മഹാത്മാക്കളില്‍ പലരും ദരിദ്രരായ ഭക്തന്മാരെ പ്രശംസിക്കാറുണ്ട്. നല്ല ഭക്തരാകാന്‍ ദാരിദ്ര്യം അനുഭവിക്കണമോ?

ഒരിക്കല്‍ ഗുരുനാനാക്ക് ഒരു മരപ്പണിക്കാരന്റെ ഗൃഹത്തില്‍ ചെന്നു. അയാള്‍ ഗുരുദേവന് ഉണങ്ങിയ റൊട്ടിയും മോരുംവെള്ളവും നല്കി. അദ്ദേഹം വളരെ താല്പ്പര്യത്തോടെ അത് കഴിച്ചു. ഒരു റൊട്ടി കൊണ്ടുപോകാന്‍ എടുക്കുകയും ചെയ്തു. ഇതുകണ്ട് ഗ്രാമത്തിലെ ധനികനായ റായി ബുള്ളര്‍ തന്റെ ഗൃഹത്തിലേക്ക് ഗുരുദേവനെ ക്ഷണിച്ചു. നാനാക്ക് ക്ഷണം സ്വീകരിച്ചു.

വിഭവസമൃദ്ധമായ ആഹാരം ധനികന്‍ ഒരുക്കിയിരുന്നു. പക്ഷേ അതില്‍ ഒന്നുപോലും ഗുരുദേവന്‍ സ്പര്‍ശിച്ചുപോലുമില്ല. ധനികന് സങ്കടമായി. അദ്ദേഹം കാരണം തിരക്കി.

അതിനുത്തരമായി നാനാക്ക് തന്റെ കൈവശമുണ്ടായിരുന്ന, ദരിദ്രഗൃഹത്തിലെ ഉണങ്ങിയ റൊട്ടി ശക്തിയായി ഞെക്കി. അദ്ദേഹത്തിന്റെ വിരലുകള്‍ക്കിടയിലൂടെ പാല്‍ തുള്ളികള്‍ ഇറ്റിറ്റു വീണു. പിന്നീട് ധനികന്‍ ഒരുക്കിയ വിഭവത്തില്‍ നിന്നും ഒരു പൂരിയെടുത്ത് ഞെക്കി അപ്പോള്‍ ഇറ്റിറ്റു വീണത് രക്തത്തുള്ളികള്‍. ഇതുകണ്ട് അത്ഭുതപ്പെട്ടുനില്ക്കുന്നവരോടായി ഗുരു പറഞ്ഞു.

“നോക്കൂ… ആ മരപ്പണിക്കാരന്‍ പകലന്തിയോളം നന്നായി കഷ്ടപ്പെട്ട് സമ്പാദിച്ചതാണീ റൊട്ടി. ആ സത്യസന്ധതയുടെ അളയാളമാണീ പാല്‍ത്തുള്ളികള്‍. റായിബുള്ളര്‍ ധനം സമ്പാദിക്കുന്നത് അധര്‍മ്മമാര്‍ഗ്ഗത്തിലൂടെ… മാത്രമല്ല അസംതൃപ്തരായ ഭൃത്യജനങ്ങള്‍ ഉണ്ടാക്കിയ ആഹാരം. അധര്‍മ്മത്തിന്റെ പ്രതീകമായിരുന്നു അതിലെ രക്തതുള്ളികള്‍.”

അളവും തൂക്കവും ഈശ്വരന്‍ നോക്കുന്നില്ല. ഓരോ പ്രവര്‍ത്തിയുടെ പിന്നിലേയും മനോഭാവത്തെ മാത്രമേ അവിടുന്ന് കാണുന്നുള്ളൂ. ധനികര്‍ മിക്കപ്പോഴും ധനമതത്തിന് അടിമയാകുന്നു. ദരിദ്രന്‍ അക്കാര്യത്തില്‍ രക്ഷപ്പെടുന്നു. പക്ഷേ ദാരിദ്ര്യം മഹത്വത്തിന്റെ അളവുകോലല്ല.

കടപ്പാട്: നാം മുന്നോട്ട്