ഓഫീസിലെ പുതിയ ഭരണസംവിധാനം വല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഭയം തോന്നുന്നു.
രസകരമായ ഒരു കഥ കേള്‍ക്കൂ.
അമേരിക്കയും റഷ്യയും ചന്ദ്രനില്‍ പോകാന്‍ നിശ്ചയിച്ചു. ചന്ദ്രനില്‍ ചെല്ലുമ്പോള്‍ അവിടെ വെച്ച് എഴുതാന്‍ പറ്റുന്ന ഒരു പേന വേണം. ഭൂമിയില്‍ ഉപയോഗിക്കുന്ന മഷി, പേന, ബോള്‍പേന അതൊന്നും ചന്ദ്രമണ്ഡലത്തിലെ അന്തരീക്ഷത്തില്‍ ഉപയോഗിക്കാനാവില്ലത്രേ, അതിലെ മഷി കട്ടപിടിച്ചു പോകും.
അതിനുപറ്റുന്ന ഒരു പേന നിര്‍മ്മിക്കാന്‍ അമേരിക്ക 25 ലക്ഷം ഡോളര്‍ ഗവേഷണത്തിനായി ചിലവഴിച്ചു, പേന കണ്ടുപിടിക്കുകയും ചെയ്തു. പക്ഷേ റഷ്യക്കാര്‍ ഒരു റൂബിള്‍ മാത്രം ചിലവഴിച്ച് പ്രശ്നം പരിഹരിച്ചു. എങ്ങനെയെന്ന് ശ്രദ്ധിക്കൂ. അവര്‍ ചന്ദ്രനിലേക്ക് പെന്‍സില്‍ കൊണ്ട് പോയാല്‍ മതിയെന്ന് തീരുമാനിച്ചു. ഇതൊരു കഥയാണെങ്കിലും കാര്യമുണ്ട്. അമേരിക്കയുടെ ചിന്ത പ്രശ്നങ്ങളെക്കുറിച്ചായിരുന്നു, റഷ്യയുടെ ചിന്ത പരിഹാരത്തെക്കുറിച്ചും.
നാം പലപ്പോഴും പ്രശ്നങ്ങളെക്കുറിച്ചാണ് തല പുണ്ണാക്കുന്നത്, പരിഹാരത്തെക്കുറിച്ചല്ല. നമ്മുടെ ഓഫീസിലോ, പ്രവര്‍ത്തനസ്ഥലങ്ങളിലോ അധികാരികള്‍ ഒരു പുതിയ സംശയം അവതരിപ്പിച്ചാല്‍, ആദ്യം അതിനെ എതിര്‍ക്കുകയല്ല വേണ്ടത്. അതുകേട്ട് ഹാലിളകുകയുമരുത്.
ഓഫീസിലെ പുതിയ ഭരണക്രമം നിങ്ങളില്‍ അസ്ഥത ഉളവാക്കരുത്. പകരം ശാന്തമായി, പുതിയ ആശയങ്ങളില്‍ പ്രശ്നമുണ്ടെങ്കില്‍ അതിന്റ പരിഹാരത്തെക്കുറിച്ച് ചിന്തിക്കുക. പ്രശ്നങ്ങളെക്കുറിച്ചുള്ള ചിന്ത പുതിയ പ്രശ്നങ്ങള്‍ ഉളവാക്കുകയേയുള്ളു. ഇതിനര്‍ത്ഥം പ്രശ്നങ്ങളില്‍ പ്രതികരണം വേണ്ട എന്നല്ല. പ്രതികരണം പുതിയ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കരുത് എന്നു മാത്രം. പരിഹാരമാണ് ആഗ്രഹമെങ്കില്‍ പരിഹാരത്തെക്കുറിച്ചുതന്നെ ചിന്തിക്കണം.
കടപ്പാട്: നാം മുന്നോട്ട്