പ്രചോദന കഥകള്‍

മരണത്തെ ഭയപ്പെടുന്നതില്‍ അര്‍ത്ഥമുണ്ടോ?

പഴയൊരു അറേബ്യന്‍ കഥ കേട്ടോളൂ.

ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ വേലക്കാരന്‍ പരിഭ്രമിച്ച് ഓടി വരുന്നത് കണ്ട് മുതലാളി കാര്യം തിരക്കി.

അയാള്‍ പറഞ്ഞു.”ബാഗ്ദാദിലെ തിരക്കുള്ള വീഥിയില്‍വച്ച് ഞാന്‍ മരണത്തെ കണ്ടു. മരണം എന്നെ സൂക്ഷിച്ച് നോക്കി. മരണം എന്നെ കൊണ്ടുപോയാലോ എന്നു ഭയന്ന് ഓടിപ്പോന്നതാ.”

“എങ്കില്‍ നീ ഉടന്‍ സഹാറയിലേക്ക് പൊയ്ക്കോ. ഏറ്റവും വേഗതയുള്ള കുതിരയെ തന്നെ എടുത്തോളൂ.”

അങ്ങനെ അയാള്‍ മരണത്തില്‍ നിന്ന് ഒളിക്കാനായി സഹാറാ മരുഭൂമിയിലേക്ക് കുതിച്ചു.

പിന്നീട് സാധനങ്ങള്‍ വാങ്ങാനായി മുതലാളി ബാഗ്ദാദിലേക്ക് യാത്രയായി. അവിടെവച്ച് അദ്ദേഹം മരണത്തെ കണ്ടു. മുതലാളി മരണത്തോട് ചോദിച്ചു:

“അങ്ങ് എന്തിനാണ് എന്റെ ജോലിക്കാരനെ ഭയപ്പെടുത്തിയത്?”

മരണം പറഞ്ഞു, “ഹേയ്, ഞാന്‍ ഭയപ്പെടുത്തിയതല്ല. അയാളെ കണ്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി.”

“ഉം… അതെന്താ?” ആകാംക്ഷയോടെ മുതലാളി തിരക്കി.

“ഇന്നു വൈകുന്നേരം അയാളെ എനിക്ക് സഹാറയില്‍വച്ച് പിടികൂടാനുള്ളതാണ്. അങ്ങനെയുള്ള ഒരാള്‍ ഇവിടെ നില്ക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി.”

മരണത്തില്‍ നിന്ന് ഒളിച്ചോടാനല്ല ശ്രമിക്കേണ്ടത്, അത് വിഫലം. ധീരതയോടെ മരണത്തെ നേരിടുവാന്‍ കഴിയണം. ഉറച്ച ഈശ്വര വിശ്വാസം അതിനുള്ള കരുത്തു നല്കും.

കടപ്പാട്: നല്ലൊരു നാളെ

Back to top button