സഹവാസംകൊണ്ട് ഒരാളില്‍ മറ്റൊരാളുടെ സ്വഭാവം കടന്നു കൂടുമോ?

മഹാനായ ഭീഷ്മപിതാമഹന്‍ ശരശയ്യയില്‍ കിടക്കുന്നു. പാണ്ഡവരും പാഞ്ചാലിയും ശ്രീകൃഷ്ണനും സമീപത്തുണ്ട്. വേദനാപൂര്‍ണമായ കിടപ്പില്‍ കിടന്നുകൊണ്ട് ഭീഷ്മര്‍ ധര്‍മ്മോപദേശം നടത്തി.

പെട്ടെന്ന് പാഞ്ചാലി അടക്കി ചിരിച്ചു. എല്ലാവരും സ്തബ്ധരായി. ഭീഷ്മര്‍ ചിരിയുടെ കാരണം തിരക്കി.

പാഞ്ചാലി: “പിതാമഹാ! ക്ഷമിക്കണം. അന്ന് കൗരവസഭയില്‍ വച്ച് ഞാന്‍ അപമാനിതയായപ്പോള്‍ അങ്ങയുടെ ഈ ധര്‍മ്മബോധം എവിടെയായിരുന്നു? അതോ അതിനുശേഷമാണോ ഈ ജ്ഞാനം ഉണ്ടായത്?”

ഭീഷ്മര്‍ : “മകളെ, നിന്റെ ചോദ്യം യുക്തം തന്നെ. ദുര്യോധനന്റെ കൂടെ കഴിഞ്ഞ്, അയാളുടെ ഭക്ഷണവും കഴിച്ച് ഞാന്‍ കാലംപോക്കിയപ്പോള്‍ എന്നിലെ ധര്‍മ്മബോധം മങ്ങിയിരുന്നു. ഇന്ന് അര്‍ജുനന്റെ ശരങ്ങളേറ്റ് ആ ഭക്ഷണം നല്‍കിയ ദുഷിച്ച രക്തമെല്ലാം വാര്‍ന്നു പോയി. അതോടെ സത്ബുദ്ധി ഉണര്‍ന്നു. അതാണ് കാരണം.”

ദുര്‍ജനങ്ങളുമായിട്ടുള്ള സഹവാസം ഏതു ജ്ഞാനിയുടെയും ബുദ്ധി മലിനമാക്കും എന്ന സത്യമാണ് ഈ സംഭവത്തിലൂടെ മനസ്സിലാക്കേണ്ടത്.

കടപ്പാട്: നല്ലൊരു നാളെ