ചൂതില്‍ തോറ്റ നളന്‍ ദമയന്തിയോടൊപ്പം വനത്തിലെത്തി. ക്ലേശങ്ങള്‍ ഒന്നൊന്നായി നളനെ വേട്ടയാടി. ദമയന്തി രക്ഷപ്പെടട്ടെ എന്നു കരുതി രാജാവ് ഉറങ്ങിയപ്പോള്‍, വനത്തിലുപേക്ഷിച്ചു യാത്രയായി. തന്നെ കാണാതെ വരുമ്പോള്‍ ദമയന്തി പിതൃരാജ്യങ്ങളിലേക്ക് എങ്ങനെയെങ്കിലും രക്ഷപ്പെടുമെന്ന് നളന്‍ കണക്കുക്കൂട്ടി.
ഉറങ്ങിക്കിടന്ന ദമയന്തിയെ പെരുമ്പാമ്പ് ചുറ്റി. ഞെട്ടി ഉണര്‍ന്ന ദമയന്തി ഭയന്ന് നിലവിളിച്ചു. അതുകേട്ട് ഒരു കാട്ടാളന്‍ ഓടിയെത്തി സര്‍പ്പത്തെ വധിച്ചു. പക്ഷേ ദമയന്തിയുടെ അനുപമസൗന്ദര്യത്തില്‍ മതിമയങ്ങിയ കാട്ടാളന്‍ മറ്റൊരു സര്‍പ്പമായി. അവന്‍ ദമയന്തിയെ കടന്നുപിടിക്കാന്‍ ഒരുമ്പെട്ടു. താന്‍ അപമാനിക്കപ്പെടാന്‍ പോകുന്നു എന്ന ചിന്ത ദമയന്തിയെ ക്രുദ്ധയാക്കി. അവള്‍ കാട്ടാളനെ തുറിച്ചു നോക്കി. കോപാഗ്നിയില്‍ ആനിമിഷം അവന്‍ ഭസ്മമായിത്തീര്‍ന്നു.
പെരുമ്പാമ്പില്‍ നിന്നും രക്ഷപ്പെടാന്‍ സഹായം തേടിയ ദമയന്തിക്ക് അതിനേക്കാള്‍ ശക്തനായ കാട്ടാളനെ വധിക്കാന്‍ ഒരു നോട്ടമേ വേണ്ടിവന്നുള്ളു! കാരണം എന്ത്? അതാണ് അബലയുടെ ബലം. ശരീരം കൊണ്ടേ സ്ത്രീക്ക് അബലത്വമുള്ളു. മാനസികമായി ശക്തിസ്വരൂപിണിയാണവള്‍. പാമ്പ് ചുറ്റിയപ്പോള്‍ മരണഭയമേ ദമയന്തിക്കുണ്ടായുള്ളു. കാട്ടാളന്‍ പിടിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ മാനഹാനിയായിരുന്നു പ്രശ്നം.
പതിവ്രതയ്ക്ക് മാനഹാനി മരണത്തേക്കാള്‍ ഭയാനകം. അത് അവളിലെ വീര്യത്തെ പ്രോജ്ജ്വലിപ്പിച്ചു. അതിനുമുന്നില്‍ കാട്ടാളന്‍ ഭസ്മമായി. സ്ത്രീ ശാന്തസ്വരൂപിണിയാണ്, പക്ഷേ ശക്തിസ്വരൂപിണിയുമാണ്. തന്നിലെ ശക്തി സ്ത്രീ തിരിച്ചറിഞ്ഞാല്‍ അവള്‍ക്കീലോകത്തെ സ്വര്‍ഗസമാനമാക്കി ചമയ്ക്കാന്‍ കഴിയും.
കടപ്പാട്: നാം മുന്നോട്ട്