിയറിയാന്‍ ഏറെസമയം ജലത്തില്‍ക്കഴിഞ്ഞു. കാലം ഭഗവാന്റെ സുദര്‍ശനമത്രെ. കാലചക്രം ഒരുവന്റെ ആയുസ്സിനെ നിമിഷംപ്രതി കുറച്ചു കളയുന്നു. ബ്രഹ്മാവ് ഈ യത്നം ഉപേക്ഷിച്ച് തീവ്രധ്യാനത്തില്‍ ഏര്‍പ്പെട്ടു. നൂറുവര്‍ഷത്തെ കഠിന തപസ്സിനുശേഷം വിജ്ഞാനത്തിന്റെ വെളിച്ചം ബ്രഹ്മദേവനില്‍ പ്രകാശിച്ചു. വിശ്വംമുഴുവന്‍ മുങ്ങിയിരിക്കുന്നു ആദിജലത്തില്‍ ഭഗവാന്‍ വിഷ്ണു ശേഷനാഗത്തിന്റെപുറത്തു ശയിക്കുന്നു. (ശേഷനാകട്ടെ മുന്‍ കാലചക്രങ്ങളും ജീവജാലങ്ങളുടെ വാസനാശേഷമാണ്.)
ഭഗവല്‍പ്രകാശവുമായി താരതമ്യപ്പെടുത്താന്‍ മറ്റൊന്നുമില്ല. എല്ലാ ലോകങ്ങളും അവകളിലെ ചരാചര പ്രപഞ്ചങ്ങളും ഭഗവാനില്‍ ഒളിഞ്ഞിരിക്കുന്നു. സൂര്യചന്ദ്രന്മാര്‍ക്കു പോലും അപ്രാപ്യനായിരിക്കു ന്ന ഭഗവാനു ചുറ്റും ദിവ്യായുധങ്ങള്‍ ചുറ്റിക്കൊണ്ടേയിരിക്കുന്നു. സൃഷ്ടിവാഞ്ഛയാല്‍ ബ്രഹ്മദേവന്‍ വിശ്വനിര്‍മ്മിതിക്കായി തന്റെ താങ്ങായിരിക്കുന്ന താമരയേയും ആദിജലത്തേയും ആദിശബ്ദത്തേയും ആകാശത്തേയും തന്നെത്തന്നേയും മനസില്‍ക്കണ്ടു. പിന്നെ മനസിനെ ഭഗവാനിലര്‍പ്പിച്ചുകൊണ്ട് അവിടുത്തെ മഹിമകള്‍ വാഴ്ത്താന്‍ തുടങ്ങി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF