തമേവാന്വപിധീയന്തേ ലോകാ ഭൂരാദയസ്ത്രയഃ
നിശായാമനുവൃത്തായ‍ാം നിര്‍മുക്തശശിഭാസ്കരം (3-11-28)

മൈത്രേയന്‍ തുടര്‍ന്നു:
ഈ വിശ്വപ്രപഞ്ചം ഉണ്ടായതെങ്ങനെയെന്നും അതിന്റെ അവസാനമെങ്ങനെയെന്നും ഇനി ഞാന്‍പറഞ്ഞുതര‍ാം. ദ്രവ്യങ്ങളില്‍ ഏറ്റവും ചെറുതും സ്വയം സംതുലിതമായി നിലകൊളളുന്നതുമായ വസ്തുവിന്‌ പരമാണു എന്നുപറയും. മനുഷ്യന്‍ തന്റെ അറിവില്ലായ്മകൊണ്ട്, ഈ പരമാണുക്കള്‍ചേര്‍ന്നാണ്‌ മറ്റുവസ്തുക്കള്‍ ഉണ്ടാകുന്നുതെന്നു വിശ്വസിക്കുന്നു. വകതിരിക്കപ്പെട്ടിട്ടില്ലാത്ത ദ്രവ്യവസ്തുക്കള്‍ സ്വയം മാറ്റത്തിനു വിധേയമാകും മുന്‍പ്‌ മഹത്തും അനന്തവുമായ ‘അവിശേഷം’ എന്നറിയപ്പെടുന്നു. സമയത്തിന്റെ ഏറ്റവും ചെറിയ ഏകകം, പ്രകാശം സഞ്ചരിക്കുന്ന ഏറ്റവും ചെറിയ ദൂരത്തെ ആശ്രയിച്ചിരിക്കുന്നു. ഏറ്റവും വലിയ സമയത്തിന്റെ അളവാകട്ടെ, പ്രകാശം സഞ്ചരിക്കുന്ന ഏറ്റവും കൂടിയ ദൂരത്തേയും ആശ്രയിച്ചിരിക്കുന്നു. പ്രകാശവും ദൂരവും ഒരേ പ്രതിഭാസത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമത്രേ.

രണ്ടുപരമാണുക്കള്‍ ചേര്‍ന്നു ഒരണുവും മൂന്നണുക്കള്‍ ചേര്‍ന്നു ത്രിസരേണുവും ഉണ്ടാകുന്നു. പ്രകാശത്തിന്‌ മൂന്നു ത്രിസരേണുക്കള്‍ കടന്നു പോകാനെടുക്കുന്ന സമയത്തിന്‌ ത്രുതി എന്നു പറയുന്നു. ഇത്‌ ഏറ്റവും ചെറിയസമയത്തിന്റെ അളവത്രേ. ഇതുകണ്‍പീലിയുടെ ചലനത്തിന്റെ ഒരംശം മാത്രം. ഈ സമയത്തിന്റെ പലമടങ്ങുകളായി നിമിഷം, മണിക്കൂര്‍ , ദിവസം, മാസം, വര്‍ഷം എന്നിവയെ ഗണിച്ചെടുക്ക‍ാം. ഒരുവര്‍ഷത്തെ പലവിധത്തില്‍ ഗണിച്ചെടുക്കുന്നു. സൂര്യന്റേയൊ, വ്യാഴത്തിന്റേയൊ, ചന്ദ്രന്റേയൊ, ചലനസ്വഭാവമനുസരിച്ചോ, 27 മുതല്‍ 30 വരെ ദിവസങ്ങളുളള മാസങ്ങള്‍ ചേര്‍ത്തുവച്ച കാലയളവായോ ഒരു വര്‍ഷംനിര്‍ണ്ണയിക്കപ്പെടുന്നു. ധ്യാന്യഫലവര്‍ഷങ്ങളുടെ വളര്‍ച്ചയും മനുഷ്യന്റെ അജ്ഞാനാന്ധകാരത്തിന്‍റ മറുമരുന്നായ വെളിച്ചവും ആരിലാശ്രയിച്ചിരിക്കുന്നുവോ ആ സൂര്യഭഗവാനെ ഞാന്‍ വന്ദിക്കട്ടെ.

4,320,000 മനുഷ്യവര്‍ഷങ്ങള്‍ ചേര്‍ന്നതത്രെ നാലുയുഗങ്ങള്‍ ചേര്‍ന്ന ഒരു കാലചക്രം. ഈ മൂന്നു ലോകങ്ങള്‍ക്കുമപ്പുറത്ത്‌ ആയിരം കാലചക്രങ്ങള്‍ ചേരുമ്പോള്‍ ബ്രഹ്മാവിന്റെ ഒരു ദിവസമായി. അത്രയും തന്നെ സമയം ബ്രഹ്മാവിന്റെ രാത്രിയും. ബ്രഹ്മാവിന്റെ രാത്രിയില്‍ സൃഷ്ടിയടക്കം എല്ല‍ാം സുഷുപ്തിയിലാണ്ടു പോകുന്നു. ഉണരുമ്പോള്‍ എല്ല‍ാം പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. പകല്‍ സമയത്ത്‌ പതിനാലു വിശ്വാധിപന്മാരെ ബ്രഹ്മാവ്‌ സൃഷ്ടിക്കുന്നു. അവരാണ്‌ വിശ്വത്തെ ഭരിക്കുന്നുവര്‍ . മനു എന്നറിയപ്പെടുന്ന ഇവര്‍ ഭഗവാന്റെ തന്നെ അംശാവതാരങ്ങളത്രേ. ദിവസത്തിന്റെ അന്ത്യത്തില്‍ സൃഷ്ടിയെല്ല‍ാം സ്വയമവസാനിപ്പിച്ച്‌ ശാന്തത കൈവരിച്ച്‌ ബ്രഹ്മാവ്‌ സുഷുപ്തിയിലേക്ക്‌ നീങ്ങുന്നു. കാലത്തിന്റെ ശക്തിയില്‍ എല്ലാ സൃഷ്ടിയും അദ്ദേഹത്തിന്റെ ഉളളിലേയ്ക്ക് മടങ്ങുന്നു. സൂര്യചന്ദ്രന്മ‍ാര്‍ അപ്രത്യക്ഷമാവുന്നു. മൂന്നുലോകങ്ങളും അദ്ദേഹത്തിലലിഞ്ഞു ചേരുന്നു. ആ ദിവ്യോര്‍ജ്ജത്തില്‍ ലോകങ്ങളില്ലാതാകുമ്പോള്‍ മുനിമാരും ദേവകളും മറ്റും ഉയര്‍‍ന്ന തലങ്ങളിലേക്ക്‌ കയറിപ്പോകുന്നു. എല്ലാ ലോകങ്ങളും സമുദ്രം നിറയുന്നു. ഭഗവാന്‍ മാത്രം ശേഷതല്‍പ്പത്തില്‍ സുഷുപ്തിയിലാണ്ടു നിലകൊളളുന്നു.

ബ്രഹ്മദേവന്റെ ഒരു ദിവസം മാത്രമാണിത്‌. അങ്ങിനെയുളള നൂറുവര്‍ഷങ്ങളാണ്‌ ബ്രഹ്മാവിന്റെ ആയുസ്സ്‌. അതില്‍ പകുതിക്ക്‌ പാരാര്‍ധം എന്ന്‌ പറയുന്നു. നാമിപ്പോള്‍ രണ്ട‍ാം പാരാര്‍ധത്തിന്റെ തുടക്കത്തിലാണ്‌. വളരെ നീണ്ടുനില്‍ക്കുന്ന ഈ രണ്ടു പാരാര്‍ധങ്ങളും ചേര്‍ന്നാലും ഭഗവാന്റെ കണ്ണിമയുടെ ചലനത്തോളമേ ആവുകയുളളൂ. ആ ഭഗവാന്‍ കാലത്തിനും ദൂരത്തിനും അതീതനത്രെ. പരമാണു മുതല്‍ ബ്രഹ്മാവിന്റെ ജീവിതകാലംവരെ നീണ്ടുനില്‍ക്കുന്നു കാലത്തിനുമതീതനത്രേ ഭഗവാന്‍. ഈവിശ്വം ചെരിയൊരു പരമാണുമാത്രം. അതില്‍ എല്ലാത്തിന്റേയും കാരണഭൂതനായ, അനേകം വിശ്വങ്ങള്‍ക്കും കാരണനായ, വിഷ്ണുഭഗവാന്‍, ആ പരമോന്നത വിശ്വപുരുഷന്‍ നിറഞ്ഞിരിക്കുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF