എന്നെപോലെ നിസാരനായ ഒരുവന് സമൂഹത്തിനുവേണ്ടി എന്തുചെയ്യാനാകും?

മദര്‍തെരേസയുടെ സേവനജീവിതം തുടങ്ങുന്നകാലം. അവരുടെ കൊച്ചു കൊച്ചു സേവനപ്രവര്‍ത്തനങ്ങള്‍ കണ്ട് ഒരിക്കല്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു, “മദര്‍ ഇതുകൊണ്ടെന്തു പ്രയോജനം? ഈ നഗരം മുഴുവനും നരകാവസ്ഥയിലാണ്. മദറിന്റെ ഈ ചെറിയ ചെറിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാകുക? ഇത് കടലിലൊരു തുള്ളി ജലം പോലെ മാത്രമല്ലേയുള്ളു.”

ഉടന്‍ തന്നെ മദര്‍ പറഞ്ഞു, “അതേ മകനേ, പക്ഷേ തുള്ളികള്‍ ചേര്‍ന്നാണ് കടല്‍ ഉണ്ടായതെന്നു മറക്കരുത്.”

ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തവരും ആദ്യത്തെ ഒരു ചുവട് വച്ചാണ് ആ യാത്ര തുടങ്ങിയത്. ലോകത്തിലെ എല്ലാ മഹാത്മാക്കളും അവരുടെ വമ്പന്‍ പദ്ധതികള്‍ നടപ്പില്‍ വരുത്തിയത് ഓരോരോ കൊച്ചു പ്രവൃത്തിയിലൂടെയാണ്. സ്വാമി വിവേകാനന്ദന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു,”മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതിലല്ല, ചെറിയ കാര്യങ്ങള്‍ മഹത്തായ രീതിയില്‍ ചെയ്യുന്നതിലാണ് മഹനീയത.”

നമ്മുടെ ഏറ്റവും ചെറിയ ഓരോ സത്പ്രവര്‍ത്തികള്‍ക്കുപോലും ലോകത്തില്‍ വലിയ സ്വാധീനം ചെലുത്താനാകും. അതുകൊണ്ട് നമുക്കാവുന്നത് ഏറ്റവും നന്നായി, നിസ്വാര്‍ത്ഥമായി നമുക്ക് നിറവേറ്റാം. ഇരുളിനെ പഴിക്കുന്നതിനേക്കാള്‍ നല്ലത് ഒരു ചെറുതിരി വെട്ടം കൊളുത്തുകയാണ്.

കടപ്പാട്: നാം മുന്നോട്ട്