സര്‍വാശ്രമാനുപാദായ സ്വാശ്രമേണ കളത്രവാന്‍
വ്യസനാര്‍ണ്ണവമത്യേതി ജലയാനൈര്യഥാര്‍ണ്ണവം (3-14-17)
ന വയം പ്രഭവസ്താം ത്വാമനുകര്‍ത്തും ഗൃഹേശ്വരി
അപ്യായുഷാ വാ കാര്‍ത്സ്‍ന്യേന യേ ചാന്യേ ഗുണ ഗൃധ്നവഃ (3-14-20)
യസ്യാനവദ്യാചരിതം മനീഷിണോ ഗൃണന്ത്യവിദ്യാപടലം ബിഭിത്സവഃ
നിരസ്തസാമ്യാതിശയോഽപി യസ്സ്വയം പിശാചചര്യാമചരദ് ഗതിസ്സതാം . (3-14-26)
നമോ രുദ്രായ മഹതേ ദേവായോഗ്രായ മീഢുഷേ
ശിവായ ന്യസ്തദണ്ഡായ ധൃതദണ്ഡായ മന്യവേ (3-14-34)
വിദുരര്‍ ചോദിച്ചു: “എങ്ങനെയാണ് ഭഗവാന്‍ ഹിരണ്യാക്ഷനുമായി ഏറ്റുമുട്ടിയത്? ആ രാക്ഷസന്റെ ജനനത്തെപ്പറ്റി പറഞ്ഞുതന്നാലും”. മൈത്രേയന്‍ തുടര്‍ന്നു: സൃഷ്ടികര്‍ത്താവിന്റെ പുത്രനായ ദക്ഷന്റെ പുത്രിയാണ് ദിതി. ദിതിയും സഹോദരികളായ പന്ത്രണ്ടുപേരും മരീചീപുത്രനായ കശ്യപനെ പരിണയിച്ചു. ദിതിക്കൊഴികെ എല്ലാവര്‍ക്കും പുത്രഭാഗ്യമുണ്ടായി. ഒരു സന്ധ്യാസമയം കശ്യപനെ സമീപിച്ച ദിതി പുത്രഭാഗ്യത്തിനായി വികാരാവേശത്തോടെ അഭ്യര്‍ത്ഥിച്ചു. കശ്യപനാകട്ടെ അനുനയപൂര്‍വ്വം ആവശ്യത്തെ അംഗീകരിച്ചശേഷം ഈ സമയം സംയോഗയോഗ്യമല്ലെന്ന് അറിയിച്ചു.
അദ്ദേഹം പറഞ്ഞു: “നിന്റെ ആഗ്രഹം ഇപ്പോള്‍ത്തന്നെ സാധിപ്പിച്ചുതരാന്‍ ഞാന്‍ തയ്യാറാണ്. ഭാര്യയാണ് ഗൃഹസ്ഥാശ്രമധര്‍മ്മത്തിന്റെ അടിത്തറയെന്നു എനിക്കറിയാം. ഗൃഹസ്ഥാശ്രമിയാണ് മറ്റു ധര്‍മ്മാശ്രമങ്ങളിലുളളവരെ സംസാരസാഗരത്തിനപ്പുറം പോകാന്‍ സഹായിക്കുന്നത്. ഒരുവന് കടല്‍ കടക്കാന്‍ കപ്പല്‍ ലഭിക്കും പോലെയാണത്. ഗൃഹസ്ഥജീവിതത്തിന്റെ യാതനകള്‍ മുഴുവനും സ്വയമേല്‍ക്കുന്ന ഭാര്യമാര്‍ ഉളളതുകൊണ്ടാണ് ഗൃഹസ്ഥാശ്രമികള്‍ക്ക് ഇത് സാധിക്കുന്നത്. ഒരു ജീവിതകാലം മുഴുവന്‍ കൊണ്ടോ, വരാന്‍പോകുന്ന ജന്മങ്ങള്‍ കൊണ്ടോ ഈ കടം ഞങ്ങള്‍ ആണുങ്ങള്‍ എങ്ങിനെ തീര്‍ക്കുവാനാണ്? നിങ്ങള്‍ ഗൃഹത്തിന്റെ ദേവതകള്‍ തന്നെയാണ്. അജ്ഞാനത്തിന്റെ ആവരണം നീക്കാന്‍ ശ്രമിക്കുന്ന പുരുഷന്‍ എപ്പോഴും അകളങ്കിതനായ രുദ്രനെ പ്രകീര്‍ത്തിച്ചു കഴിയുന്നു. രുദ്രന് തുല്യമായി മറ്റൊരുമില്ലതന്നെ. ആ പ്രകീര്‍ത്തനമാണ് ധര്‍മ്മിഷ്ഠന്റെ യഥാര്‍ത്ഥ കര്‍ത്തവ്യം. ആ രുദ്രഭഗവാന്‍ ഒരു പിശാചിനെപ്പോലെ തന്റെ ഭൂതഗണങ്ങളുമായി ചുറ്റിത്തിരിയുന്ന സന്ധ്യാവേളയാണിത്. ഈ നാഴികയൊന്നു കഴിഞ്ഞുകൊളളട്ടെ”.
ദിതിക്ക് സ്വയം നിയന്ത്രിക്കാനായില്ല. കശ്യപന്‍ അവളുടെ വികാരത്തിനു ശമനമുണ്ടാക്കിക്കൊടുത്തശേഷം കുളികഴിഞ്ഞ് വൈകുന്നേേരത്തെ പൂജയ്ക്കായി പുറപ്പെട്ടു. ആഗ്രഹനിവൃത്തിക്കുശേഷം സ്വന്തം വിഡ്ഢിത്തത്തെപ്പറ്റി ദിതിക്കു ബോധമുണ്ടായി. വീണ്ടും കശ്യപനോട് അവര്‍ പ്രാര്‍ത്ഥിച്ചു. “രുദ്രഭഗവാന്റെ കോപത്തിനു പാത്രീഭൂതമാവാന്‍ എന്റെകുട്ടിക്ക് ഇടവരുത്തല്ലേ. ആ രുദ്രഭഗവാനെ ഞാന്‍ വണങ്ങുന്നു. അപ്രമേയനും ഭക്തര്‍ക്കു വരമരുളുന്നവനും ദുഷ്ടനിഗ്രഹത്തിനായി ദണ്ഡ് എടുക്കുന്നുവനും എന്നാല്‍ സ്വയം അക്രമരഹിതനും ക്രോധത്തിന്റെ മൂര്‍ത്തിയുമായ ആ ഭഗവാനെ ഞാന്‍ നമിക്കുന്നു.”
കശ്യപന്‍ അവളെ സമാധാനിപ്പിച്ചു.”രുദ്രഭഗവാന്റെ സമയസീമകളെ ലംഘിച്ചതുകൊണ്ട് നിനക്കുണ്ടാകുന്ന പുത്രന്മാര്‍ രണ്ടും അതിഭയങ്കരന്മാരായ രാക്ഷസന്മാരായിരിക്കും. എങ്കിലും നീ സ്വയം തെറ്റു മനസിലാക്കിയതുകൊണ്ട് അവര്‍ക്ക് രണ്ടുപേര്‍ക്കും ഭഗവാനായ ഹരിയുടെ കൈകളാല്‍ കൊല്ലപ്പെടാന്‍ സാദ്ധ്യത കൈവരും”.ആദ്യം കാര്യം കേട്ടുഞെട്ടിയെങ്കിലും പിന്നീട് ദിതി സ്വയം ആശ്വസിച്ചു. കശ്യപന്‍ തുടര്‍ന്നു: ” നിന്റെ ഹരിഭക്തിയാലും നിനക്ക് ശിവനിലും എന്നിലും ഭക്തിയുളളതിനാലും നിന്റെ പൌത്രന്മാരില്‍ ഒരുവന്‍ ഭാവിയില്‍ ഭക്തന്മാരുടെ തിലകക്കുറിയായി ലോകമെങ്ങും പുകള്‍പെറ്റവനായി തീരുന്നതാണ്.”
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF