യം യോഗിനോ യോഗ സമാധിനാ രഹോ
ധ്യായന്തി ലിംഗാദസതോ മുമുക്ഷയാ
ഥസ്യൈഷദൈത്യര്‍ഷഭഃ പദാഹതോ
മുഖം പ്രപശ്യംസ്തനുമുത്സസര്‍ജ്ജ ഹ (3-19-28)

മൈത്രേയന്‍ തുടര്‍ന്നു:
ഭഗവാന്‍ ബ്രഹ്മാവിന്റെ പ്രാര്‍ത്ഥനകള്‍ കേട്ട്‌ സമ്മതമെന്ന വിധത്തില്‍ പുഞ്ചിരിച്ചിട്ട്‌ രാക്ഷസനെ ഗദകൊണ്ടു പ്രഹരിച്ചു. രാക്ഷസന്‍ തന്റെ ഗദകൊണ്ട്‌ തിരിച്ചടിച്ചപ്പോള്‍ ഭഗവാന്റെ കയ്യില്‍നിന്നും ഗദ താഴെ വീണുപോയി. അത്രക്കു രണവീരനായിരുന്നു ഹിരണ്യാക്ഷന്‍. ആയുധമില്ലാത്തവനോട്‌ പോരാടാന്‍ രാക്ഷസനാണെങ്കിലും അവന്‍ വിമുഖനായിരുന്നു. ദഗവാന്‍ അവന്റെ യുദ്ധധര്‍മ്മത്തെ പ്രശംസിച്ചിട്ട്‌ തന്റെ ചക്രായുധത്തെ വരുത്തി. ഈ യുദ്ധം കണ്ടുകൊണ്ടിരുന്ന ദേവന്മാര്‍ ഭഗവല്‍വിജയത്തിനായി പ്രാര്‍ത്ഥിച്ചു.

ഹിരണ്യാക്ഷന്‍ ആകാശത്തേക്കുയര്‍ന്ന് ചാടി ഭഗവാനെ പ്രഹരിച്ചു. ഭഗവാനാകട്ടെ തന്റെ ഇടതു കാലുകൊണ്ടത്‌ തട്ടിനീക്കിക്കളഞ്ഞു. അടുത്തതവണ ഗദയുമായി വന്നപ്പോള്‍ ഭഗവാനതു പിടിച്ചെടുത്തു. പിന്നീട്‌ രാക്ഷസന്‍ തീതുപ്പുന്ന ഒരു ത്രിശൂലം ഭഗവന്റെ നേര്‍ക്കെറിഞ്ഞു. ഈ സമയം ആകാശം അത്യന്തം പ്രകാശമാനമായി. ഭഗവല്‍ചക്രം ത്രിശൂലത്തെ തുണ്ടംതുണ്ടമാക്കി. ഹിരണ്യാക്ഷന്‍ തന്റെ മുഷ്ടിചുരുട്ടി ഭഗവാനെ പ്രഹരിച്ചെങ്കിലും അത്‌ വെറുതെയായി. പിന്നീട്‌ രാക്ഷസന്‍ തന്റെ മായാവിവേലകള്‍ കാണിക്കാന്‍ തുടങ്ങി. കൊടുങ്കാറ്റും ചുഴലിയും തുടങ്ങി യുദ്ധക്കളമാകെ പൊടിപടലമായി. ആകാശം കറുത്തിരുണ്ട്‌ കല്ലുകള്‍ വര്‍ഷിക്കാന്‍ തുടങ്ങി. നക്ഷത്രങ്ങളും ഗ്രഹങ്ങളും മേഘത്തിനടിയില്‍ പോയി മറഞ്ഞു. ഭീകരമായ മിന്നലും ഇടിമുഴക്കവും ഉണ്ടായി. പര്‍വതങ്ങളില്‍ നിന്നു്‌ ആയുധങ്ങള്‍ പൊട്ടിത്തെറിച്ച് പുറത്തുവന്നു. പക്ഷേ ഭഗവല്‍ചക്രം ഒന്ന് ചുഴറ്റവേ ഇവയെല്ല‍ാം ക്ഷണനേരത്തില്‍ അപ്രത്യക്ഷമായി.

രാക്ഷസന്‍ പിന്നെ ഭഗവാനെ തന്റെ ശക്തമായ കരവലയത്തില്‍ ഒതുക്കാന്‍ ശ്രമിച്ചു. അവനപ്പോള്‍ ഭഗവാനെ കീഴടക്കുക അസാദ്ധ്യമെന്ന് മനസിലായി. ഭഗവാന്‍ ഹിരണ്യാക്ഷന്റെ ചെവിക്കു താഴെ ആഞ്ഞിടിച്ചു. അതോടെ അവന്‍ ചത്തുമലച്ചുവീണു. ദേവന്മാര്‍ സന്തോഷിച്ചു. അവര്‍ ഈ രാക്ഷസന്റെ ഭാഗ്യാതിരേകത്തെപ്പറ്റി അത്ഭുതം കൂറി.”ഭഗവാന്റെ കാലു കൊണ്ടുളള തൊഴിയേല്‍ക്കുക, ഏറ്റവുംവലിയ യോഗിവര്യന്മാര്‍ പോലും നിത്യവും പൂജിക്കുന്നു പാദാരവിന്ദങ്ങളാണത്‌. ഭഗവല്‍മുഖം കണ്ടുകൊണ്ട്‌ ശരീരമുപേക്ഷിക്കുവാന്‍ ഭാഗ്യമുണ്ടാവുക!എല്ല‍ാം രാക്ഷസവീരന്റെ സുകൃതമത്രെ. ഈ രാക്ഷസന്‍ മുജ്ജന്മങ്ങളില്‍ ഭഗവല്‍സേവയ്ക്കു നിന്നുവനാണല്ലോ. മരണശേഷം അവനാപദവിയിലേക്ക്‌ തിരിച്ചു പോവുകയും ചെയ്യും.”ദേവന്മാര്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചു, പ്രകീര്‍ത്തിച്ചു. അദ്ദേഹം വൈകുണ്ഠത്തിലേക്ക്‌ തിരിക്കുകയും ചെയ്തു.

സൂതന്‍ പറഞ്ഞു: ഹിരണ്യാക്ഷനും ഭഗവാനും തമ്മിലുളള ഈ ഏറ്റുമുട്ടലിനെപ്പറ്റി കേള്‍ക്കുകയോ പറയുകയോ ചെയ്യുന്ന ഏതൊരുവനും ധനം, കീര്‍ത്തി, ആയുസ്സ്, ഇഷ്ടസാദ്ധ്യം, പാപമോചനം എന്നിവയുണ്ടാകും.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF