അഗാധവും കഠിനങ്ങളുമായ തത്ത്വങ്ങള്‍ ഭഗവാന്‍ ബാബ ലളിതമായി ഉടന്‍ മനസ്സിലാക്കുംവിധം വളരെ ലളിതമായ കഥകളിലൂടെ, ഉപമകളിലൂടെ നമുക്ക് പറഞ്ഞു തരുന്നു. ജീവിത പ്രശ്നങ്ങളില്‍ ഭഗവാന്റെ‍ ദിവ്യോപദേശങ്ങളാണിവ. ആ ഉപമകളും കഥകളും മഹത്തുക്കളുടെ ചില ജീവിതസംഭവങ്ങളും ഉപദേശങ്ങളും ശ്രീ സായിദാസ് സമാഹരിച്ചു നല്ലൊരു നാളെ, നാം മുന്നോട്ട് എന്നീ ഗ്രന്ഥങ്ങളായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരു നിമിഷത്തെ ചിന്തയാണ് നമ്മെ പുരോഗതിയിലേക്കോ അധോഗതിയിലേക്കോ നയിക്കുന്നത്. ആ ചിന്ത നന്നെങ്കില്‍ നാം നന്മയിലേക്ക് തിരിയുന്നു. മോശമെങ്കില്‍ അധോഗതിയിലേക്കും.

ചിന്ത പ്രവൃത്തിയിലേക്ക് നയിക്കുന്നു. പ്രവൃത്തിയാകട്ടെ ഫലത്തിലേക്കും വഴിയൊരുക്കുന്നു. അപ്പോള്‍ ചിന്ത നല്ലതെങ്കില്‍ ഫലവും നല്ലതാകും. അതായത് നല്ല ഫലം കിട്ടാന്‍ നല്ല ചിന്ത വേണം.

ഇന്നലത്തെ പ്രവൃത്തിയാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഇന്നത്തെ പ്രവൃത്തിയാണ് ഭാവി എങ്ങനെയെന്നു നിശ്ചയിക്കുന്നത്. അപ്പോള്‍ നല്ല ചിന്ത വളര്‍ത്തി നല്ല ഫലം കൊയ്യാം.

ക്ലേശങ്ങളും ദുഖങ്ങളും ജീവിതത്തെ തേച്ചുമിനുക്കാനുള്ളതാണ്‌, തകര്‍ക്കാനുള്ളതല്ല. അതിനു തെളിവ് മഹത്തുക്കളുടെ ജീവിതം തന്നെ. അവരുടെ വാക്കുകളും ജീവിതസന്ദര്‍ഭങ്ങളും നമ്മില്‍ ആവേശം ഉണര്‍ത്തും. നമ്മിലെ നിരാശ അകറ്റും. ഈ ഗ്രന്ഥങ്ങളിലെ കഥകളും ഉപമകളും ജീവിതത്തിന്റെ‍ ചൂടുള്ളവയാണ്. മഹത്തുക്കള്‍ സ്വയം ജീവിച്ചു കാണിച്ചവയാണ് ഇതിലെ പ്രതിപാദ്യം.


ഈ കഥകള്‍ ആത്മവിശ്വാസവും പ്രതീക്ഷയും കരുത്തും തൊട്ടുണര്‍ത്തുന്നു. നേതൃനിരയിലേക്ക് വളരാന്‍ യുവജനങ്ങള്‍ക്ക്‌ ഇവ പ്രചോദനമേകുന്നു. കൊച്ചുകഥകളും കാര്യങ്ങളും മക്കള്‍ക്ക്‌ പറഞ്ഞുകൊടുക്കാന്‍ ഈ ഗ്രന്ഥങ്ങള്‍ മാതാപിതാക്കളെ സഹായിക്കുന്നു . നിത്യപാരായണത്തിനും മനനത്തിനും സാധകന് നിധിയാണ് ഇവയിലെ സാരം. വായിക്കുന്നവര്‍ക്ക് സന്ദര്‍ഭം മനസ്സിലാക്കുന്നതിനു വേണ്ടി ഓരോ കഥയ്ക്കും ഉപമയ്ക്കും പറ്റിയ ചോദ്യങ്ങള്‍ ശ്രീ സായിദാസ് ചേര്‍ത്തിട്ടുണ്ട്.

ഈ പ്രചോദന കഥകളുടെ സമ്പാദകനായ ശ്രീ സായിദാസ്‌ അവര്‍കള്‍ക്ക് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. ശ്രേയസ് കാംക്ഷിക്കുന്ന മുമുക്ഷുക്കള്‍ക്ക് ഈ കൊച്ചുകഥകള്‍ അമൃതബിന്ദുക്കളായി അനുഭവപ്പെടട്ടെ.

ദിവസവും ഒന്നോ രണ്ടോ കഥകള്‍ ശ്രേയസ്സില്‍ പ്രസിദ്ധീകരിക്കാം.