വിശ്രംഭേണാത്മശൌചേന ഗൌരവേണ ദമേന ച
ശുശ്രൂഷയാ സൌഹ്രദേന വാചാ മധുരയാ ച ഭോഃ (3-23-2)
വിസൃജ്യ കാമം ദംഭം ച ദ്വേഷം ലോഭമഘം മദം
അപ്രമത്തോദ്യതാ നിത്യം തേജീയാംസമതോഷയത് (3-23-3)
സംഗോ യസ്സംസൃതേര്‍ഹേതുരസത്സു വിഹിതോഽധിയാ
സ ഏവ സാധുഷു കൃതോ നിസ്സംഗത്വായ കല്‍പ്പതേ (3-23-55)
മൈത്രേയമുനി തുടര്‍ന്നു:
ദേവഹൂതി തന്റെ ഭര്‍ത്താവിനോട് അങ്ങേയറ്റത്തെ ഭക്തിയുളളവളും അദ്ദേഹത്തിന്റെ മനസ്സറിഞ്ഞു ഭക്തിയോടെ ജീവിക്കുന്നവളുമായിരുന്നു. കാമം, ക്രോധം, വെറുപ്പ്, അത്യാഗ്രഹം, പാപം, പൊങ്ങച്ചം ഇവയുടെ കളങ്കമേശാതെ ആത്മീയപ്രഭാപൂരിതനായ സ്വഭര്‍ത്താവിനെ സദാജാഗരൂകയായി സേവിച്ചു. പാതിവ്രത്യം, പവിത്രത, സദ്ഗുണസമ്പന്നത, മനോനിയന്ത്രണം, സേവനം, സ്നേഹം, മധുരോക്തികള്‍ എന്നിവകളാല്‍ ദേവഹൂതി കര്‍മ്മമമുനിയെ ഭക്ത്യാദരവോടെ പരിചരിച്ചു. സമയം കടന്നുപോയി. ദേവഹൂതി ക്ഷീണിതയും ദുര്‍ബ്ബലയുമായി. മുനി അതു മനസിലാക്കി അവളോടുളള തന്റെ സ്നേഹവായ്പ്പും ഇങ്ങനെ വെളിപ്പെടുത്തി. “നിന്റെ പരിചരണവും ഭക്തിയും എനിക്കേറ്റവും സംതൃപ്തിയേകുതാണ്. നിനക്ക് അതീന്ദ്രിയമായ കാഴ്ചയുണ്ടാകാന്‍ ഞാന്‍ അനുഗ്രഹിക്കുന്നു. ഞാന്‍ തപസ്സുകൊണ്ടു നേടിയ ശക്തികളെല്ലാം നിനക്കുകൂടി അവകാശപ്പെട്ടതത്രെ. കാരണം നിന്റെ ഭക്തിയും പ്രേമവും അങ്ങനെയുളളതാണല്ലോ.”
ദേവഹൂതി പറഞ്ഞു: “നാഥാ, അങ്ങയ്ക്ക് പലേവിധ യോഗശക്തികളും ഉണ്ടെന്ന് എനിക്കറിയാം. അങ്ങയെ ഭര്‍ത്താവായിക്കിട്ടി സേവിക്കാനിടയായതിനാല്‍ ഞാന്‍ അതീവ ഭാഗ്യവതി തന്നെ. ഇനി അങ്ങയുടെ വാക്കുനിറവേറ്റാന്‍ എനിക്ക് സന്താനഭാഗ്യംകൂടി കനിഞ്ഞേകിയാലും. അങ്ങയുടെ വരും തലമുറകള്‍ എന്നിലൂടെയാകട്ടെ.”
കര്‍ദ്ദമമുനി തന്റെ യോഗശക്തിയാല്‍ കമനീയമായ ഒരാകാശക്കൊട്ടാരം നിര്‍മ്മിച്ചു. നിര്‍മ്മിതിയിലും ഭംഗിയിലും ആ പറക്കുംകൊട്ടാരം അതിവിശിഷ്ഠമായിരുന്നു. എന്നിട്ട് ദേവഹൂതിയോട് ദിവ്യമായ ഒരു തടാകത്തിലിറങ്ങി കുളിക്കാന്‍ നിര്‍ദ്ദേശിച്ചു. ആശകളെല്ലാം സഫലമാക്കാന്‍ കഴിവുളളതത്രേ ഈ പൊയ്ക. വെളളത്തിലിറങ്ങവേ ദേവഹൂതിക്ക് തോഴികളായി വന്നത് അപ്സരകന്യകമാര്‍ തന്നെയായിരുന്നു. അവരവളെ കുളിപ്പിച്ച് ആടയാഭരണങ്ങള്‍ അണിയിച്ചൊരുക്കി. തന്റെ നാഥനെ സ്മരിച്ചമാത്രയില്‍ ദേവഹൂതി കര്‍ദ്ദമസമീപത്തെത്തുകയും ചെയ്തു. കര്‍ദ്ദമന്‍ തന്റെ ഭാര്യയില്‍ യൗവനകാന്തിയും പ്രസരിപ്പും വീണ്ടുകിട്ടിയതായി കണ്ടു. പറക്കുംകൊട്ടാരത്തില്‍ അവളേയും കയറ്റി കര്‍ദ്ദമന്‍ ലോകസഞ്ചാരം നടത്തി. നാനാദിക്കുകളിലുളള വിവിധ രാജ്യങ്ങള്‍ സഞ്ചരിച്ചു ചുറ്റിക്കണ്ടു. സുഖോദ്യാനങ്ങളും പലതിലുമവര്‍ ചുറ്റിനടന്നു സമയം ചിലവഴിച്ചു.
കര്‍ദ്ദമന്റെ ഭഗവല്‍പ്രേമവും ദേവഹൂതിയുടെ ഭര്‍ത്തൃപ്രേമവും കൊണ്ടാണ് ഇതെല്ലാം സാദ്ധ്യമായത്. അവര്‍ പര്‍ണ്ണശാലയിലേക്കു മടങ്ങി. സന്താനങ്ങള്‍ക്ക് വേണ്ടിയുളള ദേവഹൂതിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ മുനി തീരുമാനിച്ചു. ആ സാക്ഷാത്ക്കാരം നേടിയ മുനി ദേവഹൂതിയെ തന്റേതന്നെ ഭാഗമായിക്കണ്ട് സ്വയം ഒന്‍പതായി ഒന്‍പതു പെണ്‍കുട്ടികളെ ദേവഹൂതിക്ക് നല്‍കി. പ്രസവം കഴിഞ്ഞയുടനെ സന്യാസവൃത്തിക്കായി പുറപ്പെടാനൊരുങ്ങിയ കര്‍ദ്ദമനോട് ദേവഹൂതി ഒരു പുത്രനെക്കൂടി വേണമെന്നാവശ്യപ്പെട്ടു.
“മാമുനേ, അങ്ങയുടെ പുത്രിമാര്‍ എല്ലാവരും നാളെ എന്നെവിട്ട് ഭര്‍തൃഗൃഹങ്ങളിലേക്കു പോകുമല്ലോ. പിന്നെ എന്നെ നോക്കാന്‍ ആരുമില്ല. ഭൗതികലോകസുഖങ്ങള്‍ എല്ലാം ആവോളം ഞാന്‍ അനുഭവിച്ചിരിക്കുന്നു. എങ്കിലും അജ്ഞാനത്തോടുളള അടുപ്പം ഒരുവളെ ജനനമരണചക്രത്തില്‍ ബന്ധിച്ചിടുന്നു എന്ന് ഞാനറിയുന്നു. എന്നാല്‍ ദിവ്യപുരുഷന്മാരുമായുളള അടുപ്പം മുക്തിദായകമത്രേ. വിരസമായ ജീവിത ബന്ധത്തില്‍ നിന്നുളള മോചനമാണ് ഞാനാഗ്രഹിക്കന്നത്. എനിക്ക് ഭയത്തില്‍ നിന്നു മോചനംനല്‍കി അനുഗ്രഹിച്ചാലും.”
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF