ത്യാഗം ചെയ്യുവാനുള്ള മനസ്സ് ഉണ്ടാക്കിയെടുക്കണം
പണ്ട് നേതാവായി ചൂണ്ടിക്കാണിക്കുവാന്‍ ഗാന്ധിജിയെപ്പോലുള്ളവര്‍ ഉണ്ടായിരുന്നു. ഇന്നെന്തേ അത്തരം മഹത്തുക്കള്‍ ഉണ്ടാകാത്തത്?
താന്‍ ഭൂലോകത്ത് കണ്ട അത്യത്ഭുതത്തെക്കുറിച്ച് നാരദമുനി ഒരിക്കല്‍ പറഞ്ഞു.
“ഭൂലോകത്ത് എല്ലാവരും പുണ്യം ആഗ്രഹിക്കുന്നു. പക്ഷേ അതിനായി നന്മ ചെയ്യാന്‍ ആരും ഒരുക്കമല്ല!”
“ലോകത്തില്‍ എല്ലാവരും പാപത്തെ ഭയക്കുന്നു. പക്ഷേ എന്നിട്ടും തെറ്റുകള്‍ ചെയ്യാതിരിക്കാന്‍ ആരും ശ്രമിക്കുന്നില്ല!”
ഇതാണ് മനുഷ്യന്റെ നില. പലപ്പോഴും അവന് ആഗ്രഹങ്ങള്‍ ഉണ്ട്. പക്ഷേ അത് സാധിക്കുന്നതിനായി കഠിനപരിശ്രമം ചെയ്യാന്‍ അവന്‍ ഒരുങ്ങുന്നില്ല. പിന്നെങ്ങനെ അവന്റെ മനോരഥം സഫലമാകും?
സമൂഹത്തിന്റെ ഏതു തുറയിലും ഇത് വ്യക്തമായികാണാം. ധര്‍മ്മം അനുഷ്ഠിക്കുന്നവന് അര്‍ഹിക്കുന്നത് തീര്‍ച്ചയായും ലഭിക്കും. പക്ഷേ, ധര്‍മ്മം അനുഷ്ഠിക്കണമെങ്കില്‍ ത്യാഗം ചെയ്യുവാനുള്ള മനസ്സു വേണം. ഇന്നത്തെ വിദ്യാഭ്യാസം ആ ത്യാഗബുദ്ധി പഠിക്കുന്നില്ല എന്നതാണ് ദുഃഖകരം. ത്യാഗത്തിലൂടെയല്ലാതെ മഹത്തായതൊന്നും, ഒരിക്കലും, ആരും നേടിയിട്ടില്ല, ത്യാഗത്തിലൂടെയല്ലാതെ മഹാന്മാരുമായിട്ടില്ല.
കടപ്പാട്: നല്ലൊരു നാളെ