അതോ ഹ്യന്യോന്യമാത്മാനം ബ്രഹ്മ ക്ഷത്രം ച രക്ഷതഃ
രക്ഷതി സ്മാവ്യയോ ദേവസ്സ യസ്സദസദാത്മക: (3-22-4)
അതോ ഭജിഷ്യേ സമയേന സാധ്വീം
യാവത്തേജോ ബിഭൃയാദാതാമനോ മേ
അതോ ധര്‍മ്മാന്‍ പാരമഹംസ്യമുഖ്യാന്‍
ശുക്ലപ്രോക്‍‍‍ത്താന്‍ ബഹുമന്യേഽവിഹിംസ്രാന്‍ (3-22-19)

മൈത്രേയമുനി തുടര്‍ന്നു:
കര്‍ദ്ദമന്റെ പ്രശംസകേട്ട്‌ ലോകത്തിലെ ആദ്യത്തെ രാജാവും നിയമജ്ഞനുമായ സ്വയംഭുമനു ഉചിതമായ ഉപചാരവാക്കുകളാല്‍ മുനിയെ വാഴ്ത്തി.

“ഭഗവാന്‍, അങ്ങയെപ്പോലുളള ബ്രാഹ്മണരെ തന്റെ വദനത്തില്‍ നിന്നു സൃഷ്ടിച്ച്, അങ്ങനെ തപസ്സിലും വിജ്ഞാനത്തിലും യോഗവിദ്യയിലും പ്രാവീണ്യമുളളവരും ഇന്ദ്രിയവിഷയങ്ങളില്‍ ആസക്തിയില്ലാത്തവരുമാക്കിയിരിക്കുന്നു. അങ്ങനെയുളളവരെ സംരക്ഷിക്കാനാണ്‌ എന്നേപ്പോലുളള രാജാക്കന്മാരെ തന്റെ കരങ്ങളില്‍നിന്നും ഭഗവാന്‍ സൃഷ്ടിച്ചിരിക്കുന്നത്‌. അതാണ്‌ രാജാക്കന്മാരും മഹര്‍ഷിമാരും പരസ്പരം കാക്കുന്നത്‌. എന്തുകൊണ്ടെന്നാല്‍ രണ്ടുപേരും ഒരേ പരമാത്മാവിന്റെ ഭാഗങ്ങളത്രെ. അതുകൊണ്ട്‌ ഭഗവാന്‍തന്നെയാണ്‌ സ്വയം സംരക്ഷിക്കുന്നതും സംരക്ഷിക്കപ്പെടുന്നതും. അങ്ങയെക്കണ്ട്‌ ആ കാലടികള്‍ വണങ്ങാന്‍ എനിക്കുകിട്ടിയ ഈ അവസരം എന്റെ ഏറ്റവും വലിയ സൗഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു. എന്റെ മകള്‍ ദേവഹൂതി അവളുടെ ഹൃദയം അങ്ങയില്‍ സമര്‍പ്പിച്ചിരിക്കയാണ്‌. നാരദമുനിയാണ്‌ അങ്ങയേപ്പറ്റി അവളോടു പറഞ്ഞത്‌. അങ്ങ്‌ ജീവിതം മുഴുവന്‍ ബ്രഹ്മചര്യവ്രതത്തിലല്ലാ എന്നറിയുന്നതുകൊണ്ട്‌ എന്റെ മകളെ പാണിഗ്രഹണം ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കയാണ്‌. അവളെ ഭാര്യയായി സ്വീകരിച്ചാലും.”

കര്‍ദ്ദമന്‍ പറഞ്ഞു. “തീര്‍ച്ചയായും അങ്ങയുടെ മകളെ വിവാഹംചെയ്ത്‌ സൃഷ്ടാവിന്റെ കല്‍പ്പന നിറവേറ്റാനും അങ്ങനെ ലോകത്ത്‌ ജനസമ്പത്തുണ്ടാക്കാനും ഞാന്‍ തയ്യാറാണ്‌. ഭഗവല്‍പാദാരവിന്ദങ്ങളെ പൂജിക്കുന്ന ഒരുവനുമാത്രമേ അങ്ങയുടെ മകളും ഉത്താനപാദന്റെ സഹോദരിയുമായ ദേവഹൂതിയെ കാണാന്‍പോലും സാധിക്കൂ. അതുകൊണ്ട്‌ ദേവഹൂതിയെ വേള്‍ക്കുന്നുത്‌ എന്റെ സൗഭാഗ്യമായിത്തന്നെ ഞാന്‍ കരുതുന്നു. ഒരു നിബന്ധനയോടെ ഞാന്‍ അവളെ പാണിഗ്രഹണം ചെയ്തുകൊളള‍ാം. അവള്‍ക്കൊരു ആണ്‍കുഞ്ഞുണ്ടാകന്നതുവരെമാത്രമേ ഞാന്‍ അവളൊന്നിച്ചുകഴിയൂ. അതുകഴിഞ്ഞ്‌ സന്യാസവൃത്തി സ്വീകരിക്കുന്നുതാണ്‌. എന്തെന്നാല്‍ ഈ സന്യാസവൃത്തി ഭഗവല്‍പ്രോക്തവും, അഹിംസാധിഷ്ഠിതവും സര്‍വ്വഥാ പ്രശംസനീയവുമത്രെ.” ഇത്രയും പറഞ്ഞ് മഹര്‍ഷി ധ്യാനത്തിലാണ്ടു.

രാജ്ഞിയുടേയും മകളുടേയും അഭിപ്രായങ്ങള്‍ വ്യക്തമായി ചോദിച്ചറിഞ്ഞശേഷം സ്വയംഭുവമനു മകളെ കര്‍ദ്ദമനു വിവാഹം ചെയ്തുകൊടുത്തു. ദേവഹൂതി ദിവ്യഗുണങ്ങളുടെ വിളനിലമായിരുന്നു. ആ ദമ്പതികളോ ഉത്തമ ജോടിയും. വിവാഹച്ചടങ്ങിനുശേഷം മകളേയും ഭര്‍ത്താവിനേയും വിട്ട്‌ മനു തന്റെ കൊട്ടാരത്തിലേക്ക്‌ മടങ്ങിപ്പോയി.

ബ്രഹിസ്മതി എന്ന തലസ്ഥാനത്തിരുന്നു രാജ്യംഭരിച്ച മനുവാണ്‌ ലോകത്തിലെ ഏറ്റവും പുരാതനമായ തത്വനിയമസംഹിതയായ മനുസ്മൃതി രചിച്ചതു. മനുഷ്യരുടെ ധര്‍മ്മങ്ങളും പലേ തൊഴിലുകളിലുളളവരുടെ ചുമതലകളും മനുസ്മൃതിയില്‍ പ്രതിപാദിച്ചിരിക്കുന്നു. എഴുപത്തിരണ്ട്‌ ചതുര്‍യുഗങ്ങളടങ്ങിയ ഒരു മന്വന്തരം മുഴുവനും സ്വയംഭുവമനു രാജാവായിരുന്നു. അദ്ദേഹം തന്റെ ജീവിതംമുഴുവനും ഭഗവാന്‍ വാസുദേവനെ മനസില്‍ ധ്യാനിച്ച്‌ അവിടുത്തെ പ്രകീര്‍ത്തിച്ചുപൂജിച്ച്‌ നിമിഷങ്ങളെ ധന്യമാക്കി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF