ന ഹ്യന്തരം ഭഗവതീഹ സമസ്തകുക്ഷാ
വാത്മാനമാത്മനി നഭോ നഭസീവ ധീരാഃ
പശ്യന്തി യത്ര യുവയോസ്സുരലിംഗിനോഃ കിം
വ്യുത്പാദിതം ഹ്യുദരഭേദി ഭയം യതോഽസ്യ (3-15-33)

മൈത്രയന്‍ തുടര്‍ന്നു:
തന്റെ രാക്ഷസപുത്രന്മന്മാര്‍ ദേവതകളെ ഉപദ്രവിക്കുമെന്നു ഭയന്ന ദിതി, ഗര്‍ഭത്തെ നൂറുവര്‍ഷത്തേക്ക്‌ പുറത്തുവരുത്താതെ തന്റെയുളളില്‍ സൂക്ഷിച്ചു. എന്നാലും വരാന്‍പോകുന്ന അത്യാപത്തിന്‌ മുന്നോടിയായി ലോകത്തിന്റെ തിളക്കം നഷ്ടപ്പെടുകയും ദേവതകളുടെ മാറ്റുകുറയുകയും ചെയ്തു. ദേവന്മാര്‍ ബ്രഹ്മാവിന്റെ അടുക്കല്‍ച്ചെന്ന്‍ വരാന്‍പോകുന്ന ആ ഇരുണ്ടശക്തികളെപ്പറ്റി പരാതിപ്പെട്ട്‌ പരിഹാരം ആരാഞ്ഞു.

ബ്രഹ്മാവു വിവരിച്ചു: ദേവകളേ, പണ്ടൊരിക്കല്‍ എന്റെ മാനസപുത്രന്മാരായ സനകാദിമുനികള്‍ വൈകുണ്ഠത്തില്‍ വിഷ്ണുസവിധമണഞ്ഞു. ശുദ്ധപ്രകാശരൂപത്തില്‍ വൈകുണ്ഠത്തില്‍ വാണരുളുകയാണല്ലോ ഭഗവാന്‍ . ഇവിടമത്രേ സര്‍വ്വസൃഷ്ടികളുടേയും ഉല്‍ഭവസ്ഥാനം. അനേകം സൗരയൂഥങ്ങളും അണ്ഠകടാഹങ്ങളും അവിടുത്തെ പ്രകീര്‍ത്തിക്കാനെന്നപോലെ വൈകുണ്ഠത്തിനെ വലംവച്ചുകൊണ്ടേയിരിക്കുന്നു. ആ തലത്തില്‍ എല്ല‍ാംതന്നെ ശുദ്ധവും അതിഭൗതികവും ദിവ്യവുമത്രേ. ദിവ്യരത്നങ്ങളാലും സ്വര്‍ണ്ണത്തിനാലും തീര്‍ത്ത ആകാശരഥങ്ങളില്‍ ഇരുന്ന് ദേവഗായകര്‍ ഭഗവാനെ പ്രകീര്‍ത്തിച്ചു പാടുന്നു. സ്വയം കൃഷ്ണചിന്താവിലീനരായതുകൊണ്ട്‌ മറ്റൊരുചിന്തകളും മനസിലേശാതെ ഇവിടെയുളളവര്‍ ഭക്തിപ്രേമപാരമ്യത്തിലാണ്ടു കഴിയുകയാണ്‌. സ്വയം ധനലക്ഷ്മിയായ ലക്ഷ്മീദേവി ഭഗവത്സവിധത്തില്‍ വെഞ്ചാമരംവീശി അവിടുത്തെ പ്രാര്‍ത്ഥിക്കുന്നു. ഈ തലത്തിലേക്കു കടക്കാന്‍ മനസു മുഴുവനായി വിഷ്ണുവില്‍ വിലീനമാവണം. നന്മയാല്‍ പൂരിതമായിരിക്കുകയും വേണം. വൃഥാവര്‍ത്തമാനത്തില്‍ സമയം കളയുന്നവര്‍ക്കുളളതല്ലത്രേ ഇവിടം.

സനകാദികള്‍ ഈ വിഷ്ണുതലത്തില്‍ പ്രവേശിച്ചു. ആദ്യത്തെ ആറുദ്വാരങ്ങള്‍ ആരും തടസ്സപെടുത്താതെ അവര്‍ കടന്നുചെന്നു. ഏഴ‍ാം ദ്വാരത്തില്‍ സ്വയം വിഷ്ണുരൂപത്തിലുളള ദ്വാരപാലന്മാര്‍ അവരെ തടഞ്ഞു. ഇത്‌ മുനിമാരെ ക്രുദ്ധരാക്കി. “വിശ്വംമുഴുവന്‍ ഭഗവാന്റെ ഉദരമായതുകൊണ്ട്‌ ഇവിടെക്കഴിയുന്നവര്‍ സ്വയം നാനാത്വത്തെ അറിയുന്നില്ല. അപ്പോള്‍പ്പിന്നെ നിങ്ങള്‍മാത്രം സ്വയം വിഷ്ണുസമാനമായ ദിവ്യശരീരരൂപമുണ്ടെങ്കിലും വൈവിധ്യത്തിന്റെ ഭയമേശി ഞങ്ങളുടെ യാത്ര തടയുവാന്‍ ഇടവന്നതെന്തുകൊണ്ട്‌?” ഈ രണ്ടുപേരും ലൗകീകജീവിതത്തിലേക്കു മടങ്ങിപ്പോയി സ്വയം പാപപരിഹാരം നേടി തിരിച്ചുവരട്ടെ എന്ന് മുനിമാര്‍ തീരുമാനിച്ചു. ദ്വാരപാലകര്‍ ഇതുകേട്ടു ഭയചകിതരായി. തങ്ങള്‍ക്കുകിട്ടിയ ശിക്ഷ ശിരസാവഹിച്ചെങ്കിലും ലോകവാസത്തിനിടയിലും ഭഗവദ്‌ചിന്ത കൈവിടാതിരിക്കാന്‍ അനുഗ്രഹം നല്‍കണമെന്നവര്‍ മുനിമാരോട് അഭ്യര്‍ഥിച്ചു.

ദ്വാരപാലകരുടെ ചെയ്തികള്‍ അറിഞ്ഞ വിഷ്ണുഭഗവാന്‍ സ്വയം ഇറങ്ങിവന്നു. മുനിമാര്‍ ഭഗവല്‍മാഹാത്മ്യം പാടാന്‍ തുടങ്ങി. “ഭഗവന്‍ , അങ്ങ്‌ മുന്‍പുതന്നെ ഞങ്ങളുടെ ഹൃദയത്തില്‍ , ഞങ്ങളുടെ പിതാവായ ബ്രഹ്മാവ് പറഞ്ഞറിഞ്ഞ രൂപത്തില്‍ കയറിയിരുന്നുവെങ്കിലും അങ്ങയുടെ രൂപം കണ്മമുന്നില്‍ക്കണ്ട് നിര്‍വൃതിയടയാന്‍ ഇപ്പോഴാണു സാധിച്ചത്. എല്ലാവരുടേയും ഹൃദയത്തില്‍ അങ്ങ്‌ നിവസിക്കുന്നുവെങ്കിലും ദുഷ്ടമനസുകള്‍ക്ക് അവിടുത്തെ കാണാന്‍ കഴിയില്ലതന്നെ. അങ്ങ്‌ ആത്മീയസത്യം സാക്ഷാല്‍ക്കരിച്ച മാമുനിമാര്‍ക്കും അഹംബോധം ഒഴിഞ്ഞവര്‍ക്കും അവിടുത്തെതന്നെ കൃപയാല്‍ ദര്‍ശനം നല്‍കുന്നു. ഞങ്ങളുടെ ഭാവി എന്തായാലും അവിടുത്തെ പാദാരവിന്ദങ്ങളെ എപ്പോഴുമോര്‍ക്കാന്‍ ഞങ്ങള്‍ക്കു സാധിക്കുമാറാകട്ടെ.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF