അമൃതാനന്ദമയി അമ്മ

അമ്മയുടെ ജന്‍മദിന വേളയില്‍ മക്കളെല്ലാം ഒത്തുകൂടുന്നു. ജന്മദിനാഘോഷത്തില്‍ അമ്മയ്ക്ക് താല്പര്യമില്ല. പക്ഷേ, മക്കളുടെ സന്തോഷം അമ്മയോടൊത്ത് ഒന്നിച്ചു കൂടുന്നതാണ്. അമ്മയ്ക്ക് ഇതു മക്കളെ സേവിക്കാനും സ്നേഹിക്കാനുമുള്ള മറ്റൊരു അവസരവുമാണ്. എല്ലാറ്റിനുമുപരി അക്രമവും ദുരന്തങ്ങളും വിദ്വേഷവും കൊണ്ട് കലുഷിതമായ ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി ഒന്നിച്ചിരുന്നു പ്രാര്‍ഥിക്കുവാനുള്ള സന്ദര്‍ഭം കൂടിയാണിത്.

ജന്മദിനവേളയില്‍ മക്കളെ ഒന്നിച്ചു കാണുന്നതില്‍ അമ്മയ്ക്ക് സന്തോഷമുണ്ട്. സേവന മനോഭാവമുള്ള മക്കളാണ് ഒരമ്മയ്ക്ക് അഭിമാനവും സമൂഹത്തിന് സൗന്ദര്യവും പകരുന്നത്. അമ്മയുടെ ജന്മദിനവേളകളില്‍ എത്ര മക്കള്‍ ഒത്തുകൂടി എന്നതല്ല അമ്മ നോക്കുന്നത്, ഒത്തുകൂടിയ മക്കളുടെ ഹൃദയങ്ങള്‍ തമ്മിലുള്ള ഐക്യമാണ് അമ്മയ്ക്കു പ്രധാനം.

കഴിഞ്ഞ കുറെ വര്‍ഷത്തെ സംഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ പലതരം ദുരന്തങ്ങളാണ് മനസ്സില്‍ തെളിയുന്നത്. എത്രമാത്രം സ്വത്തും ജീവനുമാണ് സുനാമി അപഹരിച്ചത്? അതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം, ഭീകരാക്രമണങ്ങള്‍, അപകടങ്ങള്‍ ഒക്കെക്കൂടി ചിന്തിക്കുമ്പോള്‍ സമൂഹം ഭയാനകമായൊരു നീരാളിപ്പിടിത്തത്തില്‍ അമര്‍ന്നിരിക്കുന്നതായി തോന്നുന്നു. ഇങ്ങനെയുള്ള പ്രതിസന്ധികളെ രണ്ടു രീതിയില്‍ അഭിമുഖീകരിക്കാം – ഭയന്നോടാം അല്ലെങ്കില്‍ സ്നേഹംകൊണ്ട് അതിജീവിക്കാന്‍ ശ്രമിക്കാം.

ഭയം നമ്മുടെ ഉള്ള ശക്തികൂടി ചോര്‍ത്തികളയുന്നു. നമ്മെ കാറ്റിലെ കരിയിലകള്‍ പോലെ പറത്തിക്കളയുന്നു. നിഴലിനെ ഭയന്നോടുന്നതുകൊണ്ട് നിഴല്‍ ഇല്ലാതാകുന്നില്ല. നമ്മള്‍ ഓടിത്തളര്‍ന്ന് വീഴും. നിഴലില്ലാതാകുന്നത് പ്രേമത്തിന്റെ പ്രകാശം പരക്കുമ്പോഴാണ്. പ്രേമമാണ് നമ്മുടെ ശക്തി. പ്രേമമാണ് നമ്മുടെ അഭയം. ഇത്തരം സംഭവങ്ങള്‍ നമ്മുടെ ശക്തിചോര്‍ത്താന്‍ ഇടയാക്കരുത്. പ്രതിസന്ധികളില്‍നിന്ന് ശക്തിയാര്‍ജിച്ച് വളരാനും അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കാനും നമുക്ക് കഴിയണം.

മനുഷ്യ ജീവിതം നമുക്ക് കിട്ടിയിരിക്കുന്നത് പ്രതിബന്ധങ്ങളെ നേരിടാനും അതിജീവിക്കാനുമാണ്. അല്ലാതെ അവയില്‍നിന്ന് ഒളിച്ചോടാനല്ല. ഒരു കപ്പല്‍ കടലില്‍ ഇറക്കുമ്പോള്‍ അതിനു കൊടുങ്കാറ്റുകളെയും തിമിംഗങ്ങളെയും കടല്‍ക്ഷോഭത്തെയുമെല്ലാം നേരിടേണ്ടിവരും. എന്നാല്‍ തുറമുഖത്തു നങ്കൂരമിട്ടു കിടക്കുന്ന കപ്പലിന് ഈവിധ അപകടമൊന്നുമില്ല. എന്നുവെച്ച് ആരെങ്കിലും എന്നും തുറമുഖത്ത് നങ്കുരമിട്ടു കിടക്കാനായി മാത്രം കപ്പല്‍ ഉണ്ടാക്കുമോ? അതുപോലെ വിമാനമായാലും റോക്കറ്റായാലും തറയില്‍ കിടക്കുന്നതാണ് ഏറ്റവും സുരക്ഷിതം എന്നു കരുതി അവ ഒരിക്കലും പറക്കാതെയിരിക്കുമോ?

പ്രതിസന്ധികള്‍ വരുമ്പോള്‍ മനോധൈര്യത്തെ വളര്‍ത്തി, നിസ്വാര്‍ഥതയുടെയും സ്നേഹത്തിന്റെയും നറുമണം പരത്താന്‍ നമുക്കു കഴിയണം. ദുഃഖത്തിലാണ്ടു കിടക്കുന്നവരെ കൈപിടിച്ചു നയിക്കാന്‍ നമുക്കു കഴിയണം. ജീവിതത്തില്‍ നമുക്ക് എപ്പോഴും നല്ലതുമാത്രം കിട്ടിയെന്നു വരില്ല. വാസ്തവത്തില്‍ നല്ലതിനേക്കാള്‍ ഏറെ ചീത്ത അനുഭവങ്ങള്‍ ആയിരിക്കും നമ്മെ കാത്തിരിക്കുന്നത്. അതാണ് ലോകസ്വഭാവം. അത്തരം സന്ദര്‍ഭങ്ങളെ നമ്മുടെ വിജയത്തിനും ഉയര്‍ച്ചയ്ക്കുമുള്ള ചവിട്ടുപടികളായിത്തീര്‍ക്കാന്‍ പഠിക്കണം. അതിന് ആത്മീയതയില്‍ ഉറച്ച വിവേകബുദ്ധി ഉണ്ടാവണം.

ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍, പലരും നമ്മളെ വാക്കും പ്രവൃത്തിയുംകൊണ്ട് ചെളിവാരിയെറിഞ്ഞേക്കാം. അപ്പോള്‍ തളരാതെ അതു മനസ്സില്‍ നിന്നു കുടഞ്ഞുകളയാന്‍ നമുക്കു കഴിയണം. എങ്കിലേ മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന വിമര്‍ശനങ്ങളുടെ പൊട്ടക്കിണറ്റില്‍നിന്ന് കരകയറി ജീവിതത്തില്‍ വിജയംകൈവരിക്കാന്‍ കഴിയൂ.

നമ്മുടെ ദുരിതങ്ങള്‍ക്ക് ഏതെങ്കിലും വ്യക്തിയേയോ സാഹചര്യത്തെയോ പ്രക‍ൃതിയേയോ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. അവയുടെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാനാണ് മക്കള്‍ ശ്രമിക്കേണ്ടത്. ഈ ദിശയില്‍ മക്കളുടെ പരിശ്രമം ഉണ്ടാവണം എന്നാണ് അമ്മ ആഗ്രഹിക്കുന്നത്.

കടപ്പാട്: മാതൃഭുമി