ഇപ്പോള്‍ ക്വിസിന്റെ കാലമാണല്ലോ. 30 സെക്കന്റില്‍ തീര്‍ന്ന ഒരു ക്വിസ് പറയാം കേള്‍ക്കൂ. പെട്ടന്ന് ഉത്തരം പറഞ്ഞുകൊള്ളൂ.

  1. ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ ?
  2. ആദ്യത്തെ ക്രിക്കറ്റ് ട്രോഫി ജേതാവ്?
  3. ഇപ്പോഴത്തെ ലോക സുന്ദരി?
  4. ഇപ്രാവശ്യം നോബല്‍ സമ്മാനം നേടിയ പത്തു പേര്‍?
  5. കഴിഞ്ഞ ഒളിമ്പിക്സില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയതാര് ?

ഉടന്‍ തന്നെ ഉത്തരം കൃത്യമായി ഓര്‍ക്കാനും, പറയാനും കഴിയുന്നുണ്ടോ? കുറച്ചു ബുദ്ധിമുട്ട് ഉണ്ട് അല്ലേ…! സ്വാഭാവികം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടവരായി നാം തന്നെ തിരഞ്ഞെടുത്തവരാണിവരൊക്കെ. ആ നേട്ടങ്ങളും മഹിമകളും കാലം നീളുന്തോറും വിസ്മൃതിയിലാണ്ടു പോകുന്നു. അതാണ് കാര്യം.

ഇനി ക്വിസിന്റെ അവസാന ഭാഗം ശ്രദ്ധിക്കൂ.

  1. നിങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച അദ്ധ്യാപകന്‍?
  2. ക്ലേശസമയങ്ങളില്‍ ഒപ്പം നിന്ന രണ്ടു സുഹൃത്തുക്കള്‍ ?
  3. നല്ലൊരു ജീവിതത്തിലേക്ക് നിങ്ങളെ നയിച്ചയാള്‍, അല്ലെങ്കില്‍ സംഭവം?
  4. നിങ്ങളുടെ നേട്ടങ്ങളില്‍ നിങ്ങളെ ആത്മാര്‍ത്ഥമായി അഭിനന്ദിച്ചയാള്‍?
  5. ആരോടൊപ്പം സമയം പങ്കിടാന്‍ നിങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നു?

എത്ര നല്ല ചോദ്യങ്ങള്‍, എളുപ്പമുള്ള ചോദ്യങ്ങള്‍, ആലോചിക്കാതെപോലും ഉത്തരം പറയാം. ശരിയാണല്ലേ…

എന്താണീ രണ്ടുതരം ക്വിസ് നമ്മെ പഠിപ്പിക്കുന്നത്?

രണ്ടാമത്തെ തരം ചോദ്യത്തിനുത്തരം പെട്ടന്ന് പറയാന്‍ കഴിഞ്ഞത് അവരെല്ലാം നമ്മെ നല്ലൊരു ജീവിതത്തിന് സഹായിച്ചതുകൊണ്ട്. നമ്മെ സ്നേഹിച്ചതുകൊണ്ട് നമ്മുടെ ദുഃഖം പങ്കിട്ടതുകൊണ്ട് ശരിയല്ലേ? നാം മറ്റുള്ളവരെ സ്നേഹിച്ചതിനുകാരണം ഇതാണെങ്കില്‍ നമ്മെ മറ്റുള്ളവര്‍ സ്നേഹിക്കാന്‍ നമ്മിലും സേവനമനഃസ്ഥിതി ആവശ്യമല്ലേ? നമ്മെക്കൊണ്ട് എന്തെങ്കിലും ഉപകാരം മറ്റുള്ളവര്‍ക്കും ലഭിക്കണ്ടേ?

അവനവന് വേണ്ടി മാത്രമുള്ള ജീവിതം പാഴാണ്. പരന് ഉപയോഗം ചെയ്യാനാണീ ശരീരം.

കടപ്പാട്: നാം മുന്നോട്ട്