അമൃതാനന്ദമയി അമ്മ
അമ്മയ്ക്ക് സ്ത്രീയും പുരുഷനും തുല്യമാണ്. ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍ പോലെയാണ് സ്ത്രീയും പുരുഷനും. ഇടതുകണ്ണിനോ പ്രധാന്യം വലതുകണ്ണിനോ പ്രാധാന്യം എന്നു ചോദിച്ചാല്‍ തുല്യപ്രാധാന്യം എന്നുപറയാനല്ലേ കഴിയൂ? ഇതുപോലെതന്നെയാണ് സമൂഹത്തില്‍ പുരുഷനും സ്ത്രീക്കുമുള്ള സ്ഥാനം. സ്ത്രീക്കു സാധിക്കാത്തതു പലതും പുരുഷനും ചെയ്യാന്‍ സാധിക്കും. പുരുഷന് നിര്‍വ്വഹിക്കാനാവാത്തതുപലതും സ്ത്രീക്കും ചെയ്യാന്‍ കഴിയും. ഇങ്ങനെ സമൂഹത്തിലുള്ള തങ്ങളുടെ സ്ഥാനം അവര്‍ സ്വയം അറിയണം. ഒരാള്‍ മറ്റൊരാളിനു സഹായിയായിത്തീരണം. പ്രകൃതിയുടെ താളലയം നിലനിര്‍ത്താന്‍കൂടി ഇതുവേണം. സ്തീയും പുരുഷനും പരസ്പരപൂരകശക്തികളായി മാറുമ്പോള്‍ അവര്‍ പൂര്‍ണ്ണത പ്രാപിക്കുന്നു.
യഥാര്‍ത്ഥത്തില്‍ പുരുഷനും സ്ത്രീയുടെ ഭാഗമാണ്. എല്ലാകുഞ്ഞുങ്ങളും അമ്മയുടെ ശരീരത്തിന്റെ ഭഗമായിട്ടാണ് ഗര്‍ഭപാത്രത്തില്‍കിടക്കുന്നത്. സൃഷ്ടിയെ സംബന്ധിച്ച് ബീജദാനമാണ് പുരുഷന്റെ കര്‍മ്മം. പുരുഷന് കേവലം ഒരു നിമിഷത്തെ കാര്യമാണത്. എന്നാല്‍ സ്ത്രീ ആ ജീവനെ സ്വീകരിച്ച് വളരാനുള്ള അന്തരീക്ഷം തന്റെ ഉള്ളില്‍ത്തന്നെ സൃഷ്ടിച്ചുകൊടുക്കുന്നു. ജന്മം നല്കുന്നതും സ്ത്രീയാണ്.
സ്ത്രീ അമ്മയാണ്, ആ മടിത്തട്ടില്‍ കുഞ്ഞായിക്കിടക്കാനുള്ള തീവ്രമായ ആഗ്രഹം എല്ലാപുരുഷന്മാരുടെയും ഉള്ളിലുണ്ട്. സ്ത്രീയോടുള്ള പുരുഷന്റെ ആകര്‍ഷണത്തില്‍ സൂഷ്മമായകാരണമിതാണ്. അവര്‍ അവളില്‍നിന്ന് ഉടലെടുത്തതാണ്. മാതൃത്വത്തെ ആര്‍ക്കും ചോദ്യംചെയ്യാന്‍ സാധിക്കില്ലല്ലോ.
ഈശ്വരന്‍ സ്ത്രീയോ പുരുഷനോ എന്നുചോദിച്ചാല്‍ ഉത്തരം സ്ത്രീയും പുരുഷനുമല്ല, ‘അതാണ്’ എന്നാണ്. എന്നാല്‍ ഏതെങ്കിലും ഒരു ലിംഗം ഈശ്വരനു കല്പിക്കണമെന്നുണ്ടെങ്കില്‍ ഈശ്വരന്‍ പുരുഷനേക്കാള്‍ ഏറെ സ്ത്രീയാണ്. കാരണം, സ്ത്രീയില്‍ പുരുഷനുണ്ടെന്നുമാത്രമല്ല, മാതൃത്വമെന്ന ഈശ്വരീയഗുണം പുരുഷനേക്കാള്‍ അധികം സ്ത്രീയിലാണ് പ്രകാശിക്കുന്നത്.
സ്ത്രീശക്തി ഇനിയും ഉണരേണ്ടതുണ്ട്. കാലഘട്ടത്തിന്റെ ആവശ്യമാണത്. ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയജ്ഞാനവും സ്ത്രീകള്‍ക്കുണ്ടാവണമെന്നാണ് അമ്മയ്ക്കുപറയുവാനുള്ളത്.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമോ വേണ്ടയോ എന്നത് പ്രത്യേകമായൊരു സാഹചര്യമാണ്.കൊടും കാടായിരുന്നതുകൊണ്ട് പണ്ട് ശബരിമലയാത്ര വളരെ ക്ലേശവും അപകടകരവുമായിരുന്നു കാട്ടുപാതയില്‍ കാട്ടാനയും കടുവയും പുലിയും ഉണ്ടായിരുന്നു. ദിവസങ്ങളോളം കാട്ടുപാതയില്‍ നടന്നുവേണമായിരുന്നു പണ്ട് മലയിലെത്താന്‍. സ്ത്രീകള്‍കൂടെയുണ്ടെങ്കില്‍ ഇത്തരം സാഹചര്യങ്ങളെനേരിടാന്‍ അക്കാലത്ത് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ടാവണം, അക്കാലത്ത് ശബരിമലയില്‍ സ്ത്രീകളെ കൊണ്ടുപോകാതെയിരുന്നത്. മാത്രമല്ല ഈ വിഷയത്തില്‍ ആചാര്യന്മാരുടെ അഭിപ്രായം കണക്കിലെടുക്കണം. ധര്‍മ്മത്തെതാങ്ങി നിര്‍ത്തുന്ന തൂണുകളിലൊന്നാണ് ആചാരങ്ങള്‍. അതുകൊണ്ട് ആചാരാനുഷ്ടാനങ്ങള്‍ പാടെ വേണടെന്നവയ്ക്കുന്നതും അപകടമാണ്.
ആരാധനാസ്വാതന്ത്ര്യം പുരുഷനെപോലെതന്നെ സ്ത്രീയ്ക്കും ഉണ്ടാകണമെന്നാണ് അമ്മയുടെ അഭിപ്രായം. ബ്രഹ്മസ്ഥാനക്ഷേത്രങ്ങളില്‍ ബ്രഹ്മചാരിണികളെകൊണ്ട് ശാസ്ത്രവിധിപ്രകാരം അമ്മ പൂജചെയ്യിക്കുന്നുണ്ട്. സ്ത്രീപുരുഷഭേദമില്ലാത്ത ഈശ്വരനെയാണ് അവര്‍ ആരാധിക്കുന്നത് എന്നാണ് അമ്മയ്ക്ക് ഇതേക്കുറിച്ച് പറയാനുള്ളത്. ഈശ്വരന്റെ മുമ്പിലെങ്കിലും വേര്‍തിരിവും വ്യത്യാസവും ഇല്ലാത്തവരാകാന്‍ നമുക്ക് ശ്രമിക്കാം.
കടപ്പാട് : മാതൃഭുമി