പ്രശസ്തമായൊരു ഗണപതി ക്ഷേത്രം സന്ദര്‍ശിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരാഗ്രഹം. ഒരു ഗണപതി വിഗ്രഹം വാങ്ങണം. അദ്ദേഹം കടകള്‍ കയറി ഇറങ്ങി. മനസ്സിനിഷ്ടപ്പട്ട ഒരു വിഗ്രഹം തിരഞ്ഞെടുത്തു. ഹോട്ടല്‍ മുറിയില്‍ ചെന്ന് വീട്ടിലേക്ക് തിരിച്ചു പോകാനായി പെട്ടി ഒതുക്കിയപ്പോഴാണ് വിഗ്രഹം അതില്‍ കൊള്ളുകയില്ലെന്നറിഞ്ഞത്. അദ്ദേഹം തിരിച്ച് കടയിലെത്തി.

“ഇത് പെട്ടിയില്‍ കൊള്ളുകില്ല; കുറച്ചു ചെറുത് മതി” കടയുടമ ചെറിയൊരു വിഗ്രഹം കൊടുത്തു വിട്ടു. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ഒരാള്‍ പറ‍ഞ്ഞു: “​എല്ലാവര്‍ക്കും ആവശ്യം തങ്ങളുടെ പെട്ടിയില്‍ ഒതുങ്ങുന്ന ഈശ്വരനെയാണ്.”

വലിയൊരു സന്ദേശം ഇതിലുണ്ട്. ഈശ്വരനെ അവിടുത്തെ സര്‍വ്വ വലിപ്പത്തോടും മേന്മയോടും കൂടി ഉള്‍ക്കൊളളുവാന്‍ തക്കവണ്ണം നമ്മുടെ മനസ്സ് വിശാലമാക്കി നാം സ്ഥാനം കൊടുക്കുന്നില്ല. മറിച്ച് നമ്മുടെ സങ്കുചിതമായ, ഇടുങ്ങിയ മനസ്സില്‍ ഈശ്വരനെ ചെറുതാക്കി, ‘അംഗഭംഗം’ വരുത്തി പ്രതിഷ്ടിക്കുകയാണ് നാം. അങ്ങനെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ഈശ്വരന് അനുഗ്രഹിക്കാനുള്ള ശക്തി ഉണ്ടാകുമോ? തീര്‍ച്ചയായും ഇല്ല. ഈശ്വരനെ അവിടുത്തെ സമസ്തപ്രഭാവത്തെടും കൂടി ഹൃദയത്തില്‍ ഉറപ്പിക്കുക. അപ്പോള്‍ നാം ലോകം മുഴുവനും ഉള്‍ക്കൊള്ളാനാകും വിധം വളരുന്നതറിയാം.

കടപാട്: നല്ലൊരു നാളെ