പശ്യാമി നാന്യം പുരുഷാത് പുരാതനാ
ദ്യസ്സംയുഗേ ത്വാം രണമാര്ഗ്ഗകോവിദം
ആരാധയിഷ്യത്യസുരര്ഷഭേഹി തം
മനസ്വിനോ യം ഗൃണതേ ഭവാദൃശാഃ (3-17-30)
മൈത്രേയന് പറഞ്ഞു:
ബ്രഹ്മദേവന്റെ വാക്കുകള്‍ കേട്ട് ദേവന്മാര് അവരവരുടെ സ്ഥലങ്ങളിലേക്ക് മടങ്ങി. ഒരു നൂറു വര്‍ഷം ഗര്ഭത്തിലിരുന്നശേഷം ദിതി ഇരട്ടപെറ്റു. വിശ്വപ്രളയമുണ്ടാകുന്നുവോ എന്ന സംശയം ജനിപ്പിക്കുമാറ് ആ സമയം ഭൂമി കുലുങ്ങി. ആകാശം വിറകൊണ്ടു. ഉല്‍ക്കകള്‍ വര്‍ഷിക്കുകയും ഇടി വെട്ടുകയും ചെയ്തു. കൊടുങ്കാറ്റുവീശി മരങ്ങളെ അപ്പാടെ പിഴുതെറിഞ്ഞു. സമുദ്രങ്ങള്‍ ഇളകി മറിഞ്ഞു. സമുദ്രജീവികള്‍ ഭയചകിതരായി. ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും വീണ്ടും വീണ്ടും കാണാറായി. മൃഗങ്ങള്‍ പേടിച്ചരണ്ടു. ചില ഗ്രഹങ്ങള്‍ പ്രഭാപൂരിതമാവുകയും മറ്റു ചിലത് ഇരുളുകയും ചെയ്തു.
ദിതിയുടെ ഈ പുത്രന്മാര് വളര്‍ന്ന് അതിശക്തരും പര്‍വ്വതസമാനരുമായിത്തീര്‍ന്നു. ആകാശംമുട്ടെ വളര്‍ന്ന അവരുടെ ഭാരത്തില്‍ ഭൂമി ഞെരിഞ്ഞമര്‍ന്നു. കശ്യപമുനി അവര്‍ക്ക് ഹിരണ്യകശിപു എന്നും ഹിരണ്യാക്ഷന് എന്നും പേരിട്ടു. ബ്രഹ്മാവില്‍ നിന്നും നേടിയ വരബലത്തില്‍ അവര്‍ അജയ്യരായിത്തീര്ന്നു. ഹിരണ്യകശിപു മൂന്നു ലോകങ്ങളും കീഴടക്കി, ദേവന്മാരെപ്പോലും തന്റെ അധീനതയിലാക്കി. ഹിരണ്യാക്ഷന് യുദ്ധക്കൊതിപൂണ്ട് ഭൂലോകം മുഴുവന്‍ ചുറ്റി നടന്നു. അഹങ്കാരംകൊണ്ട് മത്തനായി തന്നെ എതിര്‍ക്കാന്‍ ശക്തനായ എതിരാളിയെത്തേടി അവനങ്ങനെ നടന്നു. ആര്‍ക്കും അവന്റെ നീക്കങ്ങളെ തടയാനായില്ല. ദേവന്മാര് പേടിച്ചൊളിച്ചു. ഇതവന്റെ അഹങ്കാരം വര്‍ദ്ധിപ്പിക്കുകയും ദ്വന്ദയുദ്ധത്തിനായി അവന് എല്ലാവരേയും വെല്ലുവിളിക്കുകയും ചെയ്തു.
ആരേയും എതിര്‍ക്കാന്‍ കിട്ടാതെ അവന് സമുദ്രത്തിലേക്കു ചാടി. സമുദ്രമാകെ ഇളകി മറിഞ്ഞു. സമുദ്രജീവികളും അവനെ അവഗണിച്ച് രക്ഷതേടി ഓടിയൊളിച്ചു. പലവര്ഷങ്ങള് ഹിരണ്യാക്ഷന് സമുദ്രതലങ്ങളും അലഞ്ഞുനടന്നു. പിന്നെ വരുണദേവനെച്ചെന്നുകണ്ടു. ഹിരണ്യാക്ഷന് വരുണന്റെ കാല്‍ക്കല്‍വീണ് പരിഹസിച്ചപമാനിച്ച് യുദ്ധത്തിനായി വെല്ലുവിളിച്ചു. “അങ്ങ് പല ദേവന്മാരേയും അസുരന്മാരേയും കീഴടക്കിയ വീരനാണല്ലോ. രാജസൂയം നടത്തിയ മഹാനുമാണല്ലോ. ഇനി എന്നേയും
യുദ്ധംചെയ്തു തോല്‍പ്പിച്ചാലും”.
വരുണന് സ്വയം കോപമടക്കി പറഞ്ഞു: “എനിക്ക് വയസ്സായിരിക്കുന്നു. നിന്നോടുപൊരുതാന് ആ പരംപൊരുളല്ലാതെ ആരുമില്ലതന്നെ. നിന്റെ യുദ്ധദാഹം തീര്‍ക്കാന്‍ അതേ മാര്‍ഗ്ഗമുളളൂ. നീ വീരനാണല്ലോ. അദ്ദേഹത്തെ സമീപിച്ചാലും. നിന്നേപ്പോലുളള വീരന്മാരും ആരാധിക്കുന്ന ആളാണ് ഭഗവാന്.” വരുണന് ഹിരണ്യാക്ഷനോട് ഭഗവാനുമായി ഏറ്റുമുട്ടിയാല്‍ എന്തുണ്ടാവുമെന്ന് പറഞ്ഞുകൊടുക്കുകയും ചെയ്തു. തോല്‍വിയും അഹങ്കാരശമനവും ഉറപ്പാണെന്ന് മുന്നറിയിപ്പും നല്കി. സ്വയം രൂപരഹിതനെങ്കിലും കാലാകാലങ്ങളില്‍ അവതരിച്ച് ധര്‍മ്മം നടപ്പിലാക്കുക എന്നത് ഭഗവല്ലീലയത്രേ.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF