തസ്മൈ നമോ ഭഗവതേ യ ഇദം സ്വേന രോചിഷാ
ആത്മസ്ഥം വ്യഞ്ജയാമാസ സ ധര്‍മ്മം പാതുമര്‍ഹതി. (3-12-32)
മൈത്രേയന്‍ തുടര്‍ന്നു:
സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് തന്റെ സൃഷ്ടികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. നാനാതരത്തിലുളള സൃഷ്ടിയുടെ തുടക്കത്തില്‍ത്തന്നെ നാനാത്വത്തിന്റെ കാരണമായ ഇരുട്ടിന്റെ തത്വങ്ങളെ ഉണ്ടാക്കി. ആത്മാവിനെക്കുറിച്ചുളള അജ്ഞാനം, ശരീരത്തോടുളള താദാത്മ്യഭാവം, സുഖാസക്തി, കോപം, മൃത്യുഭയം എന്നിവയെല്ലാം ഇരുട്ടിന്റെ തത്വങ്ങളത്രെ. ഈ സൃഷ്ടിയില്‍ തൃപ്തി പോരാഞ്ഞ് ബ്രഹ്മാവ് നാലു മാനസപുത്രന്മാരെ സൃഷ്ടിച്ചു.
സനകാദികള്‍ സൃഷ്ടികര്‍മ്മം തുടരുമെന്നു പ്രത്യാശിച്ചെങ്കിലും അവരതിനു തയ്യാറാകാതെ തപസ്സിനായി പുറപ്പെട്ടു. ബ്രഹ്മാവ് കോപമടക്കിയെങ്കിലും കണ്‍പീലികള്‍ക്കു നടുവില്‍നിന്നും ഒരു ബാലനായി ആ കോപം പുറത്തുവന്നു. ബാലന്‍ വിളിച്ചു ചോദിച്ചു. “എന്റെ പേരെന്ത്? എന്റെ ആസ്ഥാനങ്ങള്‍ ഏതൊക്കെ”? . ബ്രഹ്മാവ് കുട്ടിക്ക് രുദ്രന്‍ എന്ന് പേരിട്ടു. ആസ്ഥാനങ്ങളായി ഹൃദയം, ഇന്ദ്രിയങ്ങള്‍, പ്രാണവായു, പഞ്ചഭൂതങ്ങള്‍, തപസ്സ് തുടങ്ങിയവയും കൂട്ടിനായി രുദ്രാണിയേയും സൃഷ്ടിച്ചു. രുദ്രന്‍ സ്വയം സൃഷ്ടി തുടങ്ങി അനേകം ദുഷ്പ്രഭൃതികളെ ഉണ്ടാക്കി. ബ്രഹ്മാവ് രുദ്രനെ തടഞ്ഞ് തപസ്സിനായി പറഞ്ഞയച്ചു.
പിന്നീട്, ബ്രഹ്മാവ് പത്ത് ഋഷിമാരെ തന്റേതന്നെ പല അവയവങ്ങളില്‍ നിന്നും ജനിപ്പിച്ചു. മടിത്തട്ടില്‍നിന്നും നാരദന്‍, തളളവിരലില്‍നിന്നും ദക്ഷന്‍, ശ്വാസത്തില്‍നിന്നും വസിഷ്ഠന്‍, ത്വക്കില്‍ നിന്നും ഭൃഗു, കൈകളില്‍നിന്നും കൃതു, നാഭിയില്‍നിന്നും പുലഹന്‍, ചെവികളില്‍നിന്നും പുലസ്ത്യന്‍, വായില്‍നിന്നും അംഗിരസ്, കണ്ണുകളില്‍ നിന്നും അത്രി, മനസില്‍നിന്നും മരീചി, വലതു മാറിടത്തില്‍ നിന്നും ധര്‍മ്മം, പുറത്തുനിന്നും അധര്‍മ്മം, എന്നിവയുണ്ടായി. ഹൃദയത്തില്‍ നിന്നു സ്നേഹത്തിന്റെ ദേവതയും, കണ്‍പുരികങ്ങളില്‍നിന്നു് ദ്വേഷ്യത്തിന്റെ ദേവനും, അത്യാഗ്രഹം താഴത്തെ ചുണ്ടില്‍നിന്നും, വാക്ക് വായില്‍നിന്നും ഉണ്ടായി.
സ്രഷ്ടാവിന് വാക്കില്‍ അഭിനിവേശം ഉണ്ടായി. ബ്രഹ്മകുമാരന്മാര്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചു. “വിശ്വം നിറഞ്ഞു നില്‍ക്കുന്ന സര്‍വ്വേശ്വരന്‍, സൃഷ്ടിയിലും പ്രളയത്തിലും വിശ്വത്തിനാധാരമായ ജഗദീശന്, നമോവാകം. നിന്തിരുവടി ധര്‍മ്മം രക്ഷിക്കട്ടെ.”
ബ്രഹ്മാവ് സ്വയം ദേഹംവെടിഞ്ഞ് ഇരുണ്ടമേഘമായി ആകാശത്തില്‍ ഒഴുകിനടന്നു. അവിടുത്തെ നാലുമുഖങ്ങളില്‍നിന്നും നാലുവേദങ്ങള്‍, ധര്‍മ്മത്തെ പ്രതിപാദിക്കുന്നു നാലുപുരാണേതിഹാസങ്ങള്‍, നാലുശാസ്ത്രങ്ങള്‍ (യുദ്ധം, വൈദ്യം, സംഗീതം, വാസ്തുവിദ്യ), ധര്‍മ്മത്തിന്റെ നാലു നെടുംതൂണുകള്‍ (ജ്ഞാനം, ദയ, തപസ്സ്, സത്യം) എന്നിവ ഉണ്ടായി. നാലു ജീവല്‍ഘട്ടങ്ങള്‍ (ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം), നാലു ദിവ്യസങ്കലനങ്ങള്‍, രാഗങ്ങള്‍ എന്നിവയുണ്ടായി. ബ്രഹ്മാവില്‍ നിന്നുതന്നെ സംഗീതവും അക്ഷരവുമുണ്ടായി.
എന്നിട്ടും തന്റെ സൃഷ്ടികള്‍ വര്‍ദ്ധിക്കുന്നില്ലെന്നു കണ്ട് ബ്രഹ്മദേവന്‍ സ്വയം രണ്ടായിത്തീര്‍ന്നു – സ്ത്രീയും പുരുഷനും. സ്വയംഭൂവായ മനുവും ശതരൂപയും. അതുമുതല്‍ സംയോഗംകൊണ്ട് പ്രജകള്‍ ഉണ്ടായിത്തുടങ്ങി. അവര്‍ക്ക് പ്രിയവ്രതന്‍, ഉത്താനപാദന്‍ എന്നീ രണ്ടു പുത്രന്മാരും ആകൂതി, ദേവഹൂതി, പ്രസൂതി എന്നീ മൂന്നുപുത്രിമാരും ഉണ്ടായി. ഈ പുത്രിമാരാണ് ലോകത്തിന് പ്രജകളെ ഉണ്ടാക്കി കൊടുത്തത്. (കായം: കാ- ബ്രഹ്മാവ്. കായം, ബ്രഹ്മാവിന്റേത്)
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF