വലിയ തത്വങ്ങള്‍ പറയുന്ന പലരും ജീവിത വിജയം നേടിക്കാണുന്നില്ല; എന്താണ് കാര്യം?

വീട്ടിലെത്താന്‍ രാത്രി ഏറെ വൈകുമെന്ന് മനസ്സിലായപ്പോള്‍ യജമാനനും കാര്യസ്ഥനും വഴിയമ്പലത്തില്‍ തങ്ങാന്‍ തീരുമാനിച്ചു. കള്ള‍ന്മാരുടെ ശല്യം വളരെയുണ്ട്. യജമാനന്‍ ഒരു ഉപായം പറഞ്ഞു, “നീ ഉറങ്ങാതിരിക്കണം. നമ്മുടെ പെട്ടികളില്‍ എപ്പോഴും ശ്രദ്ധ വേണം. ഉറക്കം വരാതിരിക്കാന്‍ വലിയ വലിയ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ടിരുന്നാല്‍ മതി.”

അയാള്‍ സമ്മതിച്ചു. യജമാനന്‍ ഉറങ്ങാന്‍ കിടന്നു. അര്‍ദ്ധരാത്രിയായപ്പോള്‍ അദ്ദേഹം ഉണര്‍ന്നു. കാര്യസ്ഥന്‍ ശരിക്കും ജോലിചെയ്യുന്നുണ്ടോ എന്നറിയാനായി തിരക്കി.

“നീ ഉറങ്ങുകയാണോ?”

“അല്ല.”

“നീ എന്താ ഇപ്പോള്‍ ചിന്തിക്കുന്നത് ?”

“ആകാശത്ത് ഇത്രയും നക്ഷത്രങ്ങള്‍ പിടിപ്പിക്കാന്‍ ദൈവം ഉപയോഗിച്ച ഗോവണി എവിടെ ചാരിവെച്ചിരിക്കുന്നു എന്ന് ചിന്തിക്കുവാ ഏമാനേ.”

“മിടുക്കന്‍!” യജമാനന് കാര്യസ്ഥന്റെ വലിയ ചിന്തയില്‍ മതിപ്പു തോന്നി. അദ്ദേഹം വീണ്ടും ഉറങ്ങി. രണ്ടുമണിയായപ്പോള്‍ ഉണര്‍ന്നു. കാര്യസ്ഥനോട് ചോദ്യം ആവര്‍ത്തിച്ചു.

“ഈ നദികളൊക്കെ ഉണ്ടാക്കാനായി കുഴിച്ചെടുത്ത മണ്ണൊക്കെ ദൈവം ഇട്ടിരിക്കുന്നത് എവിടെയാണെന്നാ ഞാനിപ്പോള്‍ ചിന്തിക്കുന്നത്.”

വലിയ വലിയ കാര്യങ്ങളെക്കുറിച്ചു തന്നെ കാര്യസ്ഥന്‍ ചിന്തിക്കുന്നു, അവന്‍ ഉറങ്ങില്ലായെന്ന് യജമാനന് ബോദ്ധ്യമായി.

നേരം പുലരാറായപ്പോള്‍ യജമാനന്‍ എഴുന്നേറ്റു. അപ്പോഴും കാര്യസ്ഥന്‍ ചിന്തയില്‍. ഇപ്പോള്‍ എന്താണ് ആലോചിക്കുന്നതെന്ന് യജമാനന്‍ തിരക്കി. കാര്യസ്ഥന്‍ പറഞ്ഞു, “അല്ല ഇതിനിടയില്‍ ആരാ നമ്മുടെ പെട്ടികള്‍ ഒരനക്കം പോലും ഉണ്ടാകാതെ മോഷ്ടിച്ചുകൊണ്ട് പോയതെന്ന് ചിന്തിക്കുവാ ഏമാനേ…”

വലിയ കാര്യങ്ങള്‍ ചിന്തിക്കുന്നതിലല്ല കാര്യം, പ്രായോഗികമായ കാര്യം ചിന്തിക്കുന്നതിലാണ്. അല്ലാത്ത ചിന്തകളെല്ലാം ദിവാസ്വപ്നങ്ങള്‍ മാത്രം.

കടപ്പാട്: നാം മുന്നോട്ട്